കാലങ്ങളായി ലോക സാമ്പത്ത് വ്യവസ്ഥയേയും ലോക ആയുധ വിപണിയേയും നിയന്ത്രിക്കുന്ന അമേരിക്കയ്ക് ഇതെന്താണ് പറ്റിയത്. ലോകത്തെ ഓരോ ചലനവും മുന്‍കൂട്ടി കാണുന്നവര്‍ എന്ന് അഭിമാനിക്കുന്ന അമേരിക്ക, സ്വന്തം രാജ്യം നേരിടുന്ന പ്രതിസന്ധിയെക്കുറിച്ച് അറിയുന്നുണ്ടോയെന്നാണ് ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നും ഉയരുന്ന ചോദ്യം. പശ്ചിമേഷ്യയില്‍ പൊട്ടിപ്പുറപ്പെട്ട ഇസ്രയേല്‍-ഹമാസ് യുദ്ധം, റഷ്യ-ഉക്രെയിന്‍ യുദ്ധം, ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം എന്നിവയക്ക് പിന്നില്‍ അമേരിക്കന്‍ ചാര സംഘടനയുടെ പ്രവര്‍ത്തനം ഉണ്ടെന്നും പല രാജ്യങ്ങളും ആരോപിക്കുന്നു. ഏറ്റവും ഒടുവില്‍ ബംഗ്ലാദേശിലെ അട്ടിമറിയ്ക്ക് പിന്നിലും അമേരിക്കയാണെന്ന് കണ്ടെത്തിയവരും ഉണ്ട്. ഇവരുടെയൊക്കെ പ്രവചനം കണ്ടാല്‍ തോന്നും ലോകത്ത് മൊത്തം കുഴപ്പമുണ്ടാക്കുന്നത് ഈ അമേരിക്കയാണെന്ന്.
ലോക ആയുധ വിപണി സജീവമാകുമ്പോള്‍ ആത്യന്തികമായി അമേരിക്കന്‍ ആയുധ വിപണിക്കും സമ്പദ് വ്യവസ്ഥയ്ക്കും നേട്ടമുണ്ടാക്കുക. കാരണം ലോകത്ത് ഏറ്റവും കൂടുതല്‍ ആയുധങ്ങള്‍ നിര്‍മ്മിക്കുന്ന രാജ്യം അമേരിക്കയാണ്. ഹമാസിനെയും ഇറാനെയും ആക്രമിക്കാന്‍ ഇസ്രയേലിന് ആയുധങ്ങള്‍ നല്‍കുന്നതും അമേരിക്കയാണ്. ഇറാന്‍ ഇസ്രയേലിനെ ആക്രമിച്ചാല്‍ തിരിച്ചടിക്കാന്‍ അമേരിക്കന്‍ കപ്പലുകളും നിരവധി യുദ്ധവിമാനങ്ങളും ഇതിനായി ഇപ്പോള്‍ മേഖലയില്‍ തമ്പടിച്ചിട്ടുമുണ്ട്.
ഉക്രെയിന്‍ സൈനികരെ ആയുധങ്ങള്‍ നല്‍കി സഹായിച്ചത് അമേരിക്കയാണ്. ഈ നടപടി റഷ്യയെ കൂടുതല്‍ പ്രകോപിപ്പിച്ചതിനാല്‍ റഷ്യയുടെ ഭാഗത്ത് നിന്നുള്ള പ്രഹരം എന്തായിരിക്കും എന്നതും ലോകം ഉറ്റുനോക്കുന്ന കാര്യമാണ്. സംഘര്‍ഷം ഉണ്ടാക്കി വിളവെടുപ്പ് നടത്താന്‍ ശ്രമിക്കുന്ന അമേരിക്കയുടെ സകല കണക്കുകൂട്ടലുകളും അതോടെ തെറ്റും. അതിനുള്ള സാധ്യത തന്നെയാണ് പുതിയ ലോകക്രമത്തില്‍ തെളിഞ്ഞുവരുന്നത്.
