പൂന്തുറയിൽ വലിയൊരു സംഘർഷം പൊട്ടിപ്പുറപ്പെട്ടു. ആർ.എസ്.എസ് പ്രവർത്തകരും ഐ.എസ്.എസിലെ പ്രവർത്തകരായിരുന്നു ഏറ്റുമുട്ടിയത്. കാര്യങ്ങൾ നിയന്ത്രണത്തിന് അപ്പുറമായി. അത് വെടിവെപ്പിലും തീവെപ്പിലും കലാശിച്ചു. പോലീസിന് നേരെ കടുത്ത ആക്രമണം ഉണ്ടായി. പോലീസിന് വെടി വയ്‌ക്കേണ്ടതായി വന്നു. പൂന്തുറയിൽ രണ്ട് പേർ മരണത്തിന് ഇരയായി. നാശനഷ്ടങ്ങൾ ഏറെ. ഏതാണ്ട് മൂന്ന് വീടുകൾ പൂർണമായും കത്തി നശിച്ചു. കേശവദാസപുരത്ത് ഉറങ്ങിക്കിടന്നയാൾ വെട്ടേറ്റു മരിച്ചു. ഐ.എസ.്എസ് ഉന്നത അധികാര സമിതി അധ്യക്ഷൻ അബ്ദുൽ നാസർ മഅദനിയും, ആർ.എസ.്എസ് ബി.ജെ.പി വിശ്വഹിന്ദു പരിഷത്ത് എന്നീ സംഘടനകളും ജില്ലയിൽ ബന്ദിന് ആഹ്വാനം ചെയ്തു. എങ്ങും കനത്ത നിശബ്ദത പരന്നു. എന്തും സംഭവിക്കാവുന്ന അവസ്ഥ.
1992 ജൂൺ മൂന്നിന് പുലർച്ചെ കരുണാകരന്റെ കാർ അപകടത്തെ തുടർന്ന് സംസ്ഥാന ഭരണത്തിലും ദേശീയ രാഷ്ട്രീയത്തിലും അദ്ദേഹത്തിന് ഉണ്ടായിരുന്ന ശക്തമായ പിടി അയയാൻ തുടങ്ങിയിരുന്നു. വിദഗ്ധ ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോകുമ്പോൾ മുഖ്യമന്ത്രി എന്ന നിലയിലെ ചുമതലകൾ രണ്ടായി പങ്കുവെച്ചു. സത്യത്തിൽ കക്ഷി നേതാവിന്റെ അഭാവത്താൽ ഉപ നേതാവ് ഉമ്മൻചാണ്ടിക്കായിരുന്നു ആ ചുമതല നൽകേണ്ടിയിരുന്നത്. എന്നാൽ അതുണ്ടായില്ല. മന്ത്രിസഭ യോഗങ്ങളിൽ അധ്യക്ഷനാകാനും ആഭ്യന്തരവകുപ്പിന്റെ ചുമതല നോക്കാനും വൈദ്യുതി മന്ത്രി സി.വി. പത്മരാജനെ ചുമതലപ്പെടുത്തി. മുഖ്യമന്ത്രിയുടെ കീഴിലുള്ള മറ്റു വകുപ്പുകളുടെ ചുമതല കൃഷി മന്ത്രി പി.പി. ജോർജിനും നൽകി.
എന്നാൽ സഭാ നേതാവായി ഉമ്മൻചാണ്ടി തന്നെ തുടരട്ടെ എന്നും തീരുമാനമായി. ഉമ്മൻചാണ്ടിക്ക് ആസൂത്രണം, അഖിലേന്ത്യ സർവീസ്, ശാസ്ത്രസാങ്കേതികം, ഭരണപരിഷ്‌കാരം, തിരഞ്ഞെടുപ്പ് എന്നീ വകുപ്പുകൾ ആയിരുന്നു. ഇതോടെ കെ. കരുണാകരന് എതിരെയുള്ള നീക്കം കുറെക്കൂടി സജീവമായി മാധ്യമങ്ങളിലൂടെ അവ കത്തിക്കയറാൻ തുടങ്ങി. എല്ലാ തീരുമാനങ്ങളും ഡൽഹിയിലെ കേരള ഹൗസിൽ വച്ചാണ് നടന്നത്. ഇക്കാര്യങ്ങളൊന്നും യു.ഡി.എഫിലെ ഘടകകക്ഷികളോട് ആലോചിച്ചുപോലുമില്ല. ആരോരുമറിയാതെ മുഖ്യമന്ത്രിയുടെ ചുമതല കൈമാറിയത് വൻ വിവാദമായി. മുസ്ലിം ലീഗ് പ്രസിഡന്റ് പാണക്കാട് ശിഹാബ് തങ്ങൾ ആ സമയത്ത് ഡൽഹിയിൽ ഉണ്ടായിരുന്നു.
കേരള ഹൗസിന്റെ അടുത്തുതന്നെയുള്ള കനിഷ്‌കയിലാണ് താമസം. അദ്ദേഹം കേരള ഹൗസിൽ എത്തി മുഖ്യമന്ത്രിയെ കണ്ടതുമാണ്. എന്നിട്ടും അദ്ദേഹത്തോട് ഒരു വാക്കുപോലും ഇതേക്കുറിച്ച് മിണ്ടിയില്ല. യു.ഡി.എഫ് കൺവീനർ ശങ്കരനാരായണനെ വിളിച്ച് തീരുമാനം ഘടകക്ഷികളെ അറിയിക്കാൻ നിർദ്ദേശിക്കുകയായിരുന്നു. എ ഗ്രൂപ്പുകാരെ പ്രത്യേകിച്ചും ഉമ്മൻചാണ്ടിയെ തെല്ലും വിശ്വാസത്തിൽ എടുക്കാതെയാണ് കരുണാകരൻ വിദേശത്തേക്ക് പോയത്. 1992 ജൂലൈ 17ന് വെള്ളിയാഴ്ച 4.15ന് വകുപ്പുകളുടെ ചുമതല സംബന്ധിച്ച് പൊതു ഭരണ സെക്രട്ടറിയുടെ അറിയിപ്പ് പുറത്തുവന്നപ്പോൾ മാത്രമാണ് ഉമ്മൻചാണ്ടി ഇതേ കുറിച്ച് അറിയുന്നത്.
അതോടെ സഭ നേതാവിന്റെ താൽക്കാലിക പദവി വേണ്ടെന്നുവച്ചു ഉമ്മൻചാണ്ടി. സത്യത്തിൽ മന്ത്രിസ്ഥാനം രാജിവയ്ക്കാനാണ് അദ്ദേഹം ആഗ്രഹിച്ചത്. പക്ഷേ, ആന്റണി ഗ്രൂപ്പിലെ മറ്റുള്ളവർ അതിന് സമ്മതിച്ചില്ല. ഉമ്മൻചാണ്ടി സഭാ നേതാവിന്റെ ചുമതലകളിൽ നിന്ന് തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഒരു കത്ത് ഉടൻ തയ്യാറാക്കി. അത് മുഖ്യമന്ത്രിയുടെ ഓഫീസിലും പിന്നെ സ്പീക്കർ പി.പി. തങ്കച്ചനും പത്മരാജനും എത്തിച്ചുകൊടുത്തു. അതേക്കുറിച്ച് യാതൊരു ചർച്ചയും പിറ്റേദിവസം ഉണ്ടായില്ല. കാരണം അടുത്ത ദിവസം രാവിലെ തന്നെ തിരുവനന്തപുരത്ത് പൂന്തുറയിൽ വലിയൊരു സംഘർഷം പൊട്ടിപ്പുറപ്പെട്ടു. അവിടെ മാർച്ച് ഫാസ്റ്റ് നടത്തിക്കൊണ്ടിരുന്ന ആർ.എസ്.എസ് പ്രവർത്തകരോട് ഏറ്റുമുട്ടിയത് മഅദനിയുടെ സംഘടനയായ ഐ.എസ്.എസിലെ പ്രവർത്തകരായിരുന്നു. കാര്യങ്ങൾ നിയന്ത്രണത്തിന് അപ്പുറമായി. അത് വെടിവെപ്പിലും തീവെപ്പിലും കലാശിച്ചു.
പോലീസിന് നേരെ കടുത്ത ആക്രമണം ഉണ്ടായി. മറ്റു വഴികൾ ഇല്ലാതെ വന്നപ്പോൾ പോലീസിന് വെടി വയ്‌ക്കേണ്ടതായി വന്നു. പൂന്തുറയിൽ രണ്ട് പേർ മരണത്തിന് ഇരയായി. നാശനഷ്ടങ്ങൾ ഏറെ. ഏതാണ്ട് മൂന്ന് വീടുകൾ പൂർണമായും കത്തി നശിച്ചു. കേശവദാസപുരത്ത് ഉറങ്ങിക്കിടന്നയാൾ വെട്ടേറ്റു മരിച്ചു. ഐ.എസ്്.എസ് ഉന്നത അധികാര സമിതി അധ്യക്ഷൻ അബ്ദുൽ നാസർ മഅദനിയും, ആർ.എസ്.എസ് ബി.ജെ.പി വിശ്വഹിന്ദു പരിഷത്ത് എന്നീ സംഘടനകളും ജില്ലയിൽ ബന്ദിന് ആഹ്വാനം ചെയ്തു. എങ്ങും കനത്ത നിശബ്ദത പരന്നു. എന്തും സംഭവിക്കാവുന്ന അവസ്ഥ.
എന്നാൽ ഭാഗ്യമെന്ന് പറയട്ടെ, ബന്ദ് കാര്യമായി തന്നെ നടന്നുവെങ്കിലും അനിഷ്ട സംഭവങ്ങൾ ഒന്നും തന്നെ ഉണ്ടായില്ല. പിറ്റേന്ന് നിയമസഭ കൂടുമ്പോൾ പ്രതിപക്ഷം കടുത്ത ആശയക്കുഴപ്പത്തിൽ ആയിരുന്നു. ഉമ്മൻചാണ്ടിക്ക് പകരം സി.വി. പത്മരാജനെ സഭാ നേതാവായി നിയോഗിച്ചുകൊണ്ട് മുഖ്യമന്ത്രിയുടെ ഫാക്‌സ് സന്ദേശം സ്പീക്കർക്ക് ലഭിച്ചിരുന്നു.
സീറോ അവരിൽ പ്രതിപക്ഷത്തിന് കത്തിക്കയറാവുന്ന വിഷയമാണ് കിട്ടിയിരിക്കുന്നത്. മറുവശത്ത് പൂന്തുറ കലാപം. ഇതിൽ ഏതു വിഷയം വേണം എന്ന ആശയക്കുഴപ്പത്തിലായി പ്രതിപക്ഷം. ചോദ്യോത്തര വേളയിൽ തന്നെ സഭാ നേതൃ പദവിയെ സംബന്ധിച്ച വിഷയം കൊണ്ടുവരാനും പൂന്തുറ കലാപം അടിയന്തര പ്രമേയം ആയി അവതരിപ്പിക്കാനും അവർ തീരുമാനിച്ചു. സഭ തുടങ്ങിയ ഉടനെ അസാധാരണ നടപടിക്രമം എന്ന് വിശേഷിപ്പിച്ച് സഭാ നേതാവിനെ മാറ്റിയ കാര്യം സ്പീക്കർ പി.പി. തങ്കച്ചൻ സഭയെ അറിയിച്ചു. അത് പിടിവള്ളിയാക്കി, പ്രതിപക്ഷം അതിൽ ആഞ്ഞുപിടിച്ചു. ഇതെന്തൊരു സംഗതിയാണ്..? തികച്ചും അസാധാരണ നടപടി. ചോദ്യോത്തര ചർച്ച നിർത്തിവച്ച് ഈ വിഷയം ചർച്ച ചെയ്‌തേ പറ്റൂ. ഇത് അസാധാരണ നടപടിക്രമം ആണ്. ഭരണഘടന പ്രതിസന്ധി ഉണ്ടായിരിക്കുന്നു. ഭരണം തമ്പിപ്പിക്കുന്ന പരിപാടി. ഇതിനെ അനുകൂലിക്കാൻസാധ്യമല്ല.
അതുകൊണ്ട് ഈ വിഷയം ഉടൻ ചർച്ച ചെയ്‌തേ പറ്റൂ. ബേബി ജോൺ ആണ് ഏറ്റവും കൂടുതൽ ശബ്ദമുണ്ടാക്കിയത്. തൊട്ടു പുറകെ എ.സി.ഷണ്മുഖദാസുമുണ്ട്. ഇരുവരുടെയും നേതൃത്വത്തിൽ പ്രതിപക്ഷ ആവശ്യം. ഓരോരുത്തരുടെയും ചുമതലകൾ നിശ്ചയിച്ച് സ്വന്തം വകുപ്പുകൾ വിഭജിച്ചു നൽകിയിട്ടാണ് മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോയത്. ഇപ്പോൾ അതിൽ നിന്ന് വ്യത്യസ്തമായ ഫാക്‌സ് വന്നിരിക്കുന്നു. രോഗിയായ മുഖ്യമന്ത്രിയാണ് ഈ ഫാക്‌സ് അയച്ചത് എന്ന് എങ്ങനെ ഞങ്ങൾക്ക് വിശ്വസിക്കാൻ ആകും. ചില ഭരണഘടനാതീത ശക്തികൾ ഇതിന് പിന്നിൽ ഉണ്ടോ എന്ന് ഞങ്ങൾ സംശയിക്കുന്നു...! ആക്രോശിക്കുന്ന രീതിയിലാണ് ബേബി ജോൺ അത് പറഞ്ഞത്. ഞങ്ങൾ ഇനിമുതൽ ഫാക്‌സിൽ ചോദ്യങ്ങൾ അയച്ചു തന്നാൽ അത് സ്വീകരിക്കുമോ?
ഈ ചോദ്യം ഉന്നയിച്ചത് ഷണ്മുഖ ദാസ് ആയിരുന്നു.
സഭാ നേതാവായ ഉമ്മൻചാണ്ടി ഇതിന് ഉത്തരം പറഞ്ഞേ പറ്റൂ. പ്രതിപക്ഷം ഒന്നടങ്കം അതിന് പിന്തുണച്ചു. എന്നാൽ ഉമ്മൻചാണ്ടി ഒരക്ഷരം മിണ്ടിയില്ല. സഭ പ്രഷുഭ്തമായി. പ്രതിപക്ഷം നടുത്തളത്തിലേക്ക് ഇറങ്ങി. തൽക്കാലത്തേക്ക് സഭ നിർത്തിവെച്ചു. പിന്നീട് കക്ഷി നേതാക്കളുടെ യോഗം ചേർന്ന് സഭാ നടപടികൾ പുനരാരംഭിക്കാൻ തീരുമാനിച്ചു. പൂന്തുറ സംഘർഷം സംബന്ധിച്ച് അടിയന്തര പ്രമേയ നോട്ടീസ് സഭ പരിഗണിച്ചു. വളേെയറെ അസ്വസ്ഥതയോടെയാണ് മുസ്ലിം ലീഗ് നിയമസഭയിൽ ഇരുന്നത്. മുഖ്യമന്ത്രിയുടെ ചുമതല ഒരാൾക്ക് നൽകുന്ന കാര്യത്തിൽ പോലും തങ്ങളെ വിശ്വാസത്തിൽ എടുക്കാൻ കഴിഞ്ഞില്ല.
ഇനി ഞങ്ങൾ എന്തു ചെയ്യണം. പൂന്തുറ സംഘർഷത്തിൽ പോലീസ് എടുത്ത നിലപാടിലും മുസ്ലിംലീഗിന് കടുത്ത അമർഷം ഉണ്ടായിരുന്നു. പോലീസ് പക്ഷപാതപരമായി പെരുമാറി എന്നായിരുന്നു ആവലാതി. തിങ്കളാഴ്ച തന്നെ ലീഗ് പാർലമെന്ററി പാർട്ടി യോഗം ചേർന്ന് യുക്തമായ തീരുമാനങ്ങൾ എടുക്കാൻ കുഞ്ഞാലിക്കുട്ടിയെ ചുമതലപ്പെടുത്തി. ചൊവ്വാഴ്ച നിയമസഭാ നടപടികളിൽ നിന്ന് മുസ്ലിം ലീഗ് അംഗങ്ങൾ വിട്ടുനിന്നു. ബുധനാഴ്ച പതിവുള്ള മന്ത്രിസഭായോഗം നടന്നില്ല. യു.ഡി.എഫ് വിളിച്ചു പ്രശ്‌നം തീർത്തിട്ട് മതി മന്ത്രിസഭ ചേരുന്നത് എന്ന് മുസ്ലിം ലീഗ് തറപ്പിച്ചുപറഞ്ഞു.
(തുടരും)
ജോഷി ജോർജ്
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1