ഉന്നത കോടതികളുടെ മേൽനോട്ടത്തിലായാലും ശബരിമലയിലെ സ്വർണക്കൊള്ള സംബന്ധിച്ച അന്വേഷണം കേരള പൊലീസിനു യഥാവിധി നിർവഹിക്കാനും സത്യം കണ്ടെത്താനും കഴിയില്ലെന്ന ചിന്ത മലയാളി സമൂഹത്തിൽ ബലപ്പെട്ടുവരുന്നു. തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിന്റെ ഫലം ഭരണ കക്ഷിയുടെ ആത്മവിശ്വാസം തരിപ്പണമാക്കിയതിന്റെ മുഖ്യ കാരണങ്ങളിലൊന്ന് ശബരിമലയിലെ സ്വർണക്കൊള്ള തന്നെയാണെന്ന നിരീക്ഷണം സി.പി.ഐ പോലും പങ്കുവയ്ക്കുന്നു.
ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണസംഘം നിലവിൽ അന്വേഷണം നടത്തിവരികയാണ്. രണ്ട് മുൻ ദേവസ്വം പ്രസിഡന്റുമാർ ഉൾപ്പെടെ ദേവസ്വം ബോർഡിലെ ഉന്നത തസ്തികകളിലിരുന്ന ഏതാനും ഉദ്യോഗസ്ഥരും കേസിൽ പ്രതികളായി. അവരെ അറസ്റ്റ് ചെയ്തു. ഹൈക്കോടതിയുടെ മേൽനോട്ടം ഉള്ളതിനാൽ അന്വേഷണം ശരിയായ ദിശയിലാണ് നീങ്ങുന്നതെന്നുതന്നെ കരുതാം. എന്നാൽ, പഞ്ചായത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അന്വേഷണവും തുടർ അറസ്റ്റുകളും മന്ദീഭവിപ്പിച്ചിരിക്കുകയാണെന്ന വിമർശനം ചിലർ ഉന്നയിക്കുന്നുണ്ട്.
ശബരിമലയിലെ സ്വർണക്കൊള്ള സംബന്ധിച്ചു സി.ബി.ഐ അന്വേഷണമാവശ്യപ്പെട്ട് ബി.ജെ.പി. നേതാവ് രാജീവ് ചന്ദ്രശേഖർ ഉൾപ്പെടെ ഹർജി നൽകിയിട്ടുണ്ട്. സ്വർണക്കൊളള കേസിൽ അഴിമതി നിരോധന നിയമപ്രകാരമുളള വകുപ്പുകൾ ചേർത്തതും സി.ബി.ഐയ്ക്ക് രംഗത്തു വരാൻ കളമൊരുക്കിയിരിക്കുകയാണ്. ഏതിനും ഹൈക്കോടതിയുടെ അനുമതി വേണമെന്നാണ് പ്രധാനം.
കേരളത്തിൽ മാത്രം ഒതുങ്ങി നിൽക്കുന്നതല്ല സ്വർണക്കൊള്ള സംബന്ധിച്ച അന്വേഷണം. ദ്വാരപാലക ശില്പങ്ങളിൽ നിന്ന് ഇളക്കിയെടുത്ത സ്വർണപ്പാളി ചെമ്പെന്ന് രേഖപ്പെടുത്തി സ്വർണം പൂശാൻ അന്യ സംസ്ഥാനത്തേക്കാണ് കൊണ്ടുപോയത്.
ഇതുസംബന്ധിച്ച് ഏറ്റവും കുറഞ്ഞത്, കേരളത്തിനു പുറമെ തമിഴ്‌നാട്ടിലും ആന്ധ്രയിലും വിശദമായ അന്വേഷണം വേണ്ടിവരും. സ്വർണപ്പാളികൾ വിദേശത്തേക്കു കടത്തി 500 കോടിയുടെ പുരാവസ്തു തട്ടിപ്പ് നടത്തിയെന്ന ആരോപണം കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പത്രസമ്മേളനത്തിൽ ഉന്നയിച്ചു. വിദേശ മോഡൽ സ്വർണക്കൊള്ളയാണോ ശബരിമലയിൽ നടന്നതെന്ന സംശയം ആദ്യം ഉന്നയിച്ചത് ഹൈക്കോടതി തന്നെയാണ്.
ശബരിമലയിലെ അമൂല്യ വസ്തുക്കൾ വിദേശത്തേക്ക് കടത്തിയിട്ടുണ്ടോ എന്നത് പഴുതടച്ച അന്വേഷണത്തിലൂടെ ബോദ്ധ്യപ്പെടേണ്ട കാര്യമാണ്. അതാകട്ടെ, സംസ്ഥാന സർക്കാരിനു കീഴിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന് ഒറ്റയ്ക്ക് ചെയ്യാൻ കഴിയുന്ന കാര്യമല്ല. അന്യസംസ്ഥാനങ്ങളിലെ പൊലീസിന്റെയും അന്താരാഷ്ട്ര അന്വേഷണ ഏജൻസികളുടെയും സഹായം അതിന് ആവശ്യമാണ്. അയ്യപ്പന്റെ സ്വർണം വിദേശത്തേക്കു കടത്തിയെന്ന് ബോദ്ധ്യപ്പെട്ടാൽ ഗുരുതരമായ ഭവിഷ്യത്തുകൾ സൃഷ്ടിക്കുന്ന സംഭവവികാസമായി ശബരിമലയിലെ സ്വർണക്കൊള്ള മാറുമെന്നതിൽ സംശയമില്ല. അതിനാൽ അന്യ സംസ്ഥാനങ്ങളിലും വിദേശങ്ങളിലും ഒരുപോലെ അന്വേഷണം നടത്താൻ പ്രാപ്തിയുള്ള സി.ബി.ഐ പോലുള്ള ഒരു ദേശീയ ഏജൻസി കേസ് അന്വേഷിക്കുന്നതാവും ജനങ്ങളിൽ കൂടുതൽ വിശ്വാസ്യത സൃഷ്ടിക്കാൻ പര്യാപ്തമാവുക.
ആരോപണങ്ങളുടെ വെളിച്ചത്തിൽ പ്രഥമദൃഷ്ട്യാ ലഭിച്ച സൂചനകൾ വിലയിരുത്തി ഇക്കാര്യത്തിൽ ഹൈക്കോടതിയിൽ നിന്നുതന്നെ തീരുമാനമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതാകും യുക്തി. ശബരിമല ക്ഷേത്രത്തിലെ സ്വർണാപഹരണവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താൻ കേന്ദ്ര ഏജൻസിയായ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇതിനകംതന്നെ നീക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു. ഈ കേസിന്റെ വിവരങ്ങളുടെ സർട്ടിഫൈഡ് പകർപ്പ് കൈമാറണമെന്ന് ആവശ്യപ്പെട്ട് ഇ.ഡി കൊല്ലം വിജിലൻസ് കോടതിയിൽ അപേക്ഷ നൽകിയിരിക്കുകയാണ്.
കേസിന്റെ എഫ്.ഐ.ആറുകൾ, റിമാൻഡ് റിപ്പോർട്ടുകൾ, അറസ്റ്റിലായവരുടെ മൊഴികൾ, പിടിച്ചെടുത്ത രേഖകൾ തുടങ്ങിയവയുടെ പകർപ്പാണ് ഇ.ഡി ആവശ്യപ്പെട്ടിരിക്കുന്നത്. കുറ്റകൃത്യങ്ങളിൽ ലഭിച്ച പണം എത്രയെന്ന് കണക്കാക്കുന്നതിനും ആ തുക കണ്ടുകെട്ടുന്നതിനും അധികാരമുള്ള ഏജൻസിയാണ് ഇ.ഡി. അയ്യപ്പന്റെ സ്വർണം കൊള്ള ചെയ്തതിന്റെയും വിദേശത്തേക്ക് കടത്തിയിട്ടുണ്ടെങ്കിൽ അതിന്റെയും പ്രതിഫലമായി ലഭിച്ച പണം കൈപ്പറ്റിയ ഒരാൾപോലും നിയമത്തിന്റെ വലയിൽ നിന്ന് രക്ഷപ്പെടരുതെന്നാണ് വിശ്വാസികൾ ആഗ്രഹിക്കുന്നത്.
അത് തന്ത്രിയായാലും മന്ത്രിയായാലും കുറ്റം ചെയ്‌തെന്ന് തെളിയിക്കപ്പെടുകയാണെങ്കിൽ പിടിക്കപ്പെടുക തന്നെ വേണം. വസ്തുതകളുടെയും തെളിവുകളുടെ പിൻബലത്തോടുകൂടിയ അന്വേഷണത്തിലുമാണ് ഇതൊക്കെ സംശയാതീതമായി തെളിയിക്കപ്പെടേണ്ടത്. അതിന് ഇന്ത്യയിലെ ഏറ്റവും വൈദഗ്ദ്ധ്യമുള്ള അന്വേഷണ ഏജൻസിയായ സി.ബി.ഐ തന്നെ വരുന്നതാവും ഉചിതമെന്നതിൽ സംശയത്തിനു പഴുതില്ല.
ബെല്ലാരി രാജാ
ശബരിമല സ്വർണക്കൊള്ളയുടെ പല അന്തർ സംസ്ഥാന കണക്ഷനുകളും ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. ബംഗ്‌ളൂരു കേന്ദ്രമാക്കിയായിരുന്നു ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ പ്രവർത്തനം. ദ്വാരപാലക ശില്പങ്ങളും കട്ടിളപ്പാളികളും ശ്രീകോവിൽ വാതിലുമെല്ലാം സ്വർണം പൂശാൻ പല ഘട്ടങ്ങളിലായി എത്തിച്ചത് ചെന്നൈയിലെ സ്മാർട് ക്രിയേഷൻസിലാണ്. പോറ്റിയുടെ നിർദ്ദേശപ്രകാരം പുതുതായുണ്ടാക്കിയ വാതിൽ ചെമ്പുപൊതിഞ്ഞത് ഹൈദരബാദിലാണ്. ഉരുക്കി മോഷ്ടിച്ച സ്വർണം വാങ്ങിയത് ബെല്ലാരിയിലെ സ്വർണക്കട ഉടമയും ദുരൂഹ വ്യക്തിത്വവുമായ ഗോവർദ്ധനാണ്. ഇയാൾക്ക് ഇടനില നിന്നത് രാജസ്ഥാൻ സ്വദേശി കൽപേഷാണ്. ഇവിടേയ്‌ക്കെല്ലാം വിശദമായ അന്വേഷണം എത്തേണ്ടതുണ്ട്. രേഖകൾ കണ്ടെടുക്കുന്നതിനും കുറ്റകൃത്യത്തിന്റെ റൂട്ട് പിൻതുടരുന്നതിനും സംസ്ഥാന പൊലീസിന് പരിമിതികളുണ്ടായേക്കും.
ഈ പശ്ചാത്തലത്തിലാണ് കേന്ദ്ര അന്വേഷണ ഏജൻസിയായ സി.ബി.ഐയുടെ ഇടപെടൽ പ്രസക്തമാകുന്നത്. സംഭവത്തിന് പിന്നിൽ ഇന്ത്യയ്ക്ക് പുറത്തുള്ള കണ്ണികൾ ഉണ്ടെന്ന സംശയം കൂടി നിലനിൽക്കുന്നത്, 'നേരറിയാൻ സി.ബി.ഐ' എത്താനുള്ള സാദ്ധ്യത ബലപ്പെടുത്തുന്നു. ശൈലിക്ഷേത്ര കലാസൃഷ്ടികളും പുരാവസ്തുക്കളും മോഷ്ടിച്ച് രാജ്യാന്തര വിപണിയിലെത്തിച്ച് സഹസ്ര കോടികളുടെ ഇടപാടു നടത്തിയ സുഭാഷ് കപൂർ എന്ന രാജ്യാന്തര കുറ്റവാളി ഇപ്പോൾ തമിഴ്‌നാട്ടിലെ ജയിലിലാണ്. ശബരിമല സ്വർണക്കൊള്ളക്കേസിൽ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവുകളിലൊന്നിൽ ഈ കുറ്റവാളിയുടെ പേര് പരാമർശിക്കുന്നുണ്ട്. ഉണ്ണികൃഷ്ണൻ പോറ്റിയുടെ നേതൃത്വത്തിൽ ശബരിമലയിലെ സ്വർണം കവർച്ച ചെയ്തത് സുഭാഷ് കപൂറിന്റെ 'മോഡസ് ഓപ്പറാൻഡി'ക്കു സമാനമാണെന്നാണ് കോടതി പരാമർശിച്ചത്.
ഒറിജിനൽ കലാരൂപങ്ങൾ മാറ്റിവച്ച് പകരം ഡ്യൂപ്ലിക്കേറ്റ് സമർപ്പിക്കുന്ന രീതിയും ഉണ്ണികൃഷ്ണൻ പോറ്റി നടപ്പാക്കിയെന്നും നിരീക്ഷിച്ചിരുന്നു. പോറ്റി പല വിദേശയാത്രകളും നടത്തിയിരുന്നുവെന്ന് സൂചന ലഭിച്ചിട്ടുണ്ട്. ശബരിമല കേസിലെ രാജ്യാന്തര ബന്ധം സംബന്ധിച്ച് ദുബായിൽ നിന്നും മറ്റും ചില വിവരങ്ങൾ ലഭിച്ചതായി മുൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വെളിപ്പെടുത്തുകയും എസ്.ഐ.ടിയെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. കേന്ദ്ര തലത്തിൽ വിപുലമായ അന്വേഷണത്തിന് ആവശ്യം ശക്തമാകുന്നുവെന്നു വ്യക്തം.
പ്രശസ്തമായ ആരാധനാലയങ്ങളിൽ നിന്നും മ്യൂസിയങ്ങളിൽ നിന്നും കവരുന്ന പുരാവസ്തുക്കൾ കൃത്രിമ രേഖ ചമച്ച് വിൽക്കുന്ന ഗൂഢസംഘങ്ങൾ വിപുലമാണ്. രാജ്യാന്തര വിപണിയിൽ ഇവയ്ക്ക് മോഹവിലയാണ്. ഇത്തരത്തിലുള്ള പല കുറ്റ കൃത്യങ്ങളും അന്വേഷിച്ചു തെളിയിച്ച് നഷ്ടമായ അമൂല്യ വസ്തുക്കൾ തിരിച്ചുപിടിച്ച അനുഭവ പരിചയം സി.ബി.ഐയ്ക്കുണ്ട്. അതിപുരാതന ലോഹ വിഗ്രഹങ്ങളും വിലമതിക്കാനാകാത്ത രവി വർമ്മ ചിത്രങ്ങളും കുറ്റവാളികളിൽ നിന്ന് പിടിച്ചെടുത്തവയിൽ ഉൾപ്പെടും. അതിനാൽ ശബരിമല കേസിൽ പ്രഥമദൃഷ്ട്യാ രാജ്യാന്തര ഗൂഢാലോചന ബോദ്ധ്യപ്പെട്ടാൽ ഹൈക്കോടതി സി.ബി.ഐയുടെ നിലപാട് തേടാനിടയുള്ളതായി പ്രമുഖ അഭിഭാഷകർ പറയുന്നു. ഈ ആവശ്യവുമായി ഹർജികൾ പരിഗണനയ്ക്ക് വന്ന സാഹചര്യത്തിൽ പ്രത്യേകിച്ചും.
ശബരിമല കേസിന് പിന്നിലെ രാഷ്ട്രീയവും കണക്കിലെടുക്കേണ്ടതുണ്ട്. രാജീവ് ചന്ദ്രശേഖറും രമേശ് ചെന്നിത്തലയുമടക്കമാണ് രംഗത്തുള്ളത്. അഴിയ്ക്കുള്ളിലുള്ളവരിൽ സി.പി.എമ്മിന്റെ പ്രധാന നേതാക്കളുണ്ട്. ദ്വാരപാലക ശില്പങ്ങൾ 2025ലും പോറ്റിക്ക് കൊടുത്തുവിട്ടതിലേക്ക് അന്വേഷണം എത്തേണ്ടതുണ്ട്. മൂന്നു മാസത്തിനകം കേരളം നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിലേക്ക് കടക്കുകയാണ്. തദ്ദേശ തെരഞ്ഞെടുപ്പു ഫലം പ്രതികൂലമെങ്കിലും മൂന്നാം ഭരണ സ്വപ്‌നം ഉപേക്ഷിക്കാതെ ഇടതുപക്ഷ ചേരി അടിയുറച്ചുള്ള മുന്നൊരുക്കം തുടരുന്നു. നിർണായകമായ ഈ അവസരത്തിൽ സി.ബി.ഐ രംഗപ്രവേശം ചെയ്താൽ അത് നിർണ്ണായക സംഭവം തന്നെയാകുമെന്നു തീർച്ച.
ബാബു കദളിക്കാട്
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1
