ഇസ്രായേല്‍ കണ്ണ് ഗൊലാന്‍ കുന്നിലെ നിധിയില്‍ ; പോര് മുറുകും

DECEMBER 11, 2024, 2:36 AM

സിറിയയില്‍ ആക്രമണം തുടങ്ങാന്‍ കാരണം പലതാണ്. ഒരു ഭാഗത്ത് ഇസ്രായേല്‍, മറുഭാഗത്ത് അമേരിക്കയും തുര്‍ക്കിയും. അസദ് വീണാല്‍ സമാധാനം പുലരുമെന്ന് കരുതിയവര്‍ക്ക് തെറ്റി. യുദ്ധക്കളം മാറുന്നില്ല, ബാഹ്യ ശക്തികള്‍ ആയുധങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടി അവസരം പാര്‍ത്തിരിക്കുകയായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം.  

സിറിയ കൂടുതല്‍ ദുരന്തത്തിലേക്ക് നീങ്ങുമോ എന്ന് ലോക രാജ്യങ്ങള്‍ക്ക് ആശങ്കയുണ്ട്. പലരും തങ്ങളുടെ ഉദ്യോഗസ്ഥരെ മടക്കി വിളിച്ചു. ഇന്ത്യ 75 പൗരന്മാരെ സുരക്ഷിതമായി ഒഴിപ്പിച്ചു. എങ്കിലും സര്‍ക്കാര്‍ രൂപീകരണ ശ്രമവുമായി വിമത നേതാവ് അബു മുഹമ്മദ് അല്‍ ജുലാനി മുന്നോട്ട് നീങ്ങുകയാണ്. ഇടക്കാല പ്രധാനമന്ത്രിയെ നിയോഗിക്കുകയും എല്ലാ വിഭാഗത്തെയും സര്‍ക്കാരിന്റെ ഭാഗമാക്കാനുമുള്ള ശ്രമവും പുരോഗമിക്കുന്നുണ്ട്.

സിറിയന്‍ സൈന്യം ഇട്ടേച്ചുപോയ ആയുധങ്ങള്‍ വിമതര്‍ക്ക് കൈവശം എത്തിയാലുള്ള പേടിയാണ് ഇസ്രായേലിനെ അസ്വസ്ഥമാക്കുന്നത്. അസദ് സൈന്യത്തിന്റെ വെടിപ്പുരകള്‍ക്കെല്ലാം ഇസ്രായേല്‍ തീകൊളുത്തികഖവിഞ്ഞു. എന്നാല്‍ ഇസ്രായേല്‍ സൈന്യം എന്തിന് ഡമസ്‌കസ് വരെ വന്നു എന്ന ചോദ്യത്തിന് ഉത്തരമില്ല. ജുലാനിക്ക് ചുവടുറയ്ക്കും മുമ്പ് സിറിയയെ വരിഞ്ഞുമുറുക്കാനുള്ള ശ്രമത്തിലാണ് ഇസ്രായേല്‍.

കുര്‍ദ് വിമതര്‍ക്ക് എല്ലാ സഹായവും ചെയ്ത് കൂടെ നില്‍ക്കുന്ന അമേരിക്കന്‍ സൈന്യവും ശക്തമായ ആക്രമണം തുടങ്ങിയിട്ടുണ്ട്. ദുരൂഹ സംഘമായ ഐസിസിനെ ലക്ഷ്യമിട്ടാണ് ആക്രമണം എന്ന് അമേരിക്ക വ്യക്തമാക്കുന്നു. മറുഭാഗത്ത് തുര്‍ക്കി സൈന്യം ലക്ഷ്യമിടുന്നത് കുര്‍ദ് വിമതരെയാണ്. പി.കെ.കെ എന്ന കുര്‍ദ് സംഘടനയെ തീവ്രവാദ ഗ്രൂപ്പായിട്ടാണ് തുര്‍ക്കി കണക്കാക്കുന്നത്. അവരെ തുരത്തി തങ്ങളുടെ രാജ്യത്തുള്ള സിറിയന്‍ അഭയാര്‍ഥികളെ മടക്കി അയക്കാനുള്ള ശ്രമത്തിലാണ് തുര്‍ക്കി.

ഗൊലാന്‍ കുന്നിന്റെ പ്രാധാന്യം

ഇതിനിടയിലാണ് സിറിയയുടെയും ഇസ്രായേലിന്റെയും അതിര്‍ത്തി പ്രദേശമായ ഗൊലാന്‍ കുന്ന് ലോക ശ്രദ്ധയില്‍ വീണ്ടും എത്തുന്നത്. സിറിയയുടെ ഭാഗമായ ഈ തന്ത്രപ്രധാന മേഖല 1967ലെ യുദ്ധത്തില്‍ ഇസ്രായേല്‍ പിടിച്ചടക്കുകയായിരുന്നു. വിട്ടുകിട്ടാനുള്ള സിറിയയുടെ ശ്രമം ഫലം കണ്ടില്ലെന്ന് മാത്രമല്ല, ഗൊലാന്‍ കുന്ന് തങ്ങളുടെ പ്രദേശമായി 1981 ല്‍ ഇസ്രായേല്‍ പ്രഖ്യാപിക്കുകയും ചെയ്തു. 2017 ല്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇസ്രായേല്‍ നടപടി ശരിവച്ചു.

ഇസ്രായേലിന് കരാതിര്‍ത്തിയുള്ള സിറിയയുമായി അടുത്ത ബന്ധമാണ് ഇറാന്. ലബനോനിലെ ഹിസ്ബുല്ലയ്ക്ക് ഇറാന്‍ ആയുധമെത്തിക്കുന്നത് സിറിയയിലൂടെയാണ്. ഇസ്രായേലിനെതിരായ നീക്കത്തിന് സിറിയയുടെ മണ്ണ് ഇറാന്‍ ഉപയോഗിക്കുന്നു എന്നാണ് ഇസ്രായേലിന്റെയും അമേരിക്കയുടെയും പരാതി. സമാധാന പാലത്തിന് വേണ്ടി ഗൊലാന്‍ കുന്നില്‍ യുഎന്‍ സൈന്യം തമ്പടിച്ചിട്ടുണ്ട്. ഇവരെ നോക്കുകുത്തിയാക്കിയാണ് ഇസ്രായേലിന്റെ സിറിയയിലേക്കുള്ള അധിനിവേശം.

ജോര്‍ദാന്‍ നദിയിലേക്കും ഗലീലി കടലിലേക്കും എത്തുന്ന വെള്ളത്തിന്റെ പ്രധാന ഉറവിടവും ഗൊലാന്‍ കുന്നുകളാണ്. ശുദ്ധമായ വെള്ളം ലഭിക്കുമെന്നതാണ് ഇസ്രായേല്‍ ഗൊലാന്‍ കുന്നിനെ നോട്ടമിടാന്‍ കാരണം. പശ്ചിമേഷ്യയില്‍ ശുദ്ധമായ കുടിവെള്ളം സ്വര്‍ണ നിധിക്ക് സമാനമാണ്. കൃഷിക്ക് അനിയോജ്യമായ വളക്കൂറുള്ള മണ്ണ് കൂടിയാണ് ഗൊലാന്‍ കുന്ന്. ജോര്‍ദാന്‍, ലബനാന്‍, സിറിയ തുടങ്ങിയ രാജ്യങ്ങളിലേക്ക് ആക്രമണം നടത്താനുള്ള സൗകര്യവും ഗൊലാന്‍ കുന്ന് കൈവശം വയ്ക്കാന്‍ ഇസ്രായേലിനെ പ്രേരിപ്പിക്കുന്നു.

1967 ലെ യുദ്ധത്തിന് ശേഷം ഗൊലാന്‍ കുന്നിലേക്ക് ജൂത കുടിയേറ്റക്കാരെ ഇസ്രായേല്‍ കൊണ്ടുവരാന്‍ തുടങ്ങിയിരുന്നു. സിറിയക്കാരായ അറബികളും ഇസ്മാഈലി ശിയാക്കളായ ദ്രുസ് വിഭാഗക്കാരുമാണ് ഇവിടെ നേരത്തെയുണ്ടായിരുന്നത്. ആഭ്യന്തര യുദ്ധക്കാലത്ത് സിറിയന്‍ സൈന്യത്തെ തുരത്തി ഗൊലാന്‍ കുന്നിലെ ഒരു ഭാഗം വിമതര്‍ നിയന്ത്രണത്തിലാക്കിയിരുന്നു എങ്കിലും അസദ് സൈന്യം വീറോടെ മടങ്ങിയെത്തി. ഇപ്പോള്‍ അസദ് വീണതോടെ വിമത നേതാവ് ജുലാനി പുതിയ പടയുമായി വരുമെന്ന് ഇസ്രായേല്‍ ഭയക്കുന്നു.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam