വേണം സ്ത്രീകള്‍ക്കായി ഒരിടം: ഇന്ന് അന്താരാഷ്ട്ര വനിതാ ദിനം

MARCH 7, 2025, 6:17 PM

ഇന്ന് മാര്‍ച്ച് എട്ട് അന്താരാഷ്ട്ര വനിതാ ദിനം. ലോകത്ത് സ്ത്രീകളുടെ അവകാശങ്ങള്‍, സാമൂഹിക തുല്യത, നേട്ടങ്ങള്‍ എന്നിവ ഓര്‍മ്മപ്പെടുത്തുന്നതിനായാണ് എല്ലാ വര്‍ഷവും ലോക വനിതാ ദിനം ആഘോഷിക്കുന്നത്. വിദ്യാഭ്യാസം, ആരോഗ്യം, തൊഴില്‍, കുടുംബം എന്നീ മേഖലകളില്‍ സ്ത്രീകള്‍ കൈവരിച്ച നേട്ടം അടയാളപ്പെടുത്താന്‍ കൂടി ഈ അവസരം വിനിയോഗിക്കുന്നു. പ്രവര്‍ത്തനം ത്വരിതപ്പെടുത്തുക(Accelerate action) എന്നതാണ് ഈ വര്‍ഷത്തെ വനിതാദിനത്തിന്റെ സന്ദേശം.

1857 മാര്‍ച്ച് 8 ന് മെച്ചപ്പെട്ട വേതനം, ജോലി സമയം കുറയ്ക്കുക, വോട്ടവകാശം എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ന്യുയോര്‍ക്കിലെ തുണിമില്ലില്‍ ജോലി ചെയ്തിരുന്ന സ്ത്രീകള്‍ നടത്തിയ പ്രക്ഷോഭമാണ് വനിതദിനമെന്ന ആശയത്തിന് ആരംഭം കുറിച്ചത്. ഇതിന് ശേഷം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും തങ്ങളുടെ അവകാശങ്ങള്‍ക്കായി സ്ത്രീകള്‍ ശബ്ദം ഉയര്‍ത്താന്‍ തുടങ്ങി.

വര്‍ഷങ്ങള്‍ക്ക് ശേഷം ലോക വനിതാദിനം ആഘോഷിക്കുന്നതിനായി മാര്‍ച്ച് 8 എന്ന തിയതി ഒറ്റകെട്ടായി തിരഞ്ഞെടുക്കുകയായിരുന്നു. അങ്ങനെ 1911 ലാണ് മാര്‍ച്ച് 8 ന് ആദ്യമായി അന്താരാഷ്ട്ര വനിതാദിനം ആഘോഷിച്ചു. 1975 ലാണ് ഐക്യരാഷ്ട്രസഭ ഈ ദിവസത്തെ അന്താരാഷ്ട്ര വനിതാ ദിനമായി ഔദ്യോഗികമായി അംഗീകരിച്ചത്.

ഇന്നും വിവിധ അവകാശങ്ങള്‍ക്കായുള്ള സ്ത്രീ പോരാട്ടം നടന്നു കൊണ്ടിരിക്കുമ്പോഴും പുരുഷ സമൂഹം കൈയ്യടക്കി വച്ചിരുന്ന പല മേഖലകളും ഇന്ന് സ്ത്രീയുടേത് കൂടിയായി മാറിക്കഴിഞ്ഞു. എല്ലാ ബന്ധനങ്ങളും പൊട്ടിച്ച് പുരുഷന്മാരോടൊപ്പം ഒപ്പത്തിനൊപ്പം ചേര്‍ന്ന് മുന്നേറുന്ന സ്ത്രീകളെ ഇന്ന് ലോകത്തുടനീളം നമുക്ക് കാണാനാകും.

ഇന്ത്യയില്‍ സ്ഥിരം ശമ്പളം വാങ്ങുന്ന സ്ത്രീകള്‍ കൂടുതല്‍ കേരളത്തിലാണെന്ന് സാമ്പത്തിക അവലോകന രേഖ പറയുന്നു. കേരളത്തില്‍ തൊഴില്‍ ചെയ്യുന്ന സ്ത്രീകളില്‍ പകുതിയോളം പേരും സ്ഥിരം വരുമാനക്കാരാണ്. 2022-23ല്‍ ഇന്ത്യയില്‍ സ്ഥിരം വേതനമുള്ള സ്ത്രീകള്‍ 18.6 ശതമാനമാണെങ്കില്‍ കേരളത്തില്‍ 47.4 ശതമാനമാണ്. 2023-24ല്‍ ഇന്ത്യയില്‍ 18.5-ഉം കേരളത്തില്‍ 49.7 ശതമാനവുമാണ്. ദിവസക്കൂലിക്കാര്‍ 2022-23ല്‍ ഇന്ത്യയില്‍ 17.1 ശതമാനവും കേരളത്തില്‍ 16.7 ശതമാനവുമാണ്. 2023-24ല്‍ 14.9 ശതമാനവും കേരളത്തില്‍ 16.4 ശതമാനവുമാണ്.

ഇതെല്ലാം കേരളത്തിന് അഭിമാനം ആകുമ്പോള്‍ തന്നെയാണ്
ഏതാനും ദിവസം മുമ്പ് രണ്ട് അരുമ പെണ്‍കുട്ടികളെ ചേര്‍ത്തുപിടിച്ച് വിദ്യാസമ്പന്നയും ആരോഗ്യവതിയുമായ ഒരു സ്ത്രീക്ക് കോട്ടയത്തിനടുത്ത് ഏറ്റുമാനൂരില്‍ ട്രെയിനിന് മുന്നില്‍ ചാടി മരിക്കേണ്ട അവസ്ഥ ഉണ്ടായത് എന്നതും ഇതോടൊപ്പം ചേര്‍ത്തുവായിക്കേണ്ടതുണ്ട്. ഇത്തരം സ്ത്രീകളുടെ അവസ്ഥ, അവര്‍ ആത്മഹത്യ ചെയ്യാത്തതുകൊണ്ടു മാത്രമാണ് നാം അറിയാതിരിക്കുന്നത്. രണ്ടറ്റവും കാണാതെ വഴിമുട്ടുന്ന ഇത്തരം സ്ത്രീകള്‍ക്ക് കയറി ചെല്ലാവുന്ന ഒരു ഇടം, ഒരു സംവിധാനം സര്‍ക്കാര്‍ തന്നെ സൃഷ്ടിക്കണം. ഇനി മറ്റൊരു വനിതാ ദിനം ആഘോഷിക്കുമ്പോള്‍ ഇത്തരം സംഭവങ്ങളുടെ എണ്ണമെങ്കിലും കുറഞ്ഞിരിക്കും.

വാചകം ന്യൂസ്‌പോര്‍ട്ടലിന്റെ എല്ലാ വായനക്കാര്‍ക്കും അന്താരാഷ്ട്ര വനിതാദിനാശംസകള്‍...

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam