ഗാസയില്‍ പലസ്തീന്‍കാര്‍ക്ക് നേരെ നടത്തുന്ന ആക്രമണത്തില്‍ നിന്ന് ഭാഗികമായി ഇസ്രായേല്‍ സൈന്യം പിന്മാറാന്‍ തയ്യാറെടുക്കുകയാണ്. എന്നാല്‍ ആശങ്ക പരത്തി മറ്റൊരു റിപ്പോര്‍ട്ടും ഇപ്പോള്‍ പുറത്തുവരികയാണ്. അത് മറ്റൊന്നുമല്ല മറ്റൊരു യുദ്ധത്തിന് കൂടി കാഹളം മുഴങ്ങുന്നു എന്നതാണ്. ലബ്നോനിലെ ഷിയാ സായുധ സംഘമായ ഹിസ്ബുല്ലയ്ക്ക് നേരെ ഇസ്രായേല്‍ നടത്തുന്ന നീക്കമാണ് പശ്ചിമേഷ്യയെ ആശങ്കയിലാക്കുന്നത്.
ഭീകരമായ യുദ്ധത്തിന് പശ്ചിമേഷ്യ സാക്ഷിയാകേണ്ടി വരുമോ എന്നതാണ് ഭീതി. തെക്കന്‍ ഇസ്രായേല്‍ അതിര്‍ത്തിയിലാണ് ഗാസ. അവിടെയാണ് ഹമാസുമായുള്ള യുദ്ധം. വടക്കന്‍ ഇസ്രായേല്‍ അതിര്‍ത്തി ലബ്നോനുമായിട്ടാണ്. കഴിഞ്ഞ മാസം ഹിസ്ബുല്ലയുടെ മുതിര്‍ന്ന കമാന്ററെ ഇസ്രായേല്‍ സൈന്യം വധിച്ചതാണ് സ്ഥിതി വഷളാക്കിയത്. നൂറോളം റോക്കറ്റുകള്‍ അയച്ച് ഹിസ്ബുല്ല മറുപടി നല്‍കി. ദിവസങ്ങള്‍ക്ക് മുമ്പ് ഹൈഫയിലെയും മറ്റും തന്ത്രപ്രധാന സ്ഥലങ്ങളുടെ വീഡിയോ ഹിസ്ബുല്ല പുറത്തുവിട്ടത് ഇസ്രായേലിനെ അമ്പരപ്പിച്ചിട്ടുണ്ട്.
ഇസ്രായേലിലെ ജനവാസ കേന്ദ്രങ്ങളും സൈനിക ആയുധപുരകളും തുറമുഖങ്ങളും ആക്രമിക്കാന്‍ തങ്ങള്‍ക്ക് സാധിക്കുമെന്ന മുന്നറിയിപ്പ് നല്‍കുകയാണ് ഹിസ്ബുല്ല ചെയ്തത്. തൊട്ടുപിന്നാലെ യോഗം ചേര്‍ന്ന ഇസ്രായേല്‍ സൈനിക കമാന്റര്‍മാര്‍ ഏത് സമയവും യുദ്ധം തുടങ്ങിയേക്കാമെന്ന സൂചനയും നല്‍കി. ഹമാസുമായുള്ള കടുത്ത യുദ്ധം അവസാനിച്ചെന്നും പക്ഷേ ആക്രമണം തുടരുമെന്നും പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കിയിരുന്നു.
ഹമാസിനെതിരെ ആക്രമണം നടത്തുന്ന സൈന്യത്തിലെ വലിയൊരു ഭാഗത്തെ ലബ്നാന്‍ അതിര്‍ത്തിയിലേക്ക് ഇസ്രായേല്‍ മാറ്റി വിന്യസിക്കുമെന്നാണ് വിവരം. ഹമാസുമായുള്ള യുദ്ധം പോലെയാകില്ല ഹിസ്ബുല്ലയുമായുള്ള യുദ്ധം എന്ന് പശ്ചിമേഷ്യയിലെ നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു. ഉപരോധത്തില്‍ ചുറ്റപ്പെട്ട പ്രദേശമായ ഗാസയില്‍ പുറംലോകവുമായി ബന്ധപ്പെടാന്‍ സാധിക്കാതെ കഴിഞ്ഞിരുന്നവരാണ് ഹമാസ്. എന്നാല്‍ ലബ്നോനും ഹിസ്ബുല്ലയും അങ്ങനെയല്ല.
ലബ്നോനിലെ സര്‍ക്കാരില്‍ നിര്‍ണായക സ്വാധീനമുള്ള ഷിയാ വിഭാഗമാണ് ഹിസ്ബുല്ല. ഇവരുടെ നേതാവ് ഹസന്‍ നസറുല്ലയുടെ വാക്കുകള്‍ വേദവാക്യമായി കരുതുന്നവരാണ് ഷിയാ വിശ്വാസികള്‍. മാത്രമല്ല ഒരു ലക്ഷം ഭടന്മാര്‍ ഹിസ്ബുല്ലയ്ക്കുണ്ട്. ഇറാനില്‍ നിന്ന് ലബ്നാനിലേക്ക് ആയുധങ്ങള്‍ കൈമാറാന്‍ വേഗത്തില്‍ സാധിക്കുകയും ചെയ്യും. ഏഴ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ഇസ്രായേലിനെതിരായ യുദ്ധത്തിന്റെ ഭാഗമാകുമെന്നാണ് സൂചനകള്‍.
പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ഇറാഖ്, ഇറാന്‍, സിറിയ, യമന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്ക് പുറമെ ലബ്നോനിലെ ഷിയാ പോരാളികളും ഹിസ്ബുല്ലയെ സഹായിക്കാന്‍ എത്തും. ഈ രാജ്യങ്ങളില്‍ നിന്ന് പതിനായിരങ്ങള്‍ ഇസ്രായേലിനെതിരായ പോരാട്ടത്തില്‍ ഭാഗമാകുമെന്ന് അറിയിച്ചതായി ഹസന്‍ നസറുല്ല പരസ്യപ്പെടുത്തിയിരുന്നു. ഹമാസിനെക്കാള്‍ കരുത്തുള്ള സൈനിക ശക്തിയാണ് ഹിസ്ബുല്ല എന്നതും എടുത്തുപറയണം. എന്നാല്‍ ഹിസ്ബുല്ലയുമായി യുദ്ധമുണ്ടാകരുത് എന്ന് അമേരിക്ക ഇസ്രായേലിനോട് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
യുഎന്‍ മേധാവിയും ഇക്കാര്യത്തില്‍ താക്കീത് നല്‍കിയിട്ടുണ്ട്. മറ്റൊരു ഗാസ ആവര്‍ത്തിക്കരുതെന്ന് യുഎന്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇസ്രായേല്‍ മന്ത്രി അമേരിക്കയിലേക്ക് പുറപ്പെട്ടിരിക്കുകയാണ്. ഇറാഖില്‍ നിന്നും ഇറാനില്‍ നിന്നുമുള്ള സൈനിക ഉദ്യോഗസ്ഥര്‍ നിലവില്‍ ലബ്നാനിലെത്തിയിട്ടുണ്ട്. ഹമാസിന്റെ കൈവശം അത്യാധുനിക ആയുധങ്ങളില്ല. എന്നാല്‍ ഹിസ്ബുല്ലയ്ക്ക് എല്ലാ സംവിധാനങ്ങളുമുണ്ട്. മാത്രമല്ല, ഇറാനില്‍ നിന്ന് ആയുധങ്ങളെത്തിക്കുന്നതിന് തടസമുണ്ടാകുകയുമില്ല. ഇത് ഇസ്രായേലിന് കൂടുതല്‍ തിരിച്ചടിയാകുമെന്നാണ് പശ്ചിമേഷ്യന്‍ നിരീക്ഷകര്‍ പറയുന്നത്.
അതേസമയം ഇസ്രായേല്‍ സൈന്യത്തിന് സഹായം ചെയ്യാന്‍ സൈപ്രസിന് പദ്ധതിയുണ്ട് എന്ന് കഴിഞ്ഞ ദിവസം ഹിസ്ബുല്ല ആരോപിച്ചിരുന്നു. അങ്ങനെ ചെയ്താല്‍ സൈപ്രസിനെയും ആക്രമിക്കുമെന്ന സൂചനയും അദ്ദേഹം നല്‍കി. ഇതിനെതിരെ യൂറോപ്യന്‍ യൂണിയന്‍ രംഗത്തുവന്നു. യൂണിയനിലെ അംഗരാജ്യമാണ് സൈപ്രസ്. ഇവരുടെ തുറമുഖങ്ങളും സൈനിക കേന്ദ്രങ്ങളും ഇസ്രായേലിന് വേണ്ടി തുറന്നുകൊടുക്കുമെന്ന വിവരം ലഭിച്ചുവെന്നാണ് ഹിസ്ബുല്ല സൂചിപ്പിചച്ചത്.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1