സംസ്ഥാനത്തെ പോലീസ് നടത്തുന്ന നരനായാട്ടിന്റെ കഥകൾ നാട്ടുകാർ നടുക്കത്തോടെ കാണുകയും കേൾക്കുകയും ചെയ്യുന്ന നാളുകൾ. ആരാലും അറിയാതെ തേഞ്ഞു മാഞ്ഞുപോയ മർദ്ദന കഥകൾ മലയാളികൾക്ക് മുന്നിലേക്ക് ഒന്നൊന്നായി തെളിഞ്ഞു വരികയാണ് ഇപ്പോൾ. ഇതൊക്കെ ഒരു നാട്ടുനടപ്പാണ് എന്ന മട്ടിൽ മാനം നോക്കിയിരിക്കുന്ന ആഭ്യന്തര വകുപ്പ് ഇപ്പോൾ ജനമനസ്സിൽ ഒരു കുറ്റവാളിയെ പോലെ ലോക്കപ്പിൽ നിൽക്കുന്നു.
കസ്റ്റഡി മർദ്ദനങ്ങൾ ലോകത്ത് ഒരിടത്തും ഒരു വലിയ വാർത്തയല്ല. ഓരോ മർദ്ദന കഥയുടെയും പിന്നിൽ, നിയമം അനുശാസിക്കുന്നതിനപ്പുറമുള്ള കാര്യങ്ങളും കാരണങ്ങളും ഉണ്ടാവും. എന്നാലും, ഒരു മർദ്ദനവും ന്യായീകരിക്കപ്പെടുന്നില്ല. മർദ്ദക ഭരണകൂടങ്ങൾ ഒരുകാലത്തും അതേച്ചൊല്ലി വ്യസനിച്ചതായി കേട്ടിട്ടില്ല. സേനകളുടെയും നിയമപാലന ശ്രേണികളിൽ ജോലി ചെയ്യുന്ന മനുഷ്യരുടെയും മനോവ്യാപാരങ്ങൾ ഒരു ദൂരക്കാഴ്ചയിൽ മനസ്സിലാക്കാൻ ആർക്കും എളുപ്പമല്ല. അത് തിരിച്ചറിയേണ്ട ഒരാളുണ്ട്. പോലീസിനെ ഭരിക്കുന്ന മന്ത്രി.. ആഭ്യന്തര മന്ത്രി.
എന്നാൽ, നമ്മുടെ പിണറായി വിജയൻ കേവലം ഒരു ആഭ്യന്തരമന്ത്രി മാത്രമല്ല, കേരളത്തിന്റെ ചരിത്രത്തിൽ കൊടിയ മർദ്ദനമേറ്റ ഒരു രാഷ്ട്രീയ നേതാവ് കൂടിയാണ്. കൂത്തുപറമ്പ് എം.എൽ.എ ആയിരിക്കെ, 1975ൽ അടിയന്തരാവസ്ഥക്കാലത്ത് അറസ്റ്റ് ചെയ്യപ്പെട്ട പിണറായി വിജയൻ എന്ന നേതാവ് സ്വയം വിവരിച്ചിട്ടുണ്ട് അകാരണമായി താൻ ഏറ്റുവാങ്ങിയ പോലീസ് പീഡന മുറകളെപ്പറ്റി. 1978 മാർച്ച് 30 ന് അദ്ദേഹം നടത്തിയ വിഖ്യാതമായ പ്രസംഗം നിയമസഭയുടെ രേഖകളിലുണ്ട്. ഏകദേശം അര നൂറ്റാണ്ട് മുമ്പാണ് നിയമസഭയിൽ ആ ചരിത്രനിമിഷം പിറന്നത്.
അടിയന്തരാവസ്ഥക്കാലത്ത് മർദ്ദനമേറ്റ നിരവധി ഇടതുപക്ഷ നേതാക്കളിൽ ഒരാൾ മാത്രമായിരുന്നു അദ്ദേഹം. ആസൂത്രിതമായ ലോക്കപ്പ് മർദ്ദനത്തിന്റെ നേർചിത്രമാണ് പിണറായി അന്ന് തുറന്നുപറഞ്ഞത്. അടിയന്തരാവസ്ഥയ്ക്കുശേഷം ആ കൊടിയ മർദ്ദനത്തിന്റെ ചോരപ്പാടുകളുള്ള വസ്ത്രവുമായി നിയമസഭയിലെത്തി ആഭ്യന്തരമന്ത്രി കെ.കരുണാകരന് നേരെ വിരൽ ചൂണ്ടിയ എം.എൽ.എ ഇന്ന് കേരളത്തിന്റെ ആഭ്യന്തരമന്ത്രിയും മുഖ്യമന്ത്രിയുമാണ്.
പക്ഷെ, കണ്ണിൽ ചോരയില്ലാതെ തന്റെ വകുപ്പിലെ ചിലരെങ്കിലും താൻ ഭരിക്കുന്ന നാട്ടിലെ പൗരന്മാരെ തല്ലിച്ചതക്കുന്നുണ്ടെങ്കിൽ പിണറായി വിജയൻ എന്ന കമ്മ്യൂണിസ്റ്റ് നേതാവിനെ നമുക്ക് മറക്കാം. എന്നാൽ, കേരളം ഭരിക്കുന്ന ആഭ്യന്തരമന്ത്രിയെ മറന്നുകൂടാ. അദ്ദേഹത്തിൽനിന്ന് സമാശ്വാസത്തിന്റെയോ സ്വാന്തനത്തിന്റെയോ ഒരു വാക്കിനായി ഈ ദിവസങ്ങളിൽ കതോർത്തിരുന്നു കേരളം. പക്ഷേ,അതുണ്ടായില്ല !
നരനായാട്ട്
ജനാധിപത്യത്തിന്റെ ഏഴര പതിറ്റാണ്ട് പിന്നിട്ടിട്ടും നമ്മുടെ പോലീസ് സേനയും ഉദ്യോഗസ്ഥ ഭരണ സംവിധാനങ്ങളും ജനാധിപത്യവൽക്കരിക്കപ്പെട്ടിട്ടില്ല. പണ്ടത്തെ ഇടിയൻ പോലീസിന്റെ പുതുരൂപങ്ങളാണ് ഇന്ന് നെഞ്ചിൽ കരിക്കിനിടിക്കുന്ന ആക്ഷൻ ഹീറോ ബിജുമാരായി വിലസുന്നത്. നിരവധി നിരപരാധികൾ ഇതിനോടകം പൊതുസമൂഹത്തിന് മുന്നിൽ ഏറ്റുവാങ്ങിയ പീഡനങ്ങളുടെ കണ്ണീർ കഥകളുമായി വന്നു കഴിഞ്ഞു. എന്നിട്ടും മുഖ്യമന്ത്രിക്ക് മൗനം. പോലീസ് നവീകരിക്കാനുള്ള മന്ത്രങ്ങൾ കൈവശമുള്ള ആളാണ് പിണറായി വിജയൻ. ഒരു ഏകാധിപതിക്ക് ചേരുന്ന എല്ലാ ചേരുവകളും സ്വന്തമായുണ്ടെങ്കിലും പിണറായി വിജയൻ മറന്നുകൂടാ താനൊരു തൊഴിലാളിവർഗ്ഗ പാർട്ടിയുടെ ലേബൽ മുഖ്യമന്ത്രിയായ വ്യക്തിയാണെന്ന്.
തുടർഭരണത്തിന്റെ സമയത്താണ് ആഭ്യന്തരവകുപ്പ് പിണറായിയുടെ കയ്യിൽ നിന്ന് വഴുതിയത്. ലാവ്‌ലിൻ ഉൾപ്പെടെ സ്വന്തം നിലയ്ക്ക് ഒരിക്കലും തീരാത്ത മെഗാ സീരിയൽ പോലെ ഒരു കേസ് ഉണ്ടെങ്കിലും അതൊക്കെ കെ.കരുണാകരന്റെ പാമോലിൻ കേസ് പോലെ ജീവിതാന്ത്യം വരെയുള്ളതാണെന്ന് പിണറായിക്ക് അറിയാം. പിഴച്ചത് അവിടെയല്ല. മകളുടെ പേരിൽ ഉയർന്ന ആക്ഷേപങ്ങളും കേസുകളും വിജയൻ എന്ന പിതാവിന്ഏൽപ്പിച്ച മുറിവ് ചെറുതല്ല. സേനാപതി തന്നെ കുറ്റവാളിയായി നിൽക്കുമ്പോൾ ചുവട്ടിലെ പടയാളികൾ ആരെ ഭയക്കാൻ?
ആഭ്യന്തര വകുപ്പിൽ മുഖ്യമന്ത്രിക്ക് പിടി അയഞ്ഞു എന്ന് കൃത്യമായി മനസ്സിലാക്കിയത് ആ വകുപ്പിന് ഉന്നതർ തന്നെ. നിരന്തരം കുറ്റരോപണങ്ങൾക്ക് വിധേയരായിട്ടും അവരെ പുറത്താക്കാതെ ഒപ്പം നിർത്തുന്ന ആഭ്യന്തരമന്ത്രി ഒരു ഭൂലോക തോൽവിയാണെന്ന് സേനയ്ക്ക് തന്നെ ബോധ്യപ്പെട്ടു. അതിന്റെ പ്രതിഫലനങ്ങളാണ് കേരള പോലീസിൽ കുറെ കാലമായി നടക്കുന്ന അഴിഞ്ഞാട്ടങ്ങളും അതേ ചൊല്ലിയുള്ള കേസുകളും. എന്നാൽ കേവലം ആഭ്യന്തരമന്ത്രിയുടെ ശ്രദ്ധക്കുറവ് മാത്രമാണ് ഇന്നത്തെ പ്രശ്‌നങ്ങൾക്ക് കാരണമെന്ന് പറഞ്ഞുകൂടാ.
സേനയുടെ വീര്യം നിലനിർത്തുക എന്ന അടിസ്ഥാന ദൗത്യമാണ് ഇവിടെ മറക്കപ്പെട്ടത്. അതിന് നിയുക്തരായ ആരും അതിനായി ഒരു നിമിഷം പോലും ചെലവാക്കിയില്ല. കുത്തഴിഞ്ഞ ഒരു സംവിധാനത്തിൽ ജോലിചെയ്യുന്ന ആർക്കും സംഭവിക്കാവുന്ന ഒന്നാണ് ഇപ്പോൾ കേരള പോലീസിലും നടക്കുന്നത്. പ്രേട്ടേക്കോളിന്റെ ഏത് ശ്രേണിയിൽ നിന്നും അച്ചടക്കത്തിന്റെ ശബ്ദം ആരും കേൾക്കുന്നില്ല.
അവരും മനുഷ്യരാണ്
ഏതൊരു മർദ്ദനത്തെയും ന്യായീകരിക്കാൻ കഴിയാതിരിക്കെത്തന്നെ, മർദ്ദകരുടെ ഭാഗം കൂടി പറഞ്ഞുകൊണ്ട് മാത്രമേ പ്രശ്‌നത്തെ വിലയിരുത്താൻ കഴിയൂ. പോലീസ് സേന ഒന്നടങ്കം ഇന്ന് അസ്വസ്ഥരാണ്. അതിന്റെ പ്രതിഫലനമാണ് അവരിൽ ചിലരെങ്കിലും പുറത്തെടുക്കുന്ന മൃഗീയ ഭാവം. അതിന് കണക്കുകളുണ്ട്. 2019 ജനുവരി മുതൽ സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ കണക്കുകൾ പ്രകാരം കേരളത്തിലെ പൊലീസ് വകുപ്പിൽ 81 പേരാണ് ആത്മഹത്യ ചെയ്തത്. 15 പേർ ആത്മഹത്യശ്രമവും നടത്തി. 2019 ജനുവരി മുതലുള്ള കണക്കുകൾ പരിശോധിക്കുമ്പോഴാണ് അപകടകരമായ ഈ വസ്തുത പുറത്തുവരുന്നത്.
വാർത്തകൾ പുറത്തുവരുമ്പോൾ സേനാംഗങ്ങളുടെ മനോബലം വർധിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് സർക്കാർ വാഗ്ദാനം ഉയർത്തും. അതൊന്നും പ്രാവർത്തികമാകാറില്ല. പദ്ധതികളെല്ലാം കേവലം സർക്കുലറുകളായി ഒതുങ്ങുകയാണ്. ആഭ്യന്തരവകുപ്പിന്റെ കണക്കുകൾ പ്രകാരം 2019ൽ 18 പോലീസുകാരാണ് ആത്മഹത്യ ചെയ്തത്. 2020ൽ 10 പേർ ആത്മഹത്യ ചെയ്തു. 2021ൽ 8 പേർ, 2022ൽ 20 പേർ, 2023 മുതൽ ഇതുവരെ 25 പേർ എന്നിങ്ങനെയാണ് ആത്മഹത്യ ചെയ്ത സേനാംഗങ്ങളുടെ കണക്ക്. 2023 ഓഗസ്റ്റ് വരെയുള്ള 169 ആത്മഹത്യകളുടെ കാരണങ്ങൾ പൊലീസ് അവലോകനം ചെയ്തു. അക്കാലയളവിൽ ആത്മഹത്യ ചെയ്ത 30 പേരിൽ 16 പേരുടെ ആത്മഹത്യാകാരണം കുടുംബപരമായ പ്രശ്‌നങ്ങളാണെന്നാണ് വിലയിരുത്തൽ.
