നികുതി കുറച്ചതും നികുതി വെട്ടിച്ചതുമാണ് ഈ ആഴ്ചയിലെ വാർത്തകളിൽ നിറയെ. സമ്പത്ത് ഉൽസവമായി ജി.എസ്.ടി. താരിഫുകൾ കുറച്ചതിന്റെ 'ജനക്ഷേമ ആംഗിൾ' പങ്കുവെച്ചുകൊണ്ട് പ്രധാനമന്ത്രിയുടെ രാഷ്ട്രത്തോടുള്ള അഭിസംബോധന വരെ ചാനലിൽ കണ്ടു. ബീഹാർ ഉൾപ്പെടെയുള്ള നിയമസഭാ തെരഞ്ഞെടുപ്പുകൾക്കായി 'മുൻകൂർ സോപ്പിടൽ' ആണ് ജി.എസ്.ടി. നിരക്കിലെ മാറ്റമെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.
കേരളത്തിലാണെങ്കിൽ തദ്ദേശ തെരഞ്ഞെടുപ്പുകൾക്കു മുമ്പ് ജനത്തെ എണ്ണ തേപ്പിച്ച് കുളിപ്പിച്ചു കിടത്താനാണ് ഇടതു സർക്കാർ ശ്രമിക്കുന്നത്. ഇത്തിരിപ്പോന്ന കേരളത്തിൽ ഇപ്പോൾ 'ആഗോള' തലത്തിലുള്ള ഉഡായിപ്പുകൾക്കാണ് പ്രിയം. ശബരിമലയിൽ നടത്തിയ സംഗമം വൻ വിജയമായെന്ന് സർക്കാരും സി.പി.എമ്മും പറയുന്നു.
ഇനി ന്യൂനപക്ഷങ്ങൾക്കായുള്ള സംഗമത്തിനുള്ള പന്തലൊരുക്കാൻ ഊരാളുങ്കൽ പന്തൽ സാമഗ്രികളെല്ലാം കൊച്ചിയിലേക്ക് കൊണ്ടുവരുമെന്നാണ് പറഞ്ഞുകേൾക്കുന്നത്. എന്തായാലും സർക്കാരിന്റെ ഈ 'സംഗമകാലം' വഴി എന്തെങ്കിലും ഗുണം നാട്ടുകാർക്ക് കിട്ടണേയെന്നാണ് എല്ലാവരുടെയും ആഗ്രഹം.
ജി.എസ്.ടി.യെന്ന നികു'തീ'
4 തരം സ്ലാബുകളാണ് ജി.എസ്.ടി.യിൽ മുൻധനകാര്യ മന്ത്രി അരുൺ ജെയ്റ്റലി 'മണിബിൽ' എന്ന വ്യാജേന പാർലിമെന്റിലൂടെ ഒളിച്ചു കടത്തിയത്. 5%, 12%, 18%, 28% എന്നിങ്ങനെ ലോകത്ത് കേട്ടു കേൾവിയില്ലാത്ത നികുതി നിരക്കുകൾ, അന്നത്തെ ദേശീയ പ്രതിപക്ഷത്തിന്റെ ദൗർബല്യം മുതലാക്കി കേന്ദ്രം നടപ്പാക്കുകയായിരുന്നു. ഒരു കാർ നന്നാക്കുന്നതിന്റെ വർക്ക് ഷാപ്പ് ബില്ലിൽ നിന്നുപോലും 18% ജി.എസ്.ടി. ഈടാക്കുന്ന പ്രാകൃത നികുതി വ്യവസ്ഥയാണ് അന്ന് നടപ്പായത്. 10 കിട്ടിയാൽ 5 കേന്ദ്രത്തിന് 5 സംസ്ഥാനത്തിനുമെന്ന കൊള്ള നികുതിക്ക് എല്ലാ സംസ്ഥാനങ്ങളും യെസ് പറയുകയായിരുന്നു.
രാജ്യത്ത് ജനങ്ങളിൽ നിന്ന് പിരിച്ചെടുക്കുന്ന ഇന്ധന നികുതി ജി.എസ്.ടി.യിൽ പെടുത്തിയില്ല. പകരം സംസ്ഥാനങ്ങൾക്ക് മദ്യത്തിൽ നിന്നു കിട്ടുന്ന നികുതിയും ജി.എസ്.ടി.യിൽ പെടുത്തിയില്ല. സംസ്ഥാനങ്ങളുടെ ഭൂമി, കെട്ടിട വിൽപ്പന, രജിസ്‌ട്രേഷൻ നികുതിയിലും കേന്ദ്രം കൈവച്ചില്ല. കേരളത്തിന്റെ മൊത്തം വരുമാനത്തിന്റെ 20% മുതൽ 25% വരെ ഇന്ധന വിൽപ്പനയിൽ നിന്നാണ് കിട്ടുന്നത്. കാരണം, കേരളത്തിലെ വാഹന സാന്ദ്രത അത്രയേറെ കൂടുതലാണ്. ഇപ്പോൾ നികുതി സ്‌ലാബ് കേന്ദ്രം കുറച്ചതുകൊണ്ട് കേന്ദ്രം നഷ്ടപരിഹാരം നൽകണമെന്ന് കേരളമടക്കമുള്ള സംസ്ഥാനങ്ങൾ വാദിച്ചുവെങ്കിലും കേന്ദ്രം ഇനിയും മനസ്സ് തുറന്നിട്ടില്ല.
ഇപ്പോഴും പിൻസീറ്റ് ഡ്രൈവിംഗ് !
ജി.എസ്.ടി. സംബന്ധിച്ച തീരുമാനങ്ങൾ പൂർണ്ണമായും സംസ്ഥാന ധനമന്ത്രിമാർ ഉൾപ്പെടെയുള്ള ജി.എസ്.ടി. കൗൺസിലിൽ നിക്ഷിപ്തമാണെന്നാണ് നിയമത്തിലുള്ളത്. എന്നാൽ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ നികുതികൾ കുറയ്ക്കാൻ പോകുന്നുവെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചത് കൗൺസിലിനോട് ആലോചിക്കാതെയായിരുന്നു. പെട്രോളിയം കമ്പനികളുടെ 51 ശതമാനം ഓഹരികളും കൈവശമുള്ള കേന്ദ്ര സർക്കാർ പെട്രോൾ, ഡീസൽ വില കൂടുന്നതിൽ തങ്ങൾക്ക് റോളില്ലെന്നു പറയുന്നതിലും കഴമ്പില്ല. പെട്രോളിയം കമ്പനികളുടെ വക കോടികളുടെ ലാഭവിഹിതം കേന്ദ്രത്തിനു തന്നെയാണ് പ്രതിവർഷം ലഭിക്കുന്നതും.
ഇതിനിടെ അണിയറയിൽ അരങ്ങേറിയ 'എഥനോൾ തരികിട'യും പ്രതിപക്ഷകക്ഷികൾ പോലും വിഴുങ്ങിക്കളഞ്ഞു. ഇന്ധനങ്ങളിൽ 20 ശതമാനം എഥനോൾ ചേർക്കുന്നത് അന്തരീക്ഷ മലിനീകരണം കുറയ്ക്കുമെന്ന പ്രചാരണത്തോടെയായിരുന്നു എഥനോൾ ഇന്ധനങ്ങളിൽ കലർത്തി വിൽക്കാൻ തുടങ്ങിയത്. മാത്രമല്ല, എഥനോൾ ചേർക്കുന്നതോടെ ഇന്ധനവില കുറയ്ക്കാൻ കഴിയുമെന്നും ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞിരുന്നു. ലോകത്ത് ഒരിടത്തും ഇന്ധനങ്ങളിൽ ഇങ്ങനെ 20 ശതമാനം എഥനോൾ ചേർക്കുന്നില്ല. പരിസ്ഥിതിക്ക് ദോഷം വരുന്നതൊന്നും ചെയ്യാൻ സന്നദ്ധരല്ലാത്ത കാനഡയിൽ പോലും 5 ശതമാനം എഥനോൾ മാത്രമേ ഇന്ധനങ്ങളിൽ കലർത്തുന്നുള്ളൂ.
മാത്രമല്ല, എഥനോൾ കലർത്താത്ത ഇന്ധനവും ആ രാജ്യത്തെ പമ്പുകളിൽ ലഭിക്കും. ലോകത്തെ വായു മലിനീകരണത്തിൽ താഴെ നിന്നു നോക്കുമ്പോൾ അഞ്ചാം സ്ഥാനത്താണ് ഇന്ത്യ. എന്നിട്ടും യാതൊരു ഉളുപ്പുമില്ലാതെയാണ് ഈ വാദം ഉന്നയിക്കുന്നത്. ഇനി അൽപം പരദൂഷണം കൂടി പറയാം: രാജ്യത്തെ എഥനോൾ വിൽപ്പന മന്ത്രി നിതിൻ ഗഡ്കരിയുടെ മക്കൾ വഴിയാണെന്നു ചിലർ പറയുന്നുണ്ട്. മാത്രമല്ല, എഥനോൾ കലർത്തി ഇന്ധന വിൽപ്പന നടത്തിയതു മൂലം കഴിഞ്ഞ 11 വർഷത്തിനു കേന്ദ്രമുണ്ടാക്കിയ ലാഭം കേട്ടാലോ? നാം ഞെട്ടും. 1.44 ലക്ഷം കോടി രൂപയാണ് എഥനോൾ തരികിടയിലൂടെ കേന്ദ്രത്തിനു ലഭിച്ചതത്രെ.
കൺസ്യൂമർ കിംഗല്ല, വെറും...
ഉപഭോക്താവിനു ചക്രവർത്തി പദവി കൽപ്പിച്ചു കൊടുത്തിട്ടുള്ള നമ്മുടെ നാട്ടിൽ ഇപ്പോൾ നടക്കുന്നത് ജനങ്ങളെ കബളിപ്പിക്കലാണ്. നമ്മുടെ കൈവശം ഒഴിവാക്കാനാകാത്ത ഒരു സാധനമുണ്ട് മൊബൈൽ. മൊബൈൽ നിരക്കുകൾ ഈയിടെ കൂട്ടി. മാത്രമോ, പ്രീ പെയിഡ് വരിക്കാരെന്ന സാധുക്കളിൽ നിന്നുപോലും 18% നികുതിയാണ് കേന്ദ്രസംസ്ഥാന ഭരണകൂടങ്ങൾ 'ഇസ്‌ക്കു'ന്നത്. അതു മാത്രമോ, ഒരു അവശ്യ വസ്തുവായി മാറിയിട്ടുള്ള മൊബൈലിന്റെ വില നിയന്ത്രണത്തിൽ സർക്കാരിന് റോളൊന്നുമില്ല.
വ്യാജ ഫോണുകളും ക്ലോണിംഗ് നടത്തിയ സെറ്റുകളും ഇപ്പോൾ വിപണിയിൽ സുലഭം. നമ്മൾ ഉപയോഗിക്കുന്ന വൈദ്യുതി, വെള്ളം, ഗ്യാസ് എന്നിവയുടെ റീഡിംഗ് നോക്കാനുള്ള മീറ്റർ നമ്മുടെ കൺവെട്ടത്തുണ്ടെങ്കിലും നാം ഉപയോഗിക്കുന്ന മൊബൈലുകളുടെ ഡാറ്റയുടെ കണക്ക് പോലും മൊബൈൽ സർവീസ് ദാതാക്കളുടെ കൈവശമാണുള്ളത്. ഇക്കാര്യത്തിൽ നിയന്ത്രണമുണ്ടാകണമെന്നും, മൊബൈൽ ഉപയോഗം സംബന്ധിച്ച വിവരങ്ങൾ ഉപഭോക്താക്കൾക്കും ലഭ്യമാക്കണമെന്നു നിർദ്ദേശിക്കുന്ന ബിൽ വർഷങ്ങളായി ഇപ്പോഴും പാർലിമെന്റിന്റെ ഏതോ മൂലയിൽ കിടപ്പുണ്ട്. കാരണം, ഒട്ടുമിക്ക മൊബൈൽ കമ്പനികളും രാഷ്ട്രീയ പാർട്ടികളെ കൈയയച്ച് സഹായിക്കുന്നവരാണത്രെ.
പുതിയ ജി.എസ്.ടി. നടപ്പാക്കുന്നതിനു മുമ്പ് കേന്ദ്രം യാതൊരു തയ്യാറെടുപ്പും നടത്തിയില്ല. നികുതിയിളവ് ഏതായാലും പഴയ സ്റ്റോക്കിന് നൽകാനാവില്ലെന്ന നിലപാടാണ് വ്യാപാരികളുടേത്. അവർ ഉയർന്ന വിലയ്ക്ക് വാങ്ങിയ സാധനങ്ങൾ എങ്ങനെ അവർക്ക് വില കുറച്ചു നൽകാനാകും?
മൊത്തം 453 ഇനങ്ങൾക്കാണ് നികുതി കുറച്ചിട്ടുള്ളത്. നികുതി കൂട്ടിയത് 40 എണ്ണത്തിനു മാത്രമാണെന്നും 295 ഇനങ്ങളുടെ നികുതിനിരക്ക് 5% ആയി കുറച്ചുവെന്നും സർക്കാർ വാദിക്കുന്നു. ഇതനുസരിച്ച് 48,000 കോടി രൂപ മൊത്തം വരുമാന നഷ്ടം പ്രതീക്ഷിക്കുന്നു.
ഇതിൽ കേന്ദ്രത്തിന് 13920 കോടിയും സംസ്ഥാനങ്ങൾക്ക് 34000 കോടിയും നഷ്ടമുണ്ടാകുമെന്ന തരംതിരിച്ചുള്ള കണക്ക് വേറെയുമുണ്ട്. എന്നാൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ റിസർച്ച് വിംഗ് തയ്യാറാക്കിയ കണക്കനുസരിച്ച് കേന്ദ്രത്തിന് 7480 കോടിയും സംസ്ഥാനങ്ങൾക്ക് 18314 കോടിയും വരുമാന നഷ്ടമുണ്ടാകുമത്രെ. സംസ്ഥാനങ്ങൾ നഷ്ടപരിഹാരം വേണമെന്ന് വാദിച്ചതോടെ, കേന്ദ്രം ഇപ്പോൾ പറയുന്നത് നികുതി കുറച്ചതോടെ, വിൽപന കൂടുമെന്നാണ്. അങ്ങനെയാകുമ്പോൾ, സംസ്ഥാനങ്ങൾക്ക് നികുതിവരുമാനം കൂടുമെന്നാണ് പ്രചരണം.
ഭൂട്ടാൻ ലോട്ടറിക്ക് പിന്നാലെ ഭൂട്ടാൻ വണ്ടി!
പഴയ സാന്തിയാഗോ മാർട്ടിനെ ഓർമയില്ലേ? സിക്കിം, ഭൂട്ടാൻ തുടങ്ങിയ സംസ്ഥാനങ്ങളുടെ പേരുകൾ മുതലാക്കി ലോട്ടറി നടത്തി കോടീശ്വരനായ മാർട്ടിന്റെ വഴിയെ എളുപ്പം സമ്പന്നരാകാൻ ഒരു കൂട്ടമാളുകൾ രംഗത്തിറങ്ങിയതോടെയാണ് ഭൂട്ടാൻ വഴി വിദേശ കാറുകൾ ഇന്ത്യയിലേക്ക് എത്തുന്നത്. ഭൂട്ടാൻ പട്ടാളം ഉപയോഗിച്ച് ഉപേക്ഷിച്ച വണ്ടികളെന്നായിരുന്നു പരസ്യം. ലാൻഡ് ക്രൂയിസർ പോലെയുള്ള വണ്ടികൾ പരിവാഹൻ സൈറ്റിൽ കയറി ഹിമാചൽ പ്രദേശിലെ മേൽവിലാസത്തിൽ രജിസ്റ്റർ ചെയ്ത വണ്ടികളാണ് ഇപ്പോൾ കൊച്ചിയിലെ കസ്റ്റംസ് കമ്മീഷണറും സംഘവും താര രാജാക്കന്മാരുടെ വീടുകളിൽ നിന്ന് പൊക്കിയത്. അഞ്ചും അതിലേറെയും വർഷങ്ങളായി ദുൽഖറും പൃഥ്വീരാജുമെല്ലാം ഉപയോഗിച്ചുകൊണ്ടിരുന്ന ലക്ഷ്വറി വാഹനങ്ങളാണ് ഇപ്പോൾ കസ്റ്റംസ് വലയിലായത്.
മാത്യുസാമുവലിനെ പോലെയുള്ള യൂട്യൂബർമാർ ദുൽഖറിനെയും പൃഥ്വിയേയുമെല്ലാം നവമാധ്യമങ്ങളിൽ പൊളിച്ചടുക്കിയത് കണ്ടു. എന്നാൽ, മമ്മൂട്ടിയെ പോലെയുള്ള വാഹനങ്ങളോട് 'ക്രേസ്' ഉള്ള വാപ്പയുടെ മകനെന്ന നിലയിൽ ദുൽഖറിനോട് നമുക്ക് പൊറുക്കാം. എന്നാൽ, ഒരു ലുങ്കി (കള്ളിമുണ്ട്) യുമുടുത്ത് ഒരു അമ്പാസിഡർ കാറിൽ സ്വയം ഡ്രൈവ് ചെയ്തു സെറ്റിലെത്തിയിരുന്ന സുകുമാരനെ പോലെയുള്ള ഒരു 'ലളിത ജീവിത' ക്കാരന്റെ മകനായ പൃഥ്വി ഇങ്ങനെ ആഡംബര കാറുകളുടെ പിന്നാലെ പായുന്നതെന്തിനാണാവോ? ഏഷ്യാനെറ്റ് ന്യൂസ് ചാനലിൽ ഓട്ടോമൊബിൽ ജേർണലിസ്റ്റ് ബൈജു എൻ നായർ പറഞ്ഞതുപോലെ 'കുഞ്ഞിക്കാ'യും പൃഥ്വിയുമെല്ലാം കടുത്ത വണ്ടി പ്രേമം മൂലം ചുറ്റുമുള്ളതൊന്നും കാണാൻ പറ്റാത്ത പരുവത്തിലായി പോയിട്ടുണ്ടാകാം.
ചെരിഞ്ഞതിനെല്ലാം; ഒടുക്കത്തെ ഗ്ലാമർ!
ചെരിഞ്ഞതെല്ലാം ലോകശ്രദ്ധ പിടിച്ചു പറ്റുന്നത് സ്വാഭാവികമാണ്. അതല്ലേ, ചെരിഞ്ഞുനിൽക്കുന്ന പിസ ഗോപുരം ലോകപ്രശസ്തമായത്. ഇപ്പോൾ ചെരിഞ്ഞ നടത്തത്തിലൂടെ മലയാളത്തിൽ സ്വന്തം 'സ്റ്റൈൽ' ഉണ്ടാക്കിയെടുത്ത മോഹൻലാൽ ഇന്ത്യൻ സിനിമയിലെ അത്യുന്നത ബഹുമതിയായ ഫാൽക്കേ അവാർഡ് സ്വന്തമാക്കിയിരിക്കുന്നു. ലാലേട്ടന്റെ ഫാൻസെല്ലാം വല്ലാത്തൊരു മൂഡിലാണ്.
അവാർഡ് കിട്ടിയതറിഞ്ഞ് ചെന്നൈയിൽ നിന്ന് ലാൽ ഓടിയെത്തിയത് കൊച്ചിയിലാണ്. ഡെൽഹിയിൽ പോയി അവാർഡ് വാങ്ങി പറന്നിറങ്ങിയതും കൊച്ചിയിൽ. കാരണം, ലാലിന്റെ 'ചങ്ക് മദർ' ഇപ്പോഴുള്ളത് കൊച്ചിയിലാണ്. എത്ര വലിയ അവാർഡുകൾ ലഭിച്ചാലും ഒരു ശിശുവിനെ പോലെ വിനയാന്വിതനായിട്ടാണ് ലാൽ ബുധനാഴ്ച മാധ്യമങ്ങളെ കണ്ടത്. ഗായകനായ ദാസേട്ടനും നടനായ ലാലേട്ടനും മലയാളത്തിന്റെ തങ്കക്കുടങ്ങൾ തന്നെ, എന്നും, എക്കാലവും അങ്ങനെ തന്നെയായിരിക്കട്ടെ എന്ന് ആശംസിക്കാം.
ആന്റണിചടയംമുറി
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1