മറച്ചു കെട്ടിയ ഒരു വലിയ പന്തലിനകത്തുനിന്ന് അതിഗംഭീരമായ ആരവം കേട്ട് അതെന്താണെന്ന് അന്വേഷിച്ച് ചെന്ന തിരുമേനി കണ്ടത് വാശിയേറിയ ഒരു ഫുട്‌ബോൾ ടൂർണമെന്റിന്റെ ഫൈനൽ. പന്തിനുവേണ്ടി ഉന്ത് തള്ള് ചവിട്ട് കുത്ത് എല്ലാം. ആരും ജയിക്കുന്നില്ല, തോൽക്കുന്നുമില്ല.
എന്തിന് ഒരു പന്തിനു വേണ്ടി ഇങ്ങനെ കടിപിടി കൂടുന്നു എന്ന് അദ്ദേഹത്തിന് വളരെ കഷ്ടം തോന്നി. കയ്യിൽ കുറച്ച് കാശുണ്ടായിരുന്നതുമായി കടയിൽ പോയി പത്തുപതിനേട്ടു പന്തുകൾ വാങ്ങി അദ്ദേഹം തിരികെ ഗാലറിയിൽ എത്തിയിട്ടു പറഞ്ഞു: ഓരോരുത്തർക്കും ഓരോന്ന് കൊടുക്ക്വ! ഇഷ്ടപ്പടി കളിച്ചോട്ടെ! ഇത്രയല്ലേ വേണ്ടു! എന്തേ നിങ്ങൾക്ക് ആർക്കും ഈ ബുദ്ധി തോന്നിയില്ല!
എല്ലാവരും ചിരിക്കുന്നത് സന്തോഷം കൊണ്ടാവും എന്ന് തോന്നിയ തിരുമേനി പിന്നെ അവിടെ ഒട്ടും നിന്നില്ല.ഇദ്ദേഹത്തിന്റെ മറ്റൊരു അനുഭവകഥകൂടി നാട്ടിൽ പാട്ടാണ്. ഒരു കറുത്ത വാവിൻനാൾ പാതിരാത്രി തൊടിയിൽ നാളികേരം ഒന്നിന് പുറകെ ഒന്നായി വീഴുന്ന ശബ്ദം കേട്ടു.
ആ ഇടയ്ക്ക് മോഷണശല്യം വളരെ കൂടുതലായതുകൊണ്ട് തിരുമേനി ഒരു നല്ല ടോർച്ച് വാങ്ങി വെച്ചിരുന്നു. അത് ഉപയോഗിക്കാൻ ഒരു അവസരം കിട്ടിയല്ലോ എന്ന സന്തോഷത്തോടെ അദ്ദേഹം അതുമായി തൊടിയിൽ ഇറങ്ങി. സാമാന്യം വിസ്തീർണ്ണം ഉള്ളതാണ് തൊടി.
തെങ്ങിൽനിന്ന് ഒരാൾ ഇറങ്ങിക്കൊണ്ടിരിക്കുന്നത് ടോർച്ചിന്റെ വെളിച്ചത്തിൽ അദ്ദേഹം കണ്ടു.
'ആരാ അത്?' എന്ന് തിരുമേനി ഉറക്കെ ചോദിച്ചു.
'ഇത് ഞാനല്ലേ തിരുമേനി, തെക്കേലെ നാറാണൻ!'
തിരുമേനി നിയമിച്ച പുതിയ കാവൽക്കാരൻ.
'മോഷ്ടിച്ചാൽ ജയിലിൽ പോകും എന്നറിയില്ലേ നാരാണാ?'
'അയ്യോ, ഞാൻ മോഷ്ടിച്ചൊന്നും ഇല്ലേ!'
'പിന്നെ എന്തിനാ തെങ്ങിൽ കയറിയേ?'
'താളി പറിക്കാനാണേ!'
'പാതിരാത്രിയിൽ ആണോ താളി?'
'രാത്രിയിലാവുമ്പോ ആരും പാളീം പതുങ്ങീമൊന്നും നോക്കാതെ കുളിക്കാലോ പെണ്ണുങ്ങൾക്ക്.'
'അതിന്, തെങ്ങിൽ എവിടുന്നാടോ താളി?'
'അത് മനസ്സിലായത് കേറി നോക്കിയപ്പോ അല്ലേ, അതുകൊണ്ടാണല്ലോ പെട്ടെന്നുതന്നെ ഇറങ്ങിക്കൊണ്ടിരിക്കണത്.'
'ഇത്രയും തേങ്ങ വീണു കിടക്കുന്നതോ? അതെങ്ങനെയാടോ?'
'കള്ളന്മാർക്കാണോ ക്ഷാമം തിരുമേനി! എന്നെ കണ്ടപ്പോ ഓടീതാണ്.'
'ഇനിയിപ്പോ എന്താ ചെയ്യാ? ഇത്രയൊന്നും തേങ്ങ ഇവിടെ അരയ്ക്കാൻ ആവശ്യല്ല്യല്ലോ.'
'ആ വെഷമം വേണ്ട. ഞാൻ കൊണ്ടുപോക്കോളാം!'
അങ്ങനെയൊരു സഹായം കൃത്യസമയത്ത് ചെയ്യാൻ ഒരാളെ കിട്ടിയത് നന്നായി എന്ന ചിന്തയോടെ തിരുമേനി പോയി കിടന്ന് സുഖമായി ഉറങ്ങി എന്നാണ് കഥാശേഷം.
കുറിപ്പ് :
കേരളത്തിലെ ഇപ്പോഴത്തെ രാഷ്ട്രീയ വിശേഷങ്ങളുമായി ഈ കഥകൾക്ക് ഒരു ബന്ധവുമില്ല. ഐനസ്‌കോയും ബെക്കറ്റും മറ്റും പണ്ടേ എഴുതിവെച്ച 'ഗോദോയെ കാത്ത്' എന്ന് തുടങ്ങിയ അസംബന്ധനാടകങ്ങൾ ആണല്ലോ രാഷ്ട്രീയ രംഗത്ത് ഇപ്പോൾ അവതരിപ്പിക്കപ്പെടുന്നത്.
സി. രാധാകൃഷ്ണൻ
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1