കാർഷിക മേഖലയിൽ കാലാവസ്ഥാ പ്രതിരോധം എന്ന മറപറ്റിയാണ് സ്വകാര്യ മേഖലയുടെ കൃഷി ഗവേഷണത്തിന് കേന്ദ്ര ഫണ്ട് നൽകാനുള്ള നയപരമായ തീരുമാനം. ബജറ്റ് പ്രഖ്യാപനത്തോടെ സ്വകാര്യ കമ്പനികളും പൊതുമേഖലാ ഗവേഷണ സ്ഥാപനങ്ങളും ചേർന്നുള്ള സംയുക്ത ഗവേഷണ പദ്ധതികളും കേന്ദ്ര ഫണ്ട് സ്വീകരിച്ചുള്ള സ്വകാര്യ കാർഷിക ഗവേഷണ പദ്ധതികളും വ്യാപകമാകുമെന്നുറപ്പ്..
ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ നിർമ്മല സീതാരാമൻ ഇടക്കാല ബജറ്റ് അവതരിപ്പിക്കുന്ന വേള, നരേന്ദ്ര മോദിയിൽ അമിത ആത്മവിശ്വാസവും അല്പം അഹന്തയും നിറഞ്ഞുനിൽക്കുന്നത് കാണാമായിരുന്നു. എന്നാലിന്ന് സഖ്യകക്ഷി സമ്മർദ്ദത്തിലാൽ ഞളിപിരി കൊള്ളുന്ന, എങ്ങനേയും അധികാരത്തിൽ കടിച്ചുതൂങ്ങാൻവേണ്ടി പ്രീണനം കലാപരിപാടിയാക്കി നിൽക്കുന്ന മോദിയേയാണ് നമ്മൾ കാണുന്നത്.
ചന്ദ്രബാബു നായിഡുവിനേയും നീതിഷ് കുമാറിനേയും തൃപ്തിപ്പെടുത്താനുള്ള ശ്രമങ്ങൾക്ക് ഇപ്പോഴേ തന്നെ മറ്റുപല കേന്ദ്രങ്ങളിൽ നിന്നും എതിർപ്പു വന്നു കഴിഞ്ഞു. പ്രകൃതി ദുരന്തങ്ങളുമായി ബന്ധപ്പെട്ട് അസം, ഹിമാചൽപ്രദേശ്, സിക്കിം, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളുടെ പേര് ധനമന്ത്രി പറയുന്നുണ്ടായിരുന്നെങ്കിലും അതിനൊന്നും വേണ്ടത്ര ഗൗരവം കൊടുത്തുകണ്ടില്ല.
ഒഡീഷയെ രാജ്യത്തെ ടൂറിസം കേന്ദ്രമാക്കുന്നതിനെക്കുറിച്ചും ധനമന്ത്രി പറഞ്ഞു. ഇതുപോലുള്ള ഞൊടുക്കുവിദ്യകളൊഴിച്ചാൽ ആന്ധ്രക്കും ബീഹാറിനും ലഭിച്ച പരിഗണന മറ്റു സംസ്ഥാനങ്ങൾക്കൊന്നും ലഭിച്ചില്ല. ഇന്ത്യയുടെ സാമ്പത്തിക രംഗം നിർണായകമായ ഒരു ഘട്ടത്തിലാണ്. പാൻഡെമിക്കിന് ശേഷമുള്ള വീണ്ടെടുക്കൽ ഏറെ ശ്രമകരവുമാണ്. ചില മേഖലകളിൽ ഇപ്പോഴും ശക്തമായ പ്രകൃതി ദുരന്തങ്ങൾ തുടരുന്നു. ഇവയ്‌ക്കൊന്നും ശാശ്വത പരിഹാരം കാണുന്നതിൽ ഒട്ടും തന്നെ ശ്രദ്ധ കൊടുക്കാത്ത ഒരു ബജറ്റ്.
കാർഷിക മേഖലയെ കൈയയഞ്ഞു സഹായിക്കുമ്പോൾ അതിൽ ഒരു അപകടവും പതിയിരിപ്പുണ്ടെന്നത് കാണാതെ പോകരുത്. രാജ്യത്തെ കാർഷിക ഗവേഷണ കൗൺസിലിന്റെയും കാർഷിക സർവകലാശാലകളുടെയും കുത്തകയായിരുന്ന കാർഷിക ഗവേഷണത്തിന് കോർപ്പറേറ്റുകൾ ഉൾപ്പെടെയുള്ള സ്വകാര്യ മേഖലയ്ക്ക് ഗവണ്മെന്റ് ഫണ്ട് നൽകാനുള്ള നീക്കം സംശയാസ്പദമാണ്.
ബജറ്റിൽ ഇതു സംബന്ധിച്ച നിർണായക പ്രഖ്യാപനമാണ് നടത്തിയിട്ടുള്ളത്. വിളകളുടെ ഉല്പാദനക്ഷമത വർധിപ്പിക്കുക, കാലാവസ്ഥാ വ്യതിയാനത്തോട് പൊരുതുന്ന വിത്തിനങ്ങൾ വികസിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ രാജ്യത്തെ കാർഷിക ഗവേഷണ വ്യവസ്ഥയെ സമഗ്രമായ വിലയിരുത്തലിനു വിധേയമാക്കും. ഗവേഷണ ഫണ്ട് മത്സരാധിഷ്ഠിതമായി സ്വകാര്യ മേഖലയ്ക്കും അനുവദിക്കുമെന്നും ധനമന്ത്രി പറഞ്ഞു. ഗവണ്മെന്റ് ഫണ്ടോടെയുള്ള കാർഷിക ഗവേഷണത്തിന് മേൽനോട്ടം വഹിക്കാൻ ഗവൺമെന്റിനകത്തും പുറത്തുമുള്ള വിദഗ്ദ സമിതിയെ നിയോഗിക്കും.
കാർഷിക മേഖലയ്ക്ക് മൊത്തം 1.52 ലക്ഷം കോടി രൂപ മാറ്റി വെച്ചിരിക്കുന്ന ബജറ്റിൽ വൻ പദ്ധതി പ്രഖ്യാപനങ്ങളൊന്നുമില്ല. പ്രകൃതി കൃഷി, ഡിജിറ്റൽ കൃഷി തുടങ്ങിയവയുടെ പ്രോത്സാഹനം, എണ്ണക്കുരുക്കൾ, പയറു വർഗങ്ങൾ എന്നിവയ്ക്കു വേണ്ടിയുള്ള മിഷനുകൾ തുടങ്ങി മുൻ ബജറ്റുകളിലെ പദ്ധതികൾ ഈ ബജറ്റിലും ആവർത്തിച്ചിരിക്കുകയാണ്. 10000 ബയോ ഇൻപുട്ട് റിസോഴ്‌സ് സെന്ററുകളുടെ സ്ഥാപനം, സഹകരണ മേഖലയുടെ ശാക്തീകരണം തുടങ്ങിയ മുൻ പദ്ധതികളും ആവർത്തിച്ചിട്ടുണ്ട്. ഇതിനു പുറമേ കാർഷിക മേഖലയ്ക്കു വേണ്ടി ഭാവനാപൂർണമായ പുതിയ പദ്ധതികളൊന്നുമൊട്ടില്ലാതാനും.
കാർഷിക വിളകളുടെ ഉല്പാദനക്ഷമതാ വർധനവിനും കാലാവസ്ഥാ പ്രതിരോധത്തിനുമാണ് ഈ ബജറ്റിൽ മുൻഗണന. 2024 -25ൽ വികസിത ഭാരതം എന്ന ലക്ഷ്യത്തോടെ സർക്കാർ മുൻഗണന നൽകുന്ന ഒമ്പത് മേഖലകളിൽ ആദ്യത്തേതായാണ് ഇത് ബജറ്റിൽ ഇടം പിടിച്ചിട്ടുള്ളത്. ഇതിന്റെ ഭാഗമായി 32 വിളകളിലായി ഉല്പാദനശേഷി കൂടിയതും കാലാവസ്ഥാ പ്രതിരോധ ശേഷിയുള്ളതുമായ 109 പുതിയ വിത്തിനങ്ങൾ പുറത്തിറക്കും. കേന്ദ്ര സർക്കാരിന്റെ 100 ദിന പരിപാടിയുടെ ഭാഗമായി ഇപ്പോൾ തന്നെ ഇത് ചെയ്തു വരുന്നുണ്ട് എന്നത് വേറേകാര്യം..!
കാർഷിക മേഖലയിൽ കാലാവസ്ഥാ പ്രതിരോധം എന്ന മറപറ്റിയാണ് സ്വകാര്യ മേഖലയുടെ കൃഷി ഗവേഷണത്തിന് കേന്ദ്ര ഫണ്ട് നൽകാനുള്ള നയപരമായ തീരുമാനം. കഴിഞ്ഞ ഒരു വർഷമായി ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിൽ വിദേശത്തും സ്വദേശത്തുമുള്ള സ്വകാര്യ കമ്പനികളുമായി പങ്കാളിത്ത ഗവേഷണ കരാറുകളിൽ ഒപ്പിട്ടു വരികയാണ്. ആമസോൺ, സിൻജെന്ത, ബെയർ, ധനുക്ക അഗ്രി ടെക്, കൊറൊമാൻഡൽ ഇന്റർനാഷണൽ തുടങ്ങിയ സ്വകാര്യ കമ്പനികളുമായി ഐസിഎആർ അടുത്തയിടെ പങ്കാളിത്ത കരാറുകളിൽ ഒപ്പിട്ടു. ബജറ്റ് പ്രഖ്യാപനത്തോടെ സ്വകാര്യ കമ്പനികളും പൊതുമേഖലാ ഗവേഷണ സ്ഥാപനങ്ങളും ചേർന്നുള്ള സംയുക്ത ഗവേഷണ പദ്ധതികളും കേന്ദ്ര ഫണ്ട് സ്വീകരിച്ചുള്ള സ്വകാര്യ കാർഷിക ഗവേഷണ പദ്ധതികളും വ്യാപകമാകും.
പ്രകൃതി കൃഷി വ്യാപനവും 10000 ബയോ ഇൻപുട്ട് റിസോഴ്‌സ് സെന്ററുകളുടെ വ്യാപനവും 2022 -23ലെ ബജറ്റിൽ ധനമന്ത്രി പ്രഖ്യാപിച്ചിരുന്ന കാര്യമാണ്. 2024 -25ലെ ബജറ്റിലും ഈ പദ്ധതികൾ വീണ്ടും പ്രഖ്യാപിക്കുന്നു. ഒരു കോടി കർഷകരെ പ്രകൃതി കൃഷിയിലേക്കു കൊണ്ടുവരുമെന്നാണ് കഴിഞ്ഞ ബജറ്റിൽ പറഞ്ഞിരുന്നത്. അതിന്റെ തനിയാവർത്തനമാണിപ്പോൾ നടത്തിയിരിക്കുന്നത്.
തെരഞ്ഞെടുത്ത പഞ്ചായത്തുകളുടെയും ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ സർട്ടിഫിക്കേഷൻ, ബ്രാന്റിംഗ് തുടങ്ങിയവയിൽ പ്രകൃതി കൃഷി നടത്തുന്ന ജൈവകർഷകർക്കാണീ ആനുകൂല്യം ലഭ്യമാകുന്നത്. ആവശ്യാനുസൃതം രാജ്യവ്യാപകമായി പതിനായിരം ബയോ ഇൻപുട് റിസോഴ്‌സ് സെന്ററുകളുടെ ഒരു നെറ്റ്‌വർക്ക് സ്ഥാപിക്കും. ജൈവ കർഷകർക്ക് ആവശ്യമായ സൂക്ഷ്മാണു വളങ്ങൾ, ജൈവവളങ്ങൾ, ജൈവ കീടനാശിനികൾ എന്നിവ ഉല്പാദിപ്പിച്ചു നൽകുന്നതിനാണ് ഈ സെന്ററുകൾ.
ബജറ്റ് പ്രഖ്യാപനത്തോടെ സ്വകാര്യ കമ്പനികളും പൊതുമേഖലാ ഗവേഷണ സ്ഥാപനങ്ങളും ചേർന്നുള്ള സംയുക്ത ഗവേഷണ പദ്ധതികളും കേന്ദ്ര ഫണ്ട് സ്വീകരിച്ചുള്ള സ്വകാര്യ കാർഷിക ഗവേഷണ പദ്ധതികളും വ്യാപകമാകും.
വൻതോതിൽ പ്രകൃതി കൃഷി വ്യാപിപ്പിക്കുന്നത് നെല്ല്, ഗോതമ്പ് തുടങ്ങിയ പ്രമുഖ ഭക്ഷ്യധാന്യ വിളകളുടെ ഉല്പാദനം കുറയ്ക്കുമെന്ന് നബാർഡും ഇന്ത്യൻ കൗൺസിൽ ഫോർ റിസർച്ച് ഓൺ ഇന്റർനാഷണൽ ഇക്കണോമിക് റിലേഷൻസും ചേർന്ന് അടുത്ത കാലത്ത് പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിനു കീഴിലുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഫാമിങ് റിസർച്ച് നടത്തിയ ഏറെ വർഷത്തെ പഠനത്തിൽ പ്രകൃതി കൃഷിയിലൂടെ വളർത്തിയ ഗോതമ്പിന്റെ ഉല്പാദനം 58 ശതമാനവും നെല്ലിന്റെ വിളവ് 32 ശതമാനവും കുറഞ്ഞതായി കണ്ടെത്തി. ശരിയായ നിയമത്തിന്റെ അഭാവത്തിൽ പ്രകൃതി കൃഷി രാജ്യമെമ്പാടും വ്യാപിപ്പിക്കുന്നത് ് കൃഷിക്കാരുടെ വരുമാനത്തെയും രാജ്യത്തിന്റെ ഭക്ഷ്യ സുരക്ഷയെയും ദോഷകരമായി ബാധിക്കുമെന്ന് നബാർഡിന്റെ പഠനത്തിൽ തന്നെ പറയുന്നു. രാജ്യത്തെ ഒരു കോടി കർഷകരെ പ്രകൃതി കൃഷിയിലേക്ക് ആകർഷിക്കുമ്പോൾ ഉല്പാദനക്ഷമതയും കർഷകരുടെ വരുമാനവും എങ്ങനെ വർധിപ്പിക്കുമെന്ന് കേന്ദ്ര ഗവണ്മെന്റ് പറയുന്നുമില്ല.
എണ്ണക്കുരുക്കളിലും പയറു വർഗങ്ങളിലും ആത്മനിർഭരത നേടാൻ 2022ൽ പ്രഖ്യാപിച്ച പദ്ധതികളും ഈ ബജറ്റിൽ ധനമന്ത്രി ആവർത്തിച്ചിട്ടുണ്ട്. കടുക്, നിലക്കടല, എള്ള്, സോയാബീൻ, സൂര്യകാന്തി എന്നീ എണ്ണക്കുരു വിളകളുടെ കൃഷിക്കും സംസ്‌കരണത്തിനുമാണ് ഊന്നൽ. പയറു വർഗങ്ങളുടെ ലോകത്തിലെ ഏറ്റവും വലിയ ഉല്പാദകരും ഉപഭോക്താക്കളും ഇന്ത്യയാണെങ്കിലും രാജ്യം സ്വയംപര്യാപ്തമല്ല. ഏകദേശം 27 ദശലക്ഷം ടണ്ണോളമാണ് ആഭ്യന്തര ഉല്പാദനം. ആഭ്യന്തര ആവശ്യത്തിന്റെ 15 ശതമാനത്തോളം ഇറക്കുമതിയിലൂടെയാണ് നിറവേറ്റുന്നത്. പയറു വർഗങ്ങളെ കൃഷി മിഷൻ മാതൃകയിൽ പ്രോത്സാഹിപ്പിക്കുമെന്നു പറയുന്നു. പ്രധാനപ്പെട്ട ഉപഭോക്തൃ കേന്ദ്രങ്ങളുടെ സമീപം ക്ലസ്റ്റർ അടിസ്ഥാനത്തിൽ പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കും. സംഭരണം, സൂക്ഷിച്ചു വെയ്ക്കൽ, വിപണനം എന്നിവ ഉൾപ്പെടെയുള്ള വിതരണ ശൃംഖല വികസനത്തിന് കർഷകരുടെ ഉല്പാദക സംഘടനകൾ, സഹകരണ സ്ഥാപനങ്ങൾ, അഗ്രി സ്റ്റാർട്ടപ്പുകൾ എന്നിവയ്ക്ക് പ്രോത്സാഹനം നൽകുമെന്നുമാണ് ബജറ്റിൽ പറയുന്നത്.
മൃഗസംരക്ഷണം, ഫിഷറീസ് മേഖലകളിലേക്ക് വൻ പദ്ധതികളൊന്നും ബജറ്റിൽ പ്രഖ്യാപിച്ചിട്ടില്ല. ചെമ്മീൻ കൃഷി പ്രോത്സാഹനമാണ് ഫിഷറീസ് മേഖലയിലെ പ്രധാന പദ്ധതി.
കുറെയേറെക്കാലമായി കാർഷിക വിളകളെക്കാൾ വളർച്ച നേടുന്നത് ഫിഷറീസ്, മൃഗസംരക്ഷണ മേഖലകളാണ്. 2014 -15ൽ കൃഷി അനുബന്ധ മേഖലകളിലെ മൊത്തം മൂല്യ വർധിതത്തിന്റെ (ജിവിഎ) 24.38 ശതമാനമായിരുന്നത് 2022-23ൽ 30.23 ശതമാനമായി ഉയർന്നു. ഇതേ കാലയളവിൽ വിളകളുടെ പങ്ക് ഇടിയുകയാണുണ്ടായത്. എന്നാൽ മൃഗസംരക്ഷണം, ഫിഷറീസ് മേഖലകളിലേക്ക് വൻ പദ്ധതികളൊന്നും ബജറ്റിൽ പ്രഖ്യാപിച്ചിട്ടില്ല. ചെമ്മീൻ കൃഷി പ്രോത്സാഹനമാണ് ഫിഷറീസ് മേഖലയിലെ പ്രധാന പദ്ധതി. ചെമ്മീൻ കൃഷി, സംസ്‌കരണം, കയറ്റുമതി എന്നിവ പ്രോത്സാഹിപ്പിക്കാൻ നബാർഡ് സാമ്പത്തിക സഹായം നൽകും. ചെമ്മീൻ ബ്രൂഡ്‌സ്റ്റോക് പ്രജനനത്തിനു വേണ്ടി ന്യൂക്ലിയസ് പ്രജനന കേന്ദ്രങ്ങളുടെ ശൃംഖല സ്ഥാപിക്കുന്നതിനും സാമ്പത്തിക സഹായം നൽകും. ചെമ്മീൻ, മത്സ്യ തീറ്റകളുടെ ഇറക്കുമതി തീരുവ അഞ്ച് ശതമാനമായി കുറച്ചു. ഇവ തയ്യാറാക്കുന്നതിനു വേണ്ടി ഇറക്കുമതി ചെയ്യുന്ന വിവിധ വസ്തുക്കളുടെ തീരുവ പൂർണമായും ഒഴിവാക്കി.
ഭക്ഷ്യ സബ്‌സിഡി കഴിഞ്ഞ സാമ്പത്തിക വർഷത്തെ പുതുക്കിയ എസ്റ്റമേറ്റായ 212332 കോടി രൂപയിൽ നിന്ന് 205250 കോടി രൂപയായി കുറച്ചു. രാസവള സബ്‌സിഡി 188894 കോടി രൂപയിൽ നിന്ന് 164000 കോടി രൂപയായി കുറഞ്ഞു. സഹകരണ മേഖലയുടെ സമഗ്ര വികസനത്തിനായി ദേശീയ സഹകരണ നയം ആവിഷ്‌ക്കരിക്കുമന്നു പറയുന്നു. ഗ്രാമീണ സമ്പദ് വ്യവസ്ഥയുടെ ത്വരിത വളർച്ചയും തൊഴിലവസരങ്ങൾ സൃഷ്ടിക്കലുമാണ് ലക്ഷ്യം.
2024 -25ലെ ബജറ്റിൽ ഭക്ഷ്യ സബ്‌സിഡിയും രാസവള സബ്‌സിഡിയും വെട്ടിക്കുറച്ചു. ഭക്ഷ്യ സബ്‌സിഡി കഴിഞ്ഞ സാമ്പത്തിക വർഷത്തെ പുതുക്കിയ എസ്റ്റിമേറ്റായ 212332 കോടി രൂപയിൽ നിന്ന് 205 250 കോടി രൂപയായി കുറച്ചു. രാസവള സബ്‌സിഡി 188894 കോടി രൂപയിൽ നിന്ന് 164000 കോടി രൂപയായി കുറഞ്ഞു. രാസവള നിർമാണത്തിനു വേണ്ട അസംസ്‌കൃത വസ്തുക്കളുടെ വിലയിടിവും ദ്രാവക നാനോ വളങ്ങളുടെ വ്യാപനവും പരിഗണിച്ചാണ് രാസവള സബ്‌സിഡി വെട്ടിക്കുറച്ചിരിക്കുന്നതത്രെ..!
2019ലെ പൊതുതിരഞ്ഞെടുപ്പിനു മുമ്പാണ് കർഷകർക്ക് മൂന്ന് തുല്യ ഗഡുക്കളായി 6000 രൂപ കൈമാറുന്ന പ്രധാൻമന്ത്രി കിസാൻ സമ്മാൻ നിധി (പി.എം. കിസാൻ) പ്രഖ്യാപിച്ചത്. പദ്ധതിയുടെ 17-ാം ഗഡു മൂന്നാം വട്ടം അധികാരമേറ്റയുടൻ വാരാണസിയിൽ വെച്ച് പ്രധാനമന്ത്രി കർഷകർക്ക് കൈമാറി. 10 കോടിയിലേറെ ചെറുകിട നാമമാത്ര കർഷകരാണ് പി.എം. കിസാൻ പദ്ധതിയുടെ ഗുണഭോക്താക്കൾ. 3.24 ലക്ഷം കോടി രൂപയാണ് പദ്ധതി പ്രകാരം ഇതുവരെ കർഷകരുടെ അക്കൗണ്ടിലേക്ക് കൈമാറിയത്. കർഷകരുടെ വാർഷിക വരുമാനത്തിന്റെ മുന്നോ നാലോ ശതമാനം മാത്രമാണ് ഇപ്പോൾ കൈമാറുന്ന 6000 രൂപ. കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം ഇരട്ടിയായി. ഗ്രാമീണ ഉപഭോഗം കുത്തനെ ഇടിഞ്ഞു. എന്നാൽ വിത്ത്, വളം, കീടനാശിനി തുടങ്ങിയവയുടെ വില എത്രകണ്ടാണ് ഉയർന്നിരിക്കുന്നത്. പി.എം. കിസാൻ വിഹിതം വർധിപ്പിച്ചേക്കുമെന്ന് കരുതിയെങ്കിലും ഒന്നും നടന്നില്ല.
കർഷകർക്കു നൽകുന്ന താങ്ങുവില (എം.എസ്.പി) പരിഷ്‌കരിക്കാനുള്ള പ്രഖ്യാപനങ്ങളും ബജറ്റിൽ ഇല്ല. കർഷകർക്കു വേണ്ടി ഉയർന്ന താങ്ങുവില കഴിഞ്ഞ മാസം പ്രഖ്യാപിച്ചു എന്നാണ് ബജറ്റിലെ അവകാശവാദം. കഴിഞ്ഞ ഖാരിഫ് സീസണുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ ഖാരിഫ് സീസണിലെ വർധനവ് നാമമാത്രമാണ്. ഡോ.എം.എസ്. സ്വാമിനാഥൻ കമ്മീഷന്റെ ശുപാർശ കർഷകർക്ക് സമഗ്രമായ സി 2 ചെലവും അതിന്റെ 50 ശതമാനവും കുടിച്ചേർന്ന തുക എം.എസ്.പിയായി നിശ്ചയിക്കണമെന്നായിരുന്നു. എല്ലാ വിളകൾക്കും എം.എസ്.എ.പി നൽകാൻ നിയമപരമായ പരിരക്ഷ നൽകണമെന്നും എം.എസ്.പി ഡോ.സ്വാമിനാഥൻ കമ്മീഷന്റെ ശുപാർശ പ്രകാരം നൽകണമെന്നുമാണ് കർഷകരുടെ ദീർഘകാല ആവശ്യം. ഇത് ധനമന്ത്രി അംഗീകരിച്ചിട്ടില്ല.
എമ എൽസ എൽവിൻ
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1