കരിങ്കല്ലിനു പിന്നിലെ സ്വർണ്ണത്തിളക്കത്തിൽ മതിമറക്കുന്ന വമ്പൻ ബിസിനസ് ലോബിക്ക് രാഷ്ട്രീയ നേതൃത്വങ്ങളുടെ ആശീർവാദത്തോടെ പോലീസും ബ്യൂറോക്രസിയും കേരളത്തിൽ നൽകിവരുന്ന ഒത്താശ പുതിയ കാര്യമല്ല. മണി പവറും മസിൽ പവറും കൈകോർത്ത് നാടിനെ തുരക്കവേ നിയമവും മനുഷ്യാവകാശവും നോക്കുകുത്തിയായി മാറുന്നു. പ്രകൃതി ദുരന്തങ്ങൾ അരങ്ങേറുമ്പോൾ 'ഗാഡ്ഗിൽ ഉദ്ധരണി'കളുമായി ക്വാറി മാഫിയയുടെ മേൽ ആക്ഷേപം ചൊരിയുന്ന പ്രക്രിയ അനുഷ്ഠാനം പോലെ ആവർത്തിച്ചു കെട്ടടങ്ങുകയും ചെയ്യും.
കരിങ്കൽ ക്വാറികളുടെ കാര്യത്തിൽ കൂട്ടായ ആലോചനകളും അവലോകനങ്ങളും വേണമെന്ന് നിയമമുണ്ടെങ്കിലും അതൊന്നും പാലിക്കാതെ നടത്തിയ ഇടപെടലുകൾ ഇടയ്്ക്കിടെ ദുരന്തമായി പെയ്യുന്നു. അതിൽ കാലാവസ്ഥാ മാറ്റം മുതൽ ഉരുൾ പൊട്ടൽ വരെ ഉൾപ്പെടും. കോടതി ഉത്തരവ് വന്നിട്ടു പോലും അനധികൃത നിർമ്മാണങ്ങൾ പൊളിച്ചു മാറ്റാത്ത ജനപ്രതിനിധികളുടെ നാടാണു കേരളമെന്ന് പല തവണ തെളിഞ്ഞു. ദുരന്ത നിവാരണ അതോറിറ്റിയുടെ വിലക്കിനെതിരെ കോടതിയിൽ പോയി സ്‌റ്റേ മേടിക്കുന്നതു ക്വാറികളുടെ രീതിയാണ്. കേരളത്തിലെ ജിയോളജിസ്റ്റുകളിൽ ഒട്ടുമുക്കാലും ക്വാറി കമ്പനികളുടെ കിമ്പളം പറ്റുന്നു. റിട്ടയർ ചെയ്ത പല ജിയോളജിസ്റ്റുകളും അവരുടെ ശമ്പളക്കാരായി ജോലി ചെയ്യുന്നുമുണ്ട്.
വയനാട്ടിൽ അമ്പലവയലിൽ ദുരന്തനിവാരണ അതോറിറ്റി നിരോധിച്ചിട്ടും അനധികൃത ക്വാറികൾ പ്രവർത്തിക്കുന്നതിനെതിരെ ജനങ്ങൾ 2016ൽ പ്രക്ഷോഭം നടത്തിയിരുന്നു. ക്വാറികളുടെ പ്രവർത്തനം കുത്തനെയുള്ള ചെരിവുകളിൽ ഉരുൾപൊട്ടലുണ്ടാക്കുമെന്ന് ജില്ലാ കളക്ടർ മുന്നറിയിപ്പും നൽകി. ഉരുൾ പൊട്ടലിൽ ഗ്രാമങ്ങൾ തന്നെ ഇല്ലാതായിട്ടും ഇത്തരം ക്വാറികളിൽ നിന്ന് അന്യസംസ്ഥാനങ്ങളിലേക്കുൾപ്പെടെ കല്ലുകൾ പോകുന്നു. ഹൈക്കോടതിയും സുപ്രീം കോടതിയും ഹരിത ട്രിബ്യൂണലുമെല്ലാം നടത്തുന്ന ഇടപെടലുകൾ മറികടക്കാനും ബിസിനസ് ലോബിക്കു സർക്കാരിന്റെ തുണയോടെയുള്ള തന്ത്രങ്ങൾ റെഡി.
കരിങ്കൽ ക്വാറികളുടെ സ്‌ഫോടന മേഖല വീടുകളിൽ നിന്നും കെട്ടിടങ്ങളിൽ നിന്നും 150 മീറ്റർ അകലെയായിരിക്കണമെന്ന 2023ലെ വിദഗ്ധ സമിതി റിപ്പോർട്ട് കേരള സർക്കാരിനെ അലോസരപ്പെടുത്തുന്നുണ്ട്. ജനവാസ മേഖലയിലെ ക്വാറികളുടെ ദൂരപരിധി 50 മീറ്ററായി നിലനിർത്തണമെന്ന് ഉന്നത നീതിപീഠങ്ങളോടു വീണ്ടും ആവശ്യപ്പെടുകയാണിപ്പോൾ കേരള സർക്കാർ. ഇതുസംബന്ധിച്ചു പഠിച്ച വിദഗ്ധ സമിതിയുടെ റിപ്പോർട്ടിനെതിരെ ഗുരുതര ആരോപണങ്ങളും ഉന്നയിക്കുന്നു. ഐ.ഐ.ടികൾക്കും സി.എസ്.ഐ.ആറുകൾക്കും കീഴിലെ വിദഗ്ധരുൾപ്പെട്ട ഏഴംഗ സമിതി നൽകിയ റിപ്പോർട്ട് 'തീർത്തും അശാസ്ത്രീയം' എന്നാണ് കേരളത്തിന്റെ വിലയിരുത്തൽ. ഇതു പരിഗണിച്ചു ദൂരപരിധി 50 മീറ്ററായി നിലനിർത്തണമെന്നും ദേശീയ ഹരിത ട്രൈബ്യൂണലിനു നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു.
ജനവാസ മേഖലകളിൽ നിന്നു കരിങ്കൽ ക്വാറികളുടെ ദൂരപരിധി സംസ്ഥാന സർക്കാർ 50 മീറ്റർ ആക്കിയത് ദേശീയ ഹരിത ട്രൈബ്യൂണൽ 200 മീറ്റർ ആക്കി വർധിപ്പിച്ചിരുന്നു. പാലക്കാട് കിഴക്കഞ്ചേരിയിൽ മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള ക്വാറി പ്രവർത്തനം ചൂണ്ടിക്കാട്ടി എം. ഹരിദാസൻ നൽകിയ ഹർജി പരിഗണിച്ചു പുറപ്പെടുവിച്ച ഉത്തരവിനെതിരെ സംസ്ഥാന സർക്കാരും ക്വാറി ഉടമകളും സുപ്രീം കോടതിയെ സമീപിച്ചു. ട്രൈബ്യൂണലിന്റെ നിലപാട് അംഗീകരിച്ച സുപ്രീം കോടതി 50 മീറ്റർ ദൂരപരിധി തുടരാൻ അനുവദിച്ചതോടൊപ്പമാണ് വിഷയത്തിൽ വിദഗ്ധ സമിതിയെ നിയോഗിച്ചു പഠിക്കാൻ നിർദേശിച്ചത്.
ഏഴംഗ സമിതിയുടെ 'പരിശോധന നടന്ന 2022-23 കാലത്ത് കേരളത്തിൽ 497 ക്വാറികൾ ഉണ്ടെന്നിരിക്കേ ഒമ്പതു ക്വാറികളുടെ സാഹചര്യം മാത്രം കണക്കിലെടുത്താണ് മൊത്തം സ്ഥിതി വിലയിരുത്തിയതെന്നതിനാൽ റിപ്പോർട്ട് ശരിയാകില്ലെന്നാണ് സർക്കാർ പറയുന്നത്. കുറഞ്ഞത് 23 ക്വാറികളിലെയെങ്കിലും സ്ഥിതി പരിഗണിക്കണമായിരുന്നു. ദൂരപരിധി കൂടുതൽ കർശനമാക്കേണ്ടതില്ലെന്നു വ്യക്തമാക്കുന്നതാണ് നേരിട്ടുള്ള വാദം കേൾക്കലിലെയും സർവേയിലെയും ഫലമെന്നും സത്യവാങ്മൂലത്തിലുണ്ട്. ദൂരപരിധി വർധിപ്പിക്കേണ്ടതുണ്ടെന്നു വരുത്താൻ സമിതി കാര്യങ്ങളെ പെരുപ്പിച്ചു കാണിച്ചത്രേ. ക്വാറികളിൽ നിന്നുള്ള പ്രകമ്പനവും മാലിന്യവും കുറയ്ക്കാനുള്ള വഴികളെക്കുറിച്ചു റിപ്പോർട്ടിൽ പറയുന്നതേയില്ല. അതുകൊണ്ട് റിപ്പോർട്ട് തള്ളണമെന്നും 50 മീറ്റർ ദൂരപരിധി പുനഃസ്ഥാപിക്കണമെന്നുമാണ് സത്യവാങ്മൂലത്തിലുള്ളത്.
ധൻബാദിലെ ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി (ഇന്ത്യൻ സ്‌കൂൾ ഓഫ് മൈൻസ്), റൂർക്കിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി, റൂർക്കിയിലെ സി.എസ്.ഐ.ആർ സെൻട്രൽ ബിൽഡിംഗ് റിസർച്ച് ഇൻസ്റ്റിറ്റിയൂട്ട്, ഡെറാഡൂണിലെ വാഡിയ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഹിമാലയൻ ജിയോളജി, ബെംഗളൂരുവിലെ ഡയറക്ടറേറ്റ് ജനറൽ ഓഫ് മൈൻസ് സേഫ്റ്റി, ധൻബാദിലെ സെൻട്രൽ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മൈനിംഗ് ആൻഡ് ഫ്യുവൽ റിസർച്ച്, കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് എന്നിവിടങ്ങളിലെ വിദഗ്ധർ ചേർന്നു നൽകിയ സംയുക്ത റിപ്പോർട്ടിനെയാണ് കേരളം നിരാകരിക്കുന്നത്. അന്താരാഷ്ട്ര തലത്തിൽ അംഗീകരിക്കപ്പെടുന്ന ഈ വിദഗ്ധരുടെ നിഗമനങ്ങളെയും ശുപാർശകളെയും മറികടക്കുന്ന കണ്ടെത്തലുകൾക്ക് സർക്കാരിനു മാർഗ്ഗനിർദ്ദേശമേകിയതാരെന്ന ചോദ്യം അവശേഷിക്കുന്നു.
രാജ്യത്തെമ്പാടും നിരവധി കരിങ്കൽ ക്വാറികളും ചെങ്കൽ ക്വാറികളും പ്രവർത്തിക്കുന്നുണ്ട്. പാരിസ്ഥിതിക പഠനങ്ങൾ നടത്താതെയും ബന്ധപ്പെട്ടവരിൽ നിന്ന് അനുമതി വാങ്ങാതെയും അനധികൃതമായി പ്രവർത്തിക്കുന്നവയാണ് പലതും. കേരള വന ഗവേഷണ ഇൻസ്റ്റിറ്റിയൂട്ട് (കെ.എഫ്. ആർ.ഐ) നടത്തിയ പഠനമനുസരിച്ച് കേരളത്തിൽ മാത്രം 6,800ത്തോളം കരിങ്കൽ ക്വാറികളുണ്ട്. അതേസമയം, 700 ക്വാറികൾക്ക് മാത്രമേ അനുമതി നൽകിയിട്ടുള്ളൂവെന്നാണ് സർക്കാർ വൃത്തങ്ങളുടെ പക്ഷം. ബാക്കിയത്രയും അനധികൃത ക്വാറികളാണ്. സർക്കാർ അനുമതിയോടെ പ്രവർത്തിക്കുന്നവ പോലും ചട്ടങ്ങൾ പാലിക്കാറില്ല. ഇവയിൽ 354 എണ്ണം ഭൂകമ്പ സാധ്യതമേഖലയുടെ ഒരു കിലോമീറ്റർ പരിധിക്കുള്ളിലുമാണ്.
പതിനായിരക്കണക്കിനു വരും സംസ്ഥാനത്തെ ചെങ്കൽ ക്വാറികൾ. നിയമം കാറ്റിൽ പറത്തിയാണ് നല്ലൊരു പങ്കും പ്രവർത്തിക്കുന്നത്. ടാറിട്ട റോഡുകളിൽ നിന്നും വീടുകളിൽ നിന്നും 50 മീറ്റർ ദൂരത്തിൽ മാത്രമേ ഖനനത്തിന് അനുമതിയുള്ളൂവെങ്കിലും ദൂരപരിധി പാലിക്കാത്തവയാണ് നല്ലൊരു പങ്കും. ഖനനം അവസാനിപ്പിച്ചു കഴിഞ്ഞാൽ കുഴി മണ്ണിട്ടു മൂടണമെന്നാണ് നിയമം അനുശാസിക്കുന്നത്. എന്നാൽ സംസ്ഥാനത്തുടനീളം കാണാം മണ്ണിട്ടു മൂടാത്ത ഉപയോഗം കഴിഞ്ഞ ക്വാറികൾ. വിദ്യാർത്ഥികൾ ഉൾപ്പെടെ കാൽനട യാത്രക്കാർ സഞ്ചരിക്കുന്ന വഴിയോരങ്ങളോട് ചേർന്നു പോലുമുണ്ട് ഇത്തരം പാറമടകൾ.
മഴക്കാലത്ത് ഇവയിൽ വെള്ളം കെട്ടിനിൽക്കുകയും ലോലപരിസ്ഥിതി പ്രദേശങ്ങളിൽ ഭാരം താങ്ങാനാകാതെ മലയിടിച്ചിൽ സംഭവിക്കുകയും ചെയ്യുന്നു. 2018ൽ കോഴിക്കോട് ജില്ലയിലെ കട്ടിപ്പാറ പഞ്ചായത്തിലുണ്ടായ ഉരുൾപൊട്ടലിനു കാരണം മലമുകളിൽ പ്രവർത്തിച്ചിരുന്ന ക്വാറികളും മലയുടെ സ്വാഭാവിക ചെരിവുകൾ ഇല്ലാതാക്കി നടത്തിയ നിർമാണ പ്രവർത്തനവുമായിരുന്നുവെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
ആഘാത പഠനം
പാറ ഖനനത്തിനടക്കമുള്ള പ്രവർത്തനങ്ങളുടെ പാരിസ്ഥിതികാനുമതിക്കാര്യത്തിൽ മാഫിയകൾക്ക് അനുകൂലമായി കേന്ദ്ര സർക്കാർ കൈക്കൊണ്ട നിലപാടിന് കേരള ഹൈക്കോടതിയിൽ നിന്ന് ഈയിടെ നേരിട്ട തിരിച്ചടി മറികടക്കാനുള്ള നീക്കവും മുറുകുന്നതായാണു സൂചന. ക്വാറികളുടെ പാരിസ്ഥിതികാനുമതി 30 വർഷമോ അല്ലെങ്കിൽ ഖനനം പൂർത്തിയാകുന്നതു വരെയോ നീട്ടി നൽകാൻ കഴിയുംവിധം കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം 2022 ഏപ്രിൽ 12ന് ഇറക്കിയ വിജ്ഞാപനവും അതേവർഷം ഡിസംബറിൽ പുറപ്പെടുവിച്ച സർക്കാർ മെമ്മോറാണ്ടവും ഹൈക്കോടതി റദ്ദാക്കിയിരുന്നു.
2022ലെ വിജ്ഞാപന പ്രകാരമുള്ള ഇളവിന് അർഹതയുണ്ടെന്ന് അവകാശപ്പെട്ട് 65 ക്വാറി ഉടമകളും ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ഈ ഹർജികൾ തള്ളി. വിദഗ്ദ്ധസമിതിയുടെ പരിശോധനയില്ലാതെ അനുമതി നീട്ടി നൽകുന്നത് 1986ലെ പരിസ്ഥിതി നിയമത്തിനും ചട്ടങ്ങൾക്കും 2006ലെ പരിസ്ഥിതി ആഘാത വിജ്ഞാപനത്തിനും എതിരായതിനാൽ ഭരണഘടനാവിരുദ്ധമെന്നു ജസ്റ്റിസ് സി. ജയചന്ദ്രൻ വിലയിരുത്തി. പരിസ്ഥിതിയെ ഗുരുതരമായി ബാധിക്കുമെന്നതിനാൽ ഖനനാനുമതിയുടെ കാര്യത്തിൽ വിദഗ്ദ്ധ സമിതിയാണ് തീരുമാനമെടുക്കേണ്ടതെന്ന് കണ്ണൂർ സ്വദേശി ജിജോ ജോയ് നൽകിയ ഹർജിയിൽ കോടതി പറഞ്ഞു.
2022ലെ വിജ്ഞാപനത്തോടെ, വിദഗ്ദ്ധ സമിതി നൽകിയ പരിസ്ഥിതി അനുമതിയുടെ കാലാവധി കഴിഞ്ഞാലും ഖനനം തുടരാമായിരുന്നു. തുടർ പഠനം കൂടാതെ കാലാവധി നീട്ടുന്നത് 1986ലെ പരിസ്ഥിതി നിയമത്തിനും 2006ലെ പരിസ്ഥിതി ആഘാത വിജ്ഞാപനത്തിനും കടകവിരുദ്ധമാണെന്നു കോടതി ചൂണ്ടിക്കാട്ടി. ക്വാറികളിൽ കുട്ടികളും വഴിയാത്രക്കാരും അബദ്ധത്തിൽ വീണ് മരണം സംഭവിക്കുന്നതും വിരളമല്ല. ജനവാസ കേന്ദ്രങ്ങളുമായുള്ള പാറമടകളുടെ അകലം 50ൽ നിന്ന് 200 മീറ്ററായി വർധിപ്പിക്കണമെന്ന് 2020ൽ നിയമസഭാ സമിതി ശിപാർശ ചെയ്‌തെങ്കിലും നടപ്പായില്ല.
2014 ജൂൺ 18ന് നിയമസഭയിൽ പരിസ്ഥിതി സംബന്ധിച്ച സമിതി സമർപ്പിച്ച റിപ്പോർട്ടിൽ സംസ്ഥാനത്ത് നിയമവിധേയമായും അല്ലാതെയും പ്രവർത്തിക്കുന്ന ക്വാറികൾ സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളെയും ആഘാതങ്ങളെയും കുറിച്ച് വിശദമായി പറയുന്നുണ്ട്. പരിസ്ഥിതിക്കുണ്ടാക്കുന്ന കനത്ത നാശനഷ്ടങ്ങൾക്കു പുറമെ സമീപവാസികളിൽ ശ്വാസകോശ രോഗങ്ങൾ, വായുമലിനീകരണം, ശബ്ദമലിനീകരണം, അപകട മരണങ്ങൾ, ക്രഷർ യൂണിറ്റുകളിൽ നിന്നുണ്ടാകുന്ന പൊടിപടലം, കൃഷിക്കുണ്ടാക്കുന്ന നാശം, വനത്തിനടുത്ത് പ്രവർത്തിക്കുന്ന ക്വാറികൾ വനത്തിനും വന്യജീവികൾക്കുമുണ്ടാക്കുന്ന നാശനഷ്ടം തുടങ്ങി നിരവധി ആഘാതങ്ങളാണ് ഇവ സൃഷ്ടിക്കുന്നത്.
ഓരോ ഭൂപ്രദേശത്തിന്റെയും ആവാസ വ്യവസ്ഥ വ്യത്യസ്തമാണ്. യഥാകാലങ്ങളിൽ പഠനം പുതുക്കാതെ പദ്ധതി നടപ്പാക്കുന്നത് ആ പ്രദേശത്തെ പ്രകൃതിക്കും ജീവജാലങ്ങൾക്കും ആഘാതങ്ങൾ സൃഷ്ടിക്കാനിടയുണ്ട്. മേഘവിസ്‌ഫോടനം, മിന്നൽ പ്രളയം, മനുഷ്യരും ഇതര ജീവികളും ഗ്രാമങ്ങൾ ഒന്നാകെയും കുത്തിയൊലിച്ചു പോകുന്ന ഭയാനകമായ ഉരുൾപൊട്ടലുകൾ തുടങ്ങി നിരവധി ദുരന്തങ്ങൾക്ക് സാക്ഷിയാകുകയുണ്ടായി കേരളീയ സമൂഹം സമീപ വർഷങ്ങളിൽ.
കഴിഞ്ഞ വർഷം ജൂലൈ 30ന് മുണ്ടക്കൈ ചൂരൽമല പ്രദേശങ്ങളിലുണ്ടായ ഉരുൾപൊട്ടലിന്റെ ആഘാതത്തിൽ നിന്ന് സംസ്ഥാനം ഇനിയും മോചിതമായിട്ടില്ല. ചെറുതും വലുതുമായി നൂറുകണക്കിന് ഉരുൾപൊട്ടലുകളാണ് ഓരോ വർഷവും സംഭവിക്കുന്നത്. അനിയന്ത്രിതമായ ഖനനങ്ങളും മണ്ണെടുക്കലും നിർമാണ പ്രവർത്തനങ്ങളുമാണ് വലിയൊരളവോളം ഇതിനു കാരണമെന്നാണ് പരിസ്ഥിതി വിദഗ്ധരുടെ പക്ഷം.
ബാബു കദളിക്കാട്
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1