പ്രതിപക്ഷത്തെ ഇരുത്തി'പ്പൊരിക്കുന്ന' സതീശനും മുരളീധരനും; വറുത്തുപൊരിക്കുന്ന സജീന്ദ്രനും!

OCTOBER 28, 2026, 10:53 AM

കേരള നിയമസഭയിൽ കഴിഞ്ഞ രണ്ട് ദിവസമായി നടക്കുന്നത് കണ്ട് ജനം തലതല്ലിച്ചിരിക്കുകയാണ്. പഴയൊരു ദിലീപിന്റെ ചിത്രത്തിൽ ഹരിശ്രീ അശോകൻ 'ചെറിയൊരു വടകൊടുത്ത് വലിയൊരു വടവാങ്ങി'യെന്നു പറഞ്ഞതുകേട്ട് ഇപ്പോഴും ചിരിക്കുന്നവരാണ് നാം. സഭയിൽ മന്ത്രി മുരളീധരനേയും മുഖ്യമന്ത്രി വി.ഡി. സതീശനേയും പ്രതിപക്ഷം വളഞ്ഞിട്ട് ആക്രമിക്കാനൊരുങ്ങും.

എന്നാൽ ഒന്നോ രണ്ടോ മിനിറ്റുകൾ കഴിയുമ്പോൾ 'മലർവാടി ആർട്‌സ് ക്ലബ്' എന്ന സിനിമയിൽ നല്ല നാടൻ തല്ല് കിട്ടി കിളിപോയ സുരാജിന്റെ ഗുണ്ടാ കഥാപാത്രം ''എടാ പ്രേമാ പതുക്കെ ഓടടാ... എനിക്ക് ഈ നാട്ടിലെ വഴിയൊന്നും അറിഞ്ഞുകൂടാ'യെന്ന് അലറിക്കൊണ്ട് പറയുന്നതുപോലെ പ്രതിപക്ഷം ഓടുന്ന വഴിയിൽ പുല്ല് മുളയ്ക്കാത്ത അവസ്ഥ നാം കാണേണ്ടിവരുന്നു.

തീരെ ദുർബലമാണ് നിയമസഭയിൽ പ്രതിപക്ഷത്തിന്റെ ഇപ്പോഴത്തെ അവസ്ഥ. ഭരണപക്ഷത്തിനുനേരെ ആരോപണങ്ങളുണ്ടാകുമ്പോൾ, പ്രതിപക്ഷത്തെ യാതൊരു ദാക്ഷിണ്യവുമില്ലാതെ പഞ്ഞിക്കിടുകയാണ് മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും. ഇതിനിടെ അംഗങ്ങൾക്ക് രസിക്കാനുള്ള കോമഡി നുറുങ്ങുകളുമായി കുന്നത്തുനാട് എം.എൽ.എ. വി.പി. സജീന്ദ്രനും സഭയിൽ കസറുന്നുണ്ട്. നാളെ (വ്യാഴം) നിയമസഭാ സമ്മേളനത്തിന് താൽക്കാലികമായി തിരശ്ശീല വീഴുമ്പോൾ സഭാ ടി.വിയിലൂടെ രസിച്ചു കണ്ടുകൊണ്ടിരുന്ന 'മസാലപ്പടം' നിന്നുപോയല്ലോ എന്ന ദുഃഖത്തിലായിരിക്കും ജനം.

vachakam
vachakam
vachakam


'കിഫ്ബി' പ്രതിപക്ഷത്തിന്റെ കുഴിയാന 

കേന്ദ്രത്തിന്റെ സാമ്പത്തിക നിസ്സഹകരണംമൂലം ആകെ വലഞ്ഞ കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനുള്ള ഒറ്റമൂലി എന്ന ടാഗ്‌ലൈനോടുകൂടിയാണ് 2016ൽ കിഫ്ബി അവതരിപ്പിക്കപ്പെട്ടത്. ഏതൊരു വികസനത്തിനും കേന്ദ്രത്തോടോ കേരളത്തിന്റെ ധനമന്ത്രിയോടോ ചോദിക്കാതെ ഇഷ്ടംപോലെ വായ്പ നൽകാൻ കിഫ്ബി സന്നദ്ധത കാണിച്ചു.

vachakam
vachakam
vachakam

ആദ്യനാളുകളിൽ, രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് 'കിഫ്ബി' മുഖ്യമന്ത്രിയുടെ 'അറിവോടെയും അന്നത്തെ ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ എതിർപ്പോടെയും പുറത്തുനിന്ന് വൻ പലിശയ്ക്ക് പണം വായ്പ വാങ്ങാൻ തുടങ്ങി. ഈ സാഹചര്യം ഇതേ ആഴ്ചക്കുറിപ്പിൽ പലവട്ടം നാം വായിച്ചിട്ടുണ്ടെങ്കിലും ഇപ്പോൾ കേരളത്തിൽ ജനിക്കുന്ന ഓരോ കുഞ്ഞിന്റെയും തലക്കടം 1,40,000 രൂപയാണെങ്കിൽ, കിഫ്ബി വരുത്തിവച്ച 25 വർഷം നീണ്ടുനിൽക്കുന്ന ബാധ്യത കൂടി കണക്കാക്കുമ്പോൾ ഈ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി എന്താകുമെന്ന് ഇപ്പോൾ പ്രവചിക്കാനാവാത്ത അവസ്ഥയാണ്.

കിഫ്ബിക്കുവേണ്ടി റവന്യൂ വകുപ്പ് വഴി കിൻഫ്ര സ്ഥലം വാങ്ങിക്കൂട്ടാനായി 47 ശതമാനത്തിലേറെയും ഫണ്ട് ചെലവഴിച്ചത് കണ്ണൂർ ജില്ലയിലാണെന്ന് കണക്കുകളുണ്ട്. സി.പി.എം.ലെ യഥാർത്ഥ കമ്മ്യൂണിസ്റ്റുകാർ അയിത്തം കല്പിച്ച് ഇപ്പോൾ മാറ്റിനിർത്തിയിട്ടുള്ള പി.പി. ദിവ്യയടക്കമുള്ളവർ ഈ റിയൽ എസ്‌റ്റേറ്റ് തട്ടിപ്പിന് പിന്നിലുണ്ടെന്ന ആരോപണം വ്യാപകമായി ഉയർന്നുകഴിഞ്ഞു. പാർട്ടിയുടെ പ്രാദേശിക നേതാക്കൾ ബിനാമി പേരിൽ വാങ്ങിച്ചുകൂട്ടിയ ഭൂമിയും മലബാർ ദേവസ്വം ബോർഡ് വക ഭൂമിയുമെല്ലാം കമ്പോള വിലയേക്കാൾ അഞ്ചിരട്ടികൊടുത്ത് കിൻഫ്ര വാങ്ങിക്കൂട്ടുകയായിരുന്നു.

ഇപ്പോൾ ഇത്തരം അഴിമതികൾക്ക് ഞങ്ങൾ കൂട്ടില്ലെന്നു പറയുന്ന സി.പി.ഐ.യുടെ അന്നത്തെ റവന്യൂ മന്ത്രി കെ. രാജന് ഇതൊന്നും അറിയാമായിരുന്നില്ലേ? 25 വർഷംകൊണ്ട് തീർക്കാനുള്ള 70,000 കോടിയുടെ ബാധ്യത സംസ്ഥാനത്തിന് വരുത്തിവച്ച കിഫ്ബിയിലെ സ്റ്റാഫംഗങ്ങളെല്ലാം 'ലക്ഷങ്ങൾ ശമ്പളം വാങ്ങുന്ന പിണറായിയുടെ ആശ്രിതരായിരുന്നുവെങ്കിൽ, ആ വഴിക്കും സർക്കാർ അന്വേഷണം നടത്തേണ്ടതുണ്ട്.

vachakam
vachakam
vachakam


മുൻ വനിതാ മന്ത്രിമാരും ആരോപണങ്ങളും

കേരളത്തിൽ സി.പി.എം. ഭരണകാലത്ത് മൂന്ന് വനിതാ മന്ത്രിമാരാണ് ആരോഗ്യവകുപ്പ് ഭരിച്ചത്. പി.കെ. ശ്രീമതി, കെ.കെ. ശൈലജ, വീണാ ജോർജ് എന്നിവരായിരുന്നു ഇവർ. ജനറിക് മരുന്ന് വാങ്ങുന്നതിൽ ഇപ്പോഴത്തെ മന്ത്രി കെ. മുരളീധരൻ അഴിമതി നടത്തുന്നതായി ഈ വനിതാ നേതാക്കൾ ആരോപിക്കുകയുണ്ടായി. എന്നാൽ, മന്ത്രി കെ. മുരളീധരൻ ഇതിനുള്ള മറുപടി നിയമസഭയിലാണ് പറഞ്ഞത്. മന്ത്രി ശ്രീമതിയുടെ കാലത്ത് ടോറസ് എന്ന കമ്പനിയുടെ കോടിക്കണക്കിന് രൂപയുടെ മരുന്നുവാങ്ങിയതിനു പിന്നിൽ മുൻ പാർട്ടി സെക്രട്ടറിയും മന്ത്രിയുമായിരുന്ന കോടിയേരിയുടെ മക്കൾക്ക് എന്ത് പങ്കാണുണ്ടായിരുന്നതെന്നായിരുന്നു

