ഓസിനു കിട്ടിയാൽ പാഷാണവും വേണ്ടെന്നു വയ്ക്കാത്ത സ്വഭാവം ചില മലയാളികൾക്കുണ്ടെന്നു പറയാറുണ്ട്. സൗജന്യങ്ങളൊക്കെ നമുക്കു പ്രിയങ്കരമാണ്. പണമുള്ളവർക്കാണ് കൂടുതൽ ആർത്തി. പാവപ്പെട്ടവരെ പാട്ടിലാക്കാൻ പല സൗജന്യങ്ങളും സഹായകമാകാറുണ്ട്. തമിഴ്‌നാട്ടിലെ രാഷ്ട്രീയക്കാർ അതു വളരെ വിജയകരമായി പരീക്ഷിച്ചിട്ടുണ്ട്. സാക്ഷര കേരളത്തിലാവട്ടെ ഒരു പൊതുതെരഞ്ഞെടുപ്പു വിജയത്തെപ്പോലും സൗജന്യ ഭക്ഷ്യകിറ്റ് സ്വാധീനിച്ച കാര്യം മറക്കാറായിട്ടില്ല.
സൗജന്യം വാങ്ങിയെടുക്കുന്നതിനോടൊപ്പം തന്നെ തട്ടിപ്പു നടത്താനും മലയാളികൾ മോശക്കാരല്ല. ദിവസേനയെന്നോണം അത്തരം കഥകൾ നാം കേൾക്കാറുണ്ട്. ആടു തേക്കു മാഞ്ചിയം മുതൽ തട്ടിപ്പിന്റെ വൈവിധ്യമാർന്ന കഥകൾ ഏറെയുണ്ട്. പെട്ടെന്നു പണമുണ്ടാക്കാനുള്ള വ്യഗ്രതയാണ് ഇതിനെല്ലാം പിന്നിൽ. ഉത്സവപ്പറമ്പുകളിൽ ഒന്നു വച്ചാൽ രണ്ടു കിട്ടുന്ന കുലുക്കിക്കുത്തുകാരെ കണ്ടു വളർന്ന തലമുറ മാത്രമല്ല ന്യൂജെൻ തലമുറയും ഇതിനെല്ലാം തലവച്ചു കൊടുക്കുന്നു. പെൻഷൻ പറ്റുമ്പോൾ കിട്ടുന്ന പണം ചില തട്ടിപ്പു പദ്ധതികളിൽ നിക്ഷേപിച്ച് വെട്ടിലായവരുമുണ്ട്. വിശ്വാസ്യതയ്ക്കു പേരുകേട്ട ചില സ്ഥാപനങ്ങളും പലരെയും പറ്റിച്ചിട്ടുണ്ട്. എത്ര അനുഭവങ്ങളുണ്ടായാലും നാം ഒന്നും പഠിക്കുകയുമില്ല. തട്ടിപ്പ് അവിടെ നിൽക്കട്ടെ, പിച്ചച്ചട്ടിയിൽ കൈയിട്ടു വാരുന്നവരുടെ കാര്യമാണ് അതിലേറെ കഷ്ടം.
പൊതുവേ ഇല്ലായ്മക്കാരോട് കരുണാർദ്ര മനസുള്ളവരാണ് മലയാളി. അതുകൊണ്ടാണല്ലോ നമ്മുടെ തെരുവുകളിൽ ഭിക്ഷാടന മാഫിയ ഇന്നും സജീവമായിട്ടുള്ളത്. ദിവസേന ആയിരം രൂപയും അതിലധികവും വരുമാനം ഉണ്ടാക്കുന്ന ഭിക്ഷാടന മാഫിയ അംഗങ്ങളെക്കുറിച്ച് അടുത്തകാലത്ത് ഒരു ലോക്കോ പൈലറ്റ് ഇട്ട ഫേസ്ബുക്ക് പോസ്റ്റ് വൈറലായിരുന്നു. ദാരിദ്ര്യം അനുഭവിക്കുന്നവരെ മാത്രമല്ല, അത് അഭിനയിക്കുന്നവരെ കണ്ടാലും ചിലർക്ക് മനസലിയും. അതു മുതലെടുക്കാനുള്ള വഴികൾ അറിയാവുന്നവർ അതിനനുസരിച്ച് നമ്പറുകൾ ഇടും.
കോടിക്കണക്കിനു രൂപ അനായാസം കബളിപ്പിച്ചെടുക്കുന്ന സംഭവങ്ങൾ കേൾക്കുന്നവർക്ക് അമ്പരപ്പും അത്ഭുതവും തോന്നാം. എവിടെ നിന്നാണ് ഇവർക്ക് ഇത്രയേറെ പണം എന്നതു മറ്റൊരു വിഷയം. കള്ളപ്പണം മാത്രമല്ല കഞ്ഞികുടിക്കാതെ കരുതിവച്ച പണവും തട്ടിയെടുക്കുന്നവരുണ്ട്. വെർച്വൽ അറസ്‌റ്റെന്ന ഭീഷണി ഉയർത്തി അടുത്തനാളിലാണ് എറണാകുളം കാക്കനാട്ടുള്ള ഒരു റിട്ടയേഡ് കോളജ് അധ്യാപികയിൽനിന്നു മലപ്പുറം സ്വദേശികളായ രണ്ടു ചെറുപ്പക്കാർ നാലു കോടിയിലേറെ രൂപ തട്ടിയെടുത്തത്. 21ഉം 22ഉം വയസുമാത്രം പ്രായമുള്ള ന്യൂജെൻ തട്ടിപ്പുകാരാണിവർ. ഒരു മാസത്തിനുശേഷം കൊച്ചി സിറ്റി ക്രൈം പോലീസ് ഇവരെ പിടികൂടി.
ഡൽഹി പോലീസ് ചമഞ്ഞായിരുന്നു തട്ടിപ്പ്. അധ്യാപികയുടെ പേരിൽ സന്ദീപ്കുമാർ എന്നൊരാൾ ഡൽഹിയിലെ ഒരു ബാങ്കിൽ അക്കൗണ്ട് എടുത്തിട്ടുണ്ടെന്നും അതിലൂടെ നിയമവിരുദ്ധ ഇടപാടുകളും ലഹരിക്കച്ചവടവും നടത്തിയിട്ടുണ്ടെന്നുമായിരുന്നു തട്ടിപ്പുകാർ അധ്യാപികയോടു പറഞ്ഞത്. വീഡിയോ കോളിൽ പോലീസ് വേഷത്തിൽ അവർ പ്രത്യക്ഷപ്പെടുകയും ചെയ്തു. അധ്യാപികയുടെ പേരിലുള്ള മറ്റ് അക്കൗണ്ടുകൾ കൂടി പരിശോധിക്കണമെന്നും നിയമപ്രകാരമുള്ള പണമാണെങ്കിൽ തിരിച്ചുകിട്ടുമെന്നുമൊക്കെ പറഞ്ഞു. ഇതു വിശ്വസിച്ച് വീട്ടമ്മ ബാങ്ക് വിവരങ്ങൾ കൈമാറി. ഏതായാലും ഒക്ടോബർ മാസത്തിലെ അഞ്ചു ദിവസം കൊണ്ട് അധ്യാപിക എസ്ബിഐയിലുള്ള തന്റെ മൂന്ന് അക്കൗണ്ടുകളിൽനിന്ന് 4,22,900,94 രൂപ തട്ടിപ്പുകാർ ആവശ്യപ്പെട്ട അക്കൗണ്ടുകളിലേക്കു ഓൺ ലൈനിലൂടെ കൈമാറി. നാനൂറിലേറെ അക്കൗണ്ടുകൾ വഴി മൂന്നു കോടിയോളം രൂപ പെട്ടെന്നു തന്നെ പിൻവലിക്കുകയും ചെയ്തു.
പിടിയിലായ ചെറുപ്പക്കാർ വലിയൊരു തട്ടിപ്പു സംഘത്തിന്റെ ഏജന്റുമാരാണെന്നും കമ്മീഷൻ വ്യവസ്ഥയിലാണ് അവർക്ക് പ്രതിഫലം നൽകുന്നതെന്നും പറയപ്പെടുന്നു. തങ്ങളുടെ പ്രായത്തിലുള്ള ഒട്ടേറെപ്പേർ ഓൺലൈൻ തട്ടിപ്പു സംഘത്തിലുണ്ടെന്നു പ്രതികൾ പോലീസിനോടു പറഞ്ഞിട്ടുണ്ട്.
അമ്പലപ്പുഴ എംഎൽഎ എച്ച്. സലാം, മുൻ എംഎൽഎ രാജു എബ്രഹാം എന്നിവരുടെ പി.എ ആയിരുന്ന റി്ട്ടയേഡ് ഗസറ്റഡ് ഓഫീസറുടെ വാട്‌സാപ് ഹാക്ക് ചെയ്ത് ഏഴു ലക്ഷം രൂപയാണ് ഈയിടെ തട്ടിയെടുത്തത്. ഇദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ട് പ്രവർത്തനരഹിതമായെന്നും അക്കൗണ്ട് പുതുക്കാൻ പിൻ നമ്പരും ആധാർ നമ്പരും മറ്റും നൽകണമെന്നു കാണിച്ച് കഴിഞ്ഞ മാസം മൊബൈലിൽ ഒരു സന്ദേശം വന്നിരുന്നു. അതനുസരിച്ച് വിവരങ്ങൾ എല്ലാം നൽകി. അടുത്ത ദിവസം തന്നെ മിനിറ്റുകളുടെ വ്യത്യാസത്തിൽ ഏഴു ലക്ഷം രൂപയും പിൻവലിച്ചു.
കോട്ടയം തോട്ടയ്ക്കാട്ടുള്ള കെട്ടിടനിർമ്മാണക്കരാറുകാരനു നഷ്ടമായത് 19 ലക്ഷം രൂപയാണ്. പേരുകേട്ടൊരു സ്റ്റീൽ നിർമാണ കമ്പനിയുടെ പേരിലായിരുന്നു ഓൺലൈൻ തട്ടിപ്പ്. നവംബർ ആദ്യവാരമാണ് കരാറുകാരൻ കമ്പനിയുടെ വിവരങ്ങൾ ഓൺലൈനിൽ തിരഞ്ഞത്. അതിൽനിന്നു കിട്ടിയ വിലാസത്തിൽ ബന്ധപ്പെട്ടു. 15 ടൺ കമ്പിക്കും മറ്റു ചില സാധനങ്ങൾക്കും ഓർഡർ നൽകി. വിലവിവരങ്ങളൊക്കെ കമ്പനി ലറ്റർ പാഡിൽ വിശദമായി വിശ്വാസ്യത തോന്നിക്കുംവിധം കരാറുകാരന് വാട്‌സാപ്പിൽ ലഭിച്ചു. ജിഎസ്ടി നമ്പർ വരെ ഇട്ടായിരുന്നു ബില്ല്. പിന്നെ എങ്ങിനെ സംശയിക്കും.
കരാറുകാരൻ ഇത് ഒരു ചാർട്ടേഡ് അക്കൗണ്ടന്റിനെക്കൊണ്ടു പരിശോധിപ്പിക്കുകയും ചെയ്തിരുന്നു. ലോഡ് എത്തിക്കുന്നതിനു മുന്നോടിയായി പാലക്കാട്ടെ ബാങ്കിലേക്ക് എട്ടു ലക്ഷം രൂപ ഓൺലൈനായി അടച്ചു. പിറ്റെ ദിവസം ലോഡ് എത്തുമെന്നായിരുന്നു അറിയിപ്പ്. ലോഡിലെ വിശദവിവരങ്ങൾ വിളിച്ചറിയിച്ചതിനെത്തുർന്നു വീണ്ടും പണം ആവശ്യപ്പെട്ടു. അതും അയച്ചുകൊടുത്തു. പക്ഷേ ലോഡ് മാത്രം എത്തിയില്ല. കാത്തിരുന്നു മടുത്തപ്പോഴാണ് സംഗതി തട്ടിപ്പാണെന്നു മനസിലായത്. കരാറുകാരൻ വാകത്താനം പോലീസിൽ പരാതി കൊടുത്തു. അവർ അതു ജില്ലാ സൈബർ സെല്ലിനു കൈമാറിയിട്ടുണ്ട്. സമർഥമായ അന്വേഷണത്തിലൂടെ മാത്രമേ ഇത്തരം തട്ടിപ്പുകൾ പിടികൂടാനാവൂ. അതിനുള്ള സാമർഥ്യമൊന്നും കേരള പോലീസിനു നഷ്ടമായിട്ടില്ല.
കണ്ണൂർ വളപട്ടണം മന്നയിൽ അരിവ്യാപാരിയുടെ വീടു കുത്തിത്തുറന്ന് ഒരു കോടിയിലേറെ രൂപയും മൂന്നൂറോളം പവൻ സ്വർണവും കവർന്നയാളെ കൈയോടെ പിടികൂടിയിരുന്നു. അരിവ്യാപാരി അഷ്‌റഫിന്റെ അയൽവാസി തന്നെയായിരുന്നു പ്രതി ലിജീഷ്. സിസിടിവി ദൃശ്യങ്ങളാണു മോഷ്ടാവിനെ കണ്ടെത്താൻ സഹായകമായത്.
ഉപതെരഞ്ഞുടുപ്പ കാലത്ത് പാലക്കാട്ടെ പ്രമുഖ ഹോട്ടലിൽ നീല ട്രോളി ബാഗിൽ കോൺഗ്രസുകാർ പണവുമായി എത്തിയെന്ന വാർത്ത എന്തൊക്കെ കോലാഹലമുണ്ടാക്കി. ആരോ നൽകിയ വിവരത്തിന്റെ പേരിൽ പോലീസ് പാതിരായ്ക്കു ചാടിപ്പുറപ്പെട്ട് വനിതാ നേതാക്കളുടെ മുറിയിലെത്തി പരിശോധന നടത്തി. വീറുള്ള നേതാക്കൾ വെറുതെ വിടുമോ. വനിതാ പോലീസ് വന്നാലേ റെയ്ഡ് അനുവദിക്കൂ എന്നായി മുൻ എംഎൽഎ കൂടിയായ ഷാനിമോൾ ഉസ്മാൻ. മുറിയിൽനിന്ന് എന്താണു കണ്ടെടുത്ത കാര്യം എഴുതിക്കൊടുക്കാൻ പറഞ്ഞു. ഒന്നും കിട്ടിയില്ലെന്ന് എഴുതിക്കൊടുത്തു. പിന്നീടുള്ള ദിവസങ്ങളിലും ഇതിന്റ പുകിൽ തുടർന്നു.
മന്ത്രിമാർ ഉൾപ്പെടെ നീല ട്രോളിയിലെ ഉള്ളടക്കത്തെക്കുറിച്ചു കഥകൾ മെനഞ്ഞു. ട്രോളി വിവാദം പിന്നീട് അലിഞ്ഞലിഞ്ഞ് ഇല്ലാതായി. വിവരമുള്ള ചില നേതാക്കൾ ഇത്തരം ചീപ്പ് ഐറ്റങ്ങളുമായി ഇറങ്ങിയവരെ കണക്കിനു ശകാരിച്ചു. അവസാനം പോലീസും ട്രോളി ബാഗിനെ വിട്ടു. ട്രോളി ബാഗിൽ പണം കടത്തിയതിനു തെളിവില്ലെന്നും തുടരന്വേഷണത്തിനു സാധ്യതയില്ലെന്നും സ്‌പെഷൻ ബ്രാഞ്ച് ഡിവൈഎസ്പി ജില്ലാ പോലീസ് മേധാവിക്കു റിപ്പോർട്ട് നൽകിയിരിക്കുകയാണ്. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പെരിന്തൽമണ്ണയിൽ ഇടതു സ്വതന്ത്രനായി മത്സരിച്ചയാളുടെയായിരുന്നു ട്രോളി ബാഗ് നാടകം നടന്ന ഈ ഹോട്ടൽ.
കോടികളുടെ വെട്ടിപ്പും തട്ടിപ്പും ഇങ്ങനെ പൊടിപൊടിക്കുമ്പോഴാണ് ക്ഷേമ പെൻഷൻ തട്ടിപ്പിന്റെ കഥ പുറത്തുവരുന്നത്. സംസ്ഥാനത്ത് 62 ലക്ഷം പേരാണ് പ്രതിമാസം 1600 രൂപ പ്രകാരമുള്ള ഈ ക്ഷേമ പെൻഷൻ കൈപ്പറ്റുന്നത്. അതിൽ എത്രപേർ അതിന് അർഹതയുള്ളവരുണ്ടെന്നു പണ്ടേ പലർക്കും സംശയമുണ്ടായിരുന്നു. ക്ഷേമപെൻഷൻ കൈക്കലാക്കുന്ന ചില വിദ്വാന്മാരുടെ വരുമാനവും ചുറ്റുപാടും കേട്ടാൽ ആരും ഞെട്ടും. ബിഎംഡബ്ലിയു കാർ ഉള്ളവരും ഇക്കൂട്ടത്തിലുണ്ട്.
രണ്ടു ഗവൺമെന്റ് കോളേജ് അധ്യാപകരും ഗസറ്റഡ് ഉദ്യോഗസ്ഥരുമുൾപ്പെടെ ആയിരത്തിലേറെ പേരുടെ പട്ടിക ഇപ്പോൾ വന്നിട്ടുണ്ട്. പട്ടിക ഇനിയും നീളാനും ഇടയുണ്ട്. പക്ഷേ ഈ പാവങ്ങളുടെ പേരു പറയാൻ സർക്കാരിനു വൈമുഖ്യം. വകുപ്പുതലത്തിൽ അതൊക്കെ കൈകാര്യം ചെയ്യുമെന്നു മന്ത്രി. അല്ലെങ്കിലും പല കേസുകളിലും ഇപ്പോൾ പാർട്ടിക്കോടതിയുടെ അന്വേഷണം മാത്രം മതിയല്ലോ. വെറുതെ വിടാനും വധശിക്ഷപോലും നടപ്പാക്കാനുമൊക്കെ ആ കോടതിക്കാണല്ലോ അധികാരം. അതൊക്കെ വേണ്ടവിധം നടപ്പാക്കുന്നുമുണ്ട്.
കട്ടെടുക്കുന്നവരെയും കൈയിട്ടു വാരുന്നവരെയും ഒരു പോലെ കാണാനാവുമോ? മോഷണം ചിലർക്കു കുലത്തൊഴിലാണ്. ഭവനഭേദനം പോലെ കഷ്ടപ്പെട്ടു കവർച്ചകൾ നടത്തുന്നവരെ പിടികൂടാൻ പോലീസിനു കഴിഞ്ഞേക്കും. പക്ഷേ പഠിച്ച കള്ളന്മാർ പലരും പുറത്താണ്. അവർക്കു നാടൻ കള്ളന്റെ പ്രവർത്തനരീതി ആവില്ല. പുറമേ മാന്യത നടിച്ച് അവർ ഖജനാവു വരെ അടിച്ചു മാറ്റും. പുരക്കരവും വ്‌സ്തുക്കരവും മാത്രമല്ല,, പകലന്തിയോളം പണി ചെയ്ത് കി്ട്ടുന്ന പണം ബെവ്‌കോയിലും ലോട്ടറിക്കടയിലും കൊടുത്ത് അതുവഴി ഖജനാവിൽ എത്തിക്കുന്ന സാധാരണക്കാരുടെയും ചില്ലിക്കാശുകൾ ചെന്നു ചേരുന്ന ഖജനാവിലെ പണം ധൂർത്തടിക്കുകയും കബളിപ്പിച്ചു കൈവശപ്പെടുത്തുകയും ചെയ്യുന്നവരെ എന്താണ് ചെയ്യേണ്ടത്.
കള്ളപ്പണവും പൂഴ്ത്തിവച്ച സമ്പത്തും കവരുമ്പോഴും വീട്ടിൽ അട്ടികെട്ടി വച്ചിരിക്കുന്ന അഞ്ഞൂറിന്റെ നോട്ടുകെട്ടുകളും നൂറു കണക്കിനു പവൻ സ്വർണവും മോഷ്ടിക്കുമ്പോഴും കാണാത്ത ആശങ്ക ക്ഷേമപെൻഷൻ കൈയിട്ടുവാരുന്നവരെ കാണുമ്പോൾ ഉണ്ടാകും. ഏതു തട്ടിപ്പും തട്ടിപ്പു തന്നെ. പക്ഷേ പാവപ്പെട്ടവന്റെ പിച്ചച്ചട്ടിയിൽ കൈയിട്ടു വാരുന്നവരെ വെറുതെ വിടാമോ
സെർജി ആന്റണി
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1