ആര്‍ക്കും തകര്‍ക്കാന്‍ പറ്റാതിരുന്ന അമേരിക്കന്‍ സമ്പദ് വ്യവസ്ഥയാണ് നിലവില്‍ ശക്തമായ മാന്ദ്യത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നത്. ഇത് ആഗോളതലത്തില്‍ ധനവിപണികളില്‍ ശക്തമായ ഉലച്ചിലിന് ഇടയാക്കിയിട്ടുണ്ട്. മാന്ദ്യഭീതി അസ്ഥാനത്താണെന്നും അമേരിക്കയില്‍ കാര്യങ്ങള്‍ ഭദ്രമാണെന്നുമുള്ള ആത്മവിശ്വാസം പ്രകടിപ്പിക്കാന്‍, സാമ്പത്തിക ശക്തികള്‍ക്ക് കഴിഞ്ഞതിനാല്‍ വിപണികള്‍ തിരിച്ച് കയറുന്ന സ്ഥിതിയുണ്ടായിട്ടുണ്ടെങ്കിലും, സ്ഥിതി ഗുരുതരമായി തന്നെ ഇപ്പോഴും തുടരുകയാണ്.
അമേരിക്കയിലെ ഏജന്‍സികള്‍തന്നെ പുറത്തുവിടുന്ന കണക്കുകള്‍ പ്രതിസന്ധിയുടെ ആഴവും പരപ്പും എത്രമാത്രമെന്നത് വ്യക്തമാക്കുന്നതാണ്. അമേരിക്കയുടെ സാമ്പത്തിക വളര്‍ച്ച കാര്യമായ ഇടിവ് നേരിടുന്നെന്ന ബ്യൂറോ ഓഫ് ഇക്കണോമിക് അനാലിസിസിന്റ റിപ്പോര്‍ട്ടുകളാണ് കഴിഞ്ഞ ആഴ്ചകളില്‍ ലോക വിപണികളെ ഞെട്ടിച്ചിരുന്നത്. ഇതോടൊപ്പം പശ്ചിമേഷ്യയില്‍ യുദ്ധത്തിന്റെ കാര്‍മേഘങ്ങള്‍ പടരുന്നതും സാമ്പത്തിക മേഖലയ്ക്ക് മുന്നില്‍ വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. അമേരിക്കയ്ക്ക് നേരെ ഏതെങ്കിലും തരത്തിലുള്ള ആക്രമണം ഉണ്ടാകുമെന്ന ഒരു പ്രതീതി ഉണ്ടായാല്‍ പോലും ഇപ്പോഴത്തെ സാഹചര്യത്തില്‍ അത് അമേരിക്കന്‍ ഓഹരി വിപണിയെ ശരിക്കും താറുമാറാക്കും. അത്തരമൊരു നീക്കത്തിന് റഷ്യയും, ഇറാനും, ഉത്തര കൊറിയയും തയ്യാറാകുമെന്ന സൂചനകളും പുറത്ത് വരുന്നുണ്ട്. ഇറാന്‍-ഇസ്രയേല്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടാല്‍ ഈ ചെപ്പടിവിദ്യ കൊണ്ടാന്നും ഓഹരി വിപണിയെ പിടിച്ചുനിര്‍ത്താന്‍ അമേരിക്കയ്ക്ക് കഴിയുകയില്ല.
2024 ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവില്‍ അമേരിക്കന്‍ സമ്പദ്ഘടനയുടെ വളര്‍ച്ച 1.6 ശതമാനമായി കുറഞ്ഞെന്ന ബിഇഎയുടെ റിപ്പോര്‍ട്ടാണ് മൂലധന വിപണിയെ കടുത്ത പ്രതിസന്ധിയിലേക്ക് നയിച്ചിരിക്കുന്നത്. 2023 ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ അമേരിക്കയുടെ വളര്‍ച്ച 3.4 ശതമാനമായിരുന്നതാണ് ഓഗസ്റ്റ് ആദ്യവാരം അപ്രതീക്ഷിത ഇടിവിലേക്ക് വീണിരുന്നത്. സാമ്പത്തികത്തളര്‍ച്ച പ്രകടമായിരുന്നെങ്കിലും ജനുവരി- മാര്‍ച്ച് കാലയളവില്‍ 2.2 ശതമാനമെങ്കിലും ജിഡിപി വളര്‍ച്ച കൈവരിക്കാനാകുമെന്നായിരുന്നു സാമ്പത്തിക വിദഗ്ധര്‍ അനുമാനിച്ചിരുന്നത്. അതേസമയം, ജൂലൈയില്‍ പണപ്പെരുപ്പ നിരക്ക് 2.3 ശതമാനത്തിലേക്ക് ഉയരുമെന്നുള്ള റിപ്പോര്‍ട്ടുകളും മാര്‍ക്കറ്റുകള്‍ക്ക് നല്‍കിയത് നല്ല സൂചനകളായിരുന്നില്ല. 2.2 ശതമാനമായിരുന്നു ജൂണിലെ പണപ്പെരുപ്പ നിരക്ക്. ഇത്തരമൊരു സാഹചര്യത്തില്‍ സെപ്തംബറില്‍ പ്രതീക്ഷിക്കുന്ന അമേരിക്കന്‍ ഫെഡറല്‍ റിസര്‍വിന്റെ 'റേറ്റ് കട്ട്' ഇനിയും താമസിക്കുമോ എന്ന ആശങ്കയും വിപണികളുടെ തകര്‍ച്ചയ്ക്ക് കാരണമായിട്ടുണ്ട്.
അതേസമയം, ജൂലൈയില്‍ ചേര്‍ന്ന ഫെഡറല്‍ ഓപ്പണ്‍ മാര്‍ക്കറ്റ് കമ്മിറ്റി പലിശ നിരക്കില്‍ മാറ്റംവരുത്താന്‍ തയ്യാറായില്ലെന്നതും ശ്രദ്ധേയമാണ്. നിരക്ക് 5.25 മുതല്‍ 5.50 ശതമാനത്തില്‍ നിലനിര്‍ത്താനാണ് എഫ്ഒഎംസി തീരുമാനിച്ചത്. അതുകൊണ്ട് സെപ്റ്റംബറില്‍ എന്ത് തീരുമാനമാണ് ഉണ്ടാകുകയെന്ന കാര്യത്തിലും നിലവില്‍ ശക്തമായ ആശങ്ക നിഴലിക്കുന്നുണ്ട്. തൊഴിലില്ലായ്മയുടെ കാര്യത്തില്‍ ഏറ്റവും ഒടുവില്‍ പുറത്തുവന്ന റിപ്പോര്‍ട്ടുകളാണ്.
പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം തൊഴിലില്ലായ്മ നിരക്ക് 4.3 ശതമാനമാണ്. നേരത്തേ ഇത് 4.1 ശതമാനമെന്ന തോതിലായിരുന്നു. ഇക്കാര്യത്തില്‍ തല്‍സ്ഥിതി തുടരുമെന്നാണ് വിദഗ്ധരും അനലിസ്റ്റുകളും പ്രതീക്ഷിച്ചിരുന്നതെങ്കിലും മറിച്ചാണ് സംഭവിച്ചിരിക്കുന്നത്. അമേരിക്കയിലെ സ്വകാര്യ മേഖലയില്‍ പുതുതായി 1,14,000 തൊഴിലവസരമാണ് സൃഷ്ടിക്കപ്പെട്ടത്. ഇത് നേരത്തേ അനുമാനിച്ചിരുന്ന 1,75,000 തൊഴിലവസരത്തേക്കാള്‍ ഏറെ താഴെയായതാണ് മാന്ദ്യം കൂടുതല്‍ കനക്കുമെന്ന ആശങ്ക ശക്തമാകാനിടയാക്കിയത്.
ഉപഭോക്തൃ ഡിമാന്‍ഡില്‍ ഉണര്‍വ് പ്രകടമാകാത്തതാണ് അമേരിക്കയുടെ തൊഴില്‍ വിപണിയെ തളര്‍ച്ചയില്‍ നിര്‍ത്തുന്നത്. ഇത് ശക്തമായ മാന്ദ്യത്തിന്റെ സൂചനയായിത്തന്നെ ഇപ്പോഴത്തെ സാഹചര്യത്തില്‍ കാണേണ്ടി വരും. അമേരിക്കയിലെ സാമ്പത്തികമാന്ദ്യവും, ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം ആളിക്കത്തുന്നതും, ക്രൂഡ് ഓയില്‍ വിപണിയെ അക്ഷരാര്‍ത്ഥത്തില്‍ തളര്‍ത്തിയിട്ടുണ്ട്. ബ്രെന്റ് മാന്ദ്യവും, യുദ്ധഭീതിയും ക്രൂഡ് ഡിമാന്‍ഡിനെ ബാധിച്ചേക്കുമെന്ന ആശങ്കയാണ്. അതുകൊണ്ട് തന്നെ അമേരിക്കയ്ക്ക് ഇനി വരുന്ന ദിവസങ്ങള്‍ ഏറെ നിര്‍ണ്ണായകമാണ്.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1