2024 വർഷം അവസാനിക്കാൻ എണ്ണപ്പെട്ട ദിനങ്ങൾ മാത്രം! നോർത്ത് അമേരിക്കയിലെ വിവിധ ദേവാലയങ്ങളിൽ പുതിയ ഭരണസമിതി അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനുള്ള തെയ്യാറെടുപ്പിലാണ്. മുൻ കാലങ്ങളിൽ എല്ലാവരും ഒരുമിച്ചിരുന്നു പ്രാർത്ഥനയുടെ ആത്മാവിൽ ദൈവഭയമുള്ള, മാതൃകാപര ജീവിതം നയിക്കുന്ന അർഹരായ ചുമതലകരെ തിരഞ്ഞെടുക്കുക എന്ന കീഴ്‌വഴക്കം ഇന്ന് വെറും ഒരു സ്വപ്‌നമായി മാറിയിരിക്കുന്നു.
പകരം ഗ്രൂപ്പുകൾ തിരിഞ്ഞു സ്ഥിരം അഭിനേതാക്കളെ അവതരിപ്പിക്കാനുള്ള ചർച്ചകൾ മിക്കവാറും അണിയറയിൽ പുരോഗമിക്കുകയാണ്. ഓരോ വർഷം പിന്നിടുംതോറും ഇതിന്റെ അതിപ്രസരം വർദ്ധിച്ചുവരുന്നുവെന്നുള്ളത് വിശ്വാസ സമൂഹം വേദനയോടെയാണ് നോക്കികാണുന്നത്. മാത്രമല്ല മറ്റൊരു സംസ്‌കാരം കൂടി ഉടലെടുത്തിരിക്കുന്നു. ഓരോ ഞായറാഴ്ചയും പരിശുദ്ധമായി കാത്തുസൂക്ഷിക്കേണ്ട ദേവാലയ പരിസരം ഫുഡ് കോർട്ടുകളായി, വ്യാപാര കേന്ദ്രങ്ങളായി മാറുന്നവെന്നതും ഭീതിയോടെ മാത്രമേ നോക്കികാണാനാകു. ഇതിനെതിരെ ചെറുവിരൽ അനക്കുവാൻ പോലും ആത്മീയ നേതൃത്വവും തയാറാകുന്നില്ല എന്നതിലുപരി ഇതിനെ പ്രോത്സാഹിപ്പിക്കുന്ന നയമാണ് സ്വീകരിച്ചിരിക്കുന്നതെന്നത് വസ്തുതയാണ്.
ശാന്തിയും സമാധാനവും ലഭിക്കുവാൻ വിശ്വാസികൾ എത്തുന്ന ഇടങ്ങളാണ് ഓരോ ദേവാലയങ്ങളും. മനസ്സിന്റെ ആകുലതങ്ങളെ പറിച്ചെറിയാൻ താൻ വിശ്വസിക്കുന്ന ദൈവം തന്നെ സഹായിക്കുമെന്നത് ഓരോ വിശ്വാസിയുടെയും വിശ്വാസം മാത്രമല്ല, തകർക്കാനാവാത്ത കരുത്താണ്. ദേവാലയമെന്ന ശാന്തിയുടെ വിളനിലങ്ങളിൽ പക്ഷേ തോക്കുമായി എത്തേണ്ട കാര്യം വിശ്വാസിക്കുണ്ടോ? കേൾക്കുമ്പോൾ ആശ്ചര്യം തോന്നാമെങ്കിലും അമേരിക്കയിൽ ആരാധാനയങ്ങളിലേക്ക് വരുന്ന വിശ്വാസികളിൽ ചിലരെങ്കിലും എത്തുന്നത് തോക്കുമായിട്ടാണെന്നുള്ള യാഥാർഥ്യം നിഷേധിക്കാനാവില്ല.
ജീവിതപ്രാരാബ്ധങ്ങളിൽ വലഞ്ഞ് മാസങ്ങളോളം കപ്പൽ യാത്ര ചെയ്ത് അമേരിക്ക എന്ന സ്വപ്‌നലോകത്ത് എത്തിച്ചേർന്ന് ആദിമ സമൂഹം വിശ്രമരഹിതമായ കഠിനാദ്ധ്വാനത്തിലൂടെ കഷ്ടപ്പാടുകളിൽ നിന്നും മോചനം നേടുന്നു. എന്നാൽ പിന്നീട് പടിപടിയായുള്ള സാമ്പത്തിക വളർച്ചയിൽ പച്ച നോട്ടുകൾ കുമിഞ്ഞു കൂടുമ്പോൾ ഇത്തരക്കാരുടെ സ്വസ്ഥത നഷ്ടപ്പെടുകയാണ്.
മനസ്സിനെ ഇത്തരം വേവലാധികൾ വേട്ടയാടുമ്പോൾ പൂർണമായും ജീവിതം ഈശ്വരനെ സമർപ്പിക്കാതെ, സ്വന്തം സംരക്ഷണം സ്വയം ഏറ്റെടുക്കുമ്പോളാണ് ഈശ്വരവിശ്വാസം ചോദ്യം ചെയ്യപ്പെടുന്നത്.
ആഴ്ചയിലൊരിക്കലെങ്കിലും ആരാധനയുടെ പേരിൽ ദേവാലയങ്ങളിൽ എത്തിച്ചേരുന്ന വിശ്വാസികൾ മറ്റുള്ളവരുടെ കുറ്റങ്ങളും കുറവുകളും പങ്കിടുകയും അതിനു ശേഷം ദേവാലയത്തിൽ കുടിയിരിക്കുന്ന ഈശ്വരനെ കുറിച്ചും പൂജാകർമ്മങ്ങൾക്കായി വാങ്ങിയിരിക്കുന്ന വിലമതിക്കാനാവാത്ത സജ്ജീകരണങ്ങളെക്കുറിച്ച് ആകുലപ്പെടുകയാണ്.
അമേരിക്കൻ ജനതയും പ്രത്യേകിച്ചും മലയാളികളും സമ്പന്നതയുടെ പ്രതീകമായി അവർ കെട്ടിയുയർത്തിയ ദേവാലയങ്ങളും വിവിധ തലങ്ങളിൽ ഒരു വിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ കവർച്ച ചെയ്യപ്പെടുകയാണ്. കവർച്ച ചെയ്യപ്പെടുക മാത്രമല്ല, ദേവാലയങ്ങളിൽ ആക്രമവും, അനീതിയും, സ്വജനപക്ഷപാതവും, ഗ്രൂപ്പിസവും, അധികാരമോഹവും, കാപട്യവും നിറഞ്ഞുനിൽക്കുകയാണ്.
ഈശ്വരൻ ദാനമായി നൽകിയ ധനം സ്വയത്തിൽ കേന്ദ്രീകരിക്കുകയും ഈശ്വരപ്രസാദത്തിനായി ചിലവഴിക്കാതിരിക്കുകയും ചെയ്യുന്നതിന്റെ അനന്തരഫലങ്ങളാണിതെല്ലാം. ഡയസ്‌പോറ നാമേധയാ വിശ്വാസികളുടെ ആരാധനാലയങ്ങളുടെ സ്ഥിതി ഇങ്ങനെയാണ് വിലയിരുത്തപ്പെടുന്നതെങ്കിൽ യാഥാർത്ഥ വിശ്വാസികൾക്കും അവരുടെ വരും തലമുറകൾക്കും ദേവാലയങ്ങൾ അന്യമായി മാറുന്നത് അനതിവിദൂരമല്ല.
പി.പി. ചെറിയാൻ
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1