മക്കളെക്കൊണ്ട് അമ്പുകൊണ്ട രാഷ്ട്രീയ നേതാക്കൾ കേരളത്തിൽ കുറവല്ല. പിണറായി വിജയൻ എന്ന നേതാവ് ഇക്കൂട്ടത്തിൽ അവസാനത്തെ ആളുമല്ല. സ്വന്തം പേരിലുളള ആരോപണങ്ങളുടെ ഭാരം പതിറ്റാണ്ടുകളായി ചുമക്കുന്ന ഇടതുപക്ഷ നേതാവുകൂടിയാണ് പിണറായി. ഇനി, ചോദ്യങ്ങളാവാം: പൊതു ജനങ്ങൾക്ക് അപ്രാപ്യമായ എന്തു സേവനമാണ് മുഖ്യമന്ത്രിയുടെ മകളുടെ കമ്പനി കെ.എം. ആർ.എല്ലിന് നൽകിയത് ? ആ സേവനം എന്തെന്ന് വെളിപ്പെടുത്തേണ്ടത് ആരാണ്? വീണ എന്ന സേവന ദാതവോ, സേവനം കൈപ്പറ്റിയ കരിമണൽ കർത്തയോ?
നിലവിൽ സി.എം.ആർ.എൽ ശശിധരൻ കർത്ത സൂക്ഷിക്കുന്ന ആ രഹസ്യ ഡയറി സ്വയം സംസാരിക്കുന്ന ഒരു ആധികാരിക രേഖയല്ല. കാരണം ആ വിചിത്ര ഡയറിയിൽ ആരുടേയും പൂർണ്ണ നാമങ്ങളില്ല. ചുരുക്ക പേരുകൾ മാത്രമേയുള്ളു. പി.വി. എന്നാൽ പിണറായി വിജയനോ പി.വി. അൻവറോ ആവാം. കെ.ആർ. എന്നെഴുതിയാൽ പാവം പിടിച്ച കടന്നപ്പള്ളി രാമചന്ദ്രനോ കുമ്മനം രാജശേഖരനോ ആവാം. തരാതരം വ്യാഖ്യാനിക്കാവുന്ന ഒരു മാസപ്പടി പുസ്തകം.
എല്ലാ രാഷ്ട്രീയ കക്ഷി നേതാക്കളും മിക്ക മാധ്യമങ്ങളും ആ ഡയറിയിൽ ചുരുക്ക പേരുകളിൽ ഉറങ്ങുന്നു എന്നാണ് പറയപ്പെടുന്നത്. അതിന്റെ പേരിൽ ആരേയും സി.എം.ആർ.എൽ കമ്പനി വിരട്ടുന്നില്ല. പക്ഷെ അത് അവിടെ കിടക്കുന്നിടത്തോളം സേവനങ്ങൾ ലഭിച്ചുകെണ്ടേയിരിക്കും. സൗജന്യമായും അല്ലാതെയും ! ഏതായാലും സേവനത്തിന് പണം നൽകി എന്ന് കർത്ത സമ്മതിച്ചിട്ടുണ്ട്. ആ സേവനം മുഖ്യമന്ത്രിയിലേക്ക് നീളുമ്പോഴാണ് അഴിമതിയുടെ ഗന്ധം പരക്കുന്നത്.
കേരളത്തിൽ അഴിമതിയുടെ പേരിൽ അഴിയെണ്ണിയ ഏക നേതാവ് ആർ. ബാലകൃഷ്ണപിള്ളയാണെന്ന ചരിത്ര സത്യം മുന്നിലുള്ളപ്പോൾ, മക്കളുണ്ടാക്കിയ പൊല്ലാപ്പിൽ നട്ടം തിരിഞ്ഞ ഇടതു പക്ഷ നേതാക്കളാരും ചെറിയവരല്ല. മകൻ അരുൺകുമാറിന്റെ പേരിൽ വി.എസ്. അച്ചുതാനന്ദൻ, ബിനീഷിന്റെ പേരിൽ കോടിയേരി ബാലകൃഷ്ണൻ, എൽ.ഡി.എഫ് മന്ത്രിസഭയിൽ ആരോഗ്യമന്ത്രിയായിരിക്കെ, പി.കെ. ശ്രീമതി..
പക്ഷെ ഇവർക്കു വേണ്ടി സി.പി.എം. ഒരിക്കലും പരസ്യമായ പ്രതിരോധം തീർത്തിട്ടില്ല. കേസിനെ അതിന്റെ വഴിക്ക് വിടാനായിരുന്നു എന്നും പാർട്ടി തീരുമാനം. എന്നാൽ, വീണാ വിജയന്റെ കാര്യത്തിൽ പാർട്ടി സർവ്വ ശക്തിയുമെടുത്ത് സംരക്ഷണ വലയം തീർക്കുകയാണ്. ഇത് രണ്ടു നീതിയാണ് എന്ന വിമർശനം വന്നപ്പോൾ മുഖ്യമന്ത്രി പ്രകോപിതനാകുന്ന കാഴ്ചയാണ് കാണുന്നത്.
കോടിയേരി തന്റെ മകനെതിരായി ലഹരി കേസ് വന്നപ്പോൾ അത് രാഷ്ട്രീയ പ്രേരിതമാണെന്ന് പറഞ്ഞില്ല. കെട്ടിച്ചമച്ചതാണെന്നും പറഞ്ഞില്ല. എന്നാൽ വീണയുടെ കാര്യത്തിൽ യഥാർത്ഥ കാര്യം എന്തെന്നറിയാതെ ന്യായീകരിക്കാൻ സി.പി.എം നേതാക്കൾ മത്സരിക്കുന്നത് കാണാം.
അമ്പേറ്റ നേതാക്കൾ
തന്റെ മകൻ കോടിയേരി ബാലകൃഷ്ണന്റെ മകന്റെ ഉടമസ്ഥതയിലുള്ള ഒരു കമ്പനിക്ക് സർക്കാർ മെഡിക്കൽ കേളേജ് ആശുപത്രികൾക്ക് മരുന്നുകൾ വിതരണം ചെയ്യാൻ അനുമതി നൽകിയതിൽ വലിയ അഴിമതി നടത്തിയെന്നായിരുന്നു ശ്രീമതിക്കെതിരായ തെളിയിക്കാൻ കഴിയാത്ത ആക്ഷേപം. ആ കേസ് ഒതുക്കാൻ ശ്രീമതി ടീച്ചർ ശ്രമിച്ചതായി ആരും റിപ്പോർട്ട് ചെയ്തിട്ടില്ല. പാർട്ടിയാവട്ടെ മിണ്ടിയുമില്ല. യോഗ്യതകളിൽ ഇളവ് വരുത്തി മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ മകൻ വി.എസ് അരുൺകുമാറിനെ ഐ.എച്ച്.ആർ.ഡി ഡയറക്ടറാക്കാൻ നീക്കം നടത്തിയതും വൻ വിവാദമായിരുന്നു. ഐ.എച്ച്.ആർ.ഡി ഡയറക്ടറാവാൻ നിഷ്‌കർഷിച്ചിരിക്കുന്ന യോഗ്യതകൾ അരുൺകുമാറിന് ഇല്ലെന്ന് ആക്ഷേപമുയർന്നു.
ഓൺലൈൻ ലോട്ടറി മാഫിയയ്‌ക്കെതിരായ പോരാട്ടത്തിൽ വി.എസ് മുൻപന്തിയിൽ നിന്നിരുന്ന സമയത്ത്, ഓൺലൈൻ ലോട്ടറി മാഫിയയുമായി മകന് ബന്ധമുണ്ടെന്ന് ആരോപിക്കപ്പെട്ടു. ഇതിനെത്തുടർന്ന്, ഒരു ഓൺലൈൻ ലോട്ടറി ഫ്രാഞ്ചൈസിയുടെ ഡയറക്ടറായി ജോലി ചെയ്തിരുന്ന അദ്ദേഹത്തിന്റെ ഭാര്യ 2004 ൽ രാജിവയ്ക്കാൻ നിർബന്ധിതയായി. ചന്ദന മാഫിയയ്‌ക്കെതിരായ പിതാവിന്റെ പോരാട്ടം ദുർബലപ്പെടുത്തുമെന്ന് വാഗ്ദാനം ചെയ്ത് ഒരു ചന്ദന ഫാക്ടറി ഉടമയിൽ നിന്ന് കൈക്കൂലി വാങ്ങിയെന്ന ആരോപണം മുതൽ 1,500 കോടി രൂപയുടെ കണ്ണൂർ വൈദ്യുതി പദ്ധതി ആരംഭിക്കുന്നതിന് ടെക്‌നോക്രാറ്റ് കെ.പി.പി നമ്പ്യാരിൽ നിന്ന് അഞ്ച് ശതമാനം കമ്മീഷൻ ആവശ്യപ്പെട്ടെന്ന ആരോപണം വരെ ഉയർന്നുവന്നു. ഐ.എച്ച്.ആർ.ഡിയിൽ അഡീഷണൽ ഡയറക്ടർ സ്ഥാനത്തേക്ക് സ്ഥാനക്കയറ്റം നൽകിയതിനെതിരെയും വിമർശനങ്ങൾ ഉണ്ടായി. അദ്ദേഹത്തിന്റെ നിയമനവുമായി ബന്ധപ്പെട്ട അപാകതകൾ പരിശോധിക്കാൻ 2011 ൽ രൂപീകരിച്ച നിയമസഭാ സമിതി അദ്ദേഹത്തിന്റെ സ്ഥാനക്കയറ്റത്തിൽ ഗുരുതരമായ അപാകതകൾ ഉണ്ടെന്ന് റിപ്പോർട്ട് ചെയ്തു.
കയർ നിർമ്മാണ സംഘങ്ങളുടെ സഹകരണ സ്ഥാപനമായ കയർഫെഡിന്റെ മനേജിംഗ് ഡയറക്ടറായി ജോലി ചെയ്യുന്നതിനിടയിൽ അരുൺകുമാർ വിജിലൻസ് അന്വേഷണവും നേരിട്ടു. അരുൺ മാനനഷ്ടക്കേസുകൾ ഫയൽ ചെയ്തതിനെത്തുടർന്ന് ഈ ആരോപണങ്ങളിൽ ചിലത് ചിലർ പിൻവലിക്കുകയായിരുന്നു. ആ കേസുകളെ ഒരിക്കലും വി.എസ്. അച്ചുതാനന്ദൻ എന്ന നേതവോ പിതവോ രാഷ്ട്രീയരോപണം പറഞ്ഞ് ന്യായീകരിക്കാൻ തുനിഞ്ഞിട്ടില്ല.
2020ലാണ് കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷിനെ ലഹരി ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. കേസിലെ നാലാം പ്രതിയായിരുന്നു ബിനീഷ്. യാതൊരു രേഖയുമില്ലാതെ ലഹരിക്കേസിലെ ഒന്നാം പ്രതിക്ക് ബിനീഷ് 40 ലക്ഷം രൂപ നൽകിയെന്നായിരുന്നു ആക്ഷേപം. ഇത് തിരിച്ചുപിടിക്കാൻ ബിനീഷ് ഒരു തരത്തിലും ശ്രമിച്ചില്ലെന്നും കോടതി കണ്ടെത്തി.
