ചൈനയിലെ സിന്‍ജിയാങ്ങിന്റെ വടക്ക് പടിഞ്ഞാറന്‍ മേഖലയിലെ ഉയ്ഗര്‍ വംശജര്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങള്‍ ക്രമാതീതമായി വര്‍ധിക്കുന്നതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. നിര്‍ബന്ധിത അവയവ ശേഖരണം ഉള്‍പ്പടെയുള്ള മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചുള്ള ഗുരുതര ആരോപണങ്ങളാണ് ഉയര്‍ന്നിരിക്കുന്നത്.
ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള മുസ്ലീം മെഡിക്കല്‍ ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ട്, ഉയ്ഗര്‍ മുസ്ലീം വംശജരില്‍ നിന്ന് ജനിതക വിവരങ്ങള്‍ ശേഖരിച്ചതായി മാര്‍ച്ചില്‍ നടന്ന യുഎസ് കോണ്‍ഗ്രസ് കമ്മിറ്റി ഹിയറിങ്ങില്‍ വിദഗ്ധര്‍ അവകാശപ്പെട്ടിരുന്നു. ഉയ്ഗര്‍ വംശത്തിലെ കുട്ടികളില്‍ നിന്ന് ചൈന നിര്‍ബന്ധിതമായി അവയവങ്ങള്‍ എടുത്ത് മാറ്റുന്നുവെന്ന് ഉയ്ഗര്‍-അമേരിക്കന്‍ രാഷ്ട്രീയക്കാരനായ സാലിഹ് ഹുദയാര്‍ വെളിപ്പെടുത്തിയിരുന്നു. 'കുട്ടികളുടെ അവയവം മാറ്റിവയ്ക്കല്‍ കേന്ദ്രം ചൈന ഉദ്ഘാടനം ചെയ്തു. ഉയ്ഗ്വര്‍ വംശഹത്യയുടെ ഭാഗമായി ചൈന ഉയ്ഗറുകളുടെ അവയവങ്ങള്‍ എടുത്ത് 'ഹലാല്‍ അവയവങ്ങള്‍' എന്ന പേരില്‍ വില്‍ക്കുകയാണ്.
2014 മുതല്‍ ഏകദേശം ഒരു ദശലക്ഷത്തോളം ഉയ്ഗര്‍ കുട്ടികളെ അവരുടെ കുടുംബങ്ങളില്‍ നിന്ന് നിര്‍ബന്ധിതമായി വേര്‍പെടുത്തിയെന്നും സാലിഹ് ഹുദയാര്‍ എക്സില്‍ കുറിച്ചു. സിന്‍ജിയാങ്ങിലെ ഉയ്ഗറുകളും മറ്റ് തുര്‍ക്കി മുസ്ലിം ന്യൂനപക്ഷങ്ങളും നിര്‍ബന്ധിത തൊഴില്‍, കൂട്ട തടങ്കല്‍, നിര്‍ബന്ധിത അവയവങ്ങള്‍ ശേഖരിക്കല്‍ എന്നിവ ഉള്‍പ്പെടെയുള്ള കടുത്ത അടിച്ചമര്‍ത്തലുകള്‍ നേരിടുന്നുണ്ടെന്ന് മനുഷ്യാവകാശ സംഘടനകളും വിവിധ സ്രോതസുകളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകളും അടിവരയിടുവന്നു.
മിനസോട്ട ആസ്ഥാനമായുള്ള 'വേള്‍ഡ് വിത്തൗട്ട് ജീനോസൈഡ്' എന്ന നോണ്‍ പ്രോഫിറ്റ് ഓര്‍ഗനൈസേഷന്റെ റിപ്പോര്‍ട്ട് പ്രകാരം പ്രതിവര്‍ഷം ഒരു ബില്യണ്‍ ഡോളറിന്റെ അവയവ വ്യവസായത്തിന് വേണ്ടി ഉയ്ഗര്‍ മുസ്ലീങ്ങള്‍ കൊല്ലപ്പെടുന്നുണ്ട്. നിരവധി അന്താരാഷ്ട്ര സംഘടനകളും സര്‍ക്കാരുകളും ഈ ആരോപണങ്ങളില്‍ അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. എന്നാല്‍ സിന്‍ജിയാങ്ങിലേക്കുള്ള പരിമിതമായ പ്രവേശനവും കര്‍ശന നിയന്ത്രണങ്ങളും കാരണം ഇവയില്‍ ശരിയായ പരിശോധന വെല്ലുവിളിയായി തന്നെ തുടരുകയാണ്.
സിന്‍ജിയാങ്ങിലെ ഉയ്ഗര്‍ വംശജരും മറ്റ് ന്യൂനപക്ഷങ്ങളും നേരിടുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് തെളിയിക്കുന്ന വീഡിയോകളും മുമ്പ് പുറത്തുവന്നിരുന്നു. ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ Taobao -ലെ മോഡലായ മെര്‍ദാന്‍ ഗാപ്പറിനെ മയക്കുമരുന്ന് കേസ് ചാര്‍ജ്ജ് ചെയ്ത് ഒരു വര്‍ഷത്തോളം ജയിലിലിലും പിന്നീട് തടങ്കല്‍ പാളയത്തിലും തടഞ്ഞുവച്ചതായി അദ്ദേഹത്തിന്റെ അടുത്തവര്‍ പറഞ്ഞിരുന്നു. ബിബിസിയും ഗ്ലോബ് ആന്‍ഡ് മെയിലും ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുമുണ്ട്.
'തടവുമുറികളില്‍ മൂന്നിലൊരുഭാഗം ഡ്യൂട്ടിയിലുള്ള പൊലീസുകാര്‍ക്കുള്ളതാണ്. ബാക്കിയുള്ളവയില്‍ വലതുഭാഗത്ത് പുരുഷന്മാരും ഇടതുഭാഗത്ത് സ്ത്രീകളും. കൂട്ടിലടച്ചപോലെ അവരെ പൂട്ടിയിട്ടിരിക്കുകയാണ്.' എന്നാണ് പൊലീസ് സെല്ലിനെ കുറിച്ച് ഗാപ്പര്‍ അയച്ച സന്ദേശത്തില്‍ വെളിപ്പെടുത്തുന്നത്. വാഷിംഗ്ടണ്‍ ഡിസി -യിലെ ജോര്‍ജ്ടൗണ്‍ യൂണിവേഴ്‌സിറ്റി, ഹിസ്റ്ററി പ്രൊഫസറായ ജെയിംസ് മില്‍വാര്‍ഡ് ആണ് സന്ദേശം വിവര്‍ത്തനം ചെയ്തിരിക്കുന്നത്.
പ്രത്യേകം വസ്ത്രങ്ങളും തടവില്‍ പാര്‍പ്പിച്ചവര്‍ക്ക് ധരിക്കേണ്ടതുണ്ട്. ഇതൊരു ഫോര്‍പീസ് സ്യൂട്ടാണ്. തല മൂടുന്ന തരത്തിലുള്ള കറുത്ത തുണി ബാഗ്, കയ്യാമം, ചങ്ങല, കയ്യാമത്തിനെയും ചങ്ങലയെയും ബന്ധിപ്പിക്കുന്ന സ്റ്റീല്‍ ചെയിന്‍ എന്നിവ ഇതില്‍ പെടുന്നു. ഈ ഫോര്‍പീസ് സ്യൂട്ട് ഭീഷണിപ്പെടുത്തിയാണ് ധരിപ്പിച്ചിരുന്നത് എന്ന് ഗാപ്പര്‍ സന്ദേശത്തില്‍ വ്യക്തമാക്കിയിരുന്നു. വൃത്തിഹീനമായ സാഹചര്യത്തിലാണ് ഇവരെ താമസിപ്പിച്ചിരുന്നത്. വൃത്തിയില്ലാത്ത ഭക്ഷണം കഴിക്കേണ്ടി വരുമായിരുന്നുവെന്നും സന്ദേശങ്ങളില്‍നിന്നും വ്യക്തമാകുന്നു. ഒരു സെല്ലില്‍ തനിച്ച് ദിവസങ്ങളോളം താമസിപ്പിച്ചിരുന്നുവെന്നും അവിടെവച്ച് അടുത്ത സെല്ലുകളില്‍ നിന്നും ആളുകളുടെ നിര്‍ത്താതെയുള്ള കരച്ചില്‍ കേള്‍ക്കാമായിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.
ചൈനയിലെ ഉയ്ഗര്‍ വംശജരും മറ്റ് മുസ്ലിം ന്യൂനപക്ഷങ്ങളും അനുഭവിക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ കുറച്ച് കാലമായി ലോകത്താകെ സജീവമായ ചര്‍ച്ചയ്ക്ക് വഴിവെച്ചിരുന്നു. മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും മറ്റും ശ്രദ്ധ ഇതില്‍ പതിയുന്നുമുണ്ടായിരുന്നു. എന്നാല്‍ ബെയ്ജിംഗ് നിരന്തരമായി ഈ ആരോപണങ്ങളെല്ലാം നിഷേധിക്കുകയായിരുന്നു.
'റീ എജ്യുക്കേഷന്‍ ക്യാമ്പ്' എന്ന് പേരിട്ട് വിളിക്കുന്ന തടങ്കല്‍പ്പാളയങ്ങളില്‍ സ്ത്രീകളടക്കം ഉയ്ഗര്‍ വംശജര്‍ കൊടും പീഡനങ്ങളാണനുഭവിക്കുന്നതെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. നിര്‍ബന്ധിത വന്ധ്യംകരണം, കര്‍ശന നിയന്ത്രണങ്ങള്‍, നിരീക്ഷണം, മതപരവും സാംസ്‌കാരികവുമായ കാര്യങ്ങളിലെ അടിച്ചേല്‍പ്പിക്കലുകള്‍ എന്നിവയെല്ലാം ഇവിടെ നടക്കുന്നുണ്ടെന്നാണ് ആരോപണം.
ആരാണ് ഉയ്ഗറുകള്‍?
വടക്കു പടിഞ്ഞാറന്‍ ചൈനയിലെ സിന്‍ജിയാങ് പ്രദേശത്ത് താമസിക്കുന്നവരാണിവര്‍. ഏകദേശം 12 മില്യണ്‍ ഉയ്ഗറുകളുണ്ട്. ഇവരില്‍ കൂടുതലും മുസ്ലീം വിഭാഗക്കാരാണ്. ഈ മേഖല ഔദ്യോഗികമായി സിന്‍ജിയാങ് ഉയ്ഗര്‍ സ്വയംഭരണ പ്രദേശം എന്നാണ് അറിയപ്പെടുന്നത്. തുര്‍ക്കിഷ് ഭാഷയ്ക്ക് സമാനമായി ഉയ്ഗറുകള്‍ സ്വന്തം ഭാഷയാണ് സംസാരിക്കുന്നത്. സിന്‍ജിയാങിലെ ജനസംഖ്യയുടെ പകുതിയില്‍ താഴെയാണ് ഉയ്ഗറുകള്‍. ഹാന്‍ ചൈനീസ് (ചൈനയുടെ വംശീയ ഭൂരിപക്ഷം) സിന്‍ജിയാങ്ങിലേക്ക് വന്‍തോതില്‍ കുടിയേറുന്നുണ്ട്. ഇതോടെ തങ്ങളുടെ സംസ്‌കാരവും ഉപജീവനമാര്‍ഗവും അപകടത്തില്‍ ആകുമെന്നാണ് ഉയ്ഗറുകളുടെ ഭയം.
ചൈനയ്ക്കെതിരായ ആരോപണങ്ങള്‍ എന്തൊക്കെ?
ഉയ്ഗറുകള്‍ക്കെതിരെ ചൈന വംശഹത്യ നടത്തുന്നതായാണ് അമേരിക്കയുടെ ആരോപണം. ക്യാമ്പുകളില്‍ ഉയ്ഗര്‍ മുസ്ലീങ്ങളെ പാര്‍പ്പിക്കുന്നതിനൊപ്പം ജനസംഖ്യയെ അടിച്ചമര്‍ത്തുന്നതിനായി ഉയ്ഗര്‍ സ്ത്രീകളെ അധികൃതര്‍ നിര്‍ബന്ധിതമായി വന്ധ്യംകരണ ശസ്ത്രക്രിയയ്ക്ക് വിദേശരാക്കുന്നതായും കുട്ടികളെ അവരുടെ കുടുംബങ്ങളില്‍ നിന്ന് വേര്‍പെടുത്തുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
സിന്‍ജിയാങ്ങിലെ 'തീവ്രവാദ വിരുദ്ധ കേന്ദ്രങ്ങളില്‍' ഒരു മില്യണ്‍ ആളുകളെ ചൈനക്കാര്‍ തടവില്‍ വച്ചിരിക്കുന്നതായി വിശ്വസനീയമായ റിപ്പോര്‍ട്ടുകള്‍ ഉണ്ടെന്ന് 2018ലെ യുഎന്‍ മനുഷ്യാവകാശ സമിതി അറിയിച്ചിരുന്നു. ഓസ്ട്രേലിയന്‍ സ്ട്രാറ്റജിക് പോളിസി ഇന്‍സ്റ്റിറ്റ്യൂട്ട് 2020ല്‍ സിന്‍ജിയാങ്ങിലെ 380 ല്‍ കൂടുതല്‍ 'റീ-എഡ്യൂക്കേഷന്‍ ക്യാമ്പുകളുടെ' തെളിവുകള്‍ കണ്ടെത്തിയിരുന്നു.
ഉപരോധം, സിന്‍ജിയാങ്ങിന്റെ വടക്ക് - പടിഞ്ഞാറന്‍ മേഖലയിലെ ക്യാമ്പുകളില്‍ ചൈന ഉയ്ഗര്‍ മുസ്ലീങ്ങളെ തടഞ്ഞു വച്ചിരിക്കുകയാണെന്നും ഇവര്‍ക്ക് കനത്ത പീഡനങ്ങള്‍, നിര്‍ബന്ധിത തൊഴില്‍, ലൈംഗിക പീഡനം എന്നിവയാണ് നേരിടേണ്ടി വരുന്നതെന്നുമാണ് വിവരം. ഇതിനെതിരെ യൂറോപ്യന്‍ യൂണിയന്‍, യുകെ, യുഎസ്, കാനഡ എന്നിവയുടെ ഏകോപന ശ്രമമായി ഉപരോധം ഏര്‍പ്പെടുത്തി. യൂറോപ്യന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ ചൈനയും ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു.
തീവ്രവാദത്തിനെതിരെ പോരാടാന്‍ ഉപയോഗിക്കുന്ന 'പുനര്‍-വിദ്യാഭ്യാസ' സൗകര്യങ്ങളാണ് ക്യാമ്പുകളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നാണ് ചൈനയുടെ അവകാശവാദം.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1