ആരോഗ്യപരമായ കാരണങ്ങളാലാണ് 5 പേർ ആത്മഹത്യ ചെയ്തത്. വിഷാദരോഗത്താൽ 20 പേരും ജോലി സമ്മർദ്ദം മൂലം 7പേരും സാമ്പത്തിക കാരണങ്ങളാൽ 5 പേരും ആത്മഹത്യ ചെയ്തുവെന്നാണ് കണ്ടെത്തൽ. അതിൽ 2 പേർ ജീവനൊടുക്കിയതിന്റെ കാരണം ഇനിയും വ്യക്തമല്ല.
ജോലി മടുത്ത് സ്വയം വിരമിക്കുന്നവരുടെ എണ്ണം ക്രമാതീതമായി വർധിച്ചുവരുന്നുണ്ട്. അതുകൊണ്ട് സ്വയം വിരമിക്കലിന് തൽക്കാലം അനുമതി നൽകേണ്ടതില്ല എന്ന തീരുമാനത്തിലാണ് ആഭ്യന്തരവകുപ്പ്.
2019 ജനുവരി മുതൽ ഇതുവരെ 175 പേരാണ് സ്വയം വിരമിക്കൽ തെരഞ്ഞെടുത്തത്. സ്വയം വിരമിക്കലിന് അപേക്ഷിച്ചവരിൽ 64 പേർ ആരോഗ്യപ്രശ്‌നമാണ് കാരണമായി ചൂണ്ടിക്കാട്ടിയത്. 27 പേർ കുടുംബപ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി സ്വയം വിരമിക്കൽ തെരഞ്ഞെടുത്തപ്പോൾ 3 പേർ മേലുദ്യോഗസ്ഥരുടെ മോശമായ പെരുമാറ്റം കാരണമാണ് വിരമിക്കൽ അവശ്യപ്പെട്ടത്. ഏഴു പേർ വിദേശ ജോലി തെരഞ്ഞെടുക്കുന്നതിന്റെ ഭാഗമായും മൂന്നു പേർ സ്വന്തമായി സംരംഭം തുടങ്ങുന്നതിനു വേണ്ടിയും സ്വയം വിരമിക്കാൻ തീരുമാനിക്കുകയായിരുന്നുവെന്നുമാണ് റിപ്പോർട്ടുകൾ.
ഉന്നതവിദ്യാഭ്യാസ യോഗ്യതയുള്ള നിരവധിപേർ സേനയുടെ ഭാഗമായിരുന്നു. ജോലിസമ്മർദ്ദം വർധിച്ചതോടെ അവരിൽ പലരും ജോലിമടുക്കുകയും ജോലിയിൽ നിന്നും വിരമിക്കുകയും ചെയ്തു. അതിനാൽ പോലീസ് സേനയിലേക്ക് പ്രൊഫഷണലുകളുടെ വരവ് കുറഞ്ഞു. ജോലിയിൽ പ്രവേശിച്ചതിന് ശേഷം മാത്രമല്ല, പരിശീലനകാലത്തും നിരവധിപേർ സേന വിട്ട് പുറത്തുപോകുന്നു.
എസ്.ഐ പരിശീലന ബാച്ചിൽ നിന്ന് പരിശീലനം ഉപേക്ഷിച്ച് മറ്റ് ജോലികളിലേക്ക് പോകാൻ അപേക്ഷ നൽകി കാത്തിരിക്കുകയാണ് പലരും. എസ്.ഐ പരിശീലനത്തിന് മുമ്പ് ഒപ്പുവെക്കുന്ന ബോണ്ട് പ്രകാരം കാലാവധി പൂർത്തിയാക്കുന്നതിന് മുമ്പ് പിരിഞ്ഞുപോവുകയാണെങ്കിൽ ഒരു ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകേണ്ടതുണ്ട്. ഈ ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകിയാണ് ഇവരെല്ലാം സേനവിട്ട് പുറത്തുവരുന്നത്.
സിവിൽ പൊലീസ് പരിശീലനത്തിന്റെ ഭാഗമാകുന്നവരും ബോണ്ട് പ്രകാരം നൽകേണ്ട 50000 രൂപ നഷ്ടപരിഹാരമായി നൽകി പിരിഞ്ഞുപോകുന്ന പ്രവണതയും വർധിച്ചുവരുന്നു. കമ്പനി, ബോർഡ്, കോർപ്പറേഷൻ അസിസ്റ്റന്റ് തസ്തികയുടെ റാങ്ക് പട്ടികയിലുൾപ്പെട്ടവരും എസ്.ഐ. പരിശീലനം ഉപേക്ഷിക്കാൻ തയ്യാറെടുക്കുന്നു. എസ്.ഐ തസ്തികയേക്കാൾ താഴെയുള്ള ജോലി സ്വീകരിക്കാൻ ട്രെയിനികൾ തയ്യാറാകുന്നു.
പൊലീസ് സേനക്കുള്ളിൽ തുടർച്ചയായി സംഭവിച്ചുകൊണ്ടിരിക്കുന്ന ആത്മഹത്യകളെക്കുറിച്ചും അമിത ജോലിഭാരം, ഉന്നത ഉദ്യോഗസ്ഥരിൽ നിന്നുള്ള സമ്മർദ്ദങ്ങൾ അടക്കമുള്ള കാര്യങ്ങളെക്കുറിച്ചും പലരും തുറന്നു പറഞ്ഞിട്ടുണ്ട്. ഉപരിപ്ലവമായ പരിഹാരങ്ങൾ മാത്രമാണ് ഉണ്ടാകുന്നത്. സ്‌ട്രെസ് കുറക്കാൻ യോഗ ചെയ്താൽ മതിയെന്നാണ് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞത്. ഡ്യൂട്ടിക്കിടയിൽ പോലും യോഗ ചെയ്യാമെന്നാണ് അദ്ദേഹം പറഞ്ഞത്. തുടർച്ചയായി ആത്മഹത്യകൾ ഉണ്ടാകുമ്പോഴാണ് അത് പരിഹരിക്കാൻ നിർദ്ദേശങ്ങളില്ലാതെ പോവുന്നത്. കഴിഞ്ഞ ജൂണിൽ 6 ദിവസത്തിനിടയിൽ അഞ്ചുപേർ ആത്മഹത്യ ചെയ്തു. ഡിപ്പാർട്ട്‌മെന്റ് ആ വിഷയം പരിഗണിക്കുകയോ ശ്രദ്ധിക്കുകയോ ചെയ്തിരുന്നില്ല.
സേനാംഗങ്ങളുടെ കുറവ് തന്നെയാണ് എട്ട് മണിക്കൂർ ജോലിയെന്ന ലക്ഷ്യത്തിലേക്കെത്താൻ തടസം. അംഗബലം വർധിപ്പിക്കുകയാണ് ഏക മാർഗ്ഗം. ഒരോ പൊലീസ് സ്റ്റേഷന്റെയും ഘടനയനുസരിച്ച് അവിടുത്തെ അംഗബലം വർധിപ്പിക്കണം. സ്റ്റേഷൻ പരിധിയുടെ വിസ്തീർണം, ജനസാന്ദ്രത, കുറ്റകൃത്യങ്ങളുടെ എണ്ണം എന്നിവ പരിശോധിച്ച് പൊലീസുകാരുടെ എണ്ണം വർധിപ്പിക്കണം. അല്ലാതെ മർദ്ദകരായ പോലീസുകാരുടെ ക്രൂരകൃത്യങ്ങൾ മാത്രം കണ്ടുകൊണ്ട് നമ്മൾ മുന്നോട്ടു പോയിക്കൂടാ.
ശ്രദ്ധ മരിക്കുമ്പോൾ അപകടം ജനിക്കുന്നു എന്നൊരു പ്രയോഗമുണ്ട്. സംസ്ഥാനത്തെ ആഭ്യന്തരവകുപ്പിന്റെ ചുക്കാൻ പിടിക്കുന്നവർ മേൽപ്പറഞ്ഞ ആപ്തവാക്യം ഇടയ്ക്കിടെ ഓർക്കുന്നത് നല്ലതാണ്.
പ്രിജിത്ത് രാജ്
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1