മലയാളികള്‍ സാത്താന്‍ സേവയെന്ന വാക്ക് സിനിമകളിലും നോവലുകളിലുമല്ലാതെ ആദ്യമായി കേട്ടത് നന്ദന്‍കോട് കൂട്ടക്കൊലയോടെയാണ്. എന്നാല്‍ ഇപ്പോള്‍ ഇത്തരമൊരു സമ്പ്രദായം കേരളത്തില്‍ സുപരിതമാണെന്നാണ് പുറത്തുവരുന്ന പല സംഭവങ്ങളും തെളിയിക്കുന്നത്. അത് മാത്രമല്ല കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സാത്താന്‍ സേവ വളരെ സജീവമാണെന്ന് വേണം കരുതാന്‍.
2017 ലെ നന്തന്‍കോട്ടെ കൊലപാതകങ്ങള്‍, 2022 ല്‍ പത്തനംതിട്ട ഇലന്തൂരില്‍ നടന്ന ഇരട്ട നരബലി, കട്ടപ്പനയിലെ ഇരട്ടക്കൊല തുടങ്ങി അടുത്തിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ചില കൊലപാതകങ്ങള്‍ക്കും ആത്മഹത്യകള്‍ക്കും പിന്നില്‍ സാത്താന്‍ സേവയും ഉദ്ദിഷ്ടകാര്യസിദ്ധിക്കായുള്ള നരബലിയുമാണെന്ന കണ്ടെത്തല്‍ ഞെട്ടിക്കുന്നതാണ്. ഇതിന്റെ ഒടുവിലത്തെ കണ്ണികളാണ് അരുണാചല്‍ പ്രദേശില്‍ ആത്മഹത്യ ചെയ്ത നവീനും ദേവിയും ആര്യയും.
സംസ്ഥാനത്ത് കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, കോട്ടയം, ആലപ്പുഴ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് സാത്താന്‍ സേവ വര്‍ദ്ധിക്കുന്നുണ്ടെന്ന് നന്ദന്‍കോട് കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ അന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ആ കേസിന്റെ ഒച്ചപ്പാട് അവസാനിച്ചതോടെ പിന്നീടാരും സാത്താന്‍ സേവ സംഘങ്ങള്‍ക്ക് പിന്നാലെ പോയില്ല. കോടും ക്രൂരത നിറഞ്ഞ ആഭിചാരക്രിയകള്‍ വരെ അരങ്ങേറുന്ന സാത്താന്‍ ആരാധന നമ്മുടെ സംസ്ഥാനത്ത് നടക്കുന്നുണ്ടെന്നത് ഗൗരവമായി കാണേണ്ട ഒരു സംഗതിയാണ്.
നഗരങ്ങളില്‍ ഒറ്റപ്പെട്ടുകിടക്കുന്ന വീടുകളും ഫ്‌ളാറ്റുകളും കേന്ദ്രീകരിച്ച് സാത്താന്‍ ആരാധന നടക്കുന്നുവെന്നാണ് വിവരം. സമൂഹത്തിലെ ഉന്നത നിലയിലുള്ളവര്‍ പലരുമാണ് ഇത്തരം സംഘങ്ങളിലെ അംഗങ്ങളെന്നതാണ് ഞെട്ടിക്കുന്നത്. സാത്താന്‍ സേവയിലൂടെ ശത്രുക്കളില്‍ നിന്ന് രക്ഷയും ഒപ്പം സമ്പാദ്യം കുമിഞ്ഞ് കൂടുമെന്ന വിശ്വാസത്തിലും ഇത്തരം സംഘങ്ങളില്‍ അംഗങ്ങളാകുന്നവരില്‍ അഭ്യസ്ഥവിദ്യരായ ചെറുപ്പക്കാരും ഉള്‍പ്പെടുന്നുണ്ട്. ഭയജനകവും വിചിത്രവുമാണ് ഇവരുടെ രീതികള്‍.
വിദേശികളടക്കം പങ്കെടുക്കുന്ന ഇത്തരം സാത്താന്‍ സേവകള്‍ പലപ്പോഴും സ്‌പോണ്‍സര്‍ ചെയ്യുന്നത് ലഹരി മാഫിയകളാണ്. അതീന്ദ്രിയ ശക്തി ലഭിക്കുമെന്നും സമ്പത്ത് ലഭിക്കുമെന്നും ശത്രുക്കളെ ഇല്ലാതാക്കാന്‍ സാധിക്കുമെന്നും ഉള്ള ധാരണകളിലാണ് പലരും ഇത്തരം സംഘങ്ങളുടെ ഭാഗമാകുന്നത്. സാത്താന്‍ സേവകര്‍ ഇതിനായി ഞെട്ടിക്കുന്ന ആഭിചാര ക്രിയകള്‍ നടത്തുന്നുണ്ടെന്നാണ് വിവരം. പതിമൂന്നാണ് ഇത്തരക്കാരുടെ ഇഷ്ടനമ്പര്‍. 13-ാം തീയതി വെള്ളിയാഴ്ചയാവുന്ന ദിവസങ്ങളില്‍ ഇത്തരം ആഭിചാരങ്ങള്‍ കൂടുതലായി നടക്കുന്നുവെന്ന റിപ്പോര്‍ട്ടും പുറത്ത് വന്നിരുന്നു. അമേരിക്ക, യുകെ, കാനഡ, ജപ്പാന്‍, ഫിന്‍ലന്‍ഡ്, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളില്‍ പരസ്യമായിട്ടാണ് സാത്താന്‍ സേവ നടത്തുന്നത്. എന്നാല്‍ ഇവരുടെ നീക്കങ്ങള്‍ സര്‍ക്കാര്‍ കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്നാണ് വിവരം.
എന്താണ് സാത്താന്‍ സേവ?
1966 ല്‍ ആന്റണ്‍ സാന്‍ഡോര്‍ ലാവേയാണ് സാത്താന്‍ സഭ (ചര്‍ച്ച് ഓഫ് സാത്താന്‍) സ്ഥാപിച്ചത്. ദൈവത്തെക്കാള്‍ പ്രബലനും സകലതിനെയും ചോദ്യം ചെയ്യാന്‍ കഴിവുള്ളവനും സാത്താനാണെന്നാണ് സാത്താന്‍ സേവക്കാരുടെ വിശ്വസം. ലൂസിഫറിനെയാണ് സാത്താന്‍ സഭ ആരാധിക്കുന്നത്. ദൈവത്താല്‍ സൃഷ്ടിക്കപ്പെട്ട മാലാഖയായ ലൂസിഫര്‍ ഭൂമിയിലേക്ക് പോകാനാഗ്രഹിച്ച് യുദ്ധം ചെയ്‌തെന്നും പിന്നീട് ദൈവം ശപിച്ച് ഭൂമിയിലേക്കയച്ചെന്നുമാണ് ഇവര്‍ വിശ്വസിക്കുന്നത്. ലൂസിഫറിന്റെ പിന്‍ഗാമികളാണ് തങ്ങളെന്നാണ് ഇവരുടെ വിശ്വാസം.
സാത്താന്‍ സേവകരുടെ പ്രധാന അനുഷ്ഠാനങ്ങളില്‍ ഒന്ന് ബ്ലാക്ക് മാസ് ആണ്. വിശ്വാസികള്‍ വിശുദ്ധ വസ്തുക്കളായി മാനിക്കുന്നവയെ അശുദ്ധമാക്കുകയാണ് ഇതില്‍ പ്രധാനം. രക്തം ഇറ്റിച്ചോ മലമൂത്ര വിസര്‍ജനം നടത്തിയോ പള്ളികളില്‍ നിന്നുള്ള തിരുവോസ്തി (വിശ്വാസികള്‍ക്ക് നല്‍കുന്ന അപ്പം) അശുദ്ധമാക്കിയാണ് ബ്ലാക്ക് മാസ് തുടങ്ങുന്നത്. ബൈബിള്‍ നശിപ്പിക്കുക, മനുഷ്യന്റെ തലയോട്ടിയില്‍ വീഞ്ഞ് കുടിക്കുക, അമിതമായ പ്രകൃതിവിരുദ്ധ ലൈംഗികത തുടങ്ങിയവയും ഇവരുടെ ആചാരങ്ങളില്‍പ്പെടുന്നു.
''സാത്താന്‍ സേവയിലേക്ക് ആകൃഷ്ടരാകുന്നവര്‍ ആദ്യം ചെയ്യുക മാമോദിസ റദ്ദാക്കല്‍ (അണ്‍ബാപ്റ്റിസം)ആണെന്ന് 2023 ല്‍ അമേരിക്കയിലെ ബോസ്റ്റണില്‍ നടന്ന സാത്താന്‍ കോണ്‍ഫറന്‍സില്‍ പങ്കെടുത്ത ബിബിസി റിപ്പോര്‍ട്ടര്‍ റെബേക്ക സീല്‍സ് വ്യക്തമാക്കിയിരുന്നു. അതിനായി ഈ വിശ്വാസികള്‍ ആദ്യം കൈകള്‍ ചേര്‍ത്തുകെട്ടും. പിന്നീട് സ്വാതന്ത്ര്യത്തിന്റെ പ്രതീകമെന്നോണം കെട്ടഴിച്ചുമാറ്റും. തുടര്‍ന്ന് മാമോദീസ പൂര്‍ണമായും റദ്ദാക്കാനായി ബൈബിളിന്റെ പേജുകള്‍ കീറുമെന്നും അവര്‍ വെളിപ്പെടുത്തിയിരുന്നു.
വര്‍ഷങ്ങള്‍ക്കു മുന്‍പ് പള്ളികളില്‍ നിന്നും തിരുവോസ്തി മോഷണം പോകുന്ന സംഭവങ്ങള്‍ കേരളത്തില്‍ അടിക്കടിയുണ്ടായിരുന്നു. മറ്റ് വിലപിടിപ്പുള്ള വസ്തുക്കളൊന്നും പോകാത്തതിനാല്‍ ആരും കേസിന് പോയില്ലെങ്കിലും സാത്താന്‍ സേവക്കാര്‍ക്ക് പണം കൈപ്പറ്റിയോ അല്ലാതെയോ കൈമാറാനാണ് തിരുവോസ്തി മോഷ്ടിക്കപ്പെടുന്നതെന്ന് പള്ളി അധികൃതര്‍ക്കും പൊലീസിനും രഹസ്യ വിവരം ലഭിച്ചിരുന്നു. തിരുവോസ്തി സ്വീകരിക്കുന്നവര്‍ ഇത് കഴിക്കുന്നുവെന്നും ഇതരമതസ്ഥര്‍ക്ക് നല്‍കുന്നില്ലെന്നും ഉറപ്പാക്കണമെന്നും സിറോ മലബാര്‍ സഭ പള്ളികള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു.
സംസ്ഥാനത്ത് കൊച്ചിയാണ് സാത്താന്‍ സേവകരുടെ പ്രധാന താവളമെന്നാണ് റിപ്പോര്‍ട്ട്. കൊച്ചിയിലും പരിസരങ്ങളിലും ഇത്തരം പത്തിലധികം കേന്ദ്രങ്ങളുണ്ടെന്നാണ് വിവരം. ടൂറിസത്തിന്റെ മറവിലാണ് ഇത്തരം കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.
ആസ്ട്രല്‍ പ്രൊജക്ഷന്‍
ശരീരത്തില്‍ നിന്ന് ആത്മാവിനെ വേര്‍പെടുത്തുന്ന ആസ്ട്രല്‍ പ്രൊജക്ഷന്‍ എന്ന രീതി പരീക്ഷിക്കുകയായിരുന്നുവെന്നാണ് 2017 ഏപ്രിലില്‍ തിരുവനന്തപുരത്തെ നന്തന്‍കോട്ട് നടന്ന കൊലപാതക കേസിലെ പ്രതി കേഡല്‍ ആദ്യം പൊലീസിനോട് പറഞ്ഞത്. സാത്താന്‍ സേവയുടെ രീതിയാണിത്.
അന്ധവിശ്വാസ വിരുദ്ധ നിയമം
2008 ല്‍ അന്ധവിശ്വാസ വിരുദ്ധ നിയമം കൊണ്ടുവരാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമം തുടങ്ങിയിരുന്നു. 2014 ലും പിന്നീട് 2021 ലും ഇതിനായുള്ള ബില്‍ അവതരിപ്പിച്ചെങ്കിലും നിയമമായില്ല. ആഭ്യന്തര വകുപ്പിന്റെ പരിഗണനയിലായിരുന്ന ബില്‍ 2022 ല്‍ ഇലന്തൂരില്‍ നടന്ന നരബലിയെത്തുടര്‍ന്ന് വീണ്ടും പൊടിതട്ടിയെടുത്തു. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പ്രോത്സാഹിപ്പിക്കുകയും അത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുന്നവര്‍ക്ക് ഒരു വര്‍ഷം മുതല്‍ 7 വര്‍ഷം വരെ തടവും 5000 രൂപ മുതല്‍ 50,000 രൂപ വരെ പിഴയും വ്യവസ്ഥ ചെയ്യുന്ന ബില്‍ പക്ഷേ നിയമമായില്ല. ചില മതാചാരങ്ങള്‍ ബില്ലിന്റെ പരിധിയില്‍ വരുമെന്നത് സംബന്ധിച്ച ആശയക്കുഴപ്പമായിരുന്നു കാരണം. ബില്‍ ഇപ്പോഴും നിയമവകുപ്പിന്റെ പരിഗണനയിലാണ്.
വികലമായ ചിന്തകള്‍ക്കുവേണ്ടി ത്യജിക്കാനുള്ളതല്ല ജീവിതം
എന്ന് സാത്താന്‍ സേവ പ്രതിപാദിക്കുന്ന ആദം ജോണ്‍ സിനിമയുടെ സംവിധായകന്‍ ജിനു എബ്രഹാം പറയുന്നു. പുതിയൊരു വിഷയം സിനിമയ്ക്ക് വേറൊരു വിഷ്വല്‍ ലാംഗ്വേജ് നല്‍കുമെന്നുള്ളതുകൊണ്ടാണ് ആദം ജോണ്‍ സിനിമയില്‍ അങ്ങനെയൊരു സംഭവം ചിത്രീകരിച്ചതെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിനായി സാത്താന്‍ ആരാധനയെക്കുറിച്ചുള്ള പുസ്തകങ്ങള്‍ വായിച്ചിരുന്നു. എനിക്കത് വലിയ തമാശയായിട്ടാണ് തോന്നിയത്.
2004-05 ല്‍ താന്‍ ബെംഗളൂരുവില്‍വച്ച് ഒരു യുവാവിനെ പരിചയപ്പെട്ടിരുന്നുവെന്ന് ജിനു പറയുന്നു. കോട്ടയത്ത് നിന്ന് പഠിക്കാനെത്തിയതാണ്. താന്‍ സാത്താന്‍ സേവകനാണെന്നും കോട്ടയം കഞ്ഞിക്കുഴി ഭാഗത്ത് ചില കേന്ദ്രങ്ങളില്‍ രഹസ്യ ആരാധനയുണ്ടെന്നും അവന്‍ പറഞ്ഞിരുന്നു. അതേക്കുറിച്ച് കൂടുതല്‍ അന്വേഷിച്ചിട്ടില്ലെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.
സാത്താന്‍ സേവകള്‍ക്കായി കേരളത്തില്‍ ആളുകളെ റിക്രൂട്ട് ചെയ്യുന്ന സംഘങ്ങളും പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് വിവരം. ആന്റി ക്രൈസ്റ്റ് മൂവ്‌മെന്റ് എന്നും സാത്താന്‍ സേവക്കാര്‍ അറിയപ്പെടുന്നുണ്ട്. സാത്താന്‍ സേവയില്‍ ആരാധനമൂത്തവരാണ് പലപ്പോഴും ക്രൂരമായ കുറ്റകൃത്യങ്ങളിലേക്ക് കടക്കുന്നത്. കൊടും ക്രൂരത നിറഞ്ഞ ആഭിചാര ക്രിയകളും പരസ്യമായ ലൈംഗിക വേഴ്ചയും സാത്താന്‍ ആരാധനയ്ക്ക് ഒടുവില്‍ നടക്കാറുണ്ട്.
മരണാനന്തരം ജീവിതമുണ്ടെന്ന് പഠിപ്പിക്കുന്ന മതങ്ങള്‍ ആത്മഹത്യ തെറ്റാണെന്ന് പറയുമ്പോള്‍ ആത്മഹത്യയിലൂടെ പുനര്‍ജന്മം സാദ്ധ്യമാക്കാനാണ് ഇവര്‍ പ്രേരിപ്പിക്കുന്നത്. ദൈവത്തെക്കുറിച്ചും ആത്മീയതയെക്കുറിച്ചും സംസാരിച്ചാണ് ഇത്തരത്തിലുള്ള പല ഗ്രൂപ്പുകളും ഇരയുടെ മനസില്‍ കൂടുവയ്ക്കുന്നത്. ആത്മീയ ഔന്നത്യത്തിന് സഹായിക്കുമെന്ന് വിശ്വസിപ്പിക്കുന്ന സന്ദേശങ്ങളും കൈമാറും. കൂടുതലറിയാന്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യാനുള്ള ക്ഷണമാണ് അടുത്തത്.
മനസ് കീഴടക്കിയ ശേഷം നിരന്തരമായ ബ്രെയിന്‍ വാഷിംഗിലൂടെ നിങ്ങള്‍ പ്രത്യേക നിയോഗമുള്ളയാളാണെന്ന് ബോദ്ധ്യപ്പെടുത്തും. ആത്മാവിനെ ശരീരത്തില്‍ നിന്ന് മോചിപ്പിച്ച് മറ്റൊരു ലോകത്ത് സുഖമായി വസിക്കാമെന്ന് വിശ്വസിപ്പിക്കും. കെണിയില്‍ വീഴുന്നവര്‍ മരണ ശേഷം മഹനീയ ജീവിതം ലഭിക്കുമെന്ന് വിശ്വസിപ്പിച്ച് സുഹൃത്തുക്കളെയും ബന്ധുക്കളെയും ഗ്രൂപ്പില്‍പ്പെടുത്തുകയാണ് ചെയ്യുന്നത്.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1