'മൃദുഭവേ ദൃഢകൃത്യേ': കേരള പോലീസിന്റെ ആപ്തവാക്യം. മൃദു സ്വഭാവവും ദൃഢ പ്രവർത്തനവും എന്നർത്ഥം. പക്ഷേ, മൃദുവും ദൃഢവുമായ കർമ്മ സങ്കലനത്തിലാകെ അരങ്ങേറുന്ന പാകപ്പിഴകളുടെ തിരയിളക്കം മൂലം സേനാംഗങ്ങളിൽ അസ്വസ്ഥത വ്യാപകം.
പോലീസുകാരുടെ 'സ്വയം വിരമിക്കൽ' അപേക്ഷകൾ ഏറുന്നു. പോലീസ് ഉദ്യോഗസ്ഥരുടെയിടയിൽ ആത്മഹത്യയുടെ എണ്ണവും ആശങ്കാജനകമാം വിധമാണ് കൂടിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ വർഷം സംസ്ഥാന ആഭ്യന്തര വകുപ്പ് സ്വയം നടത്തിയ പഠനത്തിൽ2019 ജനുവരി മുതൽ 2023 സെപ്തംബർ വരെ അഞ്ച് വർഷത്തിനിടെ 69 പോലീസ് സേനാംഗങ്ങൾ ആത്മഹത്യ ചെയ്തതായി കണ്ടെത്തി. കൂടാതെ 12 സിവിൽ പോലീസ് ഓഫീസർമാർ ആത്മഹത്യാ ശ്രമം നടത്തിയതായും വ്യക്തമായിരുന്നു. ഒരു സർക്കിൾ ഇൻസ്‌പെക്ടർ, 12 എസ്‌ഐമാർ, എട്ട് അസ്സിസ്റ്റന്റ് എസ്‌ഐമാർ തുടങ്ങി ഉയർന്ന റാങ്കിലുള്ള ഉദ്യോഗസ്ഥരും ഉൾപ്പെടുന്നു ആത്മഹത്യ ചെയ്ത 69 പേരിൽ.
തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം തുടങ്ങി തെക്കൻ ജില്ലകളിലും മധ്യ കേരള മേഖലയിലുമാണ് പോലീസ് സേനാംഗങ്ങളുടെ ആത്മഹത്യ കൂടുതലെന്നും പഠന റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ജില്ലാ പോലീസ് മേധാവിമാരുടെ നേതൃത്വത്തിൽ പിന്നീട് നടത്തിയ പഠനത്തിൽ പറയുന്നത്, കഴിഞ്ഞ പത്ത് വർഷത്തിനിടെ ആത്മഹത്യ ചെയ്ത സേനാംഗങ്ങളുടെ എണ്ണം 30 ആണെന്നാണ്. ഈ രണ്ട് കണക്കുകളും തമ്മിൽ ഗണ്യമായ അന്തരമുണ്ട്.
അതേസമയം, പോലീസ് സേനയിൽ വർധിച്ചു വരുന്ന ആത്മഹത്യാ പ്രവണതയിൽ ഇടപെട്ടിരിക്കുകയാണ് മനുഷ്യാവകാശ കമ്മീഷൻ. ഒരാഴ്ചക്കിടെ സംസ്ഥാനത്ത് അഞ്ച് പോലീസ് ഉദ്യോഗസ്ഥർ ആത്മഹത്യ ചെയ്‌തെന്ന പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ കേസ് രജിസ്റ്റർ ചെയ്താണ് കമ്മീഷന്റെ ഇടപെടൽ. ആത്മഹത്യയിലേക്ക് നയിക്കുന്ന കാരണങ്ങളെക്കുറിച്ച് 30 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് ആഭ്യന്തര വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിക്കും സംസ്ഥാന പോലീസ് മേധാവിക്കും കമ്മീഷൻ ആക്ടിംഗ് ചെയർ പേഴ്‌സനും ജുഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥ് കത്ത് നൽകി.
ഇതിനിടെ, ആത്മഹത്യാ വർധന പോലീസിൽ മാത്രമല്ല, സമൂഹത്തിൽ മൊത്തം പ്രകടമാണെന്ന് ദേശീയ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടേത് ഉൾപ്പെടെ ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. 2022ൽ കേരളത്തിൽ 10,162 പേർ ആത്മഹത്യ ചെയ്തതായി കഴിഞ്ഞ ഡിസംബറിൽ പുറത്തുവിട്ട ദേശീയ ക്രൈം റെക്കോർഡ്‌സ് ബ്യൂറോ റിപ്പോർട്ട് കാണിക്കുന്നു. 2021ൽ 9,549 പേരായിരുന്നു സ്വയം ജീവൻ ഒടുക്കിയത്. ദേശീയ ശരാശരിയേക്കാളും വളരെ ഉയർന്നതാണ് സംസ്ഥാനത്തെ ആത്മഹത്യാ നിരക്ക്. ദേശീയ ശരാശരി 12.4 ആയിരിക്കേ കേരളത്തിൽ 28.5 ആണ്.
കുടുംബപ്രശ്‌നങ്ങൾ, ജോലിയുമായി ബന്ധപ്പെട്ട സമ്മർദം, മേലുദ്യോഗസ്ഥരുടെ പീഡനം, ജോലി സ്ഥലവും വീടും തമ്മിലുള്ള അകൽച്ച, സഹപ്രവർത്തകരുടെ സഹകരണക്കുറവ്, അമിത ജോലിഭാരം, മദ്യപാനം തുടങ്ങിയവയാണ് പോലീസിലെ ആത്മഹത്യക്കു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ആലുവ തടിയിട്ടപറമ്പ് സ്റ്റേഷനിലെ എഎസ്‌ഐ ബാബുവിന്റെ ആത്മഹത്യ വൻ വിവാദമായിരുന്നു. എസ്‌ഐയുടെ പീഡനം അസഹ്യമായപ്പോൾ, ബാബു തന്റെ ഭാര്യയെയും മക്കളെയും കൂട്ടി എസ്‌ഐക്കു മുമ്പിലെത്തി പൊട്ടിക്കരഞ്ഞു. എന്നിട്ടും മേലുദ്യോഗസ്ഥൻ കനിവു കാണിക്കാതിരുന്നപ്പോഴാണ് ബാബു ആത്മഹത്യ ചെയ്തതെന്ന് മകൻ കിരൺ ബാബു പറഞ്ഞു.
നെയ്യാറ്റിൻകര സ്റ്റേഷനിലെ കോൺസ്റ്റബിളായിരുന്ന എസ്‌ജെ സജി 2022 മെയിൽ തൂങ്ങി മരിക്കാനിടയായത് തന്റെ മേലധികാരിയായ സിഐ ഉൾപ്പെടെയുള്ള മേലുദ്യോഗസ്ഥരുടെ പീഡനം മൂലമാണെന്നാണ് ആരോപിക്കപ്പെടുന്നത്. പാലക്കാട് എആർ ക്യാമ്പിലെ സിവിൽ പോലീസ് ഓഫീസർ 2019ൽ ആത്മഹത്യ ചെയ്തത് സഹപ്രവർത്തകരുടെ മാനസിക പീഡനത്തെയും നിസ്സഹകരണത്തെയും തുടർന്നായിരുന്നു.
അടിമകൾ പോലെമേലുദ്യോഗസ്ഥരുടെ ഇഷ്ടാനിഷ്ടങ്ങൾക്കനുസരിച്ചു വേണം സ്റ്റേഷനിലെ കീഴുദ്യോഗസ്ഥർക്ക് പ്രവർത്തിക്കാൻ. മേലാളന്മാർക്ക് അനിഷ്ടം തോന്നിയാൽ മാനസികമായും ശാരീരികമായും പീഡനമേൽക്കേണ്ടി വരും. ഈ വിധം കടുത്ത മാനസിക പ്രയാസത്തിൽ കഴിയുന്ന നിരവധി പേരുണ്ട് സേനയിൽ. പോലീസിൽ ആവശ്യത്തിന് അംഗങ്ങളില്ലാത്തത് മൂലം വരുന്ന അമിത ജോലിയും മാനസിക സമ്മർദത്തിനിടയാക്കുന്നു.
ജനസംഖ്യാ വർധനവിന് അനുസൃതമായി പോലീസ് അനുപാതത്തിൽ വർധനയുണ്ടായിട്ടില്ല. ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പിന്റെ 2016ലെ പഠന പ്രകാരം 500 പൗരന്മാർക്ക് ഒരു പോലീസ് എന്നതാണ് സംസ്ഥാനത്തെ അനുപാതം. പോലീസിലെ നിലവിലെ അംഗബലം 3.3 കോടി ജനങ്ങൾക്ക് 53,222 പേർ മാത്രവും. നാഷനൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോ റിപ്പോർട്ട് അനുസരിച്ച് 2022ൽ മാത്രം 2,35,858 കുറ്റകൃത്യങ്ങൾ നടന്നിട്ടുണ്ട് കേരളത്തിൽ.
കേസിന്റെ വർധനയ്ക്കനുസൃതം സേനയുടെ അംഗബലം വർധിപ്പിക്കേണ്ടതുണ്ട്. ക്രമസമാധാനം ഉറപ്പ് വരുത്തൽ, ആക്‌സിഡന്റ് കേസുകൾ കൈകാര്യം ചെയ്യൽ, കേസുകളിൽ അന്വേഷണം, ഇതുമായി ബന്ധപ്പെട്ട് എഫ്‌ഐആർ തയ്യാറാക്കൽ മുതൽ വാറണ്ട്, സമൻസ്, കോടതിയിൽ ഹാജരാക്കൽ എന്നിങ്ങനെ നീളുന്നു പോലീസിന്റെ ജോലികൾ. വിശ്രമത്തിന് അനുവദിച്ച സമയത്ത് പണി ചെയ്തും ഡ്യൂട്ടി സമയത്തേക്കാൾ കൂടുതൽ സമയം സ്‌റ്റേഷനിൽ തങ്ങിയുമാണ് പലപ്പോഴും ജോലികൾ ചെയ്തു തീർക്കുന്നതെന്ന് പോലീസുകാർ പറയുന്നു.
സംസ്ഥാനത്ത് നിലവിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകളുടെ എണ്ണം പരിഗണിക്കുമ്പോൾ കുറഞ്ഞത് 7,000 പോലീസുകാരെങ്കിലും അധികമായി വേണ്ടതുണ്ടെന്നാണ് വിവരാവകാശ അപേക്ഷയ്ക്കുള്ള മറുപടിയിൽ ആഭ്യന്തര വകുപ്പ് പറഞ്ഞത്. 18,229 പേരുടെ അധിക അംഗബലം ആവശ്യപ്പെട്ട് 2017ൽ അന്നത്തെ ഡിജിപി സർക്കാരിന് കത്ത് നിൽകിയെങ്കിലും അനുകൂല പ്രതികരണമുണ്ടായില്ല. നിരന്തര മുറവിളിയെ തുടർന്ന് കൂടുതൽ പോലീസുകാരെ നിയമിക്കുന്നതിന് കഴിഞ്ഞ വർഷം ചില നീക്കങ്ങൾ നടന്നു. ഇതിന്റെ ഭാഗമായി ഒരോ സ്റ്റേഷനിലേക്കും ആവശ്യമുള്ള ഉദ്യോഗസ്ഥരുടെ എണ്ണം അറിയിക്കാൻ ഡിവൈഎസ്പിമാർക്ക് ഡിജിപി നിർദേശം നൽകിയിരുന്നു. എങ്കിലും തുടർ നടപടികളുണ്ടായില്ല.
പോലീസുകാരുടെ മാനസിക സമ്മർദം കുറയ്ക്കുന്നതിന് മേലുദ്യോഗസ്ഥർ മാസത്തിലൊരിക്കൽ കീഴുദ്യോഗസ്ഥരുടെ പ്രശ്‌നങ്ങൾ കേട്ട് പരിഹാരം കാണണമെന്ന നിർദേശം ഉയർന്നിരുന്നു. അതും നടപ്പായില്ല.
സങ്കീർണവും അതീവ പ്രാധാന്യമുള്ളതുമാണ് പലപ്പോഴും പോലീസ് ജോലി. ശ്രദ്ധയോടെ ഇത് നിർവഹിക്കണമെങ്കിൽ മാനസിക സംഘർഷങ്ങളിൽ നിന്നും പിരിമുറുക്കങ്ങളിൽ നിന്നും മോചിതരകേണ്ടതുണ്ട് സേനാംഗങ്ങൾ. കൗൺസലിംഗ് ഉൾപ്പെടെ ഇക്കാര്യത്തിൽ പ്രയോഗിക പരിഹാര മാർഗങ്ങൾ ആവിഷ്‌കരിച്ചു നടപ്പക്കേണ്ടതുണ്ടത് ഏറ്റവും അടിയന്തരാവശ്യം. ഗൗരവപൂർണമായ നിരവധി തുടർ നടപടികളും അനിവാര്യം. അല്ലാത്തപക്ഷം വലിയ നഷ്ടങ്ങൾ ജനങ്ങൾക്കുണ്ടാകും.
ബാബു കദളിക്കാട്
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1