യുദ്ധം തിരിച്ചടിയായി; ഇസ്രായേല്‍ സമ്പദ് വ്യവസ്ഥയില്‍ വന്‍ ഇടിവ്

FEBRUARY 28, 2024, 8:29 PM

ഹമാസ് പോരാട്ടം തുടരുന്നതിനിടെ ഇസ്രായേല്‍ സമ്പദ് വ്യവസ്ഥയില്‍ 20 ശതമാനത്തോളം ഇടിവ് രേഖപ്പെടുത്തി. ചരിത്രത്തില്‍ ആദ്യമായാണ് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ ഇത്രയധികം ഇടിവ് രേഖപ്പെടുത്തുന്നത്. യുദ്ധത്തെത്തുടര്‍ന്ന് ബിസിനസുകള്‍ സ്തംഭിച്ചതും ആളുകളെ മാറ്റിപ്പാര്‍പ്പിച്ചതും കൂടുതല്‍ ആളുകളെ കരുതല്‍ സേനാംഗമായി വിളിച്ചതുമാണ് ഇതിന് കാരണമെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ഫെബ്രുവരി 20-ന് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദനം കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ആദ്യമായി ത്രൈമാസ ഇടിവ് രേഖപ്പെടുത്തി. 2023 ലെ അവസാന മൂന്ന് മാസങ്ങളിലെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ വാര്‍ഷിക ജിഡിപി 19.4 ശതമാനം ഇടിഞ്ഞു. ബ്ലൂംബെര്‍ഗിലെ വിശകലന വിദഗ്ധര്‍ നേരത്തെ പുറത്തുവിട്ട സര്‍വേയിലെ കണക്കുകളേക്കാള്‍ മോശം പ്രകടനമായിരുന്നു അത്. 10.5 ശതമാനം ഇടിവാണ് അവര്‍ പ്രവചിച്ചിരുന്നത്.

അതേസമയം കണക്കുകള്‍ പുറത്ത് വന്നതോടെ ഇസ്രായേല്‍ കറന്‍സിയുടെ മൂല്യത്തില്‍ 0.4 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തി. അതേസമയം, ടെല്‍ അവീവ് ഓഹരി വിപണി 35 സൂചിക നേട്ടമുണ്ടാക്കി. യുദ്ധം ആരംഭിച്ചതിനെത്തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം അവസാനത്തോടെ സമ്പദ് വ്യവസ്ഥ ഇടിഞ്ഞെങ്കിലും കഴിഞ്ഞ വര്‍ഷത്തെ മുഴുവന്‍ കണക്കുകള്‍ പരിശോധിച്ചപ്പോള്‍ ജിഡിപിയില്‍ രണ്ട് ശതമാനത്തിന്റെ വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്. കേന്ദ്ര ബാങ്കിന്റെ ഗവേഷണ വിഭാഗത്തിന്റെ പ്രവചനത്തിന് സമാനമാണിത്.

2024-ലും സമ്പദ്വ്യവസ്ഥ രണ്ട് ശതമാനത്തോളം വളര്‍ച്ച രേഖപ്പെടുത്തുമെന്ന് ബാങ്ക് പ്രവചിച്ചിട്ടുണ്ട്. അതേസമയം ധനകാര്യമന്ത്രാലയം കണക്കാക്കുന്ന വളര്‍ച്ചാ നിരക്ക് 1.6 ശതമാനമാണ്. ഒക്ടോബര്‍ ഏഴിലെ ഹമാസിന്റെ ആക്രമണത്തെത്തുടര്‍ന്നാണ് ഇസ്രായേല്‍ പാലസ്തീനെതിരെ യുദ്ധം ആരംഭിച്ചത്. യുദ്ധത്തിന് മുമ്പ് 520 ബില്ല്യണ്‍ ഡോളറായിരുന്നു ഇസ്രായേലിന്റെ സമ്പദ് വ്യവസ്ഥയുടെ മൂല്യം. യുദ്ധം തുടങ്ങിയതിന് ശേഷം സമ്പദ്വ്യവസ്ഥയെ സംബന്ധിച്ചുള്ള ആദ്യ ഔദ്യോഗിക വിവരമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

യുദ്ധത്തില്‍ പങ്കെടുക്കാന്‍ കരുതല്‍ സൈന്യമായി വലിയൊരു വിഭാഗം യുവാക്കളെ സര്‍ക്കാര്‍ വിളിച്ചപ്പോള്‍ അത് ആകെ തൊഴില്‍ ശക്തിയില്‍ എട്ട് ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തി. കോവിഡ് 19 വ്യാപന കാലത്ത് ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ രാജ്യത്ത് നിലവില്‍ വന്നു. ഇത് ഉത്പാദന മേഖലയിലെ പെട്ടെന്നുള്ള തകര്‍ച്ചയ്ക്കും ഉപഭോഗം കുതിച്ചുയരുന്നതിലേക്കും നയിച്ചു. കൂടാതെ, സ്‌കൂളുകള്‍ ഓഫീസുകള്‍, നിര്‍മാണകേന്ദ്രങ്ങള്‍ എന്നിവ അടച്ചിടുന്നതിനും കാരണമായി.

യുദ്ധത്തെതുടര്‍ന്നുള്ള ആഘാതം പാലസ്തീനെയാണ് കൂടുതലായി ബാധിച്ചത്. ഗാസയില്‍ ഗുരുതരമായ മാനുഷിക പ്രതിസന്ധിക്ക് ഇത് കാരണമായി. കഴിഞ്ഞ വര്‍ഷം നാലാം പാദത്തില്‍ പാലസ്തീന്‍ ഏകദേശം പൂര്‍ണ തകര്‍ച്ച രേഖപ്പെടുത്തിയതായി അന്താരാഷ്ട്ര നാണ്യനിധി (ഐഎംഎഫ്) വ്യക്തമാക്കി. ഗാസയിലെയും വെസ്റ്റ് ബാങ്കിലെയും സഞ്ചിത ജിഡിപി 2023-ല്‍ ആറ് ശതമാനം ഇടിഞ്ഞു.

കഴിഞ്ഞ ഒക്ടോബര്‍ ഏഴിന് ഹമാസ് ഇസ്രയേലില്‍ നടത്തിയ അപ്രതീക്ഷിത ആക്രമണത്തെ തുടര്‍ന്ന് ഇസ്രായേലില്‍ 1200 പേര്‍ കൊല്ലപ്പെട്ടിരുന്നു. 250തോളം പേരെ ഹമാസ് തട്ടിക്കൊണ്ട് പോകുകയും ബന്ദികളാക്കുകയും ചെയ്തിരുന്നു. പ്രതികാരമായി ഇസ്രായേല്‍ നടത്തിയ യുദ്ധത്തില്‍ ഗാസയില്‍ 29,000 പേരാണ് കൊല്ലപ്പെട്ടതെന്ന് ആരോഗ്യ മേഖലയില്‍നിന്നുള്ള ഉദ്യോഗസ്ഥര്‍ നല്‍കിയ കണക്കുകള്‍ വ്യക്തമാക്കുന്നു. ഹമാസ് തടവിലാക്കിയ ബന്ദികളെ വിട്ടയക്കുന്നത് വരെ ആക്രമണം തുടരുമെന്ന് ഇസ്രായേല്‍ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, ഇസ്രായേല്‍ അധികൃതര്‍ നടത്തിയ ഇടപെടലില്‍ വിപണിയുടെ ഇടിവ് ഏറെക്കുറെ തടഞ്ഞു നിറുത്താന്‍ കഴിഞ്ഞിട്ടുണ്ട്. പ്രാദേശിക കറന്‍സിയെ പിന്തുണയ്ക്കുന്നതിനായി തങ്ങളുടെ കരുതല്‍ ധനശേഖരത്തില്‍ നിന്ന് 30 ബില്ല്യണ്‍ ഡോളര്‍ വില്‍ക്കുമെന്ന് സെന്‍ട്രല്‍ ബാങ്ക് വ്യക്തമാക്കിയിരുന്നത്.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam