രാജീവ് ഗാന്ധി മധ്യാനത്തിൽ ഒരു അസ്തമയം

JUNE 13, 2024, 12:32 PM

1991ലെ പൊതുതെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഏറ്റവും മുന്നിലുണ്ടായിരുന്ന താരം ട്രാക്കിൽ തന്നെ ക്രൂരമായി തടഞ്ഞുനിർത്തപ്പെട്ടു. കോൺഗ്രസ് ഐ നേതാക്കളായ ജയന്തി നടരാജനും മൂപ്പനാരുമാണ് രാജീവ് ഗാന്ധിയെ തിരിച്ചറിഞ്ഞത്. ഒരു പോലീസുകാരനും മൂപ്പനാരും രാജീവ് ഗാന്ധിക്ക് ജീവനുണ്ടോ എന്നറിയാൻ തൊട്ടുനോക്കി. പക്ഷേ പെട്ടെന്ന് അവർ മരവിച്ചു നിന്നുപോയി. എവിടെ തൊട്ടാലും കൈയിൽ രക്തവും മാംസവും ഒട്ടിപ്പിടിക്കുമായിരുന്നു.

മരവിച്ച മനസ്സുമായി ഉമ്മൻചാണ്ടി എത്ര നേരമിരുന്നുവെന്ന് അറിയില്ല. നെഞ്ച് പിടയുന്ന ആ മരണവാർത്ത എത്രപെട്ടെന്നാണ് തന്നെ ശൂന്യതയുടെ ആഴങ്ങളിലേക്ക് വലിച്ചിട്ടത്. മദ്രാസിൽ നിന്നും 45കി.മി. ദൂരത്ത് ശ്രീപെരുംപുത്തൂരിൽ തെരഞ്ഞെടുപ്പു പ്രചാരണത്തിനെത്തിയ രാജിവ് ഗാന്ധി ചാവേർ ആക്രമണത്തിൽ രക്തസാക്ഷിയായിരിക്കുന്നു. രാജ്യം ഉറ്റുനോക്കിയിരുന്ന ഒരു നേതാവിന്റെ അസ്തമയം..! പ്രതീക്ഷയുടെ വെള്ളിനക്ഷത്രം പൊലിഞ്ഞിരിക്കുന്നു.

നിരന്തരമായി ദുരന്തങ്ങൾ അനുഭവിക്കുന്ന സമൂഹമാണ് ഇന്ത്യ. ഒരു ആഘാതത്തെ അതിജീവിച്ച് മറ്റൊരു ആഘാതത്തിന്റെ മുന്നിൽ ചെന്ന് വീഴുന്ന സമൂഹം. ജീവിതത്തിന്റെ സുവർണ്ണ കാലഘട്ടത്തിൽ ഒരു യുവ നേതാവിനുണ്ടായ ആകസ്മീക ദുരന്തം മാത്രമല്ല ഇത് രാഷ്ട്രത്തിനു മുഴുവനായി ഉണ്ടായ ആഘാതമാണ്. നെഹ്‌റു ഗാന്ധി കുടുംബ വാഴ്ചയെ ഊന്നുവടി ആക്കി കൊണ്ട് കഴിഞ്ഞ കുറെ കാലങ്ങളായി ഒരു ദശകത്തിൽ നിന്നും മറ്റൊരു ദശകത്തിലേക്ക് മുടന്തി നടക്കുകയായിരുന്ന നമ്മുടെ രാജ്യത്തിന് അപ്രതീക്ഷിതമായി ആ താങ്ങ് നഷ്ടപ്പെടുകയാണ്. കോൺഗ്രസ് പാർട്ടിയുടെ
രക്ഷാകവചവും. ഇന്ത്യയുടെ അസംഖ്യം പ്രശ്‌നങ്ങളിൽ അനായാസം പരിഹരിക്കാൻ കഴിവുള്ള അതുല്യനായ ഒരു നേതാവ് ഒന്നുമായിരുന്നില്ല രാജീവ്. എന്നാൽ കോൺഗ്രസ് ഐ യെ ഒറ്റക്കെട്ടായി നിർത്തിയ ശക്തി അദ്ദേഹമായിരുന്നു എന്ന കാര്യത്തിൽ സംശയമില്ല.

vachakam
vachakam
vachakam

രാജീവ് ഗാന്ധിയുടെ ആ ചുണ്ടുകൾ, പുഞ്ചിരിക്കുന്ന കണ്ണുകൾ... ഒട്ടുമിക്ക ഇന്ത്യാക്കാർക്കും ഇഷ്ടപ്പെട്ട മുഖം. 

കറുത്തു തടിച്ച ആ സ്ത്രീ തന്റെ അരയിൽ ആ ബെൽറ്റ് ബോംബ് അവസാനമായി മുറുക്കിയതോടെ രാജീവ് ഗാന്ധിയുടെ വധം സുനിശ്ചിതമായി കഴിഞ്ഞിരുന്നു. കണ്ണട ധരിച്ച പൊക്കം കുറഞ്ഞ ഇരുണ്ട നിറമുള്ള 35 ഓളം വയസ്സ് തോന്നിക്കുന്ന ആ സ്ത്രീക്ക് ആരുടെയും പ്രത്യേക ശ്രദ്ധയാകർഷിക്കാതെ തമിഴ്‌നാട്ടിലെ ഏതു തെരഞ്ഞെടുപ്പ് യോഗത്തിലും ജനങ്ങളോട്  ഇഴുകിച്ചേർന്നു നിൽക്കാമായിരുന്നു. ഒരു നേരിയ ചേർച്ചക്കേട് മാത്രം. അവർ സൽവാറും കമ്മീസും ആണ് ധരിച്ചിരുന്നത്. പക്ഷേ, തമിഴ്‌നാട്ടിലെ ഒട്ടേറെ സ്ത്രീകൾ സാരി വിട്ട് സൗകര്യപ്രദമായ സൽവാർ കമ്മീസ് ധരിച്ച് തുടങ്ങിയിരിക്കുന്ന കാലം. പ്രത്യേകിച്ചും മദ്രാസിൽ. അതിനാൽ മദ്രാസിൽ നിന്ന് 45 കിലോമീറ്റർ ദൂരം മാത്രമുള്ള  ശ്രീപെരുംപുത്തൂരിൽ എത്തിയ ആ യുവതി സൽവാർ കമ്മീസ് ധരിച്ചിരുന്നു എന്നതുകൊണ്ട് മാത്രം സുരക്ഷാ ഉദ്യോഗസ്ഥന്മാരുടെ നോട്ടപ്പുള്ളി ആകേണ്ട കാര്യമുണ്ടായിരുന്നില്ല.

പക്ഷേ 12 മണിക്കൂറുകൾക്ക് ശേഷം ശരീരത്തിൽ നിന്നും അറ്റുപോയ തലയും രണ്ട് കാലുകളും ആയി രാജ്യത്തെ പരമോന്നതരായ കുറ്റാന്വേഷണ വിദഗ്ധർ ഹീനമായ ഒരു വധത്തിന്റെ കണ്ണികൾ കൂട്ടിച്ചേർക്കാനുള്ള ശ്രമം തുടങ്ങിക്കഴിഞ്ഞിരുന്നു. മനുഷ്യ ബോംബായി പ്രവർത്തിച്ച ആ സ്ത്രീയെ തിരിച്ചറിയാൻ ഡെനിം  വെൽ ക്രോ ബെൽറ്റിന്റെ കഷണങ്ങൾ, ബോംബ് സജ്ജമാക്കുന്ന സ്വച്ചിന്റെ ചില ചിന്നിച്ചിതറിയ കഷണങ്ങൾ. ബാറ്ററി എന്നിവ മാത്രമേ അവരുടെ കൈവശം ഉണ്ടായിരുന്നുള്ളൂ. ഈ രാജ്യവും ചരിത്രം തന്നെയും ഒരിക്കലും മറക്കാൻ ഇടയില്ലാത്ത ഒരു കൃത്യം ആയിരുന്നു ആ സ്ത്രീ നിർവഹിച്ചത്.

vachakam
vachakam
vachakam

മൃതദേഹങ്ങൾ ചിതറിക്കിടക്കുന്ന ഭീകരമായ ആ വേദിയിൽ തന്റെ പൈതൃകം നിലനിർത്തുന്നതിന് വേണ്ടി അവസാനശ്വാസം വരെ പോരാടിയ ആ 46 കാരൻ രക്തത്തിൽ കുളിച്ചുകിടക്കുന്നു. അന്തിമയാത്രയിൽ അദ്ദേഹത്തോടൊപ്പം ഡൽഹി പോലീസ് സബ് ഇൻസ്‌പെക്ടർ രാജീവ് സ്വന്തം സുരക്ഷയിൽ ശ്രദ്ധിക്കുന്നില്ല എന്ന കാര്യം തനിക്കറിയാമെന്ന് അദ്ദേഹം സൂചിപ്പിക്കുകയുണ്ടായി. രാജീവ് ഗാന്ധിക്ക് എന്തെങ്കിലും സംഭവിച്ചാൽ അത് എന്റെ ജഡത്തിനുമേൽ ആയിരിക്കും എന്ന് കൽക്കത്തയിൽ അദ്ദേഹം പത്രക്കാരോട് പറഞ്ഞത് ഓർക്കുന്നു. അദ്ദേഹം ഉൾപ്പെടെ 16 പേരായിരുന്നു ആ ദുർവിധി ഏറ്റുവാങ്ങിയത്. കോൺഗ്രസ് ഐ യുടെ സ്ഥലത്തെ സ്ഥാനാർത്ഥിയും മുതിർന്ന കോൺഗ്രസ് നേതാവുമായ മരഗതം ചന്ദ്രശേഖറും അബോധാവസ്ഥയിൽ അവരോടൊപ്പം കിടക്കുന്നുണ്ടായിരുന്നു.

സംഭവം നടക്കമ്പോൾ ടി.എൻ.സി.ഐ പ്രസിഡന്റ് പി.എ. അരശു നാച്ചിയപ്പൻ രാജീവന് അണിയിക്കാൻ ഷാളുമായി നിൽക്കുകയായിരുന്നു. അദ്ദേഹം വേദിയിൽ എത്താൻ കാത്തുനിന്നു. അപ്പോഴാണ് ആ വലിയ പൊട്ടിത്തെറി ഉണ്ടായത്. തുടർന്ന് രണ്ടു വലിയ മാംസ കഷ്ണങ്ങൾ തന്റെ നേരെപതിച്ചു. സംഭ്രാന്തനായ നാച്ചിയപ്പൻ അലമുറയിട്ടു. തുടർന്ന് വേദി വിട്ടോടി.  സദസ്സിൽ ഉണ്ടായിരുന്നവരിൽ ഭൂരിഭാഗവും അതുതന്നെയാണ് ചെയ്തത.്


vachakam
vachakam
vachakam

അവിടെയുണ്ടായിരുന്ന പോലീസുകാരും തെല്ലുനേരത്തേക്ക് അപ്രത്യക്ഷരായി. ഇനിയും ഒട്ടേറെ ബോംബുകൾ പൊട്ടിത്തെറിക്കാൻ ഉണ്ട് എന്നായിരുന്നു അവരുടെ ഭീതി. ആ ഭീതിയിൽ നിന്നും മുക്തരായ അവർ സ്‌ഫോടനത്തിനും മുമ്പേ രാജീവ് ഗാന്ധി അപകടമേഖല പിന്നിട്ടിരിക്കണേ എന്ന് പ്രാർത്ഥിച്ചു. പക്ഷേ വെള്ള വസ്ത്രം ധരിച്ച ദേഹവും രക്തത്തിൽ കുളിച്ചു കിടക്കുന്നുണ്ടായിരുന്നു. ചിരപരിചിതമായ കഷണ്ടി തലയും അവരെ യാഥാർത്ഥ്യത്തിലേക്ക് കൊണ്ടുവന്നു.

1991 ലെ പൊതുതെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഏറ്റവും മുന്നിലുണ്ടായിരുന്ന താരം ട്രാക്കിൽ തന്നെ ക്രൂരമായി തടഞ്ഞുനിർത്തപ്പെട്ടു എന്നതായിരുന്നു യാഥാർത്ഥ്യം. കോൺഗ്രസ് ഐ നേതാക്കളായ ജയന്തി നടരാജനും മൂപ്പനാരുമാണ് രാജീവിനെ തിരിച്ചറിഞ്ഞത്. ഒരു പോലീസുകാരനും മൂപ്പനാരും രാജീവ് ഗാന്ധിക്ക് ജീവനുണ്ടോ എന്നറിയാൻ തൊട്ടുനോക്കി. പക്ഷേ പെട്ടെന്ന് അവർ മരവിച്ചു നിന്നുപോയി. എവിടെ തൊട്ടാലും കൈയിൽ രക്തവും മാംസവും ഒട്ടിപ്പിടിക്കുമായിരുന്നു എന്നാണ് മൂപ്പനാർ പിന്നെപറഞ്ഞത്.

ചാവേറാക്രമണം നടത്തുക ശ്രീലങ്കൻ തമിഴ് തീവ്രവാദികൾക്ക് പുത്തരിയൊന്നുമല്ല. ശ്രീലങ്കയിൽ പലയിടത്തും മൈനുകൾ കെട്ടിവെച്ച് ഇന്ത്യൻ സൈനിക വാഹനങ്ങളുടെ മുന്നിൽ ചാടി വീഴുന്നതും സ്‌ഫോടക വസ്തുക്കൾ നിറച്ച് വച്ച വഞ്ചികളുമായി സൈനിക ബോട്ടുകളിൽ ഇടിക്കുന്നതും എൽടിടിയുടെ പതിവ് പരിപാടികൾ ആയിരുന്നു. എന്നാൽ അവയെല്ലാം വളരെ അകലെ മറ്റൊരു നാട്ടിലാണ് നടന്നിരുന്നത്.മദ്രാസിൽ നിന്ന് 45 കിലോമീറ്റർ അകലെ ഒരിടത്ത് ഇങ്ങനെ നടക്കുമെന്ന് ആരും കരുതിയിരുന്നില്ല.

സ്‌ഫോടനം കഴിഞ്ഞ് അരമണിക്കൂർ നേരം അവിടെയെങ്ങും സംഭ്രമം  നിറഞ്ഞ അന്തരീക്ഷമായിരുന്നു. പോലീസ് സമനില ഏതാണ്ട് വീണ്ടെടുത്തുകഴിഞ്ഞിരുന്നു.  അപ്പോഴേക്കും കൊലയാളിക്ക് കൂട്ടായി ആരെയെങ്കിലും ഉണ്ടായിരുന്നു എങ്കിൽ അവർക്ക് രക്ഷപ്പെടാനുള്ള അവസരവും ആ സമയത്തിനുള്ളിൽ ഉണ്ടായിരിക്കണം. മൂപ്പനാരും ജയന്തി നടരാജനും അക്ഷരാർത്ഥത്തിൽ തളർന്നിരുന്നു പോയി.

രാജീവ് ഗാന്ധിയുടെ സഹായിയും സുഹൃത്തുമായ സുമൻ ദുബൈ പതറിപ്പോയെങ്കിലും ഉടൻതന്നെ കർത്തവ്യ നിരുതനായി. എന്താണ് സംഭവിച്ചത് എന്നറിയാൻ മുന്നോട്ടു കുതിച്ചു. രാജീവിന്റെ ജഡം അല്ലെങ്കിൽ ജഡത്തിന്റെ അവശേഷിക്കുന്ന ഭാഗങ്ങൾ പെറുക്കിയെടുത്ത് ഉടൻ തന്നെ ഒരു ആംബുലൻസിലാക്കി മദ്രാസിനെ ലക്ഷ്യമാക്കി പാഞ്ഞു.

രാത്രിയിൽ പതിവുപോലെ തെരുവുകളിൽ ചുറ്റിയിരുന്ന ചെറിയ സംഘം പോലീസുകാർ വളരെ പെട്ടെന്ന് നഗരം സജീവമാകുന്നത് അതിശയത്തോടെയാണ് നോക്കിയത്. ചുവന്ന വിളക്കുകൾ കത്തിച്ചു സയറൺ മുഴക്കി മിന്നൽ പോലെ പായുന്ന  പോലീസ് വാഹനങ്ങൾ കണ്ട് അവർ അമ്പരന്നു നിന്നു.

ഏതാണ്ട് 2000 കിലോമീറ്റർ അകലെ രാഷ്ട്രപതി ഭവനിലേക്കുള്ള വിശാലമായ പാതയോരത്ത് കാവൽ നിൽക്കുന്ന സൈനികരും വിഐപി വാഹനങ്ങളുടെ  അതിവേഗത്തിലുള്ള ഓട്ടം കണ്ട് അമ്പരന്നു.   പാർക്കിംഗ് ഏരിയയിൽ വെള്ള അംബാസിഡർ കാറുകൾ നിറഞ്ഞു. രാജ്യത്തെ അത്യുന്നതരായ ബ്യൂറോക്രാറ്റുകൾ അടിയന്തര സ്ഥിതി വിശേഷങ്ങൾ നേരിടാൻ യോഗം ചേർന്നു.

സമ്മേളന സ്ഥലമായ ക്യാബിനറ്റ് സെക്രട്ടറിയുടെ മുറി. രാത്രി 10:50ന് ഊണ് കഴിച്ചു കൊണ്ടിരിക്കുമ്പോൾ നിർത്താതെ ബെല്ലടി കേട്ടാണ് ഹോം സെക്രട്ടറി ആർ.കെ. ഭാർഗവ ഫോണെടുത്തത്. ആഭ്യന്തരവകുപ്പിലെ ഒരു ഉദ്യോഗസ്ഥനായിരുന്നു അങ്ങെതലയ്ക്കൽ. ഒരു ബോംബ് സ്‌ഫോടനം ഉണ്ടായിട്ടുണ്ടെന്ന് സ്ഥിരീകരിക്കാത്ത വാർത്ത അയാൾ അദ്ദേഹത്തെ അറിയിച്ചു.

20 മിനിറ്റുകൾക്ക് ശേഷം സ്ഥിരീകരണം വന്നു. അതേ സമയത്ത് തന്നെ ഒറീസയിലായിരുന്ന പ്രധാനമന്ത്രി ചന്ദ്രശേഖറും റാഞ്ചിയിലായിരുന്ന ആഭ്യന്തര സഹമന്ത്രി സബോധ് സഹായിക്കും ബോംബ് സ്‌ഫോടനത്തിന്റെ വിവരം കിട്ടി. അപ്പോഴേക്കും ക്യാബിനറ്റ് സെക്രട്ടറി, ഐ.ബി. ഡയറക്ടർ റോമേധാവി എന്നിവരുമായും ഭാർഗവ സംസാരിച്ചു കഴിഞ്ഞിരുന്നു. അവരെല്ലാം ക്യാബിനറ്റ് സെക്രട്ടറിയേറ്റിലേക്ക് കുതിച്ചു. പ്രതിരോധ വകുപ്പ് സെക്രട്ടറിയും സേനാമേധാവിയും അവർക്ക് പിന്നാലെ വന്നു.

1984 നവംബറിലെ അക്രമങ്ങൾ എല്ലാവരുടെയും ഓർമ്മയിൽ ഉണ്ടായിരുന്നു. രാജ്യത്തെങ്ങും വൻതോതിൽ കലാപം ഉണ്ടാകാനുള്ള സാധ്യത ആരും തള്ളിക്കളഞ്ഞില്ല. മാത്രമല്ല അടുത്ത ദിവസം രാവിലെ വരെ തീവ്രവാദികൾക്ക് ഇതിൽ പങ്കുണ്ടോ ഇല്ലയോ എന്ന കാര്യവും വ്യക്തമായിരുന്നില്ല.

ഏറെ ദാരുണമായ കൊലപാതക വാർത്തയും കേട്ടുകൊണ്ടാണ് മെയ് 22ന് രാഷ്ട്രം ഉണർന്നത് അതോടെ ചോദ്യങ്ങളും ഉയർന്നുവന്നു. ആരാണ് അദ്ദേഹത്തെ കൊല ചെയ്തത് എന്തിനുവേണ്ടി അദ്ദേഹം അധികാരത്തിലുള്ള സമയം പോലും ആയിരുന്നില്ല. പെട്ടെന്നുള്ള പ്രകോപനത്തിന് യാതൊരു കാരണവുമില്ലായിരുന്നു. ആദ്യം തികച്ചും അവിശ്വസനീയമായി തോന്നിയെങ്കിലും രാഷ്ട്രത്തിന് ദുഃഖത്തോടും നിരാശയോടും കൂടി ആ ദുരന്തം ഉൾക്കൊള്ളേണ്ടിവന്നു. രാജീവ് ഗാന്ധിയുടെ യോഗ സ്ഥലത്ത് ബോംബ് സ്‌ഫോടനം സംഭവിച്ച 15 മിനിറ്റുകൾക്കുള്ളിൽ തന്നെ വിവരം ജൻപഥിലെ പത്താം നമ്പർ വീട്ടിലെത്തി.

വാർത്തയറിഞ്ഞ് അവിടെ ഉണ്ടായിരുന്ന ഉദ്യോഗസ്ഥർ ഞെട്ടി. രാജീവ് ഗാന്ധി കൊല്ലപ്പെട്ട കാര്യം അപ്പോൾ അവർക്ക് ഉറപ്പുണ്ടായിരുന്നില്ല. രാജുവിന്റെ സെക്രട്ടറി രാജീവ് പങ്കെടുത്ത യോഗത്തിൽ ഒരു സ്‌ഫോടനം ഉണ്ടായതായി സോണിയയെ അറിയിച്ചു. വിശാഖപട്ടണത്തിൽ നിന്നും മദ്രാസ് വരെ രാജീവിന്റെ കിംഗ് എയർ വിമാനം പറപ്പിച്ചിരുന്ന വൈമാനികന് ആ ദുരന്ത വാർത്തയുമായി വീണ്ടും തലസ്ഥാനത്തേക്ക് പറക്കേണ്ടി വന്നു. രാജീവ് സ്ഥിരമായി യാത്ര ചെയ്തിരുന്ന വിമാനമായിരുന്നു അത്. അദ്ദേഹത്തിന്റെ പേനയും പുസ്തകങ്ങളും മറ്റും  വീട്ടിൽ തന്നെ ഉണ്ടായിരുന്നു. ഏതാണ്ട് അർദ്ധ രാത്രിയോടെ ജോർജ്, ഫോട്ടോ ദാർ, സതീഷ് ശർമ എന്നിവർ രാജീവിന്റെ മരണവാർത്ത സ്ഥിരീകരിച്ചതായി പ്രിയങ്കയെ അറിയിച്ചു.

പ്രിയങ്കയാണ് സോണിയായെ ആ ദുരന്തവാർത്ത ഏതാണ്ട് രാത്രി 11:55ന് അറിയിച്ചത്. പ്രിയങ്ക തികഞ്ഞ മനസ്സാന്നിധ്യത്തോടെ വീട്ടിലെ ഉത്തരവാദിത്വങ്ങൾ ഏറ്റെടുത്തു. സോണിയയുടെ മുറിയിൽ ആരും പ്രവേശിക്കാതിരിക്കാൻ അവർ ശ്രദ്ധിച്ചു. സ്വന്തം മുറിയിലിരുന്ന് പൊട്ടിക്കരഞ്ഞ സോണിയ കറുത്ത കണ്ണട അണിഞ്ഞ് അല്പം കഴിഞ്ഞാണ് പുറത്തേക്കു വന്നത്. സോണിയ അമേഠിയിൽ നിന്ന് അന്ന് രാവിലെ മടങ്ങി വന്നതേ ഉണ്ടായിരുന്നുള്ളൂ.  തിരക്കുപിടിച്ച പ്രചാരണ പരിപാടിക്ക് ശേഷം അവർ രാജീവ് ഗാന്ധിയുമായി ഫോണിൽ സംസാരിക്കുകയും ചെയ്തിരുന്നു. എല്ലാ ദിവസവും രാത്രിയിൽ എത്ര വൈകിയാലും രാജീവ് ഫോണിൽ ഭാര്യയും മക്കളുമായി സംസാരിക്കുക പതിവായിരുന്നു.

ദുരന്തവാർത്ത അറിഞ്ഞ ഉടനെ സോണിയ മദ്രാസിൽ എത്താൻ ധൃതിപിടിച്ചു. ആ സമയത്ത് രാജീവിന്റെ ശിഥിലമാക്കപ്പെട്ട മൃതദേഹം  തുന്നിക്കെട്ടാൻ മദ്രാസ് ജനറൽ ആശുപത്രിയിൽ ഡോക്ടർമാർ പാടുപെടുകയായിരുന്നു. ജനറൽ ആശുപത്രിയിലെ മോർച്ചറി രജിസ്റ്ററിൽ ഇങ്ങനെ രേഖപ്പെടുത്തിയിരുന്നു. നമ്പർ 390 രാജീവ് ഗാന്ധി. ബോംബ് സ്‌ഫോടനം (പോസ്റ്റ്‌മോർട്ടം) പുലർച്ചെ 1:30 ന് നടന്നു. ഈ ക്രമീകരണങ്ങളിൽ രാജീവ് ഗാന്ധിയുടെ കുടുംബം അസംതൃപ്തി പ്രകടിപ്പിച്ചതിൽ അത്ഭുതമില്ല.

പോസ്റ്റ്‌മോർട്ടം ഹാളിൽ വെറും ഒരു ബൾബ് മാത്രമേ ഉണ്ടായിരുന്നുള്ളൂ ഡോക്ടർമാർക്കു പോലും അമ്പരപ്പുണ്ടാക്കിയ കാര്യം. ജനറൽ ആശുപത്രിയിൽ ദനപഥിലെ പത്താം നമ്പർ വസതിക്ക് മുമ്പിൽ ജനം തടിച്ചു കൂടിയിരുന്നു. ആരാണ് കൊലചെയ്ത് എന്ന് വ്യക്തമായിരുന്നില്ല. അവർ ചന്ദ്രശേഖരനും
വി.പി. സിങ്ങിനും എൽ.കെ. അധ്വാനിക്കും എതിരായ മുദ്രാവാക്യങ്ങൾ മുഴക്കി കൊണ്ടിരുന്നു. സ്ത്രീകൾ ആവട്ടെ വാവിട്ടു കരയുകയായിരുന്നു. അവിടെയെത്തിയ ഫോട്ടോഗ്രാഫർമാരെ ജനം മർദ്ദിച്ചു. പ്രസിഡന്റിന്റെ കാറിനു നേരെ കല്ലെറിഞ്ഞു.

ബി.ജെ.പി ഓഫീസ് കത്തിക്കുക എന്ന് ജനക്കൂട്ടത്തിൽ നിന്ന് ആരോ വിളിച്ചുപറഞ്ഞു. അതോടെ 200 ഓളം വരുന്ന ജനക്കൂട്ടം അശോകാ റോഡിലേക്ക് തിരിഞ്ഞു. വഴിയിൽ രാംവിലാസ് പാസ്വാന്റെ വീട് അവരുടെ ദൃഷ്ടിയിൽ പെട്ടു. അവർ അതിന്റെ ഔട്ട് ഹൗസിന് തീ കൊളുത്തി. വിവരം അറിഞ്ഞ രാജീവിന്റെ വസതിക്കു മുമ്പിൽ എത്തിയ അരുൺ സിംഗ് അരമണിക്കൂർ കാത്തുനിന്നെങ്കിലും അകത്തു കടക്കാനാവാതെ തിരികെ പോകേണ്ടിവന്നു. സുരക്ഷാ ഉദ്യോഗസ്ഥന്മാർക്ക് ആളുകൾ ഉള്ളിലേക്കും പുറത്തേക്കും കടത്തിവിടാൻ വല്ലാത്ത ഭീതി ആയിരുന്നു.

മീനമ്പാക്കം വിമാനത്താവളത്തിലെ പഴയ ടെർമിനലിനു ചുറ്റും ജനം തടിച്ചു കൂടിക്കൊണ്ടിരുന്നു. സാധാരണക്കാർക്ക് പ്രവേശനം വിലക്കിയിരുന്ന ആ കെട്ടിടത്തിലായിരുന്നു അപ്പോൾ രാജീവിന്റെ മൃതദേഹം സൂക്ഷിച്ചിരുന്നത്. സെക്യൂരിറ്റി ഓഫീസർ പി.കെ. ഗുപ്തയുടെയും മൃതദേഹം ഒപ്പമുണ്ടായിരുന്നു. പുലർച്ചെ 4:20ന് പ്രത്യേക വിമാനം മീനമ്പാക്കത്ത് വന്നിറങ്ങി. ആകെ തകർന്നപോയ സോണിയ കരയുന്നുണ്ടായിരുന്നു. പ്രിയങ്കയുടെ കവിളിലൂടെ കണ്ണുനീർ ധാരയായി പ്രവഹിച്ചുകൊണ്ടിരുന്നു. ദീർഘകാല സുഹൃത്തായ സുമൻ ദുബായ് അവരെ കാത്തുനിൽക്കുന്നുണ്ടായിരുന്നു.

ശ്രീപെരുംപുതൂരിലെ അത്യാഹിതം നടക്കുമ്പോൾ അദ്ദേഹം രാജീവിൽ നിന്നും 20 ചുവട് അകലെ മാത്രമായിരുന്നു. സ്‌ഫോടനം കേട്ടപ്പോൾ അദ്ദേഹം അടക്കം എല്ലാവരും ആദ്യം കരുതിയത് പടക്കമായിരിക്കും എന്നാണ് രാജുവിനോടൊപ്പം സഞ്ചരിച്ചിരുന്ന ന്യൂയോർക്ക് ടൈംസിന്റെ ബാർബറ ക്രോസെറ്റെ അത് ബോംബ് ആയിരിക്കാൻ സാധ്യതയുണ്ടെന്ന് പറഞ്ഞപ്പോഴാണ് അദ്ദേഹം ഞെട്ടിപ്പോയത്.

മൃതദേഹങ്ങൾക്കിടയിലൂടെ നടന്ന ദുബൈ തന്റെ സുഹൃത്തിനെ അന്വേഷിക്കുകയായിരുന്നു. രാജീവ് ഗാന്ധി അപകടത്തിൽ കുടുങ്ങാതെ പ്രസംഗവേദിയിൽ എത്തിയിട്ടുണ്ടായിരിക്കും എന്നാണ് അദ്ദേഹം പ്രതീക്ഷിച്ചത്. വേദിയിൽ കാണാതിരുന്നപ്പോൾ സുരക്ഷാഭടന്മാർ രാജീവ് ഗാന്ധിയെ സംഭവസ്ഥലത്തു നിന്നും രക്ഷിച്ചു കൊണ്ടു പോയിരിക്കും എന്ന് കരുതി. പക്ഷേ പിന്നിലേക്ക് തിരിഞ്ഞു നോക്കിയപ്പോൾ രാജ്യസഭാംഗം ജയന്തി നടരാജൻ കുനിഞ്ഞു നോക്കുന്നത് കാണാനിടയായി.

അക്രമത്തിന് ഇരയായി കിടക്കുന്ന രാജീവിന്റെ പിൻ ശിരസ്സും കാലിലെ ഷൂസുകളും അവർ തിരിച്ചറിഞ്ഞ ഉടനെ മൃദദേഹം ഒരു ശവപ്പെട്ടിയിലേക്ക് മാറ്റി. അതിനുശേഷമാണ് വിമാനത്തിൽ കയറ്റിയത്.  സോണിയായും പ്രിയങ്കയും അതിനു സമീപം തന്നെ ഇരുന്നു.  പൊട്ടിക്കരഞ്ഞുകൊണ്ട് ഒരു വെളുത്ത ഹാരം അവർ ഭർത്താവിന്റെ ശവപ്പെട്ടിയിൽ ചാർത്തി. ദുബായും പ്രിയങ്കയും സോണിയായി ആശ്വസിപ്പിക്കാൻ പാടുപെട്ടു വെടിയുണ്ടകൾ തുളച്ചു കയറിയ തന്റെ അമ്മായിയമ്മയുടെ ദേഹം താങ്ങേണ്ടി വന്ന  അവർക്ക് ഇപ്പോൾ വീണ്ടും മറ്റൊരു ദുർവിധി വന്നുചേർന്നു.

(തുടരും)

ജോഷി ജോർജ്

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam