റഷ്യയിലെ നോര്‍ത്ത് കോക്കസസ് റിപ്പബ്ലിക്കായ ഡാഗെസ്താനിലെ ഓര്‍ത്തഡോക്സ് പള്ളികള്‍ക്കും സിനഗോഗിനും പൊലീസ് പോസ്റ്റുകള്‍ക്കും നേരെ ജൂലൈ 23 ന് ഉണ്ടായ ഭീകരാക്രമണത്തില്‍ പുരോഹിതനും പൊലീസ് ഉദ്യോഗസ്ഥരും ഉള്‍പ്പെടെ 20ലധികം പേര്‍ കൊല്ലപ്പെട്ട വാര്‍ത്ത ലോകത്തെ മുഴുവന്‍ വീണ്ടും ഞെട്ടിച്ചിരിക്കുകയാണ്.
തീവ്രവാദ ചരിത്രമുള്ള മുസ്ലീം ഭൂരിപക്ഷ മേഖലയിലാണ് ആക്രമണം നടന്നത് എന്നാണ് റഷ്യന്‍ അധികൃതര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ലോക രാജ്യങ്ങളും സര്‍ക്കാരുകളും തീവ്രവാദ അക്രമം തടയാന്‍ നിരവധി പദ്ധതികള്‍ അവലംബിക്കുമ്പോഴും തീവ്രവാദ ശൃംഖലകളുടെ സങ്കീര്‍ണത വര്‍ധിച്ചു വരികയാണ്.
2019 ലെ ഈസ്റ്റര്‍ ഞായറാഴ്ച ശ്രീലങ്കയില്‍ നടന്ന രക്ത ചൊരിച്ചില്‍ മറക്കാന്‍ എളുപ്പമല്ല. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി, ഫിലിപ്പീന്‍സ്, പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ശ്രീലങ്ക തുടങ്ങി നിരവധി രാജ്യങ്ങള്‍ക്ക് ഭീകരാക്രമണങ്ങള്‍ കനത്ത പ്രഹരങ്ങള്‍ ഏല്‍പ്പിച്ചിട്ടുണ്ട്.
ആരാധനാലയങ്ങളെ ലക്ഷ്യമിട്ട ചില പ്രധാന ഭീകരാക്രമണങ്ങള്‍ പരിശോധിക്കാം :
03.12.2023 (ഫിലിപ്പീന്‍സ്) :
കത്തോലിക്ക സഭയ്ക്ക് നേരെയുണ്ടായ ബോംബാക്രമണത്തില്‍ നാല് പേര്‍ കൊല്ലപ്പെടുകയും ഡസന്‍ കണക്കിന് ആള്‍ക്കാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തെക്കന്‍ ഫിലിപ്പീന്‍സിലെ മറാവിയിലുള്ള മിന്‍ഡനാവോ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയുടെ ജിംനേഷ്യത്തില്‍ പ്രഭാത സര്‍വീസിനിടെയാണ് സ്‌ഫോടനം ഉണ്ടായത്.
04.03.2022 (പാകിസ്ഥാന്‍):
പാക്കിസ്ഥാനിലെ വടക്കുപടിഞ്ഞാറന്‍ നഗരമായ പെഷവാറിലെ ഷിയാ പള്ളിക്കുള്ളില്‍ ചാവേര്‍ സ്‌ഫോടനത്തെ തുടര്‍ന്ന് 60 പേര്‍ കൊല്ലപ്പെടുകയും 200 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ജുമുഅ നമസ്‌കാരത്തിനായി ന്യൂനപക്ഷമായ ഷിയാ സമുദായം ഒത്തുകൂടിയപ്പോഴാണ് ആക്രമണം നടന്നത്.
25.03.2020 (അഫ്ഗാനിസ്ഥാന്‍) :
അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളിലെ ഗുരുദ്വാരയില്‍ തോക്കുധാരികള്‍ നടത്തിയ വെടിവെപ്പില്‍ 25 പേര്‍ കൊല്ലപ്പെട്ടു. ഭീകര സംഘടനയായ ഐഎസ്‌ഐഎസ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു.
21.04.2019 (ശ്രീലങ്ക) :
ഈസ്റ്റര്‍ ഞായറാഴ്ച ശ്രീലങ്കയിലെ മൂന്ന് പള്ളികളും തലസ്ഥാനമായ കൊളംബോയിലെ മൂന്ന് ആഡംബര ഹോട്ടലുകളിലും തീവ്രവാദികളുടെ ചാവേര്‍ സ്ഫോടന പരമ്പര ഉണ്ടായി. അതേ ദിവസം ദെമറ്റഗോഡയിലെ ഒരു ഭവന സമുച്ചയത്തിലും ഡെഹിവാലയിലെ ഗസ്റ്റ് ഹൗസിലും ചെറിയ സ്ഫോടനങ്ങള്‍ നടന്നു. 45-ഓളം വിദേശ പൗരന്മാരും മൂന്ന് പൊലീസ് ഉദ്യോഗസ്ഥരും ഉള്‍പ്പെടെ 251 പേര്‍ കൊല്ലപ്പെടുകയും 500 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പിന്നീട് ഐസ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു.
15.03.2019 (ന്യൂസിലന്‍ഡ്) :
ന്യൂസിലന്‍ഡിലെ ക്രൈസ്റ്റ് ചര്‍ച്ചില്‍ വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്കിടെ രണ്ട് പള്ളികളില്‍ തോക്കുധാരി നടത്തിയ വെടിവെപ്പില്‍ 51 പേര്‍ കൊല്ലപ്പെടുകയും 49 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
27.01.2019 (ഫിലിപ്പീന്‍സ്) :
തെക്കന്‍ ഫിലിപ്പീന്‍സിലെ ജോലോ ദ്വീപിലെ റോമന്‍ കത്തോലിക്ക കത്തീഡ്രലില്‍ കുര്‍ബാനയ്ക്കിടെ രണ്ട് ചാവേര്‍ ആക്രമികള്‍ ബോംബ് സ്ഫോടനം നടത്തി. ആക്രമണത്തില്‍ 23 പേര്‍ കൊല്ലപ്പെടുകയും 100 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
27.10.2018 (യുഎസ്എ) :
പിറ്റ്‌സ്ബര്‍ഗിലെ ട്രീ ഓഫ് ലൈഫ് കോണ്‍ഗ്രിഗേഷന്‍ സിനഗോഗില്‍ തോക്കുധാരി അതിക്രമിച്ച് കയറി വെടിയുതിര്‍ക്കുകയും 11 പേര്‍ കൊല്ലപ്പെടുകയും ചെയ്തു. നാല് പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ആറ് പേര്‍ക്ക് പരിക്കേറ്റു.
24.11.2017 (ഈജിപ്റ്റ്) :
വടക്കന്‍ സിനായില്‍ പള്ളി ആക്രമണത്തില്‍ 311 വിശ്വാസികളെ തീവ്രവാദികള്‍ കൊലപ്പെടുത്തി. ഈജിപ്തിന്റെ ആധുനിക ചരിത്രത്തിലെ ഏറ്റവും മാരകമായ ഭീകരാക്രമണമായിരുന്നു ഇത്.
01.08.2017 (അഫ്ഗാനിസ്ഥാന്‍) :
അഫ്ഗാനിസ്ഥാനിലെ പടിഞ്ഞാറന്‍ ഹെറാത്ത് പ്രവിശ്യയിലെ ഏറ്റവും വലിയ ഷിയാ പള്ളിയില്‍ ചാവേര്‍ ആക്രമണമുണ്ടായി. സ്വയം പൊട്ടിത്തെറിക്കുന്നതിന് മുമ്പ് അക്രമി വെടിയുതിര്‍ക്കുകയും 90 പേര്‍ കൊല്ലപ്പെടുകയും ചെയ്തു. സായാഹ്ന പ്രാര്‍ത്ഥനയ്ക്കിടെയുണ്ടായ ആക്രമണത്തില്‍ നൂറുകണക്കിന് പേര്‍ക്കാണ് പരിക്കേറ്റത്.
09.04.2017 (ഈജിപ്റ്റ്) :
ഈജിപ്ഷ്യന്‍ തീരനഗരമായ അലക്സാണ്ട്രിയയിലും ടാന്റയിലും പള്ളികളില്‍ നടന്ന ഇരട്ട ചാവേര്‍ ബോംബാക്രമണത്തില്‍ 45 പേര്‍ കൊല്ലപ്പെട്ടു. ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു.
16.02.2017 (പാകിസ്ഥാന്‍) :
പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ ലാല്‍ ഷഹബാസ് ഖലന്ദറിന്റെ ആരാധനാലയത്തില്‍ ഉണ്ടായ ചാവേര്‍ ആക്രമണത്തില്‍ 98 പേര്‍ കൊല്ലപ്പെട്ടു.
11.12.2016 (ഈജിപ്റ്റ്) :
ഈജിപ്റ്റിലെ പുരാതന കോപ്റ്റിക് ഓര്‍ത്തഡോക്സ് പള്ളിയുടെ ആസ്ഥാനമായ സെന്റ് മാര്‍ക്സ് കത്തീഡ്രലിനോട് ചേര്‍ന്നുള്ള കെയ്റോ ചാപ്പലിനുള്ളില്‍ ചാവേര്‍ സ്ഫോടനം ഉണ്ടായി. 25-ഓളം പേരുടെ മരണത്തിനിടയാക്കിയ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തിരുന്നു.
20.03.2015 (യെമന്‍) :
ഇസ്ലാമിക് സ്റ്റേറ്റ് ചാവേര്‍ ബോംബര്‍മാര്‍ യെമന്റെ തലസ്ഥാനത്തെ പള്ളികളില്‍ ആക്രമണം നടത്തി. സ്‌ഫോടനത്തില്‍ 137 പേര്‍ കൊല്ലപ്പെട്ടു.
30.01.2015 (പാകിസ്ഥാന്‍) :
പാക്കിസ്ഥാനിലെ ഷിക്കാര്‍പൂരിലെ ഷിയാ പള്ളിയിലുണ്ടായ ചാവേര്‍ ബോംബാക്രമണത്തില്‍ 71 പേര്‍ കൊല്ലപ്പെട്ടു. ജുന്‍ഡുള്ളയാണ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തത്.
18.11.2014 (ഇസ്രായേല്‍) :
ജറുസലേമിലെ സിനഗോഗില്‍ രണ്ട് പാലസ്തീനികള്‍ മഴു, കത്തി, തോക്ക് എന്നിവ ഉപയോഗിച്ച് നടത്തിയ ആക്രമണത്തില്‍ 4 ജൂത വിശ്വാസികളും ഒരു ഇസ്രയേലി പൊലീസ് ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടു.
05.08.2012 (യുഎസ്എ) :
ഓക്ക് ക്രീക്കിലെ വിസ്‌കോണ്‍സിന്‍ സിഖ് ക്ഷേത്രത്തിലെ ആറ് അംഗങ്ങളെ വെയ്ഡ് മൈക്കല്‍ പേജ് എന്ന വെള്ളക്കാരന്‍ വെടിവെച്ചിട്ടു. സുരക്ഷ ഉദ്യോഗസ്ഥന്റെ വെടിയേറ്റ പേജ് പിന്നീട് സ്വയം ജീവനൊടുക്കുകയായിരുന്നു.
31.10.2010 (ഇറാഖ്) :
ഞായറാഴ്ച രാത്രി കുര്‍ബാനയ്ക്കിടെ ബാഗ്ദാദിലെ ഔര്‍ ലേഡി ഓഫ് സാല്‍വേഷന്‍ കത്തോലിക്ക പള്ളിയില്‍ അല്‍-ഖ്വയ്ദ തീവ്രവാദികള്‍ ആക്രമണം നടത്തി. 2003-ലെ യുഎസ് നേതൃത്വത്തിലുള്ള അധിനിവേശത്തിന് ശേഷം ക്രിസ്ത്യാനികളെ ലക്ഷ്യമിട്ടുള്ള ഏറ്റവും മാരകമായ ആക്രമണമായിരുന്നു ഇത്. ആക്രമണത്തില്‍ 58 പേര്‍ കൊല്ലപ്പെട്ടു.
28.04.2007 (ഇറാഖ്) :
ഏപ്രില്‍ 28 ന് ഷിയ അബ്ബാസ് ഇബ്ന്‍ അലി ദേവാലയത്തിന് മുന്നില്‍ കാര്‍ ബോംബ് പൊട്ടിത്തെറിച്ചു. ഇറാഖ് സിറ്റിയായ കര്‍ബലയില്‍ നടന്ന സ്‌ഫോടനത്തില്‍ 68 പേര്‍ കൊല്ലപ്പെടുകയും 170 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇറാഖിലെ സ്വര്‍ണ്ണ താഴികക്കുടമുള്ള പള്ളിക്ക് സമീപമാണ് ബോംബ് സ്ഫോടനമുണ്ടായത്. ഷിയാ സമുദായത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട രണ്ടാമത്തെ ആരാധനാലയമായാണ് കര്‍ബല കണക്കാക്കപ്പെടുന്നത്.
05.07.2005 (ഇന്ത്യ) :
കനത്ത സുരക്ഷയുള്ള ബാബരി മസ്ജിദ് സമുച്ചയം ഭീകരര്‍ ആക്രമിച്ചു. ഒരു മണിക്കൂര്‍ നീണ്ട ഏറ്റുമുട്ടലിനൊടുവില്‍ അക്രമികളെ സുരക്ഷ ഉദ്യോഗസ്ഥര്‍ വധിച്ചു. അയോധ്യയിലേക്ക് പോകുന്ന തീര്‍ത്ഥാടകരെന്ന വ്യാജേന ഭീകരര്‍ ഫൈസാബാദിലെ കിച്ചൗച്ച ഗ്രാമത്തിന് സമീപം അക്ബര്‍പൂരില്‍ വെച്ച് ഒരു ടാറ്റ സുമോയില്‍ കയറുകയായിരുന്നു. ഫൈസാബാദില്‍ വെച്ച് അവര്‍ സുമോ ഉപേക്ഷിച്ച് ജീപ്പ് വാടകയ്ക്കെടുത്തു. ഭീകരാക്രമണത്തില്‍ രണ്ട് പ്രദേശവാസികള്‍ കൊല്ലപ്പെടുകയും ഏഴ് അര്‍ദ്ധസൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പ്രതികാര നടപടിയില്‍ ജെയ്ഷെ മുഹമ്മദ് ഭീകരരെന്ന് സംശയിക്കുന്ന അഞ്ച് പേരെ സുരക്ഷാ സേന വധിച്ചു.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1