നേപ്പാളിൽ കത്തിപ്പടർന്ന ന്യൂജൻ കലാപം കാലത്തിന്റെ ചുവരെഴുത്തു വായിക്കാൻ കഴിയാതെപോകുന്ന എല്ലാ ഭരണാധികാരികൾക്കുമുള്ള മുന്നറിയിപ്പാണ്.
നേപ്പാളിന്റെ തലസ്ഥാനമായ കാഠ്മണ്ഡുവിൽ പാർലമെന്റിന്‌നേർക്കും മന്ത്രിമാരുടെ വസതികൾക്ക്‌നേർക്കുമൊക്കെ പ്രക്ഷോഭകാരികൾ കടുത്ത ആക്രമമമാണ് നടത്തിയത്. പട്ടാളത്തെ ഉപയോഗിച്ച് സമരത്തെ അടിച്ചമർത്താനുള്ള എല്ലാ ശ്രമങ്ങളും അമ്പേ പരാജയപ്പെട്ടതോടെയാണ് ശർമ ഒലി രാജിവെച്ചത്. സർക്കാരിന്റെയും മന്ത്രിമാരുടെയും അഴിമതി മറച്ചുവെക്കാനാണ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ നിരോധിച്ചതെന്ന് പ്രതിഷേധക്കാർ വ്യക്തമാക്കിയിരുന്നു.
മന്ത്രിമാരും ഭരണകൂടവും നടത്തിയ അഴിമതികൾ, സ്വജനപക്ഷപാതം, സ്വന്തക്കാർക്കും ബന്ധുക്കൾക്കും വഴിവിട്ട് സഹായം നൽകൽ തുടങ്ങിയ നിരവധി ആരോപണങ്ങളാണ് പ്രതിഷേധക്കാർ ഉന്നയിച്ചത്.
ഈ വിഷയങ്ങളുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിലൂടെ വ്യാപക പ്രചാരണങ്ങളുണ്ടായിരുന്നു. ഇത് മറച്ചുവെക്കാൻ ശർമ്മ ഒലി കണ്ടെത്തിയ മാർഗം ഇരുട്ടുകൊണ്ട് ഓട്ടയടക്കുക എന്നതായിരുന്നു. അതേ, സോഷ്യൽ മീഡിയ നിരോധിക്കുക. അതോടെ യുവശക്തി അലകടലായി ആഞ്ഞടിക്കാൻ തുടങ്ങി. ആ സുനാമിത്തിരയിൽ ഒലിയും കൂട്ടരും ഒലിച്ചുപോയി.
കെ.പി. ശർമ്മ ഒലി എന്നറിയപ്പെടുന്ന ഖഡ്ഗ പ്രസാദ് ശർമ്മ ഒലി 1952 ഫെബ്രുവരി 22ന് തെഹ്രത്തുമിലെ ഇവയിൽ ജനിച്ചു. പിതാവ് മോഹൻ പ്രസാദ് ഒലി, പ്രാഥമികവിദ്യാഭ്യാസം മാത്രമുള്ള ഒരു കർഷകനായിരുന്നു. നാല് വയസ്സുള്ളപ്പോൾ അമ്മ മധുമയ ഒലി വസൂരി ബാധിച്ച് മരണമടഞ്ഞു. പിതാവിന്റെ രണ്ടാം വിവാഹത്തിൽ അദ്ദേഹത്തിന് ഒരു സഹോദരനും മൂന്ന് സഹോദരിമാരും ഉണ്ടായിരുന്നു. ഒലിയുടെ പ്രാഥമിക വിദ്യാഭ്യാസം തൊട്ടടുത്തുള്ള പ്രണാമി മിഡിൽ സ്‌കൂളിൽ പൂർത്തിയാക്കി. 1958 ൽ അദ്ദേഹത്തിന്റെ കുടുംബം ഝാപയിലെ സുരുംഗയിലേക്ക് താമസം മാറി, പക്ഷേ കങ്കായ് നദിയിലെ വെള്ളപ്പൊക്കത്തെത്തുടർന്ന് അവർക്ക് സ്വത്തും വീടുമൊക്കെ നഷ്ടമായി. ഭൂരഹിതരായി, പിന്നെ ഒലി മുത്തശ്ശിയുടെ കൂടെയായി താമസം.
പിന്നീട് 1962 ൽ അദ്ദേഹത്തിന്റെ കുടുംബം ഝാപയിലെ ഗരാമണിയിലേക്ക് കുടിയേറി. 1970 ൽ ആദർശ സെക്കൻഡറി സ്‌കൂളിൽ നിന്ന് അദ്ദേഹം എസ്.എൽ.സി പരീക്ഷ പൂർത്തിയാക്കി. ഝാപയിലായിരിക്കുമ്പോൾ, പഞ്ചായത്ത് വിരുദ്ധ പ്രസ്ഥാനങ്ങളും നക്‌സൽബാരി പ്രസ്ഥാനങ്ങളും ഒലിയെ സ്വാധീനിച്ചു. അന്നത്തെ രാജഭരണത്തിനു കീഴിൽ ഏകാധിപത്യത്തിന്റെ ഉരുക്കുമുഷ്ടിയുമായി പഞ്ചായത്തു ഭരണം മാറിയപ്പോൾ അതിനെതിരെ വിദ്യാർത്ഥികളെ സംഘടിപ്പിക്കുന്നതിൽ മുന്നിൽ നിൽക്കുകയും അതേത്തുടർന്ന് വലിയൊരു പ്രക്ഷോഭം പൊട്ടിപ്പുറപ്പെടുകയും ചെയ്തു. 18-ാം വയസ്സിൽ നേപ്പാൾ കമ്മ്യൂണിസ്റ്റു പാർട്ടിയിൽ അംഗമായി.
അതേ വർഷം തന്നെ ഒളിവിൽപ്പോയ ഒലിയെപോലീസ് പിടികൂടി. പിന്നീട് ഛാപ്പ പ്രവശ്യയിലെ ഭൂപ്രഭുക്കളുടെ തലയറുത്തുകൊണ്ട് കലാപഭൂമിയിലേക്കിറങ്ങി. പിന്നെ അതിന്റെ നേതാവായി മാറി. വീണ്ടും അറസ്റ്റ്. 14 വർഷം ജയിൽ വാസം. ജയിൽമോചനത്തെതുടർന്ന് പാർട്ടികേന്ദ്ര കമ്മിറ്റി അംഗമായി. പഞ്ചായത്ത് ആധിപത്യത്തിനെതിരെ ഒലിയും കുട്ടരും നിരന്തരം പോരാടിയിരുന്നു.
1990ലെ ജനാധിപത്യമുന്നേറ്റത്തിൽ പഞ്ചായത്ത് ആധിപത്യം തകർന്നടിഞ്ഞു. 1991ൽ ഛാപ്പയിൽ നിന്നു തെരഞ്ഞെടുപ്പിലൂടെ ജനപ്രതിനിധി സഭയിലെത്തി.
വളരെപ്പെട്ടെന്നുതന്നെ നേപ്പാൾ രാഷ്ടീയത്തിൽ പടർന്നു പന്തലിച്ചു ഒലി എന്ന നേതാവ്. പിന്നീട് നേപ്പാളിന്റെ ആഭ്യന്തര മന്ത്രിയായി. 2006ൽ കൊയരാളയുടെ ഇടക്കാല സർക്കാരിൽ ഉപപ്രധാനമന്ത്രിയായി. പിന്നീട് 2015ൽ ആദ്യമായി നേപ്പാളിന്റെ പ്രധാനമന്ത്രിയായി. 2024ൽ വിണ്ടും അദ്ദേഹം പ്രധാനമന്ത്രിക്കസേര കൈക്കലാക്കി. ഒരിക്കലും ഇന്ത്യയോട് മമത കാണിച്ചിട്ടുള്ള നേതാവല്ല ഒലി.
ചൈനയോട് വലിയ കൂറ് കാണിച്ചിരുന്ന വ്യക്തികൂടിയാണ്. രണ്ടുമൂന്നു ദിവസമായി നേപ്പാളിൽ നടക്കുന്ന പ്രക്ഷോഭത്തിനിടെ ആകെ 25പേർ മരിച്ചതായാണ് റിപ്പോർട്ടുകൾ. നൂറുകണക്കിന് പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. പ്രക്ഷോഭം അക്രമാസക്തമായി തുടരുന്നതിനിടെ മന്ത്രിമാരെയും മറ്റും സുരക്ഷിതകേന്ദ്രങ്ങളിലേക്ക് മാറ്റിയിരുന്നു. ഇനി നേപ്പാൾ വലിയ രാഷ്ട്രീയ അനിശ്ചിതത്വത്തിലേക്ക് നീങ്ങുമോ എന്ന്‌ലോകം ഉറ്റുനോക്കുകയാണ്.
പ്രക്ഷോഭകാരികളായ യുവാക്കളെ പട്ടാളത്തെ ഉപയോഗിച്ച് അടിച്ചമർത്താനാണ് ഭരണകൂടം ആദ്യം ശ്രമിച്ചത്. ഒരൊറ്റ ദിവസം മാത്രം 19പേരാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ തിങ്കളാഴ്ച തന്നെ നേപ്പാൾ ആഭ്യന്തരമന്ത്രി രമേഷ് ലേഖക് രാജിവെക്കുകയും സോഷ്യൽ മീഡിയ സൈറ്റുകൾക്കുള്ള നിരോധനം പിൻവലിക്കുകയും ചെയ്തിരുന്നു. ഇതോടെ സൈന്യം നടത്തിയ അതി ക്രൂരതകളുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കാൻ തുടങ്ങി. അതോടെ സ്‌കൂൾ വിദ്യാർത്ഥികളടക്കമുള്ള യുവാക്കളുടെ നേതൃത്വത്തിൽ ജനം വീണ്ടും തെരുവിലിറങ്ങുകയായിരുന്നു. ഇതിലെ വിചിത്രമായ വസ്തുത എന്തെന്നുവെച്ചാൽ, യുവജനപ്രക്ഷോഭങ്ങൾ സംഘടിപ്പിച്ച് അധികാരത്തിലേറിയ ഒലി എന്ന പ്രധാനമന്ത്രിയെ താഴെയിറക്കിയതും യുവജനമുന്നേറ്റമായിരുന്നു എന്നതാണ്.
കലാപത്തെ തുടർന്ന് ഇപ്പോഴും നേപ്പാളിൽ നാഥനില്ലാത്ത അവസ്ഥയാണ്. എന്നാൽ, പുതിയ സർക്കാരിനെ തിരഞ്ഞെടുപ്പിലൂടെ അധികാരമേൽപ്പിക്കുന്നത് വരെ രാജ്യത്തെ നയിക്കാൻ ഇടക്കാല സർക്കാർ വന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇടക്കാല പ്രധാനമന്ത്രിയായി ജെൻ സീ പ്രക്ഷോഭത്തിന്റെ പിന്നിലുള്ളവർ ഉയർത്തിക്കാണിക്കുന്നത് കാഠ്മണ്ഡു മേയറായ ബാലേന്ദ്ര ഷാ എന്ന യുവാവിനെയാണ്. രാജ്യത്ത് ഒരു സൈനിക അട്ടിമറി ഉണ്ടാകാതിരിക്കാൻ ബാലേന്ദ്ര ഷായെ ഇടക്കാല സർക്കാരിന്റെ തലവനായി നിയമിക്കണമെന്ന ആവശ്യമാണ് പ്രക്ഷോഭകർ ആവശ്യപ്പെടുന്നത്.
സിവിൽ എഞ്ചിനീയറും റാപ്പറുമായിരുന്ന ബാലേന്ദ്ര ഷാ, സ്വതന്ത്രനായി രാഷ്ട്രീയത്തിൽ പ്രവേശിച്ച്, അഴിമതിക്കെതിരായ നിലപാടുകളിലൂടെയും യുവജനങ്ങളുടെ പിന്തുണയിലൂടെയുമാണ് നേപ്പാളിൽ ശ്രദ്ധേയനായത്. യുവജനങ്ങളുടെ ഇടയിൽ വലിയ സ്വാധീനമുള്ള, രാഷ്ട്രീയക്കാരനല്ലാത്ത നേതാവായാണ് ഇദ്ദേഹം ഉയർന്നുവന്നത്.
സ്വതന്ത്ര സ്ഥാനാർത്ഥിയായി 2022ൽ രാഷ്ട്രീയത്തിൽ പ്രവേശിച്ച്, പ്രബലരായ രാഷ്ട്രീയ പാർട്ടികളുടെ പിന്തുണയുള്ള എതിരാളികളെ പരാജയപ്പെടുത്തി കാഠ്മണ്ഡു മേയർ തിരഞ്ഞെടുപ്പിൽ വിജയിച്ചയാളാണ് ബാലേന്ദ്ര ഷാ
എമ എൽസ എൽവിൻ
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1