റഷ്യയുടെ ക്രൂഡ് ഓയില്‍ വാങ്ങുന്നു എന്ന് ചൂണ്ടിക്കാട്ടി ഇന്ത്യയ്ക്കെതിരെ അമേരിക്ക വന്‍ താരീഫ് ചുമത്തിയിരിക്കുകയാണ്. 25 ശതമാനത്തിന് പുറമെ 25 ശതമാനം കൂടി പ്രഖ്യാപിച്ചുകഴിഞ്ഞു. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് നിര്‍ത്തിവയ്ക്കണം എന്നാണ് അമേരിക്ക ആവശ്യപ്പെടുന്നത്. ഇന്ത്യ റഷ്യയില്‍ നിന്നുള്ള ക്രൂഡ് ഇറക്കുമതി കുറച്ചു എന്നും പഴയതു പോല തുടരുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്.
റഷ്യന്‍ എണ്ണ വാങ്ങുന്നത് പൂര്‍ണമായും നിര്‍ത്തിയാല്‍ എന്ത് സംഭവിക്കും?
ഇന്ത്യയ്ക്ക് എണ്ണ ഇറക്കുമതിക്ക് വേണ്ടി മറ്റു രാജ്യങ്ങളെ ആശ്രയിക്കേണ്ടി വരും. റഷ്യയുടെ എണ്ണയേക്കാള്‍ വില കൂടുതലാണ് സൗദി അറേബ്യ, യുഎഇ, ഇറാഖ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍. ഇതോടെ ഇന്ധന ചെലവ് ഇന്ത്യയ്ക്ക് കൂടും. ഇതിന്റെ പ്രതിഫലനം പെട്രോള്‍, ഡീസല്‍ വിലയില്‍ പ്രകടമാകും. എങ്കിലും ചില പ്രതീക്ഷകള്‍ ബാക്കിയാണ്..
2021ല്‍ ഇന്ത്യ റഷ്യയില്‍ നിന്ന് വാങ്ങിയ എണ്ണ ഇന്ത്യയുടെ മൊത്തം ഇറക്കുമതിയുടെ രണ്ട് ശതമാനം മാത്രമായിരുന്നു. ഇന്ന് 40 ശതമാനം വരെയാണ്. അതായത്, വന്‍തോതില്‍ റഷ്യയുടെ എണ്ണ ഇന്ത്യ ഇറക്കുന്നുണ്ട്. അമേരിക്കയുടെ ഭീഷണി നിലനില്‍ക്കെ ഇന്ത്യ ചില നടപടികള്‍ സ്വീകരിക്കാന്‍ ആരംഭിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന്റെ ഫലമാണ് റഷ്യന്‍ കമ്പനിക്ക് നിക്ഷേപമുള്ള ഇന്ത്യയിലെ നയാര കമ്പനിയുടെ എണ്ണ ചൈനയിലേക്ക് അയക്കേണ്ടി വന്നത്.
റഷ്യയുടെ എണ്ണ ഇന്ത്യയിലേക്ക് എത്തിക്കുന്നതിന് ചരക്കുകൂലി കൂടുതലാണ്. എങ്കിലും എണ്ണയുടെ വില കുറവായതിനാല്‍ മറ്റു രാജ്യങ്ങളില്‍ നിന്ന് വാങ്ങുന്നതിനേക്കാള്‍ ലാഭവുമാണ്. റഷ്യയുടെ എണ്ണ പൂര്‍ണമായും നിര്‍ത്തിയാല്‍ ഇന്ത്യയുടെ എണ്ണ ഇറക്കുമതി ബില്ലില്‍ 1000 കോടി ഡോളര്‍ വരെ വര്‍ധനവ് ഉണ്ടാകുമെന്നാണ് കെപ്ലര്‍ ഡാറ്റകള്‍ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍.
ഇന്തയ്ക്ക് മുന്നില്‍ ചെലവേറിയ വഴി
റഷ്യയില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ നിര്‍ത്തിയാല്‍ പശ്ചമേഷ്യ, ആഫ്രിക്ക, അമേരിക്ക, ലാറ്റിന്‍ അമേരിക്ക എന്നീ മേഖലകളിലുള്ള രാജ്യങ്ങളെ ഇന്ത്യ ആശ്രയിക്കേണ്ടി വരും. ഇന്ത്യയുടെ എണ്ണ കമ്പനികള്‍ക്ക് 25000-40000 കോടി രൂപ വരെ ചെലവ് വര്‍ധിക്കാന്‍ ഇതിടയാക്കും. 2026 സാമ്പത്തിക വര്‍ഷം ഇന്ധന ബില്ല് 900 കോടി ഡോളറും 2027 സാമ്പത്തിക വര്‍ഷം 1170 കോടി രൂപയും വര്‍ധിക്കുമെന്നാണ് എസ്ബിഐ റിപ്പോര്‍ട്ട്. ഇതിന്റെ തിക്തഫലം അനുഭവിക്കേണ്ടി വരുന്നത് ജനങ്ങളായിരിക്കും.
റഷ്യയില്‍ നിന്ന് ഇറക്കുന്ന എണ്ണയും മറ്റു രാജ്യങ്ങളില്‍ നിന്നുള്ള എണ്ണയും തമ്മിലുള്ള വില വ്യത്യാസം കുറഞ്ഞിട്ടുണ്ട് എന്നാണ് ആര്‍ബിഐ മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍ ചൂണ്ടിക്കാട്ടുന്നത്. അമേരിക്കക്ക് വഴങ്ങുന്നത് മൂലമുള്ള രാഷ്ട്രീയ തിരിച്ചടിയാണ് അദ്ദേഹം ചൂണ്ടിക്കാട്ടുന്ന വലിയ പ്രശ്നം. മാത്രമല്ല, റഷ്യയുടെ എണ്ണ മുഴുവനായും ഇന്ത്യയില്‍ ഉപയോഗിക്കുന്നില്ല. വലിയൊരു അളവില്‍ സംസ്‌കരിച്ച് കയറ്റുമതി ചെയ്യുകയാണ്.
വില കൂടി വരുന്ന വേളയില്‍ നികുതിയില്‍ ഇളവ് നല്‍കി കേന്ദ്ര സര്‍ക്കാര്‍ ഇടപെടാറുണ്ട്. അത്തരം നടപടികള്‍ ഇനിയും പ്രതീക്ഷിക്കാം. ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ ബാരല്‍ വില കുറഞ്ഞുവരുന്നത് മറ്റൊരു പ്രതീക്ഷയാണ്. ക്രൂഡ് ഓയില്‍ ജിഎസ്ടി പരിധിയില്‍ കൊണ്ടുവന്നാല്‍ നേട്ടമാകും. അതുണ്ടാകില്ല എന്നാണ് കരുതുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ ഇളവ് മാത്രമാണ് ഏക പ്രതീക്ഷ. ആഭ്യന്തര ഉല്‍പ്പാദനം കൂട്ടാനുള്ള ശ്രമം വിജയിച്ചാല്‍ അത് ഭാവിയില്‍ ഗുണം ചെയ്യും. ഏഷ്യയിലേക്കുള്ള ക്രൂഡ് വില തുടര്‍ച്ചയായി കൂട്ടുന്ന സൗദി അറേബ്യയില്‍ അമിതമായി പ്രതീക്ഷ വച്ചുപുലര്‍ത്താനാകില്ല.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1