രാജ്യത്ത് ആദ്യമായി ഡൈനമൈറ്റ് പൊട്ടിച്ചത് കേരളത്തിലെ ഒരു ക്ഷേത്രത്തിലാണ്. മലപ്പുറം-കോഴിക്കോട് ജില്ലാ അതിര്‍ത്തിയില്‍ അരീക്കോടിനടുത്ത് വാലില്ലാപ്പുഴ തൃക്കളയൂര്‍ ശിവക്ഷേത്രത്തിന്റെ മതിലാണ് ഡൈനമൈറ്റ് ഉപയോഗിച്ച് തകര്‍ത്തത്. ആ സ്‌ഫോടനത്തിന് ഇന്ന് 140 വര്‍ഷം തികയുന്നു.
തൃക്കളയൂര്‍(തൃക്കാളൂര്‍) മഹാദേവക്ഷേത്രത്തെ ഇന്ത്യാചരിത്രത്തില്‍ അടയാളപ്പെടുത്തിയ ആ സ്‌ഫോടനം നടന്നത് 1884 ഡിസംബര്‍ 28 നാണ്. ആ ചരിത്രം വിശദമായി വില്യം ലോഗന്റെ മലബാര്‍ മാന്വലില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
1884 ഡിസംബര്‍ 27 ന് രാവിലെ 12 അംഗ അക്രമി സംഘം മലപ്പുറത്തെ തെരുവുകളില്‍ അക്രമമഴിച്ചുവിട്ടു. 'എതിരേ വരുന്നവര്‍ വഴിവിട്ട് മാറിപ്പോകണമെന്ന് അവര്‍ വിളിച്ചുപറഞ്ഞു. അങ്ങനെ ചെയ്യാത്ത ഒരാളെ അവര്‍ വെട്ടിയും വെടിവെച്ചും പരിക്കേല്‍പ്പിച്ചു. അക്രമങ്ങള്‍ നടത്തി അവര്‍ മുന്നേറി. തൃക്കളയൂര്‍ ക്ഷേത്രം കൈയടക്കി ഗോപുരത്തിന് മുകളില്‍ കയറി ജനാലകള്‍ തുറന്ന് തുരുതുരാ വെടിവെച്ചു. ക്രിസ്മസ് അവധിയായിരുന്നതിനാല്‍ മലപ്പുറത്തെ അസി. മജിസ്‌ട്രേറ്റും അസിസ്റ്റന്റ് പൊലീസ് കമ്മിഷണറും സ്ഥലത്തുണ്ടായിരുന്നില്ല.
അക്രമങ്ങളെക്കുറിച്ച് വിവരം ലഭിച്ച ഉടനെ കോഴിക്കോട് ജില്ലാ മജിസ്‌ട്രേറ്റ് കൂടിയായ വില്യം ലോഗന്‍, പൊലീസ് സൂപ്രണ്ട് മേജര്‍ എഫ്. ഹോലെ എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പൊലീസ് സംഘം സ്ഥലത്തേക്ക് കുതിച്ചു. മദ്രാസില്‍നിന്ന് ക്യാപ്റ്റന്‍ കുര്‍ട്ടിസ് സായിപ്പിനോടും പുറപ്പെടാന്‍ ആവശ്യപ്പെട്ടു. അടുത്തദിവസം ഉച്ചയ്ക്ക് രണ്ടുമണിയോടെ പട്ടാളം ക്ഷേത്രം വളഞ്ഞു.
ലഫ്. ഡെയുടെ നേതൃത്വത്തിലുള്ള ഇന്‍ഫന്‍ട്രി വിഭാഗം ക്ഷേത്രഗോപുരത്തിനടുത്തേക്ക് വന്നപ്പോള്‍ അക്രമികള്‍ അവരെ വെടിവെച്ചു. ക്ഷേത്രത്തിന്റെ നാലുഭാഗത്തെ പ്രവേശനഗോപുരങ്ങളും പ്രധാന ക്ഷേത്രത്തിന്റെ മേല്‍ത്തട്ടും അവര്‍ ചെറുത്തുനില്‍പ്പിനുള്ള കോട്ടകളാക്കി. പുറമേനിന്ന് വെടികൊള്ളില്ലെന്ന് ഉറപ്പുവരുത്താന്‍ അവര്‍ക്ക് കഴിഞ്ഞുവെന്ന് മലബാര്‍ മാന്വലില്‍ പറയുന്നു. ക്ഷേത്രത്തിനുള്ളിലേക്ക് കയറാന്‍ പട്ടാളത്തിനായില്ല. അങ്ങനെ അവര്‍ ഒരു തീരുമാനത്തിലെത്തി, വെടിമരുന്നുപയോഗിച്ച് സ്‌ഫോടകവസ്തുവുണ്ടാക്കി ഗോപുരം തകര്‍ക്കുക.
കുര്‍ട്ടിസ് സായിപ്പ് മദിരാശിയില്‍ നിന്ന് വെടിമരുന്നും മറ്റും കൊണ്ടുവന്നിരുന്നു. പക്ഷേ എങ്ങനെ പൊട്ടിക്കും എന്നൊന്നും ആര്‍ക്കുമറിയില്ലായിരുന്നു. പലരും പല പരീക്ഷണങ്ങളും നടത്തി. അവസാനം വെടിമരുന്ന് ഉണ്ടകളാക്കി കെട്ടി, അതിനു മുകളില്‍ കളിമണ്ണുപുരട്ടി, മാലപ്പടക്കംപോലെയാക്കി ഗോപുരകവാടത്തില്‍ വെച്ചു. അതിന് തീകൊടുത്തു.
ആകാംക്ഷയുടെ നിമിഷങ്ങള്‍ക്കൊടുവില്‍ വന്‍ പൊട്ടിത്തെറിയുടെ ഭയാനകമായ ശബ്ദം. കൂടെ പുകപടലവും. കവാടങ്ങള്‍ തകര്‍ന്നു. യുദ്ധത്തിനായാലും പ്രാദേശിക അസ്വസ്ഥതകള്‍ നേരിടാനായാലും ഇന്ത്യയില്‍ ആദ്യമായി ഡൈനമൈറ്റ് ഉപയോഗിച്ച സംഭവം ഇതാണ്. തകര്‍ന്ന കവാടത്തിനുള്ളിലൂടെ പട്ടാളം ക്ഷേത്രത്തിലേക്ക് ഇരച്ചുകയറി. പന്ത്രണ്ട് അക്രമികളില്‍ ഒന്‍പതുപേര്‍ സ്ഫോടനത്തില്‍ മരിച്ചു. ബാക്കിയുള്ളവരും പിന്നീട് മരിച്ചുവീണു.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1