ഇന്ന് ലോകത്തെമ്പാടും ജനാധിപത്യം വലിയ വെല്ലുവിളികളെ നേരിട്ടുകൊണ്ടിരിക്കുകയാണ്. തിരഞ്ഞെടുപ്പുകൾ, പൗരാവകാശങ്ങൾ, നിയമവാഴ്ച, ഭരണഘടനാപരമായ നിയന്ത്രണങ്ങൾ എന്നിവയെ ആശ്രയിച്ചിരിക്കുന്ന ജനാധിപത്യ സംവിധാനങ്ങൾ വിവിധ രാജ്യങ്ങളിൽ ക്ഷയിച്ചുകൊണ്ടിരിക്കുന്നതായി ആഗോള നിരീക്ഷണ ഏജൻസികൾ സൂചിപ്പിക്കുന്നു.
നമ്മുടെ രാജ്യത്ത് സാമൂഹ്യവ്യവസ്ഥയിലെ അസമത്വങ്ങളെ സൃഷ്ടിച്ചത് സാമ്പത്തിക വിവേചനം മാത്രമല്ല, അതിനേക്കാൾ ശക്തമായത് ജാതീയ വേർതിരിവുകൾ ആണ്. ഈ വിവേചനം തുല്യത, സമത്വം തുടങ്ങിയ മഹത്തായ മാനവിക മൂല്യങ്ങളെ അപകടപ്പെടുത്തുന്ന വിധം കൈകാര്യം ചെയ്യുന്നതാണ് കാണാനാകുന്നത്.
ഇന്ത്യൻ ജനതയ്ക്ക് ഒരു വിഷയത്തിൽ പൊതുവായി തീരുമാനമെടുക്കാൻ കഴിയാത്ത വിധം ജാതിയാൽ നിർമ്മിക്കപ്പെട്ട അധികാരം, ഭരണഘടനാപരമായ ജനാധിപത്യത്തെ അംഗീകരിക്കുന്നതിൽ തടസ്സം നിൽക്കുന്നു. അങ്ങനെയാണ് മതേതരത്വത്തെ അധികാരത്തിന്റെ പിൻബലത്തിൽ ജനാധിപത്യ ഭരണകൂടത്തിന് മറികടക്കാൻ കഴിയുന്നത്. അമേരിക്കൻ എഴുത്തുകാരനും ചരിത്രകാരനുമായ പ്രൊഫസർ തിമോത്തി സ്‌നൈഡർ നിരവധി ബെസ്റ്റ് സെല്ലിംഗ് പുസ്തകങ്ങളുടെ രചയിതാവാണ്. അക്കൂട്ടത്തിലെ ഏറ്റവും ശ്രദ്ധേയമായ പുസ്തകങ്ങളിലൊന്നാണ് 2017ൽ എഴുതിയ ഓൺ ടൈറനി: ട്വന്റി ലെസൻസ് ഫ്രം ദി ട്വന്റിയത്ത് സെഞ്ച്വറി. (സ്വേഛാധിപത്യം: ഇരുപതാം നൂറ്റാണ്ടിൽ നിന്നും ഇരുപത് പാഠങ്ങൾ).
ഇത് അക്ഷരാർത്ഥത്തിൽ നമ്മുടെ കാലത്തെ ജനാധിപത്യം നേരിടുന്ന വെല്ലുവിളികളെ അതീവ സൂഷ്മതയോടെ നിരിക്ഷണം നടത്തിയിരിക്കുകയാണ്. വെറുതെയല്ല അദ്ദേഹത്തിന്റെ ഈ പുസ്തകം 40 ഭാഷകളിലേക്ക് മൊഴിമാറ്റം നടത്തിയിരിക്കുന്നത്. ജനാധിപത്യ സംവിധാനങ്ങളുടെ മരണം ഇനിമേലിൽ സൈനിക അട്ടിമറിയിലൂടെ ആയിരിക്കില്ലെന്ന് തിമോത്തി സ്‌നൈഡർ പറയുന്നു. വളരെ സാവകാശം പല കോണുകളിൽ നിന്നായി അതിനെ തിന്നു തീർക്കാനുള്ള നീക്കമാണുണ്ടാവുക. ഇത് തങ്ങളുടെ സ്വാതന്ത്ര്യത്തിന്മേലുള്ള കൈകടത്തലാണെന്ന് ജനത്തിന് മനസ്സിലാവുമെങ്കിലും സ്ഥിരതയുടെയും സുരക്ഷയുടെയും പേരിൽ അവർ വിട്ടുവീഴ്ചകൾക്ക് തയ്യാറാവും. ടാങ്കുകൾ ഉരുളാതെ തന്നെ ജനാധിപത്യം ഇല്ലാതായിക്കൊണ്ടിരിക്കും.
അകക്കാമ്പും ആത്മാവും നഷ്ടപ്പെട്ട ഒരു പുറന്തോട് മാത്രമായി അത് അവശേഷിക്കും. അതിനകത്ത് വിഹരിക്കുന്നത് കൊടും ക്രൂരൻമാരായ ക്രിമിനലുകളായിരിക്കും. അങ്ങനെ ജനാധിപത്യ സ്ഥാപനങ്ങളുടെ സകല വിശ്വാസ്യതയും നഷ്ടമാകും. എന്നാൽ ഇതോടൊപ്പം തന്നെ കൊട്ടിഘോഷിച്ചു കൊണ്ടു തന്നെ തെരഞ്ഞെടുപ്പുകൾ സമയം തെറ്റാതെ നടക്കുന്നുണ്ടാകും.
എന്നാൽ, അതിന്റെ ഫലങ്ങൾ എന്തായിരിക്കുമെന്ന് മുൻകൂട്ടി അറിയാം. തെരഞ്ഞെടുപ്പ് പ്രക്രിയകൾക്ക് ഗുരുതരമായ പോറലുകളൊന്നും ഏറ്റിട്ടില്ലാത്ത അമേരിക്കയിൽ പോലും ജനത്തിന് ജനാധിപത്യ സംവിധാനത്തിലുള്ള വിശ്വാസം വലിയ തോതിൽ നഷ്ടമായിരിക്കുന്നു എന്നാണ് എഴുത്തുകാരൻ കണ്ടെത്തിയിരിക്കുന്നത്. 2024ൽ 'പ്യൂ' നടത്തിയ ഒരു സർവെ പ്രകാരം, 23 ശതമാനത്തിൽ താഴെ ആളുകൾ മാത്രമാണ് അമേരിക്കൻ ഫെഡറൽ സംവിധാനത്തിൽ വിശ്വാസമർപ്പിക്കുന്നതത്രെ.
കഴിഞ്ഞ എഴുപത് വർഷത്തിനിടെ ഇതാദ്യമായാണ് ഈ വിശ്വാസ നഷ്ടം ഇത്ര മേൽ താഴേക്ക് പാവുന്നതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ജനാധിപത്യം നേരിടുന്ന ഈ അപചയത്തെ രാഷ്ട്രീയകോണിലൂടെ മാത്രം കണ്ടാൽ ആ വിശകലനം സത്യസന്ധമാവുകയില്ല. ജനാധിപത്യം ജനാഭിലാഷങ്ങൾ പതിഫലിപ്പിക്കാനുള്ള മാധ്യമം മാത്രമായിരിക്കരുത്. മനുഷ്യന്റെ ധർമ്മബോധത്തേയും സാമൂഹിക ഉത്തരവാദിത്വത്തെയും മുഖ്യസ്ഥാനത്ത് നിർത്തുന്ന ഒരു പ്രിക്രിയ കൂടിയാകണം. പറയുമ്പോൾ, ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായാണ് ഇന്ത്യ അറിയപ്പെടുന്നത്. പുറമേ നിന്നുള്ള വിശകലനത്തിൽ ഒരു പരിധിവരെ അത് ശരിയുമാണ്. പൊതുവേ, ജനാധിപത്യത്തെ നിർണയിക്കുന്നത് നിയമനിർമാണം, ഭരണ നിർവഹണം, നീതിന്യായ നിർവഹണം, മാധ്യമസ്വാതന്ത്ര്യം എന്നീ നാല് അടിസ്ഥാനശിലകളിന്മേലാണ്.
ഈ നാലു സംവിധാനങ്ങളും ഏകോപിപ്പിച്ചുകൊണ്ട് അതാതുരാഷ്ട്രത്തിലെ ജനതയുടെ മൗലികമായ കാര്യങ്ങളിൽ ഇടപെട്ട് ജനാധിപത്യത്തിന്റെ വഴിയിൽ നീതി ഉറപ്പാക്കുക എന്നതാണ്.
എന്നാൽ കഴിഞ്ഞ കുറെ കാലങ്ങളായി ഇന്ത്യൻ ജനാധിപത്യത്തിന് ആഴത്തിലുള്ള മുറിവുകളേറ്റതായി കാണാം. രാഷ്ട്രീയനിരീക്ഷകരും സാമൂഹിക, സാംസ്‌കാരിക ശാസ്ത്രജ്ഞൻമാരും ഇന്ത്യയിലെ ജനാധിപത്യം അപ്രത്യക്ഷമാവുകയും രാഷ്ട്രത്തിന്റെ അടിസ്ഥാനഘടനകളെ തകർക്കുകയും ചെയ്യുന്ന പ്രവണതകളെ ചൂണ്ടിക്കാണിക്കുന്നുണ്ട്. രാജ്യം അതിഭീകരമായ സാഹചര്യങ്ങളിലൂടെയാണ് ഇപ്പോൾ കടന്നു പൊയ്‌ക്കൊണ്ടിരിക്കുന്നത്. ജനാധിപത്യം ശക്തമാകുന്നത് അതിന്റെ പ്രധാനപ്പെട്ട ഘടനകളും സ്ഥാപനങ്ങളും കൃത്യതയോടെ പ്രവർത്തനനിരതമാകുമ്പോഴാണ്.
ഇപ്പോഴത്തെ ഇന്ത്യൻ പാർലമെന്റ്, അന്തർസംസ്ഥാന കൗൺസിൽ, പ്രതിരോധസേന, സർവകലാശാലകൾ,സ്വയംഭരണ സ്ഥാപനങ്ങളായ തിരഞ്ഞെടുപ്പ് കമ്മീഷൻ, ഭാരതീയ റിസർവ് ബാങ്ക്, വിവരാവകാശ നിയമം എന്നീ സ്ഥാപനങ്ങളെയും ഘടനകളെയും ഓരോന്നായി ഒതുക്കിക്കൊണ്ടിരിക്കുന്നു. ജാതി, മതം, ഭാഷ, പ്രാദേശികവാദം, വംശീയത, എന്നിവ ആയുധമാക്കി ജനാധിപത്യത്തെ അപ്രത്യക്ഷമാക്കുകയാണ് ചെയ്യുന്നത്. ഇത്തരം കാര്യങ്ങളെക്കുറിച്ച് മുന്നറിയിപ്പു നല്കുന്നുണ്ടെങ്കിലും ചങ്ങാത്തമുതലാളിത്തവും മതത്തിൽ ചാലിച്ച ഫാസിസ്റ്റ് ബന്ധവും, സാംസ്‌കാരിക ദേശീയതാവാദവും നിരാശയിലേക്ക് നയിക്കുന്നു.
നിലവിലെ സാഹചര്യത്തിൽ ജനാധിപത്യം ശക്തിപ്പെടുത്താൻ രാഷ്ട്രീയ പാർട്ടികൾ കാര്യമായ മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്. ഇന്ന് കാണുന്നത് അധികാരത്തിനായുള്ള മത്സരമാണ്, അത് തന്നെ ജനാധിപത്യത്തിന്റെ ഒരു പ്രധാന ഘടകമാണ്. എന്നാൽ, ഈ മത്സരത്തിനപ്പുറം, ജനങ്ങളുടെ ക്ഷേമം ഉറപ്പാക്കുക, സമൂഹത്തിന്റെ പുരോഗതിക്ക് വേണ്ടി പ്രവർത്തിക്കുക എന്നിങ്ങനെയുള്ള ഉയർന്ന ലക്ഷ്യങ്ങളും ജനാധിപത്യത്തിൽ അടങ്ങിയിരിക്കുന്നുവെന്ന് ഇക്കൂട്ടർ മനസ്സിലാക്കുന്നതേയില്ല. 2024ൽ മാത്രം ഏകദേശം 60 രാജ്യങ്ങൾ രാഷ്ട്രീയ അവകാശങ്ങളിലും പൗരാവകാശങ്ങളിലും ശ്രദ്ധേയമായ തകർച്ച നേരിട്ടതായി പഠനങ്ങൾ സൂചിപ്പിക്കുന്നു. സ്വേച്ഛാധിപത്യവൽക്കരണം ഇപ്പോഴും ലോകത്ത് പ്രബലമായ പ്രവണതയായി തുടരുന്നു എന്ന് വെറൈറ്റീസ് ഓഫ് ഡെമോക്രസി പോലുള്ള സംഘടനകൾ വ്യക്തമാക്കുന്നു. ലോകജനസംഖ്യയുടെ വലിയൊരു ഭാഗം സ്വേച്ഛാധിപത്യ ഭരണത്തിൻ കീഴിലേക്ക് അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്.
കഴിഞ്ഞ 10 വർഷത്തിനിടെ, സ്വേച്ഛാധിപത്യ ഭരണത്തിൻ കീഴിൽ ജീവിക്കുന്ന ലോകജനസംഖ്യയുടെ ശതമാനം 49ൽ നിന്ന് 70 ആയി വർധിച്ചിട്ടുണ്ട്. മുൻകാലങ്ങളിൽ സൈനിക അട്ടിമറിയായിരുന്നു ജനാധിപത്യത്തിന്റെ പ്രധാന ഭീഷണിയെങ്കിൽ, 21-ാം നൂറ്റാണ്ടിലെ ഭീഷണിയുടെ സ്വഭാവം മാറിയിരിക്കുന്നു. ഇന്ന്, ജനാധിപത്യത്തിന്റെ തകർച്ചയ്ക്ക് ഏറ്റവും വലിയ കാരണക്കാർ ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട ഭരണാധികാരികൾ തന്നെയാണന്നത് ആരേയും അത്ഭുതപ്പെടുത്തുന്നതാണ്. ഭരണകൂടം വളരെ വേഗം സർവ മേഖലകളിലെയും നിയന്ത്രണം കൈയിലാക്കി അധികാരം തങ്ങളിൽ മാത്രം നിക്ഷിപ്തമാക്കിയെടുക്കുന്നു. സാമൂഹിക ധ്രുവീകരണം വർധിപ്പിച്ചും വിവരസാങ്കേതികവിദ്യയെ ആയുധമാക്കിയും സ്വേച്ഛാധിപത്യം സ്ഥാപിക്കുന്നത് നിയമത്തിന്റെ മേലങ്കി അണിഞ്ഞുകൊണ്ടുതന്നെയാണ്. ഇത് വളരെ ഗുരുതരമായ കാര്യമാണ്.
അധികാരത്തിൽ കയറിക്കൂടിയാൽ പിന്നെ അതിൽതന്നെ തുടരാനുള്ള ത്വര അവരെ സ്വേഛാധിപത്യത്തിലേക്ക് നയിക്കുകയാണെന്നു വേണം കരുതാൻ..! ഇന്ത്യൻ ജനാധിപത്യം നേരിടുന്ന മറ്റൊരു വെല്ലുവിളി ആഗോളീകരണത്തിന്റേയും അതുമായി ബന്ധപ്പെട്ട നിയോ ലിബറലിസത്തിന്റേതുമാണ്. സാർവ്വദേശീയത എന്ന പഴയ സങ്കൽപ്പത്തിൽ നിന്ന് തികച്ചും വ്യത്യസ്ഥമാണ് ആഗോളീകരണം. സാർവ്വദേശീയത മുഴുവൻ രാഷ്ട്രങ്ങളുടേയും സാഹോദര്യത്തിലും തുല്യതയിലുമാണ് വിശ്വസിക്കുന്നതെങ്കിൽ ആഗോളീകരണം ഒരു രാജ്യത്തിന്റെ ആധിപത്യത്തിന്റെ സംജ്ഞയാണ്.
അത് ലോകത്തെ വിപണി കേന്ദ്രീകൃതമാക്കുന്നു. അതിന്റെ വളർച്ചക്കായി വൈജാത്യങ്ങൾ ഇല്ലാതാക്കുന്നു. ലോകത്തെ ഏക ശിലാഖണ്ഡമാക്കാൻ ശ്രമിക്കുന്നു. അതിനായി യുദ്ധം പോലും കയറ്റുമതി ചെയ്യുന്നു. ജനാധിപത്യ സ്ഥാപനത്തിന്റെ പേരു പറഞ്ഞുപോലും മറ്റു രാഷ്ട്രങ്ങളിലേക്ക് പട്ടാളത്തെ അയക്കുന്നു. ചുരുക്കത്തിൽ സാമ്രാജ്യത്വ അധിനിവേശത്തിന്റെ ആധുനികരൂപമാണ്ആഗോളീകരണം.
എമ എൽസ എൽവിൻ
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1
