പത്രപ്രവർത്തനം പഠിപ്പിച്ച മാഷ് പറഞ്ഞു തന്നു: 'പട്ടി മനുഷ്യനെ കടിച്ചാൽ വാർത്തയല്ല, പക്ഷേ, മനുഷ്യൻ പട്ടിയെ കടിച്ചാൽ അങ്ങനെയല്ല!' ലക്ഷക്കണക്കിന് പട്ടികൾ മനുഷ്യരെ കടിച്ചാൽ അത് വാർത്തയാണ് എന്ന് അദ്ദേഹം പറഞ്ഞില്ല. മനുഷ്യൻ എന്നിട്ടും ഒരു പട്ടിയെയും കടിക്കുകയോ ഇടിക്കുകയോ വെടിവെക്കുകയോ ചെയ്യാതിരുന്നാൽ അതു വാർത്തയാണ് എന്നും പറഞ്ഞില്ല.
(ഇപ്പോൾ ജർണലിസം പഠിക്കുന്നവർ ഈ പോയിന്റുകൾ കൂടി നോട്ട് ചെയ്യുക!)
ഇവിടെ ആർക്കും മനസ്സിലാകാത്ത ഒരു കാര്യം ഉണ്ട്: സഹജീവികളെ തല്ലുകയോ കൊല്ലുകയോ ചെയ്യുന്ന മനുഷ്യരെ തുറങ്കിലടക്കാനും തൂക്കിലിടാനും ഒക്കെ നിയമമുണ്ട് എന്നിരിക്കെ നിഷ്‌കളങ്കരായ കുട്ടികളെ കൂട്ടംചേർന്നു കടിച്ചു കീറി കൊല്ലുന്ന പട്ടിപ്പൗരജനങ്ങളെ പിടികൂടാനോ ചോദ്യം ചെയ്യാനോ പോലും വകുപ്പില്ലാത്തത് എന്തുകൊണ്ട്?
അഥവാ, എനിക്ക് അതിന് വകുപ്പ് ഒന്നും വേണ്ട എന്ന ഹുങ്കോടെ ആരെങ്കിലും പുറപ്പെട്ടാൽ അവരെ ശിക്ഷിക്കാൻ വകുപ്പുണ്ട് താനും!
ഇത് എങ്ങനെയാണ് നീതി ആവുക?
അഥവാ, ഭരണവർഗത്തിലുള്ള എല്ലാരും നിയമത്തിനതീതരായത് പോലെ തെരുവ് പട്ടികളും വന്യമൃഗങ്ങളുമെല്ലാം അങ്ങനെയാണോ?
ഇനി ബഹിരാകാശത്തുനിന്ന് വന്നേക്കാവുന്ന ഹിംസ്ര ജന്തുക്കൾക്കും ഈ പട്ടികളുടെതിനു തുല്യമായ സംരക്ഷ ഉണ്ടാകുമോ എന്നതാണ് ഏറ്റവും വലിയ ആശങ്ക!
വീടുകളിൽ കയറി ആടുമാടുകളെയും കുട്ടികളെ പോലും പച്ചയ്ക്ക് പിടിച്ചു തിന്നുന്ന കരടി പുലി ചെന്നായ തുടങ്ങിയവയെല്ലാം പ്രോട്ടോക്കോൾ സുരക്ഷയുള്ള അംബാസഡർമാരെ പോലെ സസുഖം വിരാജിക്കുന്നു!
കടിക്കാൻ വരുന്ന പട്ടിയെ ചീത്ത വാക്ക് പറഞ്ഞതിന് ശിക്ഷ വരുന്നു എന്ന് ആരോ പറയുന്നത് കേട്ടു. കേൾക്കുന്ന ആൾക്ക് മനസ്സിലാവില്ല എന്നതുകൊണ്ട് അസഭ്യം സഭ്യമാകില്ലല്ലോ! ഒരു അന്യഭാഷക്കാരനെ മാന്യത ഹാനിപ്പെടുവോളം ഞാൻ ശകാരിക്കുന്നത് മലയാളത്തിലായാലും ശിക്ഷ അർഹിക്കുന്നുവല്ലോ ഞാൻ!
ഒരു ദിവസം അത് ഉണ്ടാവും: വടക്കേ ഇന്ത്യയിലെ തെരുവ് നായ്ക്കൾ നമ്മുടെ പാർലമെന്റിലും കേരളത്തിലെ എല്ലാ ഹിംസ്രജന്തുക്കളും നമ്മുടെ അസംബ്ലിയിലും കയറി അവരുടെ സ്വാഭാവിക കൃത്യനിർവഹണം നടത്തും!
ഒരു വാർത്ത കൂടി കേൾക്കാനുണ്ട്: മനുഷ്യരെ കടിച്ചു കീറുന്ന പട്ടികൾക്കും വന്യജീവികൾക്കും പിച്ചിച്ചീന്തി വലിച്ചെറിഞ്ഞും ചവിട്ടിയരച്ച് കൊന്നൊടുക്കുന്ന കാട്ടാനകൾക്കും നല്ല ശീലം പഠിപ്പിക്കാൻ എന്തു ചെയ്യണം എന്ന് പഠിക്കാൻ നമ്മുടെ ഭരണ നേതൃത്വം ബഹിരാകാശ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ അഡ്വാൻസ് റിസർവേഷൻ നടത്തുന്നു പോലും!
ഭാവി ഭദ്രം!
സി.രാധാകൃഷ്ണൻ
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1