ഒഡീഷയിലെ പുരി മണ്ഡലത്തിൽ നിന്നുള്ള ഭാരതീയ ജനതാ പാർട്ടിയുടെ ലോക്‌സഭാ സ്ഥാനാർത്ഥിയാണ് സംബിത് പാത്ര. ഇത്തരത്തിലുള്ള നേതാക്കളുടെ ബാഹുല്യം തന്നെയാണ് ബി.ജെ.പി എന്ന പാർട്ടിയുടെ വളർച്ചക്കും വ്യാപനത്തിനും കാരണം. അതെന്താണെന്നല്ലേ, നരേന്ദ്ര മോദിക്കുവേണ്ടി എന്ത് കള്ളത്തരവും ഏത് പാതിരാത്രിക്കും കൂകിവിളിച്ചുപറയാൻ തെല്ലും മടിയില്ലാത്തവരാണിക്കൂട്ടർ. മോദി ഭക്തി മാത്രമാണിക്കൂട്ടരുടെ മുഖമുദ്ര. അതിന് ക്ലാസിക്കൽ എക്‌സാമ്പിൾ ഇതാ:
' സാക്ഷാൽ ഭഗവാൻ ജഗന്നാഥൻ തന്നെ നരേന്ദ്ര മോദിയുടെ ഭക്തനാണെന്ന്'
കാര്യം വെട്ടിത്തുറന്ന് പറയാൻ മറ്റാർക്ക് കഴിയും..? പ്രധാനമന്ത്രി നരേന്ദ്ര മോദിയോടൊപ്പം പുരിയിൽ ഒരു റോഡ്‌ഷോയിൽ പങ്കെടുത്ത ഉടൻ പ്രാദേശിക ചാനലായ കനക് ന്യൂസിനോട് സംസാരിക്കവേ പാത്ര പറഞ്ഞു, ' മോദിൻകര ഭക്ത ജഗന്നാഥ്; au ame Sabu hauchu Modinka Parivarjana (ഭഗവാൻ ജഗന്നാഥൻ മോദിയുടെ ഭക്തനാണ്, നാമെല്ലാവരും മോദിയുടെ കുടുംബത്തിലെ അംഗങ്ങളാണ്) അത്തരം അവിശ്വസനീയമായ നിമിഷങ്ങൾക്ക് സാക്ഷ്യം വഹിച്ചതിന് ശേഷം എനിക്ക് എന്റെ വികാരങ്ങളെ നിയന്ത്രിക്കാൻ കഴിയുന്നില്ല. എല്ലാ ഒടിയ നിവാസികൾക്കും ഇത് ഒരു പ്രത്യേക ദിവസമാണെന്ന് എനിക്ക് തോന്നുന്നു.
ബിജു ജനതാദളിന്റെ മുഖ്യമന്ത്രി നവീൻ പട്‌നായിക് ഉടൻ തിരിച്ചടിച്ചു, അദ്ദേഹം എക്‌സിൽ കുറിച്ചു. ''മഹാപ്രഭു (ജഗന്നാഥൻ) ഒരു മനുഷ്യ ഭക്തനെന്ന് വിളിക്കുന്നത് ഭഗവാനോടുള്ള അപമാനമാണ്. ഇത് ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ജഗന്നാഥ ഭക്തരുടെയും ഒഡിയകളുടെയും വികാരങ്ങളെ വ്രണപ്പെടുത്തുകയും വിശ്വാസത്തെ അവഹേളിക്കുകയും ചെയ്തു. ഒടിയ അസ്മിതയുടെ (അഭിമാനം) ഏറ്റവും വലിയ പ്രതീകമാണ് ഭഗവാൻ. മഹാപ്രഭുവിനെ മറ്റൊരു മനുഷ്യന്റെ ഭക്തൻ എന്ന് വിളിക്കുന്നത് തികച്ചും അപലപനീയമാണ്.
കോൺഗ്രസിനും അടങ്ങിയിരിക്കാനാകുമോ, സംബിത് പാത്രയുടെ പരാമർശം ആയുധമാക്കുകതന്നെ ചെയ്തു കോൺഗ്രസ്. നാക്കു പിഴയെന്ന് പറഞ്ഞ് ലഘൂകരിക്കുന്നത് എങ്ങിനെയാണ്? ഇതിന് സാക്ഷാൽ നരേന്ദ്ര മോദി തന്നെ മാപ്പ് പറയണമെന്ന് സുപ്രിയ ശ്രീനേത് എന്ന നേതാവ് പറയുകയുണ്ടായി. എന്തെങ്കിലും ആത്മാർത്ഥതയുണ്ടെങ്കിൽ മോദി അതുതന്നെയാണ് ചെയ്യേണ്ടത്.
ആരാണീ സംബിത് പാത്ര എന്നറിയേണ്ടെ..?
1974 ഡിസംബർ 13ന് രബീന്ദ്ര നാഥ് പത്രയുടെ മകനായി ഒഡിയ കുടുംബത്തിലാണ് കക്ഷി ജനിച്ചത് , അന്ന് ബീഹാർ സംസ്ഥാനത്തെ ധൻബാദ് ജില്ലയുടെ ഭാഗമായ ബൊക്കാറോ സ്റ്റീൽ സിറ്റിയിൽ ഇത് ഇപ്പോൾ ജാർഖണ്ഡിലെ ബൊക്കാറോ ജില്ലയുടെ ഭാഗമാണ്. അദ്ദേഹത്തിന്റെ പിതാവ് ബൊക്കാറോ സ്റ്റീൽ പ്ലാന്റിലെ ഒരു ജീവനക്കാരനായിരുന്നു. പ്രൈമറി, ഇന്റർമീഡിയറ്റ് സ്‌കൂൾ വിദ്യാഭ്യാസം ബൊക്കാറോയിലെ ചിന്മയ വിദ്യാലയത്തിലായിരുന്നു.
1997ൽ സംബൽപൂരിലെ വീർ സുരേന്ദ്ര സായി ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് റിസർച്ചിൽ നിന്ന് എംബിബിഎസും 2002ൽ കട്ടക്കിലെ ശ്രീരാമ ചന്ദ്ര ഭഞ്ജ മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റലിൽ നിന്ന് ജനറൽ സർജറിയിൽ മാസ്റ്റർ ഓഫ് സർജറിയും (എംഎസ്) നേടി. പിന്നെ, ഹിന്ദു റാവു ഹോസ്പിറ്റലിൽ മെഡിക്കൽ ഓഫീസറായി. എന്നാൽ ചികിത്സാകാര്യങ്ങളിലൊന്നും ടിയാന് തീരെ താല്പര്യമുണ്ടായിരുന്നില്ല. രാഷ്ട്രീയത്തിലായിരുന്നു കണ്ണ്.
രാഷ്ട്രീയ ജീവിതം
2010ൽ ഭാരതീയ ജനതാ പാർട്ടിയുടെ ഡൽഹി ഘടകത്തിന്റെ വക്താവായി ചേർന്നു. 2012ൽ, മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ ഡൽഹിയിലെ കാശ്മീരി ഗേറ്റിൽ നിന്ന് ബി.ജെ.പിയുടെ സ്ഥാനാർത്ഥിയായിരുന്നെങ്കിലും പാത്ര സുന്ദരമായി പരാജയപ്പെട്ടു. എങ്കിലും വിട്ടുകൊടുക്കാൻ പാത്ര തയ്യാറായിരുന്നില്ല. മുഴുവൻ സമയ രാഷ്ട്രീയം പിന്തുടരുന്നതിനായി ജോലി രാജിവച്ചു. അത്യാവശ്യം രാഷ്ട്രീയക്കാർക്കു വേണ്ടതെന്തെല്ലാമെന്നു മനസിലാക്കി. സദാസമയവും മുഖത്ത് ഒരു ചിരി ഫിറ്റ് ചെയ്തായി പിന്നെ നടപ്പ്. സമയവും സന്ദർഭവും നോക്കാതെ പണ്ടേതന്നെ മണ്ടത്തരം പറയാനുള്ള കഴിവ് അപാരായിരുന്നു.
സ്ഥാനാർത്ഥിയായി കന്നി മത്സരത്തിൽ സ്വന്തം കുടുംബക്കാർ പോലും വോട്ട് ചെയ്തില്ല എന്നത് വേറെ കാര്യം. അങ്ങിനെയിരിക്കെ ഒരു സുഹൃത്ത് പ്രാദേശിക ചാനലിൽ ഒരു ചർച്ചയ്ക്ക് വിളിച്ചു. തെരഞ്ഞെടുപ്പിലെ തോൽവിയുടെ ചൊരുക്ക് അവിടെയിരുന്നു തീർത്തു. ജനം ഈ കോമാളി ഷോ കണ്ടു ചിരിച്ചു. അതോടെ പ്രാദേശിക ചാനലുകളിൽ ഇടയ്‌ക്കൊക്കെ മുഖം കാണിക്കാൻ അവസരം കിട്ടി. ഒടുവിൽ ദേശീയ ചാനലുകളും കക്ഷിയെ വിളിച്ചു തുടങ്ങി.
ബി.ജെ.പി ഇതര നേതാക്കളെ തെറി പറയുകയാണ് മുഖ്യ പരിപാടി. ഒപ്പം മോദി സ്തുതിയും. പാത്രയുടെ മാസ്റ്റർപീസ് ഭാവം പരമ പുച്ഛമാണ്..! ഇതിനൊക്കെ പ്രത്യുപകാരം എന്നോണം ബി.ജെ.പി ഒ.എൻ.ജി.സിയുടെ ഡയറക്ടർ ബോർഡിൽ അംഗമാക്കി. മാസം രണ്ടു ലക്ഷത്തിനടുത്താണ് ശമ്പളം.
2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി, പാത്ര ബി.ജെ.പിക്ക് വേണ്ടി പ്രചാരണം നടത്തുകയും ദേശീയ ടെലിവിഷനിൽ ദൃശ്യപരത നേടുകയും ചെയ്തു. ബി.ജെ.പി അധികാരത്തിലെത്തിയപ്പോൾ പാത്ര അതിന്റെ ദേശീയ വക്താവായി. 2017ൽ, കാബിനറ്റിന്റെ അപ്പോയിന്റ്‌മെന്റ് കമ്മിറ്റി അദ്ദേഹത്തെ ഒ.എൻ.ജി.സിയുടെ നോൺ-ഔദ്യോഗിക ഡയറക്ടറായി നിയമിച്ചു.
2019ലെ ഇന്ത്യൻ പൊതു തെരഞ്ഞെടുപ്പിൽ പുരി ലോക്‌സഭാ സീറ്റിൽ മത്സരിച്ചു, ബിജു ജനതാദൾ (ബി.ജെ.ഡി) അംഗം പിനാകി മിശ്രയോട് 11,700 വോട്ടുകൾക്ക് അല്ലെങ്കിൽ 1.03% മാർജിനിൽ പരാജയം ഏറ്റുവാങ്ങിയിരുന്നു. പിന്നെയാണ് എങ്ങിനേയും ശ്രദ്ധ നേടാനായി നുണപ്രചരണവും പരിഹാസവും പരമപുച്ചവുമൊക്കെ നിറഞ്ഞാടാൻ തുടങ്ങിയത്. അതിന്റെ ഭാഗമായി
കോൺഗ്രസിന്റെ പേര് മുസ്‌ലിംലീഗ് കോൺഗ്രസ് എന്നാക്കണമെന്ന്? മോദിക്കുവേണ്ടി പാത്രയാണ് ആദ്യം പറഞ്ഞത്. കോൺഗ്രസും പ്രതിപക്ഷവും മുസ്ലിം സമുദായത്തെ പ്രീണിപ്പിക്കാൻ ഹിന്ദുക്കളെ അപമാനിക്കുകയാണെന്നാണ് പത്രയുടെ കണ്ടുപിടുത്തം.
2017ൽ കേരളത്തിൽ യൂത്ത് കോൺഗ്രസ് നേതാവ് പരസ്യമായി പശുവിനെ അറുത്ത് മാംസം വിതരണം ചെയ്തു. 2018ൽ രാഹുൽഗാന്ധി കോൺഗ്രസ് മുസ്‌ലിങ്ങളുടെ പാർട്ടിയാണെന്നു പറഞ്ഞതായും സംബിത് പാത്രയുെട നുണ ഫാക്ടറിയിൽ നിന്ന് വിരിയിച്ചെടുത്തു. വോട്ടിനു വേണ്ടി വർഗീയ വികാരം ഇളക്കിവിടുകയാണു കോൺഗ്രസ് ചെയ്യുന്നതെന്നും അദ്ദേഹം അക്കൂട്ടത്തിൽ പറയാനും മടിച്ചില്ല.
മുസ്ലിം പള്ളിക്ക് വേണമെങ്കിൽ ഭഗവാൻ വിഷ്ണുവിന്റെ പേരിടുമെന്നാണ് ഈ ബി.ജെ.പി വക്താവിന്റെ ഭീഷണിപ്പെടുത്തൽ. ചർച്ചക്കിടയിൽ 'താങ്കൾ അള്ളാഹുവിന്റെ ഭക്തനാണോ അതോ ഭഗവാൻ വിഷ്ണുവിന്റെ ഭക്തനാണോ എന്ന് എ.ഐ.എം.ഐ.എം നേതാവിനോട് സംബിതിന്റെ ആദ്യ ചോദ്യം. അള്ളാഹുവിന്റെ ഭക്തനെന്ന് മറുപടി പറഞ്ഞപ്പോൾ ബി.ജെ.പി നേതാവിന്റെ പ്രതികരണം ഇങ്ങനെ 'മര്യാദയ്ക്ക് ഇരുന്നോ, അല്ലെങ്കിൽ മുസ്ലിം പള്ളിക്ക് ഭഗവാൻ വിഷ്ണുവിന്റെ പേരിടും.'
മുസ്ലിം നാമം തോന്നുന്ന നഗരങ്ങളുടെ പേര് എന്തുകൊണ്ടാണ് മാറ്റുന്നത് എന്ന വിഷയത്തി.ൽ ആജ് തക് ചാനലിൽ നടന്ന ചർച്ചയ്ക്കിടയിലാണ് ബി.ജെ.പി നേതാവ് സംബിത് പത്രയുടെ വിവാദ പ്രസ്താവന ഉണ്ടായത്.
2021ൽ നരേന്ദ്ര മോദിയെ അധിക്ഷേപിക്കാൻ കോൺഗ്രസ് ടൂൾ കിറ്റ് ഉണ്ടാക്കിയെന്നായിരുന്നു സംബിത് പാത്രതട്ടിവിട്ടത്. കോൺഗ്രസിന്റെ ലെറ്റർ ഹെഡിലുള്ള ഒരു പ്രസ്താവനയാണ് സംബിത് പാത്ര അന്ന് പങ്കുവെച്ചത്. അത് വ്യാജമാണെന്ന് ഫാക്റ്റ് ചെക്കിംഗ് സെന്ററുകൾ പിന്നീട് കണ്ടെത്തിയിരുന്നു. ടൂൾകിറ്റ് തയ്യാറാക്കിയത് കോൺഗ്രസ് ഗവേഷണ വിഭാഗത്തിലെ സൗമ്യ വർമയാണെന്ന് സംബിത് പാത്ര തെല്ലും ശങ്ക കൂടാതെ തട്ടിവിടുകയായിരുന്നു.
'കൊവിഡിന്റെ പുതിയ വകഭേദത്തിന് ഇന്ത്യൻ വകഭേദം എന്ന് തന്നെ ഉപയോഗിക്കണം, സാമൂഹിക മാധ്യമങ്ങളിൽ മോദി വകഭേദം എന്നും പ്രയോഗിക്കാം. സെൻട്രൽ വിസ്ത പദ്ധതി മോദിയുടെ സ്വകാര്യ വസതിയായി ചർച്ചകളിൽ അവതരിപ്പിക്കണം. പിഎം കെയർ ഫണ്ടിനെതിരെ ചോദ്യങ്ങൾ ഉയർത്തണം. കുംഭമേളയെ കൊവിഡ് വ്യാപനത്തിന് കാരണമായി
ചൂണ്ടിക്കാണിക്കുമ്പോൾ ഈദ് ഗാഹുകളെ ഒത്തുചേരലുകൾ മാത്രമായും അവതരിപ്പിക്കണം' തുടങ്ങിയവയാണ് കോൺഗ്രസിന്റേത് എന്ന പേരിൽ ബി.ജെ.പി പുറത്തുവിട്ട ടൂൾ കിറ്റിലൂടെ പുറത്തുവന്നതെന്നാണ് ബി.ജെ.പി ആരോപിച്ചത്. സാംബിത് പാത്രയുടെ ട്വീറ്റ് കൃത്രിമം ഇതാദ്യത്തേതൊന്നുമല്ല, കർഷക സമരം നടക്കുമ്പോൾ വൃദ്ധനായ ഒരു കർഷകന് നേരെ പൊലീസ് ലാത്തി വീശുന്ന ചിത്രം വൈറലായിരുന്നു. എന്നാൽ
വീഡിയോ എഡിറ്റ് ചെയ്ത് സാംബിത് പാത്ര ട്വീറ്റ് ചെയ്തത് കർഷകനെ പൊലീസ് സ്പർശിച്ചിട്ടേ ഇല്ല എന്നായിരുന്നു. ഈ ട്വീറ്റും കൃത്രിമം എന്ന് ട്വിറ്റർ അടയാളപ്പെടുത്തിയതും നാം ഓർക്കേണ്ടതാണ്. ഇത്തരം ആളുകളുടെ കൂടാരമായി മാറിയിരിക്കുന്നു ബി.ജെ.പി എന്ന പാർട്ടി. ഇതിനൊന്നും തയ്യാറല്ലാത്തവർക്ക് പദവിയോ സ്്ഥാനാർത്ഥിത്വമോ ലഭിക്കുകയുമില്ല.
എമ എൽസ എൽവിൻ
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1