മൂന്നാറിൽ വ്യാജരേഖയുണ്ടാക്കി 4 ഏക്കർ സ്ഥലം കച്ചവടം നടത്തിയെന്നരോപിച്ച് വിജിലൻസ് കോടതിയിൽ ഹർജി വന്നെങ്കിലും അന്വേഷണം മരവിച്ചു.
ടോട്ടൽ ഫോർ യു നിക്ഷേപത്തട്ടിപ്പ് കേസിലും ബിനീഷിന്റെ പേർ ഉയർന്നുകേട്ടു. കോളിളക്കം സൃഷ്ടിച്ച പോൾ ജോർജ് വധക്കേസുമായി ബന്ധപ്പെട്ട് പൊലീസ് ചോദ്യം ചെയ്ത ഓംപ്രകാശുമായുള്ള അടുപ്പവും ബിനീഷിനെ വിവാദത്തിലാക്കി. 2003 ജനുവരിയിൽ കേശവദാസപുരത്ത് പേരൂർക്കട സ്വദേശി കിരണിനെ ആളുമാറി വെട്ടിപ്പരുക്കേൽപിച്ച കേസിലും പ്രതിയായിരുന്നു. മക്കളുടെ തെറ്റുകളെ പാർട്ടിയുടെ മേൽത്തട്ടിലിരുന്ന് കോടിയേരി ബാലകൃഷ്ണൻ ന്യായീകരിച്ചില്ല എന്ന വസ്തുത നിലനിൽക്കുന്നു. ഇതിന് പുതിയ കാലത്ത് ഏറെ പ്രസക്തിയുണ്ടാവുന്നത് മുഖ്യമന്ത്രിയുടെ അസഹിഷ്ണുത പുറത്തു വരുമ്പോഴാണ്. സ്വയം ന്യായീകരിക്കുമായിരുന്നെങ്കിലും പാമോലിൻ കേസിൽ കെ. കരുണാകരനും സോളാർ കേസിൽ ഉമ്മൻ ചാണ്ടിയും പുലർത്തിയ ആത്മ നിയന്ത്രണം പിണറായിക്ക് അറിയാത്തതല്ല.
അനന്തം അജ്ഞാതം
കാലങ്ങളായി സ്വന്തമായി കേസുള്ള പിണറായിക്ക് അനന്തമായി നീട്ടിവെക്കപ്പെടുന്ന ലാവ്‌ലിൻ അഴിമതിക്കേസിന്റെ വിധി എന്തെന്നറിയാൻ ഈ ജന്മം കഴിയുമോ എന്നു കണ്ടറിയണം. ഭൗതികവാദ പ്രകാരം ഇനി മറ്റൊരു ജന്മത്തിന് സാദ്ധ്യതയുമില്ല. മകൾ വീണ പ്രതിയാക്കപ്പെട്ടിരിക്കുന്ന എക്‌സലോജിക് സി.എം.ആർ.എൽ കേസിനും ലാവ്‌ലിന്റെ ഗതി വരുമോ എന്നാണ് ഇപ്പോൾ വിമർശകരുടെ ചോദ്യം. വീണ പ്രതിയാക്കപ്പെട്ട കേസിൽ എസ്.എഫ്.ഐ.ഒ അടക്കം നടത്തുന്ന അന്വേഷണത്തിന്റെ ഫലം പുറത്തു വരും വരെ ജീവിച്ചിരിക്കാൻ ഭാഗ്യം ഉണ്ടെങ്കിൽ അപ്പോൾ ചർച്ച ചെയ്യാമെന്ന എം.എ. ബേബിയുടെ പ്രതികരണം നൂറു മുനകൾ ഉള്ളതാണ്. അവസാനമില്ലാതെ നീളുന്ന കേസുകളുടെ ഗണത്തിലേക്ക് മറ്റൊന്നു കൂടി എന്നും അതിനെ വായിക്കാം. പുതിയ പാർട്ടി ജനറൽ സെക്രട്ടറി എന്ന പുതുമോടി മാറും മുൻപ്, എം.എ ബേബി,പാർട്ടി ഭരിക്കുന്ന രാജ്യത്തെ ഏക സംസ്ഥാനത്തെ മുഖ്യമന്ത്രിക്കു നേരെ ഇതിലും വലിയ ഒളിയമ്പ് എങ്ങനെ എയ്യാനാണ് !
എന്നാൽ, പരിപ്പുവട കട്ടൻചായ കാലം എന്നേ കഴിഞ്ഞെന്ന് ഇ.പി. ജയരാജൻ പണ്ടു പറഞ്ഞതുപോലെ, ബേബിയും ഒരു നവ കമ്മ്യൂണിസ്റ്റ് തിയറി അവതരിപ്പിച്ചു. കരിമണൽ കമ്പനിയുമായി മുഖ്യമന്ത്രിയുടെ മകൾ കരാറിൽ ഏർപ്പെടുന്നതിൽ ധാർമിക പ്രശ്‌നം കാണുന്നില്ല. മുതലാളിത്ത സമൂഹത്തിൽ ജീവിച്ചു കൊണ്ട് അത്തരം ഒരു കമ്പനിക്കതിരെ എങ്ങനെ സമരം ചെയ്യാൻ? ഇത് ഉന്നയിക്കുന്നവർ എന്തിന് മുതലാളിത്ത സമൂഹത്തിൽ ജീവിക്കുന്നു എന്നും ബേബി തലസ്ഥാനത്തെ പത്രക്കരോട് ചോദിച്ചു. തന്നെയുമല്ല, കരിമണൽ കർത്ത പ്രതിമാസം അഞ്ചു ലക്ഷം രൂപ മുഖ്യമന്ത്രിയെ സന്തോഷിപ്പിക്കാനായിവെറുതെ കൊടുക്കുമോ?
അങ്ങനെ കൊടുക്കാനാണെങ്കിൽ മാസം 5 ലക്ഷം മാത്രം നൽകാൻ അത്ര വിലയില്ലാത്ത ആളാണോ മുഖ്യമന്ത്രിയെന്നും ബേബി ചോദിക്കുന്നു. ശരിയാണ്. ഒരു തൊഴിലാളി വർഗ ഭരണകൂടം അതിലും വലിയ തുക അർഹിക്കുന്നുണ്ട്.
എക്‌സലോജിക് സി.എം.ആർ.എൽ ഇടപാടിലെ എസ്.എഫ്.ഐ.ഒ കുറ്റപത്രത്തിൽ പിണറായി വിജയന്റെ മകൾ വീണ പതിനൊന്നാം പ്രതിയാണ്. ആകെ 13 പ്രതികളാണ് കുറ്റപത്രത്തിലുള്ളത്. സി.എം.ആർ.എൽ. എം.ഡി ശശിധരൻ കർത്തയാണ് ഒന്നാം പ്രതി. സി.എം.ആർ.എലും എക്‌സാലോജികും ഉൾപ്പടെ അഞ്ച് കമ്പനികൾ പ്രതികളാണെന്ന് കുറ്റപത്രത്തിൽ പറയുന്നു. എസ്.എഫ്.ഐ.ഒ കുറ്റപത്രത്തിൽ 114 രേഖകളും 72 സാക്ഷികളും ഉൾപ്പെടുന്നുണ്ട്.
മൂന്നാം വട്ടവും അധികാരത്തിലേറാൻ കച്ച കെട്ടുന്ന പിതാവിന്റെ ,വീണ തൈക്കണ്ടിയിൽ എന്ന മകൾക്ക് അൽപം ഇളവൊക്കെ ആകാമെന്ന് കരുതുന്ന നിഷ്‌കളങ്കർ പാർട്ടി തലപ്പത്തും അണികളിലും ഉള്ളിടത്തോളം ഈ നാടകം തുടരുക തന്നെ ചെയ്യും.
പ്രിജിത് രാജ്
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1