ആഗോള എണ്ണ കയറ്റുമതിയില്‍ മുന്നിലുള്ള സൗദി അറേബ്യ സമീപകാലത്ത് നേരിട്ട തിരിച്ചടികള്‍ മറികടക്കാന്‍ തന്ത്രം മെനയുകയാണ്. റഷ്യയ്ക്കെതിരെ അമേരിക്കയും യൂറോപ്പും ഉപരോധം പ്രഖ്യാപിച്ചതാണ് സൗദി അറേബ്യയ്ക്ക് തിരിച്ചടിയായത്. വില വന്‍തോതില്‍ കുറച്ച് എണ്ണ വില്‍ക്കാന്‍ തുടങ്ങിയ റഷ്യയെ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ പരമാവധി സ്വീകരിച്ചു. ചൈനയും ഇക്കാര്യത്തില്‍ മുന്നില്‍ തന്നെ ഉണ്ട്.
എണ്ണ വ്യാപാരത്തില്‍ കനത്ത തിരിച്ചടി നേരിട്ടത് സൗദിയുടെ വികസന പദ്ധതികള്‍ മന്ദഗതിയിലാകാനും ഇതുകാരണമായി. വില കുറഞ്ഞ എണ്ണ കിട്ടുന്ന രാജ്യങ്ങളില്‍ നിന്ന് കൂടുതല്‍ ഇറക്കുമതി ചെയ്യുക എന്ന വിപണി തന്ത്രവും ഇന്ത്യ പയറ്റി. ഇറാഖ്, നൈജീരിയ, യുഎഇ, അമേരിക്ക എന്നിവിടങ്ങളില്‍ നിന്നെല്ലാം കൂടുതല്‍ ക്രൂഡ് ഓയില്‍ ഇറക്കാന്‍ ഇന്ത്യ പദ്ധതി ആവിഷ്‌കരിച്ചു. ഈ സാഹചര്യത്തിലാണ് സൗദി അറേബ്യ മറുതന്ത്രം പ്രയോഗിച്ച് രംഗത്തെത്തിയത്.
ഏഷ്യയിലേക്ക് നല്‍കുന്ന ക്രൂഡ് ഓയിലിന്റെ വില കുറയ്ക്കുക എന്നതായിരുന്നു സൗദി അറേബ്യയുടെ തന്ത്രം. ഇതോടെ ലോകത്തെ ഏറ്റവും വലിയ എണ്ണ വിപണിയായ ചൈന സൗദിയില്‍ നിന്ന് കൂടുതല്‍ എണ്ണ വാങ്ങാന്‍ തയ്യാറായിയിരിക്കുകയാണ്. ഓഗസ്റ്റില്‍ ഇതിന്റെ നേട്ടം സൗദിക്ക് ലഭിക്കും. മാത്രമല്ല കൂടുതല്‍ വരുമാനം ചൈനയില്‍ നിന്ന് കിട്ടുന്നത് ബജറ്റ് കമ്മി കുറയ്ക്കാന്‍ സൗദിയെ സഹായിക്കും.
കഴിഞ്ഞ നാല് മാസമായി സൗദിയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ചൈന കുറച്ചിരുന്നു. ഉയര്‍ന്ന വില തന്നെ പ്രധാന കാരണം. മാത്രമല്ല ചൈനയില്‍ എണ്ണയ്ക്കുള്ള ആവശ്യം കുറയുകയും ചെയ്തു. ഈ മാസം 36 ദശലക്ഷം ബാരല്‍ എണ്ണയാണ് സൗദിയില്‍ നിന്ന് ചൈന ഇറക്കുന്നത്. അതായത് പ്രതിദിനം ഒരു ദശലക്ഷത്തിലധികം. ഓഗസ്റ്റില്‍ 44 ദശലക്ഷം ബാരലാനാണ് ചൈന ഇറക്കാന്‍ പോകുന്നതെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. കഴിഞ്ഞ മെയ് മാസത്തിന് ശേഷം ആദ്യമായിട്ടാണ് ചൈന സൗദിയില്‍ നിന്ന് ഇത്രയധികം എണ്ണ വാങ്ങുന്നത്. കഴിഞ്ഞ വര്‍ഷം വരെ ചൈന കൂടുതല്‍ എണ്ണ വാങ്ങിയത് സൗദിയില്‍ നിന്നായിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം മുതല്‍ ചിത്രം മാറി.
2022 നേക്കാള്‍ 24 ശതമാനം അധികം എണ്ണ റഷ്യയില്‍ നിന്ന് ചൈന ഇറക്കി. ഇത് സൗദിക്ക് തിരിച്ചടിയായി. 2022 നേക്കാള്‍ രണ്ട് ശതമാനം ഇറക്കുമതി സൗദിയില്‍ നിന്ന് ചൈന കുറച്ചു. അതേസമയം, ഏഷ്യയിലേക്കുള്ള മൊത്തം എണ്ണ കയറ്റുമതിയില്‍ ഇപ്പോഴും മുന്നില്‍ സൗദി അറേബ്യ തന്നെയാണ്. ചൈനയും ഇന്ത്യയുമാണ് റഷ്യയില്‍ നിന്ന് കൂടുതല്‍ ഇറക്കുന്നത്. ഇന്ത്യ എണ്ണ ഇറക്കുന്നതില്‍ രണ്ടാം സ്ഥാനം ഇറാഖിനാണ്. മൂന്നാം സ്ഥാനത്താണ് സൗദി അറേബ്യ. വിപണി തിരിച്ചുപിടിക്കാന്‍ വില കുറച്ച് നല്‍കുകയാണ് സൗദി അറേബ്യ ഇപ്പോള്‍ ചെയ്യുന്നത്.
ചൈന സൗദി അറേബ്യയില്‍ നിന്ന് കഴിഞ്ഞ ജൂണില്‍ വാങ്ങിയത് പ്രതിദിനം 1.12 ദശലക്ഷം എണ്ണയായിരുന്നു. 2020 മാര്‍ച്ചിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ അളവായിരുന്നു ഇത്. ഇനിയും വില കുറച്ചില്ലെങ്കില്‍ ലോകത്തെ പ്രധാന വിപണി നഷ്ടമാകുമെന്ന് മനസിലാക്കിയാണ് സൗദി തന്ത്രം മാറ്റിയത്. സെജിയാങ് പെട്രോ കെമിക്കല്‍സ്, സിനോപാക്, സിനോച്ചെം, പെട്രോ ചൈന എന്നീ കമ്പനികളാണ് സൗദിയില്‍ നിന്ന് പ്രധാനമായും എണ്ണ വാങ്ങുന്നത്. കാര്യങ്ങള്‍ ഇങ്ങനെയാണെങ്കില്‍ മറുതന്ത്രം ഫലം കണ്ടേക്കും.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1