2024ല ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി ജനുവരി 14ന് മണിപ്പൂരിൽ നിന്നും ആരംഭിച്ച 'ഭാരത് ന്യായ് യാത്ര'അല്പം വൈകിയാണ് തുടങ്ങാനായത്. നാളുകൾ ഏറെ നീണ്ട വംശീയകലാപത്തിൽ ഇപ്പോഴും വിറങ്ങലിക്കുന്ന മണിപ്പൂരിലെ തൗബാലിൽ നിന്നുമാണ് യാത്രതിരിച്ചത്. യാത്ര ഫ്‌ളാഗ് ഓഫ് ചെയ്ത കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ പ്രധാനമന്ത്രി മോദിക്കെതിരെ ആഞ്ഞടിച്ചു: 'മോദി വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെത്തുന്നത് വേദന പങ്കുവയ്ക്കാനല്ലെന്നും വോട്ടിൽ മാത്രം കണ്ണും നട്ടാണ്.
കടലിലിറങ്ങാനും മറ്റും മോദിക്ക് സമയമുണ്ട്. എന്നാൽ മണിപ്പൂരിലേക്ക് വരാൻ മാത്രം സമയമില്ല. ബി.ജെ.പി മതത്തെ രാഷ്ട്രീയവുമായി കൂട്ടിക്കലർത്തുകയാണ്. മോദി രാമനാമം ജപിച്ചുകൊണ്ടിരിക്കുന്നതും വോട്ട് ആഗ്രഹിച്ചുമാത്രമാണെന്നും തുറന്നടിച്ചു ഖാർഗേ. രാഹുൽഗാന്ധിയുടെ യാത്ര ഭരണഘടനയേയും ജനാധിപത്യത്തേയും രക്ഷിക്കാനും ഫാസിസ്റ്റ് ശക്തികൾക്കെതിരെ പൊരുതാനുമാണ്. സമാധാനത്തിന്റെ സന്ദേശവുമായി തങ്ങളുടെ നേതാവ് വീടുവീടാന്തരം പോകുന്നതിൽ തെല്ലൊന്നമല്ല അഭിമാനം എന്നും ഖാർഗെ പറയുകയുണ്ടായി.
വിചാരിച്ചതിലേറെ ജനം കുക്കി മേഖലകളിലും നാഗാമേഖലകളിലും രാത്രി വൈകിയും രാഹുൽഗാന്ധിയെ സ്വീകരിക്കാൻ കാത്തുനിൽപ്പുണ്ടായിരുന്നു. അതുകൊണ്ടുതന്നെ രണ്ടു ദിവസമെടുത്തു മണിപ്പൂർ സന്ദർശനത്തിന്.മണിപ്പൂർ മുതൽ മഹാരാഷ്ട്ര വരെയുള്ള 14 സംസ്ഥാനങ്ങളിലും 85 ജില്ലകളിലുമായി 'യാത്ര' 6,200 കിലോമീറ്റർ സഞ്ചരിക്കും. രാഹുൽഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസിന്റെ തുറുപ്പു ചീട്ടാണെന്നകാര്യത്തിൽ സംശയമില്ല. ജാഥയ്ക്ക് വലിയ സ്വീകാര്യത ലഭിച്ചാൽ അത് തെരഞ്ഞെടുപ്പിലേക്ക് കോൺഗ്രസിന് പുത്തൻ ഊർജ്ജം പകരുന്നതാകും എന്നുറപ്പാണ്.
രാഹുൽ ഗാന്ധിയുടെ വാക്കുകളിങ്ങനെ: 'അനീതിയ്‌ക്കെതിരെ നീതിയുടെ ആഹ്വാനവുമായി ഞങ്ങൾ നമ്മുടെ സ്വന്തം ആളുകൾക്കിടയിൽ വീണ്ടും വരുന്നു. സത്യത്തിന്റെ ഈ പാതയിൽ ഞാൻ സത്യം ചെയ്യുന്നു, നീതി ലഭിക്കുന്നതുവരെ യാത്ര തുടരും.' മണിപ്പൂരിൽ നിന്ന് തുടങ്ങിയ ഭാരത് ജോഡോ ന്യായ് യാത്രയിൽ രാഹുൽഗാന്ധി ഉപയോഗിക്കുന്ന ബസ്സിനെ ചിലർ വിമർശിക്കുന്നുണ്ട്. ആഡംബര സൗകര്യങ്ങളോടെയാണ് ബസ്സ് തയ്യാറാക്കിയിരിക്കുന്നതെന്നാണ് ഒന്നാമത്തെ പരാതി. നവകേരള സദസ്സിനു വേണ്ടി ഉപയോഗിച്ച ബസ്സിനെക്കാൾ സൗകര്യങ്ങൾ ഇതിൽ കൂടും എന്ന് റിപ്പോർട്ടുകൾ പറയുന്നു.
നവകേരള സദസ്സിന്റെ ബസ്സിനുള്ള ഡിസൈനിൽ നിന്ന് ഏറെ വ്യത്യസ്തമാണ് ജോഡോ യാത്ര ബസ്സിന്റെ ഡിസൈൻ. നവകേരള സദസ്സ് ബസ്സിൽ എല്ലാ മന്ത്രിമാർക്കും ഇരിക്കാനുള്ള സീറ്റുകളാണ് ഒരുക്കിയിരുന്നത്. എന്നാൽ ജോഡോ യാത്ര ബസ്സിൽ ഇത്തരം സീറ്റുകളില്ല. രാഹുലിനും ചുരുക്കം ചില നേതാക്കൾക്കും മാത്രം കഴിയാൻ സൗകര്യപ്പെടുന്ന വിധത്തിലാണ് ബസ്സിന്റെ ഇന്റീരിയർ. നവകേരള സദസ്സിന്റെ ബസ്സിന് ചെലവഴിച്ച തുകയുടെ വിശദാംശങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമായിരുന്നു. സർക്കാർ പരിപാടിയായതു കൊണ്ട് അവ ലഭിക്കാൻ മാർഗ്ഗമുണ്ടായി. ഭാരത് ജോഡോ ന്യായ് യാത്ര കോൺഗ്രസ് പാർട്ടി സംഘടിപ്പിക്കുന്ന പരിപാടിയായതിനാൽ ബസ്സിന്റെ വില കോൺഗ്രസ് പുറത്തുവിട്ടാലേ അറിയാനൊക്കൂ.
ഒരു വോൾവോ ബസ്സിനെ കസ്റ്റമൈസ് ചെയ്‌തെടുത്തിരിക്കുകയാണ് ജോഡോ ന്യായ് യാത്രയ്ക്കു വേണ്ടി കോൺഗ്രസ്. തെലങ്കാനയിൽ നിന്നാണ് വാഹനം എത്തിച്ചിരിക്കുന്നത്. ബസ്സിന്റെ രജിസ്‌ട്രേഷനും തെലങ്കാനയിലാണ്. കോൺഗ്രസ് മികച്ച വിജയം നേടി അധികാരത്തിലെത്തിയതിനു പിന്നാലെയാണ് ജോഡോ യാത്ര നടക്കുന്നതും ബസ്സ് അവിടെ നിന്ന് വരുന്നതുമെന്നത് ശ്രദ്ധേയമാണ്.നവകേരള സദസ്സിനുപയോഗിച്ച ബസ്സിനെക്കുറിച്ച് തുടക്കത്തിൽ വന്ന വാർത്തകളിൽ പറഞ്ഞിരുന്നത് ഒരു ഹൈഡ്രോളിക് ലിഫ്റ്റ് സംവിധാനം ഉണ്ടാകുമെന്നായിരുന്നു. ഈ ലിഫ്റ്റിൽ ഘടിപ്പിച്ച പ്ലാറ്റ്‌ഫോം ബസ്സിന്റെ റൂഫിലേക്ക് ഉയരും. അവിടെ നിന്ന് മുഖ്യമന്ത്രിക്ക് ജനങ്ങളെ അഭിസംബോധന ചെയ്യാനാകും എന്നായിരുന്നു വാർത്തകൾ.
എന്നാൽ നവകേരള ബസ്സിൽ ഈ സൗകര്യം ഉണ്ടായിരുന്നില്ല. രാഹുലിന്റെ ജോഡോ യാത്രയിൽ പക്ഷെ ഈ സൗകര്യമുണ്ട്. മുകളിലെത്തി നിന്ന് ജനങ്ങളെ അഭിസംബോധന ചെയ്യാനായി ഈ ലിഫ്റ്റ് ഉപയോഗിക്കും.ബസ്സിനകത്ത് രാഹുൽഗാന്ധി അടക്കമുള്ള പ്രധാനപ്പെട്ട നേതാക്കളാണ് സഞ്ചരിക്കുക. ഓരോ സ്ഥലത്തുമുള്ള പൗരപ്രമുഖരുമായി കൂടിക്കാഴ്ച നടത്തുന്നതിന് ബസ്സിൽ തന്നെ കോൺഫറൻസ് ഹാൾ ഒരുക്കിയിട്ടുണ്ട്. ഇവിടെ എട്ടുപേർക്ക് സുഖമായിരുന്ന് ചർച്ച നടത്താനാകും. അകത്ത് നടക്കുന്ന ചർച്ചകൾ പുറത്തുള്ളവരെ കാണിക്കണമെങ്കിലും വഴിയുണ്ട്. ബസ്സിന്റെ ഒരുവശത്ത് ഘടിപ്പിച്ചിട്ടുള്ള സ്‌ക്രീനിൽ ഇത് കാണിക്കാനാകും. കൂടാതെ പ്രസംഗവും മറ്റും ഈ സ്‌ക്രീനിലും കാണിക്കാൻ കഴിയും.
എന്നാൽ കോൺഗ്രസിലെ തന്നെ ചിലർക്ക് ഈ യാത്രയെക്കുറിച്ച് ചില പരാതികളുമുണ്ട്. സാധാരണ ദേശീയ നേതാക്കൾ നയിക്കുന്ന യാത്രകൾ ഓരോ സംസ്ഥാനങ്ങളിലു എത്തുമ്പോൾ അതാത് പ്രദേശങ്ങളിലെ പ്രാദേശിക നേതാക്കളേയും അവർക്കൊപ്പം അണിനിരത്താറുണ്ട്. എന്നാൽ രാഹുൽ മണിപ്പൂരിൽ നിന്നും യാത്ര തുടങ്ങുമ്പോൾ ബസിൽ രാഹുലിനൊപ്പം ഇരിക്കുന്നത്. അദ്ദേഹത്തിന്റെ പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങളായി തുടങ്ങി ഉപജാപക സംഘങ്ങളായി മാറിയ പലരുമാണത്രെ..! അവർ മറ്റാർക്കും ഇടം നൽകാതെ അള്ളിപ്പിടിച്ചിരിക്കുകയാണെന്നാണ് പരാതി.
എമ എൽസ എൽവിൻ
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1