പശുവിനെ മാതാവാക്കാൻ സന്നദ്ധമല്ലെങ്കിലും മൃഗസ്‌നേഹത്തിന്റെ കാര്യത്തിൽ പിശുക്കില്ലാത്ത നാടാണു കേരളം. പക്ഷേ, മൃഗങ്ങൾ വഴി വന്നുപെടുന്ന ദുരന്തങ്ങളിൽ വിറപൂണ്ടു നിൽക്കേണ്ട സ്ഥിതിയാണു നാട്ടുകാർ നേരിടുന്നത്. വന്യജീവികൾ കാടുവിട്ടിറങ്ങി 'ദൈവത്തിന്റെ സ്വന്തം നാട്ടിൽ' മനുഷ്യജീവനെടുക്കുന്ന സംഭവങ്ങൾ ആവർത്തിക്കുന്നു; പ്രതിരോധ നടപടികൾക്കു മേൽ പല്ലിളിച്ചുകാട്ടി സൈ്വരവിഹാരം തുടരുന്ന തെരുവു നായ്ക്കൾക്കു പുറമേ വളർത്തു പട്ടികളും പൂച്ചകളും പേവിഷ വാഹികളായി ഭീകര മരണം വിതയ്ക്കുന്നു. പേപിടിച്ച നായ്ക്കളുടെ വിഷംപതിഞ്ഞ പല്ലുകളിൽ കുരുങ്ങി തീരാനോവായിരിക്കുന്നു, ഒരു മാസത്തിനിടെ തന്നെ മൂന്നു കുട്ടികൾ. തെരുവിലെങ്ങും ഭ്രാന്തൻ നായ്ക്കൾ അലയുന്നു.
കൊല്ലത്ത് തെരുവുനായ കടിച്ചതിന് ആദ്യ മൂന്നു ഡോസ് വാക്‌സിനെടുത്ത ഏഴു വയസുകാരി നിയ ഫൈസലിന്റെ ജീവൻ തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ ചികിത്സയിലായിരിക്കേ പൊലിഞ്ഞു. വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കെയാണ് കുട്ടിയെ തെരുവുനായ അക്രമിച്ചതും കൈമുട്ടിന് കടിച്ചതും. മലപ്പുറത്തെ ആറു വയസുകാരി സിയ ഫാരിസും പത്തനംതിട്ട പുല്ലാട്ട് സ്വദേശി ഭാഗ്യലക്ഷ്മിയെന്ന 13 കാരിയും പേവിഷ ബാധയേറ്റു മരിച്ചതിനു പിന്നാലെയായിരുന്നു നിയ ഫൈസലിന്റെ മരണം. റാബീസ് വൈറസ് തലച്ചോറിനെയാണ് ബാധിക്കുകയെന്നും സിയ ഫാരിസിന് തലയ്ക്ക് കടിയേറ്റതിനാലാണ് മരിച്ചതെന്നുമായിരുന്നു ചികിത്സിച്ച ഡോക്ടർമാരുടെ വിശദീകരണം. എന്നാൽ കാലിന് കടിയേറ്റ മറ്റു രണ്ട് പേർക്കുമെങ്ങനെയാണ് പേ വിഷബാധ മൂർച്ഛിച്ചതെന്ന ചോദ്യത്തിന് ഉത്തരം ലഭിക്കുന്നില്ല.
ഒരു മാസത്തിനിടെ സംസ്ഥാനത്തു പേവിഷബാധയാൽ ജീവൻ പോയ മൂന്നു കുട്ടികളും വാക്‌സിനെടുത്ത ശേഷമായിരുന്നു മരണത്തിന് കീഴടങ്ങിയതെന്നത് ജനങ്ങളെ വല്ലാതെ ഭയപ്പെടുത്തുന്നു. ഇക്കാലത്ത് പേവിഷബാധയേറ്റ് മരിച്ച ആറിൽ മൂന്നുപേരും കുട്ടികളാണെന്നത് ഏറെ വേദനാജനകമാണ്. കടിയേൽക്കുന്നവർക്കുള്ള വാക്‌സിനേഷൻ മുതൽ തുടർചികിത്സവരെയുള്ള കാര്യങ്ങളിൽ ആരോഗ്യവകുപ്പിന്റെ പാളിച്ചയാണോ ഈ മരണങ്ങൾക്ക് പിന്നിലെന്ന സംശയം ഉയരുക സ്വാഭാവികം. വീഴ്ചകൾ കണ്ടെത്തി തിരുത്താനായില്ലെങ്കിൽ മനുഷ്യജീവനുകൾ ഇനിയും നായ്ക്കൾ കടിച്ചുപറിച്ചെടുക്കും.
പേവിഷബാധ ചികിത്സയ്ക്ക് പ്രൊട്ടോക്കോൾ ആവശ്യമാണെന്ന് ഡോക്ടർമാർ പറയുന്നുണ്ടെങ്കിലും നിർദ്ദേശങ്ങൾ പലതും ഗൗരവ ബുദ്ധിയോടെ നടപ്പാകാറില്ല. നിയ ഫൈസലിനെ കുത്തിവയ്ക്കാനായി പി.ജി ഡോക്ടർ നൽകിയത് നിർത്തലാക്കിയ മരുന്നായിരുന്നു. ഈ മരുന്നിന് കുട്ടിയുടെ ബന്ധുക്കൾ മെഡിക്കൽ ഷോപ്പുകളിൽ കയറിയിറങ്ങി. മരുന്ന് കിട്ടാത്ത വാർത്ത ഒടുവിൽ ആശുപത്രി അധികൃതർ മാധ്യമങ്ങളിലൂടെ അറിഞ്ഞാണ് മറ്റൊരു മരുന്ന് കുട്ടിക്ക് നൽകാൻ ഏർപ്പാട് ചെയ്തത്. എന്നാൽ ആ മരുന്നിന് കാത്തുനിൽക്കാതെ നിയ മരിച്ചു. മുതിർന്ന ഡോക്ടർമാർ കൈകാര്യം ചെയ്യേണ്ട ഇത്തരം ഗുരുതര വിഷയം ജൂനിയർ ഡോക്ടറെ ഏൽപ്പിച്ചത് വീഴ്ച തന്നെയെന്നതിൽ സംശയമില്ല.
ലോകത്തെ അതിമാരകമായ ആരോഗ്യ പ്രശ്‌നങ്ങളിലൊന്നാണ് പേ വിഷബാധ. മൃഗങ്ങളിൽ നിന്ന്, അവ കടിക്കുമ്പോഴോ മുറിവുകളുള്ള ശരീര ഭാഗങ്ങളിൽ നക്കുമ്പോഴോ ആണ് മനുഷ്യരിലേക്ക് ഇത് പകരുന്നത്. മുറിവിൽ നിന്ന് നാഡികൾ വഴി രോഗാണു തലച്ചോറിൽ എത്തുന്നതോടെ രോഗം മൂർച്ഛിക്കുന്നു. ലോകാരോഗ്യ സംഘടനയുടെ നിരീക്ഷണ പ്രകാരം റാബീസ് വൈറസ് ലോകത്ത് ഓരോ പത്ത് മിനുട്ടിലും ഒരാളുടെ ജീവനെടുക്കുന്നുണ്ട്. പ്രതിവർഷം ഏകദേശം 20,000 റാബീസ് മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട് ഇന്ത്യയിൽ. ആഗോള തലത്തിലുള്ള റാബീസ് മരണങ്ങളുടെ 36 ശതമാനം വരുമിത്.
പ്രതിവർഷം ഒട്ടേറെ പേരുടെ ജീവനെടുക്കുന്ന പേവിഷത്തെ പ്രതിരോധിക്കാൻ സർക്കാർ ഊർജിത നടപടികൾ സ്വീകരിക്കേണ്ടതുണ്ട്. കഴിഞ്ഞ വർഷം കേരളത്തിൽ 3.16 ലക്ഷം പേരെ തെരുവുനായ കടിച്ചെന്ന കണക്ക് ഞെട്ടിക്കുന്നതാണ്. 2017ൽ തെരുവുനായ ആക്രമണത്തിൽ 1.35 ലക്ഷം പേർക്ക് പരുക്കേറ്റിരുന്നു. കഴിഞ്ഞ വർഷം ഈ സംഖ്യ ഇരട്ടിയായി. വന്ധ്യംകരണം നിയമക്കുരുക്കിലായതും തദ്ദേശസ്ഥാപനങ്ങളുടെ അനാസ്ഥയും ചേർന്നതിനിടെ തെരുവുനായകൾ പെറ്റുപെരുകി. 2022ൽ പേവിഷബാധയേറ്റ് 21 പേർ മരിച്ചപ്പോൾ 2023ൽ മരണം 50 ആയിരുന്നു. 2024 ലും 54 പേർക്ക് ജീവൻ നഷ്ടമായി.
പേവിഷബാധയ്‌ക്കെതിരേ ഉപയോഗിക്കുന്ന ആന്റി റാബീസ് വാക്‌സിനായ അഭയ്‌റാബിന്റെ വ്യാജൻ രാജ്യത്തെ പ്രധാന നഗരങ്ങളിൽ ലഭ്യമാണെന്ന് ഡൽഹി ഡ്രഗ്‌സ് കൺട്രോൾ വിഭാഗം ഇക്കഴിഞ്ഞ മാർച്ചിൽ നൽകിയ മുന്നറിയിപ്പ് ഗൗരവതരമായിരുന്നു. പേവിഷ വാക്‌സിനേഷൻ സംബന്ധിച്ച ആശങ്കകൾ ഏറിക്കൊണ്ടിരിക്കുന്നതിനിടെയാണ് വ്യാജനെപ്പറ്റി വാർത്ത വന്നത്. മെഡിക്കൽ ജേർണലായ 'ദ ലാൻസെറ്റ്' പുറത്തുവിട്ട റിപ്പോർട്ടിൽ ഇന്ത്യയിലെ വാക്‌സിനേഷനെ സംബന്ധിച്ച് ഗുരുതര പരാമർശമുണ്ട്. വാക്‌സിനേഷനിലെ പിഴവുമൂലം ഇന്ത്യയിൽ പ്രതിവർഷം 5,726 പേർ മരിക്കുന്നുവെന്ന് ദ ലാൻസെറ്റ് കണ്ടെത്തിയിരുന്നു. 2030ൽ രാജ്യം സമ്പൂർണ പേവിഷ മുക്തമാക്കുമെന്ന പ്രഖ്യാപനം നിലനിൽക്കുമ്പോഴാണ് ഇത്തരം താളപ്പിഴകളും മരണക്കണക്കും കൂടിക്കൊണ്ടിരിക്കുന്നത്.
വാക്‌സിനുകൾക്ക് മികച്ച ഗുണനിലവാരമുണ്ടെന്ന് സർക്കാർ ഉറപ്പുനൽകുന്നതിനിടെയും തുടർമരണങ്ങളുടെ പശ്ചാത്തലത്തിൽ ജനങ്ങൾക്കുണ്ടാകുന്ന ആശങ്കയ്ക്ക് അടിസ്ഥാനമില്ലാതില്ല. സംസ്ഥാനത്ത് ഉപയോഗിക്കുന്ന റാബീസ് വാക്‌സിൻ മികച്ചതും ഗുണനിലവാരമുള്ളതും കേന്ദ്ര ഡ്രഗ്‌സ് ലാബ് രണ്ട് തവണ പരിശോധിച്ച് ഗുണനിലവാരം സാക്ഷ്യപ്പെടുത്തിയതുമാണെന്നാണ് ആരോഗ്യ വകുപ്പിന്റെ അവകാശവാദം. അധികൃതരുടെ വാദം അംഗീകരിച്ചാലും വാക്‌സിന്റെ സൂക്ഷിപ്പിലും ഉപയോഗത്തിലുമെല്ലാം യഥാവിധി കൃത്യതയും സൂക്ഷ്മതയും പാലിക്കാൻ കഴിയുന്നുണ്ടോ എന്ന സംശയം നിലനിൽക്കുന്നു. വാക്‌സിന്റെ ഗുണനിലവാരത്തെക്കുറിച്ച് നിയമസഭയിൽ പ്രതിപക്ഷം ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇതേത്തുടർന്നു വിദഗ്ധ പരിശോധനയ്ക്ക് മുഖ്യമന്ത്രി നിർദേശം നൽകുകയും ചെയ്തു.
സുപ്രീംകോടതിയിൽ
ഇതിനിടെ, വാക്‌സിനെടുത്തവർക്കും പേ വിഷബാധയേൽക്കുന്നതിന്റെ എണ്ണം വർധിച്ചു വരുന്ന സാഹചര്യത്തിൽ വാക്‌സിന്റെ ഗുണനിലവാരത്തെക്കുറിച്ച് ഇനിയും കൂടുതൽ പരിശോധന വേണമെന്നാവശ്യപ്പെട്ട് കേരള പ്രവാസി അസോസിയേഷൻ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. സ്വതന്ത്ര വിദഗ്ധ സമിതിയെക്കൊണ്ട് പരിശോധിപ്പിക്കണമെന്നതാണ് ഹർജിയിലെ പ്രധാന ആവശ്യം. നാഷനൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ നിബന്ധന പ്രകാരം, മനുഷ്യർക്കുള്ള റാബീസ് വാക്‌സിൻ നിർമാണം അതിസങ്കീർണമായ പ്രക്രിയയാണ്. നിർമാണത്തിനും പരിശോധനയ്ക്കും ചുരുങ്ങിയത് മൂന്ന് മാസമെങ്കിലും സമയം വേണം. എന്നാൽ വാക്‌സിൻ നിർമിച്ച് 15 ദിവസത്തിനകം തന്നെ കേരളത്തിലെത്തിയ സംഭവമുണ്ടായിട്ടുണ്ടെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ഹർജി പരിഗണിച്ച് വിദഗ്ധ പരിശോധനയ്ക്ക് സുപ്രീംകോടതി നിർദേശം നൽകിയിരിക്കുകയാണ്.
സൂര്യപ്രകാശം ഏൽക്കാത്ത സ്ഥലത്ത് 2.8 ഡിഗ്രി സെൽഷ്യൽസ് തണുപ്പിൽ സൂക്ഷിക്കേണ്ട മരുന്നാണ് ആന്റിറാബീസ് വാക്‌സിൻ. ഊഷ്മാവിൽ ചെറിയ വ്യത്യാസം സംഭവിക്കുകയോ വൈദ്യുതി നിലയ്ക്കുകയോ ചെയ്താൽ ഗുണനിലവാരം താഴും. വൈദ്യുതി നിലയ്ക്കുന്ന ഘട്ടത്തിൽ മരുന്ന് സൂക്ഷിച്ച ഫ്രിഡ്ജിന്റെയും ഫ്രീസറിന്റെയും തടസ്സമില്ലാത്ത പ്രവർത്തനം ജനറേറ്ററിന്റെ സഹായത്തോടെ സാധ്യമാകണം. ഇത് എത്ര ആശുപത്രികളിൽ സംഭവിക്കുന്നുവെന്ന സംശയം പ്രസക്തം. ആശുപത്രികളിൽ മതിയായ സംവിധാനങ്ങളോടെയും ആവശ്യമായ ഊഷ്മാവിലുമാണ് മരുന്ന് സൂക്ഷിക്കുന്നതെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്.
ഇൻട്രാഡെർമൽ റാബീസ് വാക്‌സിൻ കുത്തിവയ്ക്കുമ്പോൾ ചർമം കടന്ന് അൽപം ആഴത്തിലേക്ക് സൂചി പോയാലും ഗുണമില്ലാതെവരും. ഇങ്ങനെ കുത്തിവയ്ക്കാൻ വൈദഗ്ധ്യം പാലിച്ചവരാണോ വാക്‌സിൻ നൽകുന്നതെന്ന സംശയം വ്യാപകമായുണ്ട്. പ്രത്യേക പരിശീലനം ലഭിച്ചവരാണ് കുത്തിവെപ്പ് എടുക്കേണ്ടത്. വേണ്ടത്ര പരിജ്ഞാനം ലഭിക്കാത്തവർ കുത്തിവെച്ചാൽ ഫലപ്രദമാകണമെന്നില്ല. ഒരു വാക്‌സിൻ തുറന്നു കഴിഞ്ഞാൽ എട്ട് മണിക്കൂറിനകം ഉപയോഗിച്ചു തീർക്കുകയും വേണം. ഇല്ലെങ്കിൽ അത് ഫലശൂന്യമാകും. നായ കടിച്ച് ആഴത്തിലുള്ള മുറിവുകളുണ്ടായാൽ ചുറ്റും ഇമ്യൂണോഗ്ലോബുലിൻ കുത്തിവയ്ക്കുകയെന്നതാണ് പ്രധാനപ്പെട്ട പ്രാഥമിക ശുശ്രൂഷാ നടപടി. ഇത് പുറത്തേക്ക് ഒഴുകാതെ മാംസഭാഗത്തു തങ്ങിനിൽക്കണം.
നിലവിലെ സാഹചര്യത്തിൽ നായ്ക്കളുടെ വംശവർധന കുറയണമെങ്കിൽ ഇനിയുമൊരു പത്തുവർഷംകൂടി വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്.
അപ്പോഴേക്കും പേവിഷബാധ കേസുകൾ ക്രമാതീതമായി ഉയരുമെന്നാണ് ഈ മേഖലയിലുള്ളവർ മുന്നറിയിപ്പ് നൽകുന്നത്. വന്ധ്യംകരണം നടത്തിയ നായകൾ കടിക്കുകയില്ലെന്നില്ല. പക്ഷിപ്പനിയും പന്നിപ്പനിയും പ്രതിരോധിക്കുന്നതിന് സ്വീകരിക്കുന്ന നിയന്ത്രണ നടപടികൾ തെരുവുനായ വിഷയത്തിലും എത്രയും വേഗം സ്വീകരിക്കുകതന്നെ വേണമെന്ന ആവശ്യം ശക്തം. നാടെങ്ങും ഉടമസ്ഥരില്ലാതെ അലഞ്ഞുനടക്കുന്ന നായ്ക്കളെ നിയന്ത്രിക്കാൻ ഫലപ്രദമായ മാർഗ്ഗങ്ങളില്ലാതിരിക്കേ ഗ്രാമങ്ങളിലെ ആരോഗ്യകേന്ദ്രങ്ങൾ മുതൽ മെഡിക്കൽ കോളേജുകൾ വരെ ശാസ്ത്രീയമായിത്തന്നെ പേവിഷ ചികിത്സയ്ക്ക് സജ്ജമാക്കണമെന്ന് വിദഗ്ധർ പറയുന്നു. എന്തായാലും, ഇനിയൊരു ജീവനും പേമൃഗത്തിനു വിട്ടുകൊടുക്കാതിരിക്കാനുള്ള കടമയും ബാധ്യതയും സർക്കാർ തിരിച്ചറിഞ്ഞതിന്റെ ലക്ഷണങ്ങൾ ഇതുവരെയില്ല.
വാക്‌സിനും സിറവും ഒക്കെ ചർച്ചകളിൽ നിറയ്ക്കുന്നതിനേക്കാൾ പ്രധാനം പ്രതിരോധം യാഥാർത്ഥ്യമാക്കുകയെന്നതാണ്. ഈ മാരക രോഗം പരത്തുന്ന വഴി അടക്കലാണ് ഏറ്റവും പ്രധാനം. നായ്ക്കളിലൂടെ ആണ് ഇത് പ്രധാനമായും പരക്കുന്നത് എന്നതിനാൽ തന്നെ തെരുവ് പട്ടികളേയും ഉത്തരവാദിത്വമില്ലാതെ, വാക്്‌സിനേഷൻ നടത്താതെ വളർത്തുന്ന നായ്ക്കളേയും നിയന്ത്രിച്ചേ പറ്റൂ. അവ പെറ്റ് പെരുകാനുള്ള അനുകൂല സാഹചര്യങ്ങൾ ഒരുക്കി നൽകുന്നത് നിർത്തുകയെന്നതാണു മുഖ്യകാര്യം. മാലിന്യം വലിച്ചെറിയുന്ന ശീലമുള്ളവർക്ക് ഇതിനെതിരെ മിണ്ടാൻ അർഹത ഇല്ല. അത് തിന്നാണ് തെരുവ് നായ്ക്കൾ പുളയ്ക്കുന്നതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
തെരുവുനായ്ക്കളെ പിടികൂടി പാർപ്പിക്കാൻ എല്ലാ ജില്ലകളിലും അഭയകേന്ദ്രങ്ങൾ സ്ഥാപിക്കുമെന്ന സർക്കാർ പ്രഖ്യാപനം ഇപ്പോഴും ഫയലിൽ തന്നെ ഒതുങ്ങുകയാണ്. തെരുവുനായ്ക്കളുടെ വർധന നിയന്ത്രിക്കാനുള്ള ആനിമൽ ബെർത്ത് കൺട്രോൾ കേന്ദ്രങ്ങൾ (എ.ബി.സി) 15 ൽ നിന്ന് 30 ആക്കുമെന്ന് പ്രഖ്യാപിച്ചിട്ടും നടപ്പായിട്ടില്ല. തെരുവുനായ പ്രശ്‌നത്തിനുള്ള അടിയന്തര പരിഹാരമാർഗമായി നായ്ക്കളുടെ വന്ധ്യംകരണത്തെ കാണാനും സാധിക്കില്ല. നായ്ക്കളുടെ എണ്ണം വർധിക്കുന്നത് തടയുന്നതിനും സന്തുലിതാവസ്ഥ നിലനിർത്തുന്നതിനും മാത്രമാണ് എ.ബി.സി ഉപകാരപ്പെടുക.
ബാബു കദളിക്കാട്
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1