രാജീവ്ഗാന്ധി പ്രധാനമന്ത്രിയും കോൺഗ്രസ് പ്രസിഡന്റുമായി ഒരേസമയം ചുമതലയേൽക്കുന്നു

APRIL 11, 2024, 11:11 AM

ഇതിനിടയിൽ ഇന്ത്യയുടെ പ്രധാനമന്ത്രിയായി രാജീവ്ഗാന്ധി സത്യപ്രതിജ്ഞ ചെയ്തിരുന്നു. ഡൽഹിയിൽ ഇന്ദിരാഗാന്ധിക്ക് നേരെ ആക്രമണം നടക്കുമ്പോൾ പ്രണാബ് മുഖർജി, ഖനി ഖാൻ ചൗധരി എന്നിവർക്കൊപ്പം രാജീവ് ഗാന്ധി പശ്ചിമബംഗാളിലെ കാന്തൈയിൽ ആയിരുന്നു. രാജീവ് ഗാന്ധി സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ പെട്ടെന്നാണ് ഒരു പോലീസ് വയർലെസ് മെസ്സേജ് പ്രണാബ് മുക്കർജിക്ക് ലഭിക്കുന്നത്.
ഇന്ദിരാഗാന്ധിക്ക് വെടിയേറ്റു. എത്രയും പെട്ടെന്ന് ഡൽഹിക്ക് മടങ്ങുക. ഉടനെതന്നെ അവർ അല്പ ദൂരം കാറിൽ സഞ്ചരിച്ച് കോലാഘട്ടിൽ എത്തി.

അവിടെ ഒരു ഹെലികോപ്റ്റർ യാത്രയ്ക്ക് തയ്യാറായി കിടക്കുന്നുണ്ടായിരുന്നു. ഹെലികോപ്റ്റർ വഴി കൊൽക്കത്തയിൽ എത്തി. അവിടെനിന്ന് ഇന്ത്യൻ എയർലൈൻസിന്റെ പ്രത്യേക വിമാനത്തിൽ ഡൽഹിയിലേക്ക് യാത്രതിരിച്ചു. ആ യാത്രയ്ക്കിടയിൽ തന്നെ  ഇന്ദിരാഗാന്ധിയുടെ മരണം സ്ഥിരീകരിച്ചുള്ള വാർത്തയും എത്തി. പ്രണാബ് മുഖർജിയാണ് അക്കാലത്തെ മന്ത്രിസഭയിലെ രണ്ടാമൻ. ഒരുവേള അദ്ദേഹം പ്രധാനമന്ത്രി പദവി മോഹിച്ചുപോയി. അതിനിടയിൽ ആരോ പ്രണാബിന്റെ ചെവിയിൽ മന്ത്രിക്കുംപോലെ പറഞ്ഞു: രണ്ടാമനായ താങ്കളായിരിക്കുമല്ലേ, അടുത്ത പി.എം..?

പ്രണാബ് മുഖർജി ഒന്നു മന്ദഹസിച്ചതല്ലാതെ മറ്റൊന്നും പറഞ്ഞതുമില്ല. വിട്ടുമാറാത്ത ആശങ്കയോടെ തന്നെ മറ്റുള്ളവർ അപ്പോഴും ആലോചന തുടരുകയാണ്. ഇനി എന്ത്? ഇവിടെ ഒരു ഇടക്കാല പ്രധാനമന്ത്രിയെയല്ല ആവശ്യം. സ്ഥിരം പ്രധാനമന്ത്രി തന്നെ വേണം. അങ്ങിനെയൊരഭിപ്രായം പൊതുവിൽ ഉയർന്നു. അതാരായിരിക്കണം..? ഏറെ ആലോചനകൾക്കൊന്നും നിൽക്കാതെ രാജീവ് ഗാന്ധിയിൽ ആ ചുമതല അവർ അർപ്പിച്ചു.
സത്യത്തിൽ സഞ്ജയ് ഗാന്ധിയുടെ മരണമാണ്, രാഷ്ട്രീയത്തിൽനിന്ന് അകന്നുനിൽക്കാൻ ആഗ്രഹിക്കുകയും എയർ ഇന്ത്യയിൽ പൈലറ്റായി ജോലി ചെയ്യുകയും ചെയ്തിരുന്ന രാജീവിന്റെ രാഷ്ട്രീയ പ്രവേശനം അനിവാര്യമാക്കിയത്.

vachakam
vachakam
vachakam

സയൻസ്, എൻജിനീയറിങ് പുസ്തകങ്ങൾ വായിക്കാനും ഹിന്ദുസ്ഥാനിപാശ്ചാത്യസംഗീതം കേൾക്കാനും ആഗ്രഹിച്ചിരുന്ന രാജീവ്, ഒരിക്കലും രാഷ്ട്രീയം തന്റെ മേഖലയായി തിരഞ്ഞെടുക്കാൻ ആഗ്രഹിച്ചിരുന്നില്ല. ഫോട്ടോഗ്രാഫിയിലും അദ്ദേഹത്തിന് ഏറെ കമ്പമുണ്ടായിരുന്നു. ഇന്ത്യയിലെയും വിദേശത്തെയും പഠനശേഷം ഡൽഹി ഫ്‌ളൈയിങ് ക്ലബിൽ ചേർന്ന് കൊമേഴ്‌സ്യൽ പൈലറ്റ് ലൈസൻസ് നേടിയ രാജീവ്, എയർ ഇന്ത്യയിൽ പൈലറ്റായി ജോലി ചെയ്യുകയായിരുന്നു. അതുപേക്ഷിച്ചാണ് രാഷ്ട്രീയത്തിലിറങ്ങിയത്.

വിമാനം ഇറങ്ങിയ ഉടൻ തന്നെ രാജീവ് ഗാന്ധിയും സംഘവും എയിംസ് ആശുപത്രിയിലേക്ക് പോയി. അദ്ദേഹം അമ്മയെ കണ്ടതിനു ശേഷം വീണ്ടും കൂടിയാലോചനകൾ. കേന്ദ്രമന്ത്രിമാരായ ശങ്കരാനന്തും ശിവശങ്കറും ഒക്കെ ആവശ്യപ്പെട്ടത് രാജീവ് ഗാന്ധി ഉടൻതന്നെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കണമെന്നായിരുന്നു. അതിനിടെ നരസിംഹറാവു വന്നു. അദ്ദേഹം സഹ മന്ത്രിമാരുടെ അഭിപ്രായത്തോട് യോജിച്ചു. അപ്പോൾ രാഷ്ട്രപതി സെയിൽസിംഗ് ഒമാനിൽ ആയിരുന്നു. വിവരമറിഞ്ഞ ഉടൻ എല്ലാ പരിപാടികളും റദ്ദാക്കി ഡൽഹിക്ക് വിമാനം കയറി.അന്ന് വൈകിട്ട് 6:45ന് പുതിയ സർക്കാർ അധികാമേറ്റു. കൂട്ടത്തിൽ പ്രണവ് മുഖർജി, പി. ശിവശങ്കർ,  ഭൂട്ടാസിങ്, പി.വി. നരസിംഹറാവു എന്നിവരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.


vachakam
vachakam
vachakam

നാൽപതാം വയസ്സിൽ അധികാമേറ്റ രാജീവ് ഗാന്ധി ഇന്ത്യയുടെ ഏറ്റവും പ്രായംകുറഞ്ഞ പ്രധാനമന്ത്രിയും ഒരുപക്ഷേ, രാഷ്ട്രത്തലവൻമാരെ തെരഞ്ഞെടുക്കുന്ന ലോകരാഷ്ട്രങ്ങൾക്കിടയിൽ ചെറുപ്പക്കാരനായ ഭരണാധികാരിയുമായിരിക്കും.  അദ്ദേഹത്തിന്റെ  മുത്തച്ഛൻ ജവഹർലാൽ നെഹ്‌റുവാകട്ടെ, 58-ാം വയസ്സിലാണ് സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയെന്ന നിലയ്ക്ക്, 17 വർഷം നീ ഭരണസാരഥ്യത്തിനു തുടക്കമിട്ടത്.

പുതിയ തലമുറയുടെ കടന്നുവരവിന്റെ തുടക്കക്കാരനെന്ന നിലയിൽ രാഷ്ട്രത്തിന്റെ ചരിത്രത്തിൽ ഏറ്റവും വലിയ ജനപിന്തുണയാണ് ശ്രീ ഗാന്ധിക്കു ലഭിച്ചത്. തന്റെ അമ്മ വെടിയേറ്റു മരിച്ചതിന്റെ ദു:ഖം അടങ്ങുംമുൻപേ തന്നെ പൊതുതെരഞ്ഞെടുപ്പിനെ നേരിടാൻ അദ്ദേഹം സന്നദ്ധനായി. തെരഞ്ഞെടുപ്പിൽ കോൺഗ്രസിനു മൃഗീയ ഭൂരിപക്ഷം ലഭിക്കുകയും ആകെ തെരഞ്ഞെടുപ്പു നടന്ന 508 സീറ്റുകളിൽ 401 എണ്ണത്തിൽ വിജയിക്കാൻ സാധിക്കുകയും ചെയ്തു. തൊട്ടു മുൻപു നടന്ന ഏഴു തെരഞ്ഞെടുപ്പുകളിൽ ഒന്നിലും ലഭിക്കാത്തത്ര ഭൂരിപക്ഷമാണു കോൺഗ്രസിന് അത്തവണ ലഭിച്ചത്.

1944 ഓഗസ്റ്റ 20ന് ബോംബെയിലാണ് ശ്രീ രാജീവ് ഗാന്ധി പിറന്നത്. ഇന്ത്യ സ്വാതന്ത്ര്യം നേടുകയും മുത്തച്ഛൻ പ്രധാനമന്ത്രിയായി ചുമതലയേൽക്കുകയും ചെയ്യുമ്പോൾ അദ്ദേഹത്തിനു കേവലം മൂന്നു വയസ്സു മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആ സമയത്ത് അദ്ദേഹത്തിന്റെ മാതാപിതാക്കൾ ലഖ്‌നൗവിൽനിന്നു ഡെൽഹിയിലേക്കു താമസം മാറ്റി. രാജീവ് ഗാന്ധിയുടെ പിതാവ് ഫിറോസ് ഗാന്ധി എം.പിയാകുകയും നിർഭയനും കഠിനാധ്വാനിയുമായ പാർലമെന്റേറിയനെന്ന പേരു സമ്പാദിക്കുകയും ചെയ്തു.

vachakam
vachakam
vachakam

മുത്തച്ഛനോടൊപ്പം തീൻമൂർത്തി ഹൗസിലായിരുന്നു രാജീവ് ഗാന്ധിയുടെ ബാല്യം. ഇന്ദിരാഗാന്ധിയായിരുന്നു വീട്ടുകാരിയായി അവിടെ കാര്യങ്ങൾ നടത്തിയിരുന്നത്. കുറച്ചുകാലം ഡെറാഡൂണിലെ വെൽഹം പ്രേപിലെ സ്‌കൂളിൽ പഠിച്ചശേഷം ഹിമാലയൻ താഴ്‌വരകളിലുള്ള ഡൂൺ സ്‌കൂളിലേക്കു മാറി. അവിടെവച്ച് അദ്ദേഹത്തിനു ചില ആജീവനാന്ത സുഹൃത്തുക്കളെ ലഭിച്ചു. വൈകാതെ അനുജൻ സഞ്ജയ് കൂടി പഠനത്തിനായി അവിടെയെത്തുകയും ചെയ്തു.

സ്‌കൂൾ പഠനത്തിനുശേഷം കേംബ്രിജിലെ ട്രിനിറ്റി കോളജിൽ ചേർന്നെങ്കിലും പെട്ടെന്നു തന്നെ ലൻ ഇംപീരിയൽ കോളജിലേക്കു മാറി. മെക്കാനിക്കൽ എൻജിനീയറിങ് കോഴ്‌സായിരുന്നു പഠിച്ചത്.

കേംബ്രിജിൽ പഠിക്കവേ, അവിടെ ഇംഗ്ലീഷ് പഠിക്കുകയായിരുന്ന ഇറ്റാലിയൻ പെൺകുട്ടി സോണിയ മെയ്‌നോയെ കണ്ടുമുട്ടിയിരുന്നു. 1968ൽ അവർ ഡെൽഹിയിൽ വച്ചു വിവാഹിതരായി. മക്കളായ രാഹുലിനും പ്രിയങ്കയ്ക്കുമൊപ്പം ന്യൂഡെൽഹിയിൽ ഇന്ദിരാ ഗാന്ധിയുടെ വീട്ടിലായിരുന്നു അവർ കഴിഞ്ഞിരുന്നത്. ചുറ്റുവട്ടത്തും നടക്കുന്ന രാഷ്ട്രീയ കോലാഹലങ്ങളൊഴിച്ചുനിർത്തിയാൽ അവരുടെ ജീവിതം സ്വകാര്യത നിറഞ്ഞതായിരുന്നു.

പക്ഷേ, 1980ൽ ഉണ്ടായ വിമാനാപകടത്തിൽ സഹോദരൻ സഞ്ജയ് മരിക്കാനിടയായതു കാര്യങ്ങൾ മാറിമറിയാനിടയാക്കി. രാഷ്ട്രീയത്തിലിറങ്ങാനും അമ്മയെ സഹായിക്കാനുമുള്ള സമ്മർദ്ദമേറി. പുറത്തുനിന്നും അകത്തുനിന്നുമുയർന്ന വെല്ലുവിളികൾ സ്ഥിതി കൂടുതൽ സങ്കീർണമാക്കുകയും ചെയ്തു. ആദ്യഘട്ടത്തിൽ പിടിച്ചുനിന്നെങ്കിലും വൈകാതെ സമ്മർദ്ദത്തിനു കീഴടങ്ങേിവന്നു. അനുജൻ സഞ്ജയ് മരിക്കുമ്പോൾ പ്രതിനിധാനം ചെയ്തിരുന്ന അമേതിയിൽ നടന്ന അടുത്ത തെരഞ്ഞെടുപ്പിൽ മൽസരിക്കാൻ അദ്ദേഹം തയ്യാറായി. നല്ല ഭൂരിപക്ഷത്തിൽ തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

ഒടുവിൽ ഏറെ വേദന നിറഞ്ഞ് ഹൃദയത്തോടെ അദ്ദേഹം പ്രധാനമന്ത്രിയും കോൺഗ്രസ് പ്രസിഡന്റുമായി ഒരേസമയം ചുമതലയേൽക്കാൻ നിർബന്ധിതനായത്. ജീവിതത്തിൽ അതിദാരുണമായ സാഹചര്യം നേരിടുന്ന അവസരത്തിൽ ഉന്നതമായ ഉത്തരവാദിത്തങ്ങൾ ഏൽക്കേണ്ടിവന്ന അനുഭവം അദ്ദേഹത്തിനു മാത്രമേ ഉണ്ടായിക്കാണൂ. എന്നാൽ വ്യക്തിപരമായ ദു:ഖം നിയന്ത്രിക്കാനും രാഷ്ട്രത്തോടുള്ള ഉത്തരവാദിത്തം നിറവേറ്റാനുമുള്ള മനക്കരുത്തും ആത്മസംയമനവും അദ്ദേഹത്തിനുണ്ടായിരുന്നു.

ഒരു മാസം നീണ്ടുനിന്ന തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ രാജീവ് ഗാന്ധി രാജ്യത്തിന്റെ ഒരറ്റത്തുനിന്നു മറ്റേയറ്റം വരെ ക്ഷീണംമറന്നു യാത്ര ചെയ്തു. പലപ്പോഴും ഭൂമിയുടെ ചുറ്റളവിനേക്കാൾ ദൂരം സഞ്ചരിച്ചു. 250 പൊതുയോഗങ്ങളിലായി ദശലക്ഷക്കണക്കിനു പേരെ അഭിസംബോധന ചെയ്തു.

(തുടരും)

ജോഷി ജോർജ്‌

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam