ശശി തരൂരിന്റെ ദ ന്യൂ ഇന്ത്യൻ എക്‌സ്പ്രസ് ലേഖനം ഇതെഴുതിക്കൊണ്ടിരിക്കുന്നതിനിടയിലാണ് ഞാൻ വായിച്ചത്. ഇംഗ്‌ളീഷ് അറിയാത്തതുകൊണ്ടോ ഡിക്ഷണറി അടുത്തില്ലാത്തതുകൊണ്ടോ അല്ല വായന മാറ്റിവച്ചത്. എഴുതിയാൽ എഴുതി എന്ന് പുരപ്പുറത്തു കയറിനിന്ന് നാലാളെക്കൊണ്ട് വിളിച്ചുപറയിപ്പിക്കുന്ന രീതിയിലുള്ള എഴുത്ത് തരൂരിന്റെ ട്രേഡ് മാർക് സവിശേഷതയാണ്. തരൂരിന്റെ ലേഖനങ്ങൾ ഒരു കാലത്ത് താത്പര്യപൂർവം വായിച്ചിരുന്നു. ആകർഷണീയതയ്ക്കും മൂല്യവർദ്ധനയ്ക്കുംവേണ്ടി വയനാട്ടിലെ മരപ്പട്ടിക്കാപ്പിയുടെ ഫോർമുലയാണ് അദ്ദേഹം സ്വീകരിച്ചിരിക്കുന്നത്.
പഴുത്ത് ചുവന്ന് തുടുത്ത കാപ്പിക്കുരു മരപ്പട്ടിയുടെ ദഹനേന്ദ്രിയ വ്യവസ്ഥയിലൂടെ കടന്നുവന്ന് ദഹിക്കാതെ വിസർജ്യത്തിന്റെ ഭാഗമാകുമ്പോൾ സവിശേഷമായ വാസനയുണ്ടാകും. വാക്കുകളെ ദഹിപ്പിക്കാതെ പ്രത്യേകമായ വാസനയോടെ അദ്ദേഹം വിസർജിക്കുന്നു. സാധാരണ തട്ടുകടയിലോ ഇന്ത്യൻ കോഫി ഹൗസിലോ കിട്ടുന്നതല്ല സിവെറ്റ് കോഫി എന്നറിയപ്പെടുന്ന മരപ്പട്ടിക്കാപ്പി. വിലയും താങ്ങാനാവില്ല. കിലോയ്ക്ക് 25,000 രൂപ. കാപ്പിക്കുരു മൂല്യവർദ്ധിതമാക്കാൻ വിയറ്റ്‌നാമിൽ വെരുകിനെയാണ് ഉപയോഗിക്കുന്നത്.
സിവെറ്റ് കോഫിപോലെ അല്ലെങ്കിൽ വിയറ്റ്‌നാമിലെ വീസൽ കോഫിപോലെ തരൂരിന്റെ വാക്കുകൾ സുഗന്ധമാകുന്നു. എല്ലാവർക്കും എപ്പോഴും അങ്ങനെയാകണമെന്നില്ല. കൃതജ്ഞതാപൂർവം തരൂരിനെ പ്രശംസിക്കുന്നവർ അബദ്ധത്തിലാകാനിടയുണ്ട്. അദ്ദേഹം പലതും പറയും. സാധാരണവിമാനയാത്രക്കാരെ കന്നുകാലി ക്‌ളാസ് എന്നു വിശേഷിപ്പിച്ചുകൊണ്ടാണ് അദ്ദേഹത്തിൽനിന്ന് സവിശേഷമായ പരാമർശങ്ങൾ കേട്ടുതുടങ്ങിയത്. വിശ്വപൗരനായതുകൊണ്ട് ദേശീയഗാനം ആലപിക്കുമ്പോൾ അദ്ദേഹം കൈ നെഞ്ചോടു ചേർത്തു പിടിക്കുന്നു. ഭരണഘടനയുടെ പത്താം പട്ടികയാൽ നിയന്ത്രിതനായ എംപിയാണ് ശശി തരൂർ. സ്വന്തം മനഃസാക്ഷിക്കനുസൃതമായി പറയുന്നതിനും പ്രവർത്തിക്കുന്നതിനുമുള്ള പരിമിതമായ സ്വാതന്ത്ര്യം മാത്രമാണ് പാർട്ടി എംപിക്കുള്ളത്.
ആ പരിമിതിക്കുള്ളിൽ അദ്ദേഹം സ്വന്തം പാർട്ടിയിലെ വിശുദ്ധ പശുക്കളെ ആക്രമിക്കുന്നു. ഗോസംരക്ഷകർ അദ്ദേഹത്തിനെതിരെ പ്രത്യാക്രമണം നടത്തുന്നില്ല. ആക്രമണത്തെക്കുറിച്ച് ഗോക്കൾക്ക് അറിവുണ്ടോ എന്നുതന്നെ സംശയമാണ്. അറിഞ്ഞിരുന്നെങ്കിൽ നാലാം വട്ടം ടിക്കറ്റ് കിട്ടുമായിരുന്നില്ല. ഇനി അഞ്ചാം വട്ടം മത്സരിക്കാൻ ടിക്കറ്റ് കിട്ടണമെന്നത് അദ്ദേഹത്തിന്റെ ന്യായമായ താത്പര്യമാണ്. അതിനുള്ള വഴി അദ്ദേഹത്തിനറിയാം. ശശിയെ അങ്ങനെ വെറും ശശിയാക്കാൻ കഴിയില്ല. സ്ഥാനാർത്ഥിയായാൽ എതിർപക്ഷത്തിന്റെ വോട്ടുകൂടി സ്വന്തം കണക്കിൽപ്പെടുത്തുന്നതിനുള്ള സാമർത്ഥ്യവും അദ്ദേഹത്തിനുണ്ട്. നീട്ടിയെറിഞ്ഞ് കൊളുത്തുറപ്പിക്കുന്നതിനുള്ള വൈദഗ്ധ്യം പർവതാരോഹകന് ആവശ്യമുണ്ട്.
എറിഞ്ഞുപിടിപ്പിക്കാൻ കഴിയാത്തവർക്ക് ചവിട്ടിക്കയറാനുമാവില്ല. വേണ്ടിവന്നാൽ ചുമന്നു കയറ്റുന്നതിനുള്ള ഷെർപകളെ തരൂർ ഇപ്പോൾത്തന്നെ കണ്ടുവയ്ക്കുന്നു. ഷെർപകൾ, ഗർദഭത്തെപ്പോലെ, എന്തും എന്തെന്നറിയാതെ ചുമക്കാൻ തയാറാണ്.ഐക്യരാഷ്ട്രസഭയിൽ അണ്ടർ സെക്രട്ടറിയായിരുന്ന ശശി തരൂരിനെ വിശ്വപൗരൻ എന്നാണ് പലരും വിശേഷിപ്പിക്കുന്നത്. സെക്രട്ടറി ജനറലിനെ അങ്ങനെ വിശേഷിപ്പിക്കാറില്ല. അണ്ടർ സെക്രട്ടറി എന്ന തസ്തികയുടെ വലിപ്പം നമ്മുടെ സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥശ്രേണി അറിയാവുന്നവർക്കറിയാം. വിശ്വപൗരൻ എന്ന പൗരത്വം എവിടെയെങ്കിലും ഉള്ളതായി അറിയില്ല. പാസ്‌പോർട്ടും വിദേശത്ത് പണിയും ആണ് മാനദണ്ഡമെങ്കിൽ എല്ലാ പ്രവാസികൾക്കും ആ വിശേഷണം യോജിക്കും. ശശി തരൂരിന്റെ വലിപ്പം അറിയാവുന്നതുകൊണ്ടാണ് മൻമോഹൻ സിങ് അദ്ദേഹത്തിന് സഹമന്ത്രി എന്ന വില കുറഞ്ഞ സ്ഥാനം നൽകിയത്. ജയശങ്കറിന്റെ വലിപ്പം അറിയാവുന്നതുകൊണ്ട് നരേന്ദ്ര മോദി അദ്ദേഹത്തെ ക്യാബിനറ്റ് മന്ത്രിയാക്കി.
ഈ പംക്തിയിൽ ഞാൻ പ്രകടിപ്പിക്കുന്ന അഭിപ്രായങ്ങൾ പ്രത്യേകിച്ച് അറിയിപ്പില്ലാതെതന്നെ വ്യക്തിപരമാണെന്ന് വായനക്കാർക്കറിയാം. എന്നാൽ എംപി പേരുവച്ചെഴുതുന്ന കാര്യങ്ങൾ പേഴ്‌സനൽ ആകുന്നില്ല. കൂറുമാറ്റത്തെ അടിസ്ഥാനമാക്കിയുള്ള അയോഗ്യത എന്ന അപകടത്തിൽനിന്ന് ജനപ്രതിനിധികളെ ഒഴിവാക്കണമെന്ന അഭിപ്രായം എനിക്കുണ്ട്. സഭയ്ക്ക് അകത്തായാലും പുറത്തായാലും സ്വതന്ത്രമായി നിലപാട് സ്വീകരിക്കുന്നതിനുള്ള സ്വാതന്ത്ര്യം സാമാജികർക്കുണ്ടാകണം. അതില്ലെങ്കിൽ അംഗങ്ങൾ സഭയിൽ വരേണ്ട കാര്യമില്ല. അവർ വിപ്പനുസരിച്ച് വോട്ടു ചെയ്യുന്നതിനുള്ള പാവകൾ മാത്രമാകരുത്. വ്യത്യസ്തമായി ഒന്നും പറയാനില്ലെങ്കിൽ പാർലമെന്ററി പാർട്ടി ഓഫീസിൽനിന്ന് എഴുതിക്കിട്ടുന്ന പ്രസംഗം യാന്ത്രികമായി വായിച്ചിട്ടെന്തു കാര്യം.
എല്ലാവർക്കും ഒരേ അഭിപ്രായമാണെങ്കിൽ അതാത് പാർട്ടി വിപ്പുമാർ നൽകുന്ന കണക്കനുസരിച്ച് സ്പീക്കർ ബില്ലിന്റെയും പ്രമേയത്തിന്റെയും അവസ്ഥ പ്രഖ്യാപിച്ചാൽ മതിയാകും. സഭയിൽ രേഖാവോട്ടോ ശബ്ദവോട്ടോ ആവശ്യമില്ല. മനഃസാക്ഷിക്കനുസൃതമായി നിലപാടുകൾ രൂപപ്പെടുത്തുന്നതിനുള്ള ജനപ്രതിനിധികളുടെ സ്വാതന്ത്ര്യത്തിന്റെ പ്രഖ്യാപനമെന്ന നിലയിൽ ശശി തരൂരിന്റെ ലേഖനത്തെ ഞാൻ സ്വാഗതം ചെയ്യുന്നു. സഭയിലായാലും പുറത്തായാലും സ്വതന്ത്രമായ ചിന്തയും അതിനെ അടിസ്ഥാനമാക്കിയുള്ള സ്വതന്ത്രമായ അഭിപ്രായപ്രകടനവും പ്രധാനപ്പെട്ട കാര്യമാണ്. ശശി തരൂരിനെ സ്വാഗതം ചെയ്യുന്നവർ അദ്ദേഹത്തിന്റെ അഭിപ്രായപ്രകടനസ്വാതന്ത്ര്യത്തിനുവേണ്ടി നിലപാടെടുക്കുന്നവരല്ല.
ചാർവാകരെയും ഉൾക്കൊണ്ട ശ്രീരാമനെപ്പോലെ വിമതരെയും വിരോധികളെയും ഉൾക്കൊള്ളുന്ന ജനാധിപത്യപാർട്ടിയാണ് കോൺഗ്രസ് എന്ന് പറയാനാവില്ല. വിധിയിലൂടെ അനഭിമതരായിത്തീർന്ന ജഡ്ജിമാരെപ്പോലും മാതൃകാപരമായി കൈകാര്യം ചെയ്ത ഇന്ദിര ഗാന്ധിയുടെ പാർട്ടിയാണ് കോൺഗ്രസ്. എതിരായൊന്നും കേൾക്കാതിരിക്കുന്നതിന് പത്രങ്ങളുടെ മേൽ സെൻസർഷിപ് ഏർപ്പെടുത്തിയ പാർട്ടിയാണ് കോൺഗ്രസ്. കൂറുമാറ്റ നിരോധന നിയമത്തിന്റെ അഭാവത്തിൽ അപലപനീയമായ ആയാ റാം ഗയാ റാം അവസ്ഥ തിരിച്ചുവരുമെന്ന് ഭയപ്പെടേണ്ട. സമ്മതിദായകർ ജാഗ്രത്തായാൽ മതി.
പാർലമെന്ററി സമ്പ്രദായത്തിൽ ജനപ്രതിനിധികൾ ചിന്തിക്കുന്നതിനുള്ള സ്വാതന്ത്ര്യം പൂർണമായും പാർട്ടിക്ക് അടിയറവയ്ക്കണമോ എന്ന ചോദ്യമാണ് തരൂർ ചോദിക്കാതെ ചോദിക്കുന്നത്. വ്യത്യസ്തമായി അഭിപ്രായം പറയുകയും നിലപാട് സ്വീകരിക്കുകയും ചെയ്തതിന്റെ പേരിൽ പലർക്കും പലപ്പോഴും അനഭിമതനായിട്ടുള്ള വ്യക്തിയാണ് ഈ ലേഖകൻ. അകത്തില്ലാത്തതിനാൽ പുറത്താക്കാനാവില്ല. അനഭിമതർക്ക് ഇടം കൊടുക്കുന്നതിൽ പാർട്ടിക്കെന്നപോലെ പള്ളിക്കും അനാഭിമുഖ്യമുണ്ട്. ലേഖനത്തിൽ പിണറായി വിജയനെ പ്രശംസിച്ച തരൂർ നരേന്ദ്ര മോദിയെ ന്യായീകരിക്കുന്ന പരാമർശം പുറത്തു നടത്തി. പാതിവിലയ്ക്ക് എന്തും ഓഫർ ചെയ്യപ്പെടുന്ന കാലത്ത് ഒന്നെടുക്കുമ്പോൾ രണ്ടും എടുക്കണമെന്നുണ്ടോ? രണ്ടും കോൺഗ്രസിന് എടുക്കാനാവില്ല. സി.പി.എം ഒന്നെടുക്കും; ഒന്ന് തള്ളും.
അതുകൊണ്ടാണ് ഉള്ളടക്കത്തെയല്ല ഉള്ളിലുള്ളതു പറയുന്നതിനുള്ള സ്വാതന്ത്ര്യത്തെയാണ് ഞാൻ വകവയ്ക്കുന്നതെന്നു പറഞ്ഞത്. കത്തോലിക്കാസഭയിൽ മതസംബന്ധമായ പ്രബന്ധങ്ങൾ പ്രസിദ്ധീകരിക്കുന്നതിനുമുമ്പ് ബിഷപ്പിന്റെ പരിശോധനയ്ക്ക് വിധേയമാക്കണമായിരുന്നു. ഇന്ന് ഇംപ്രിമാത്തൂറും നിഹിൽ ഒബ്സ്റ്റാറ്റും മതഗ്രന്ഥങ്ങളിൽ കാണുന്നില്ല. സ്വാതന്ത്ര്യത്തിനുവേണ്ടി വാദിക്കുമ്പോഴും നിയന്ത്രണമില്ലാത്ത സ്വാതന്ത്ര്യം അപ്രായോഗികവും അപകടകരവുമാണ്. ഉത്തരവാദിത്വമുള്ള പദവികളിൽ ഇരിക്കുന്നവർ ആ പദവി ആവശ്യപ്പെടുന്ന ഉത്തരവാദിത്വത്തോടെ സംസാരിക്കണം. ആസന്നമായ തദ്ദേശതിരഞ്ഞെടുപ്പിലും നിയമസഭാതിരഞ്ഞെടുപ്പിലും എൽ.ഡി.എഫിന് അനുകൂലമായി ഉപയോഗിക്കാൻ കഴിയുന്ന ഒരു ലേഖനം കോൺഗ്രസിന്റെ എംപിയും പാർട്ടിയിൽ പദവി വഹിക്കുന്നയാളുമായ ശശി തരൂർ പ്രസിദ്ധപ്പെടുത്തിയത് ശരിയോ എന്ന ചോദ്യം അവശേഷിക്കുന്നു.
ഭരണം കിട്ടുമ്പോൾ മുതലാളിത്തം, ഭരണം നഷ്ടപ്പെടുമ്പോൾ വിപ്‌ളവം എന്നതാണ് സി.പി.എമ്മിന്റെ നയം എന്ന അപകീർത്തികരവും നിഷേധിക്കേണ്ടതുമായ ചിന്ത തരൂർ അവതരിപ്പിക്കുന്നുണ്ട്. മുതലാളിത്തത്തെ ആശ്‌ളേഷിക്കുന്നതുകൊണ്ടാണ് അവകാശപ്പെടുന്ന പുരോഗതി ഉണ്ടാക്കാൻ കഴിഞ്ഞതെന്ന പ്രസ്താവനയ്ക്കാണ് പാർട്ടിയുടെ പ്രതികരണം ആവശ്യമായുള്ളത്. പ്രശംസ സ്വീകരിക്കുമ്പോൾ വിമർശം ഉൾക്കൊള്ളുകയും വേണം. പ്രശംസ കെണിയാണെന്ന മുന്നറിയിപ്പ് ഇഎംഎസ് പണ്ടേ നൽകിയിട്ടുണ്ട്. മനോരമയുടെ പ്രശംസയുടെ പശ്ചാത്തലത്തിലാണ് അദ്ദേഹം അപ്രകാരം പറഞ്ഞത്.
ഡോ.സെബാസ്റ്റ്യൻ പോൾ
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1