മുരളീധരന്റെ ചോദ്യം. ശൈലജ ടീച്ചറിന്റെ കാലത്ത് വാങ്ങിയ മെഡിക്കൽ ഉപകരണങ്ങൾ നശിച്ചതും സർക്കാർ ആശുപത്രികളിൽ സ്ഥാപിക്കാൻ വാങ്ങിയ 141 വെന്റിലേറ്ററുകൾ  ഉപയോഗശൂന്യമായതും മുരളീധരൻ പറഞ്ഞതോടെ കോടികൾ പാഴായതായി തെളിഞ്ഞു. കിഫ്ബി നിർമ്മിച്ച കോട്ടയം മെഡിക്കൽ കോളജിലെ സർജിക്കൽ വാർഡിന്റെ മേൽത്തട്ട് ബുധനാഴ്ച രാവിലെ തകർന്നുവീണതായും മന്ത്രി സഭയെ അറിയിച്ചു. 

ആരോഗ്യവകുപ്പിനുവേണ്ടി കണ്ണൂർ ജില്ലയിൽ വാങ്ങിയ 110 ഏക്കർ സ്ഥലത്ത് ഒരു കൂറ്റൻ കെട്ടിടം നിർമ്മിച്ചിട്ടുണ്ട്. ആയുർവേദ ഗവേഷണ ഇൻസ്റ്റിറ്റിയൂട്ടിനായി വാങ്ങിയതാണ് ഈ സ്ഥലം. എന്തിനാണ് പ്രൊജക്ടിന്റെ വിശദാംശങ്ങൾ തയ്യാറാക്കാതെ ചോർന്നൊലിക്കുന്ന കെട്ടിടം അവിടെ നിർമ്മിച്ചതെന്ന് വകുപ്പിലുള്ള ആർക്കുമറിയില്ല. ഇതോടെ പഴയ വനിതാ മന്ത്രിമാരെ പിന്തുണയ്ക്കാൻ പ്രതിപക്ഷാംഗങ്ങൾ പോലും മടിച്ചതുകണ്ടു.

തോന്നിയതുപോലെ നിർമ്മാണമോ?

മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ കിഫ്ബി ഒരു പാലം നിർമ്മിച്ചിട്ടുണ്ട്. പിന്നെ സ്‌കൂൾ കെട്ടിടങ്ങൾ നിർമ്മിക്കാൻ 7 കോടി രൂപ വേറെയും കിഫ്ബി നൽകുകയുണ്ടായി. എന്നാൽ ഈ മണ്ഡലത്തോടു ചേർന്നുകിടക്കുന്ന അന്നത്തെ മന്ത്രി പി. രാജീവിന്റെ മണ്ഡലത്തിനായി കിഫ്ബി നീക്കിവച്ചത് 800 കോടി രൂപയായിരുന്നുവെന്ന് മുഖ്യമന്ത്രി ബുധനാഴ്ച സഭയിൽ വെളിപ്പെടുത്തിയതും ഞെട്ടലായി. ഡി.പി.ആർ.പോലും തയ്യാറാക്കാതെയായിരുന്നു കിഫ്ബി പണം അനുവദിച്ചിരുന്നത്. ഊരാളുങ്കൽ ലേബർ സൊസൈറ്റിക്ക് ടെൻഡറുകൾപോലും ക്ഷണിക്കാതെ കിഫ്ബി നൽകിയത് 5900 കോടി രൂപയാണ്!

കോഴിക്കോട്ട് സ്ഥാപിക്കാൻപോകുന്ന അവയവമാറ്റ ആശുപത്രി ഇടതു മുന്നണിയുടെ പദ്ധതിയാണെന്ന മുൻ മന്ത്രി വീണാ ജോർജിന്റെ അവകാശവാദവും മുഖ്യമന്ത്രി ഇന്ന് സഭയിൽ പൊളിച്ചു. ടെൻഡർ പൂർത്തിയാക്കാതെ, വർക്ക് ഓർഡർ നൽകാതെ, സർക്കാർ അനുമതിയില്ലാതെ ഈ സ്ഥാപനത്തിന് 2026 ഫെബ്രുവരിയിൽ മുൻ മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് തറക്കല്ലിടുകയായിരുന്നില്ലേയെന്ന ചോദ്യത്തിനും പ്രതിപക്ഷം കമാന്ന് മിണ്ടിയില്ല.

2026 ഓഗസ്റ്റ് 13ന് യു.ഡി.എഫ്. സർക്കാർ ഈ പദ്ധതിക്ക് അനുമതി നൽകുകയും 2026 സെപ്തംബർ 28ന് വർക്ക് ഓർഡർ നൽകുകയും ചെയ്ത പദ്ധതി എങ്ങനെയാണ് ഇടതുമുന്നണി സർക്കാരിന്റെ വകയാകുകയെന്ന ചോദ്യംകൂടി മുഖ്യമന്ത്രി ഉന്നയിച്ചു.

പാഴ്‌ചെലവിന്റെ പ്രളയകലം

ഉന്നതപദവിയിൽനിന്ന് വിരമിച്ച എല്ലാ ഉന്നത ഉദ്യോഗസ്ഥരെയും കൂറ്റൻ ശമ്പളം കൊടുത്ത് കുടിയിരുത്തുന്നതിൽ പിണറായി സർക്കാർ കാണിച്ച 'അതിമിടുക്ക്' ആ ഉന്നതരെക്കൊണ്ട് ഭരണകൂടം നടത്തിയ അഴിമതികൾ മൂടിവയ്ക്കാനായിരുന്നുവോ? കഴിവും പ്രാപ്തിയുമുള്ള ഉന്നത ഉദ്യോഗസ്ഥർപോലും പിണറായി ഒരുക്കിയ പ്രലോഭനങ്ങളിൽ കാലിടറിയവരാണോ? 
മുൻ ചീഫ് സെക്രട്ടറി വി.പി. ജോയിതന്നെ ഉദാഹരണം. തൊഴിലാളികളുടെ ദേശീയക്ഷേമ പ്രസ്ഥാനമായ എംപ്ലോയീസ് പ്രൊവിഡണ്ട് ഫണ്ട് നവീകരിക്കുക മാത്രമല്ല,

തൊഴിലാളികൾക്കുമുമ്പിൽ അതിന്റെ  സുതാര്യത ഉറപ്പാക്കുകയും ചെയ്ത ഉദ്യോഗസ്ഥനാണ് വി.പി. ജോയി. ജോയി വാഴയിൽ എന്ന തൂലികാനാമത്തിൽ മോശമല്ലാത്ത കവിതകളും അദ്ദേഹത്തിന്റേതായിട്ടുണ്ട്. എന്നാൽ പിണറായിയുടെ ഭരണകാലത്ത് റിട്ടയർ ചെയ്ത ജോയിയെ പൊതുമേഖലാ സ്ഥാപനങ്ങളിലേക്കുള്ള റിക്രൂട്ട്‌മെന്റ് നടത്തുന്ന ബോർഡിന്റെ തലവനായി പിണറായി നിയമിച്ചു. ഇതോടെ ചീഫ് സെക്രട്ടറിയുടെ പെൻഷനും ബോർഡ് തലവന്റെ ശമ്പളമായ 3.60 ലക്ഷം രൂപയും പ്രതിമാസം ജോയിയുടെ അക്കൗണ്ടിലെത്തി. ഈ ബോർഡ് 1176 നിയമന ശുപാർശകൾ നൽകിയെങ്കിലും കാര്യമായ തോതിൽ നിയമനമൊന്നും നടന്നിട്ടില്ല. വെള്ളയമ്പലത്തുള്ള പഴയ എയർ ഇന്ത്യയുടെ ഓഫീസ് ഒന്നുകൂടി നവീകരിച്ച് ജോയിയെ തലവനായി കസേരയിലിരുത്തുകവഴി സർക്കാരിന് സ്റ്റാഫിന്റെ ശമ്പളമായി മാത്രം ഇപ്പോഴും നൽകേണ്ടി വരുന്നത് 19.16 ലക്ഷം രൂപയാണ് ! ബോർഡിന്റെ സെക്രട്ടറിയുടെ ശമ്പളംകൂടി കേട്ടോളൂ: പ്രതിമാസം 2 ലക്ഷം!

മറ്റൊരാൾ കിഫ്ബി സി.ഇ.ഒ. സ്ഥാനത്തുനിന്ന് ഓടിമാറിയ കെ.എം. എബ്രഹാമാണ്. കേന്ദ്ര സർവീസിലിരിക്കെ റിലയൻസിനെപ്പോലും വിറപ്പിച്ച വീരശിങ്കം. കേരളത്തിൽ ഉമ്മൻചാണ്ടി സർക്കാരിനെ ട്രഷറിപൂട്ടാൻ അനുവദിക്കാതെ കൈപിടിച്ച് നടത്തിയ സാമ്പത്തിക വൈദഗ്ദ്ധ്യം കൈമുതലായുള്ള കെ.എം. എബ്രഹാം കിഫ്ബിയിൽ ഇരുന്ന് ചെയ്തുകൂട്ടിയ പിഴവുകൾക്ക് ഈ സർക്കാർ കണക്കുപറയിക്കുമെന്ന് മുഖ്യമന്ത്രി സതീശൻ നിയമസഭയിൽ ഇന്ന് പറഞ്ഞുകഴിഞ്ഞിട്ടുണ്ട്.

'സജീന്ദ്രാ കൊല്ലണ്ട' എന്ന് ആരു പറയും?

'രാവണപ്രഭു' എന്ന സിനിമയിൽ മോഹൻലാലിന്റെ കഥാപാത്രത്തെ തല്ലാൻ ഗുണ്ടകൾക്ക് വിട്ടുകൊടുത്തുകൊണ്ട് വിജയരാഘവന്റെ കഥാപാത്രം പോകുന്ന പോക്കിൽ പറയുന്ന 'നടേശാ കൊല്ലണ്ടാ' എന്ന രീതിയിൽ കുന്നത്തുനാട് എം.എൽ.എ. വി.പി. സജീന്ദ്രനോട് ആരു പറയാൻ? സഭ നിയന്ത്രിക്കുന്ന സ്പീക്കർപോലും സജീന്ദ്രന്റെ ഡയലോഗ് കേട്ട് കുലുങ്ങിച്ചിരിക്കുകയായിരുന്നു. ഒരു പാർട്ടിയുടെ അവസ്ഥ സൂചിപ്പിക്കാൻ സജീന്ദ്രൻ കൂട്ടുപിടിച്ചത് ബി.എസ്.എൻ.എൽ.നെയായിരുന്നു. എല്ലായിടത്തും ബി.എസ്.എൻ.എൽ.ന് ടവറുണ്ട്; പക്ഷേ റേഞ്ചില്ലെന്ന സജീന്ദ്രന്റെ പരാമർശം കേട്ട് പ്രതിപക്ഷാംഗങ്ങൾ പോലും ചിരിച്ചപോയി.

സജീന്ദ്രനെ സംബന്ധിച്ചിടത്തോളം ഇത്തരം കോമഡി പറയാനുള്ള എല്ലാ അവകാശവുമുണ്ട്. കാരണം മലയിടംതുരുത്തിലേയും അമ്പലമുകളിലേയും രണ്ട് ഗുരുതരമായ ജനകീയസമരങ്ങൾ എല്ലാവർക്കും തൃപ്തികരമാംവിധം പരിഹരിക്കാൻ സജീന്ദ്രന് കഴിഞ്ഞുവെന്നത് അദ്ദേഹത്തിന്റെ നേട്ടംതന്നെയാണ്.

നവംബർ 1ന് കേരളത്തിന് എഴുപതു തികയുമ്പോൾ നടക്കാൻപോകുന്ന ആഘോഷ ഇവന്റുകളിൽ സജീന്ദ്രന്റെ രാഷ്ട്രീയ  ആക്ഷേപഹാസ്യ പ്രസംഗംകൂടി ജനങ്ങൾക്ക് കേൾക്കാനായി ഉൾപ്പെടുത്തുന്നത് നന്നായിരിക്കുമെന്ന് തോന്നുന്നു. മുൻമന്ത്രിമാരായ ബാലഗോപാലും എ.സി. മൊയ്തീനുമെല്ലാം സജീന്ദ്രനെതിരെ സഭയിൽ 'തിളച്ചുമറിയാൻ' ഒരുങ്ങിയെങ്കിലും, പ്രതിപക്ഷം 'ബോയ്‌ക്കോട്ടേ' എന്നു പറഞ്ഞപ്പോൾ സ്പീക്കർ 'ആയിക്കോട്ടെ' എന്നു പറഞ്ഞുവെന്ന  സജീന്ദ്രന്റെ തകർപ്പൻ ഡയലോഗിന്റെ ഹരത്തിലായിരുന്നു സഭ അപ്പോഴും.

ആന്റണി ചടയംമുറി

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam