കഥ ഇതുവരെ : കെന്നഡി ജൂനിയർ പറത്തിയ വിമാനം തകർന്ന് വീണു. അതിനെ ചുറ്റിപ്പറ്റി ന്യൂയോർക്കിലെ ദി വേൾഡ് ടൈംസ് ന്യൂസ് പേപ്പറിന്റെ ഓഫീസിൽ നടക്കുന്ന കാര്യങ്ങൾ. അതിനിടെ ചില അത്യാഹിതങ്ങൾ സംഭവിക്കുന്നു. അതിന്റെ അന്വേഷണത്തിന് മലയാളിയായ റിപ്പോർട്ടർ റോബിൻസ് നിയോഗിക്കപ്പെടുന്നു.
തുടർന്നു വായിക്കുക
സൂര്യൻ കടലിൽ മറയുമ്പോൾ, ആകാശം ചുവപ്പും ഓറഞ്ചും നീലയുമൊക്കെ ചേർന്ന വർണപ്പാളികളായി മാറി. തിരമാലകൾ ഒരു കാമുകന്റെ ആവേശത്തോടെ പാഞ്ഞുവന്ന് കരയെ വാരിപ്പുണർന്നുകൊണ്ട് തിരികെ പോകുന്നു. സന്ധ്യയ്ക്കുശേഷമുള്ള റോക്ക് വേ ബീച്ച്്, ന്യൂയോർക്കിന്റെ അതിവേഗ ജീവിതത്തിനിടയിൽ തെല്ലൊരു ശാന്തതയുള്ള ശ്വാസം പോലെയാണ്. കടലും, കാറ്റും, വർണ്ണപ്പൊലിമയോടെ ചേർന്ന ഒരു കവിത പോലെ...!
പാതയോരത്ത് സൈക്കിൾ ഓടിക്കുന്നവരും, കഫേകളിൽ ഇരുന്ന് ചൂട് പാനീയവുമായി തിരകളുടെ ഭംഗി ആസ്വദിക്കുന്ന ദമ്പതികളം, പ്രണയജോഡികളും. അതിനിടയിൽ കുട്ടികളുമായി നർമ്മസല്ലാപത്തിൽ ഏർപ്പെട്ടിരിക്കുന്ന മാതാപിതാക്കളുമുണ്ട്. മറ്റൊരു ഭാഗത്ത്, കണ്ണഞ്ചിപ്പിക്കുന്ന, കമനീയമായ ലൈറ്റുകൾ ആ നഗരം ഉറങ്ങാറില്ലെന്ന് ഓർമിപ്പിച്ചുകൊണ്ടേയിരിക്കുന്നു.
പിന്നാമ്പുറത്ത് ദൂരെയായി മാൻഹട്ടന്റെ വിളക്കുകൾ ചെറുതായി തെളിഞ്ഞു കാണാം.
ആളൊഴിഞ്ഞൊരു കോണിൽ മൂന്നുപേർ ആ തിരക്കുകളിലൊന്നുംപെടാതെ ഗൗരവമുള്ള എന്തോ സംഗതി സംസാരിച്ചുകൊണ്ടിരിക്കുന്നു. അത് റോബിൻസും ലിസ ബോണറ്റും അവളുടെ സഹോദരി മാഗി ബോണറ്റുമായിരുന്നു.
'ചില മനുഷ്യരുടെ വിധി...! അതോർക്കുമ്പോൾ ആരേയും പഴി പറയാനാകുന്നില്ല..!'
മനോഹരമായ ലിസയുടെ ശബ്ദത്തിന് തെല്ല് ഇടർച്ച ഉണ്ടായിരുന്നു. അവൾ വിദൂരതയിലേക്ക് കണ്ണും നട്ടിരുന്നു വീണ്ടും പറഞ്ഞു തുടങ്ങി.
'ഒരു പ്രത്യേക നിമിഷത്തിൽ മനസ്സിൽ ഉരുണ്ടുകൂടിയ വിദ്വേഷവും പകയും ആയിരിക്കാം വില്ലിയെ ഒരു കുറ്റവാളിയാക്കിത്തീർത്തത്.
റീച്ചിംഗ് അപ്പിന്റെ പിആർഒ ജിം ഈസ്റ്റുമാന്റെ മൂത്ത മകൾ മെലിൻഡയുമായുള്ള പ്രണയത്തിന് ഡോക്ടർ വില്യം നിക്കോളാസ് തുടക്കമിട്ടത് കെന്നഡി എയർപ്പോർട്ടിൽ വച്ചായിരുന്നു.'
റോബിൻസ് ഇടയ്ക്കു കയറി ചോദിച്ചു:
'അല്ല.., ഈ വില്യം നിക്കോളാസിന്റെ ബാക്ക്ഗ്രൗണ്ട് എങ്ങിനെയാ...?'
'ന്യൂയോർക്കിലെ വമ്പൻ ഹോട്ടലുകളുടെ ഉടമയായ നിക്കോളാസിന്റെ മകനാണ് വില്ലി.
സുമുഖനായൊരു ചെറുപ്പക്കാരൻ. വൈദ്യവൃത്തി ആരംഭിച്ചതോടെ അദ്ദേഹം ദാമ്പത്യജീവിതത്തിലേക്ക് പ്രവേശിക്കുകയും ചെയ്തു. എന്നാൽ ആ ചെറുപ്പക്കാരന്റെ ദാമ്പത്യം അധികനാൾ നീണ്ടില്ല.
വിഭാര്യനായി തീർന്നതോടെ അയാൾ സഞ്ചാരത്തിൽ ആനന്ദം കണ്ടെത്തി. അങ്ങനെ ഒരു യാത്ര കഴിഞ്ഞുമടങ്ങവെയായിരുന്നു കെന്നഡി എയർ പോർട്ടിൽ വെച്ച് മെലിൻഡായെ കാണുന്നത്. അതേക്കുറിച്ച് മെലിൻഡാ തന്നെ എന്നോട് പറഞ്ഞതിങ്ങനെയാണ്:
'ഡോ. വില്ലി സാവധാനം നടന്നുനീങ്ങുമ്പോൾ പിന്നിൽ നിന്നും എന്റെ പപ്പാ അദ്ദേഹത്തെ വിളിച്ചു.
അടുത്തദിവസം അവർ സംഘടിപ്പിക്കുന്ന മെഡിക്കൽ ക്യാമ്പിൽ പങ്കെടുക്കണമെന്നു ഒരിക്കൽക്കുടി ഓർമിപ്പിക്കാനാണ് പപ്പാ ഡോ. വില്ലിയെ വിളിച്ചത്. കണ്ണുമഞ്ഞളിപ്പിക്കുന്ന അനേകം വർണ്ണവെളിച്ചത്തിൽ ഞാൻ ആദ്യമായി അയാളെ കണ്ടു. അയാളുടെ സൗന്ദര്യവും പൗരുഷവും അസാധാരണമായ വ്യക്തിത്വവും എനിക്കിഷ്ടമായി.
അവളതു പറയുമ്പോൾ ആ കണ്ണുകളിലെ തിളക്കം കാണേണ്ടതുതന്നെയായിരുന്നു.'
പിന്നെ.., പുരുഷന്മാർക്കു മാത്രമല്ല കേട്ടോ, സ്ത്രീകൾക്കും കൊതി തോന്നിപ്പിക്കുന്ന,
അസുയപ്പെടുത്തുന്ന എന്തോ ഒരു സവിശേഷത അവളിലും വിളങ്ങി നിന്നിരുന്നു.
ആ സ്വർണ്ണത്തലമുടി, കാന്തശക്തിയുള്ള ഇളം പൂച്ചകണ്ണുകൾ, കടഞ്ഞെടുത്ത ശരീരം..!
പാവം ഡോക്ടർ..! അതവിടംകൊണ്ട് അവസാനിച്ചിരുന്നെങ്കിൽ എത്ര നന്നായിരുന്നുവെന്നു ഇപ്പോൾ അയാൾ ചിന്തിക്കുന്നുണ്ടാകും.
അടുത്ത ദിവസം മെഡിക്കൽ ക്യാമ്പിലെത്തിയ ഡോ. വില്ലിയെ സഹായിക്കാൻ മെലിൻഡയും ഞാനും ഉത്സാഹത്തോടെ കൂടെത്തന്നെ ഉണ്ടായിരുന്നു.
ക്യാമ്പ് അവസാനിക്കും മുമ്പേ തന്നെ ചുറുചുറുക്കും സൗന്ദര്യവും ഒത്തുചേർന്ന പതിനെട്ടുകാരിയായ മെലിൻഡ ഡോക്ടറുടെ മനസ്സിൽ ചേക്കേറിക്കഴിഞ്ഞിരുന്നു. സംഗീതത്തിൽ മെലിൻഡ അത്ര മിടുക്കിയൊന്നും ആയിരുന്നില്ല. എന്നിട്ടും അവളെ കാര്യമായി ഡോ. വില്ലി പ്രോത്സാഹിപ്പിച്ചു.'
അത്രനേരം നിശബ്ദയായിരുന്ന ലിസയുടെ സഹോദരി മാഗിയ്ക്കത് ഇഷ്ടപ്പെട്ടില്ല. അവൾ ലിസയുടെ കണ്ണകളിലേക്കു തന്നെ നോക്കി.
'ആരു പറഞ്ഞു എന്റെ മെലിൻ മോൾ പാട്ടിൽ മിടുക്കിയല്ലെന്ന്..? എന്തായാലും നിന്റെ പാട്ടിനേക്കാൾ മെച്ചമാണ്.'
'ഓ... എന്റെ ചേച്ചിക്ക് ഞാൻ പറഞ്ഞത് അത്ര പിടിച്ചില്ലെന്നു തോന്നുന്നു.'
റോബിൻ ചിരിച്ചുപോയി. അയാൾ മാഗിയോടായി പറഞ്ഞു.
'പോട്ടേ മാഗി... ലിസ കുശുമ്പുകൊണ്ട് പറയുന്നതല്ലേ..! അത് മരുന്നു കഴിച്ചാൽ മാറുന്നതല്ലല്ലോ..'
'ഓ നിങ്ങളും എന്നെ കുശുമ്പിയാക്കുകയാണല്ലേ..? '
ലിസയുടെ നേരെ കണ്ണിറുക്കി കാണിച്ചുകൊണ്ട് സംസാരം തുടരാൻ ആഗ്യം കാണിച്ചു.
ങാ... എന്നാൽ പാട്ടിൽ മിടുക്കിതന്നെയായ മെലിൻഡയെ വളരെ കാര്യമായിത്തന്നെ ഡോ. വില്ലി പ്രോത്സാഹിപ്പിച്ചു. അയാളുടെ സഹകരണമുണ്ടെങ്കിൽ പതിയെപ്പതിയെ പൊതുജന ശ്രദ്ധ പിടിച്ചു പറ്റാൻ തനിക്കു കഴിയുമെന്ന് മെലിൻഡ ഉറച്ചു വിശ്വസിച്ചു. തന്റെ കുടുംബവും അതോടെ രക്ഷപ്പെട്ടേക്കും എന്നവൾക്ക് തോന്നിയിട്ടുണ്ടാകാം.
അതിനായി എന്തും ചെയ്യാനും സ്വയം സമർപ്പിക്കാനും അവൾ മനസ്സുകൊണ്ട്
തയ്യാറായിക്കഴിഞ്ഞിരുന്നു. ഒടുവിൽ ഇരുവരും മോതിരം മാറുന്ന ചടങ്ങ് നടത്താൻ ഒരു ദിനം തെരഞ്ഞെടുത്തു. '
'എന്റെ കുട്ടിക്ക് അന്ന് എന്ത് സന്തോഷമായിരുന്നെന്നോ, കഴിയുന്നത്ര ഭംഗിയായി അവൾ അണിഞ്ഞൊരുങ്ങിയിരുന്നു. ഈ സന്തോഷ വാർത്ത വീട്ടുകാരെ അറിയിക്കേണ്ടെ എന്നു ഞാൻ ചോദിച്ചതാണ്. എന്നാൽ മോതിരം മാറിയ ശേഷം വീട്ടിൽ അറിയിച്ചാൽ മതിയെന്നായിരുന്നു കുഞ്ഞിന്റെ തീരുമാനം.'
തെല്ലു സങ്കടത്തോടെയാണ് മാഗി അതുപറഞ്ഞത്.
'എന്നാൽ എല്ലാ അർത്ഥത്തിലും അന്നവൾക്കതൊരു ദുർദിനമായിരുന്നു.' ഒരു നെടുവീർപ്പിനു ശേഷം ലിസ പറഞ്ഞു.
'അതവർക്കുമാത്രമല്ല, കെന്നഡി കുടുംബത്തെ ആരാധിക്കുന്നവരുടെ മുഴുവൻ ദുർദിനം
കൂടിയയിരുന്നല്ലോ, ജോൺ എഫ് കെന്നഡി ജൂനിയർ പറത്തിയ വിമാനം തകർന്നവീണത് അന്നായിരുന്നുവല്ലോ.'
റോബിൻസ് ആണതു പറഞ്ഞത്.
'അതേയതെ, ആ വാർത്ത മെലിൻഡയുടെ പപ്പ ജിം ഈസ്റ്റുമാനെ സംബന്ധിച്ച് ഒരുതരത്തിലും താങ്ങാനാകുന്നതായിരുന്നില്ല. എന്തിന് എനിക്കുപോലും അത് സഹിക്കാനായില്ല. ഞാനതാദ്യം വിശ്വസിച്ചുപോലുമില്ല.'
അപ്പോൾ റോബിൻസ് മാഗിയുടെ നേർക്കു തിരിഞ്ഞു.
'ആ ദിവസത്തെ ജിം ഈസ്റ്റുമാന്റെ പെരുമാറ്റം എങ്ങിനെയായിരുന്നു മാഗി..?'
'എന്തുപറയാനാ...!റീച്ചിംഗ് അപ്പിന്റെ ഓഫീസിൽ പത്രസമ്മേളനം കഴിഞ്ഞ ശേഷം കനത്ത നിരാശയോടെയാണ് അദ്ദേഹം വീട്ടിലെത്തിയത്. തന്റെ പ്രിയപ്പെട്ട ജോൺ കെന്നഡി ജൂനിയർ ഇല്ലാത്തൊരു ലോകം അദ്ദേഹത്തിന് ചിന്തിക്കാൻ കൂടി കഴിയുമായിരുന്നില്ല. വല്ലാത്തൊരു ഭയം അദ്ദേഹത്തെ പിടികൂടിയിരുന്നു എന്ന് എനിക്കു മനസ്സിലായി. അന്ന് അദ്ദേഹം വീട്ടിലിരുന്നു പതിവിലധികം മദ്യം കഴിച്ചു.
ഞാൻ അദ്ദേഹത്തിന്റെ മുറിയിലേക്ക് ഗ്ലാസും മറ്റും എടുക്കാൻ ചെന്നപ്പോൾ ഒരു റിവോൾ മേശയിൽ നിന്നും എടുക്കുന്നത് കണ്ടിരുന്നു. ആ സമയം പ്രാർത്ഥനാ മുറിയിൽ കെന്നഡിയുടെ ആത്മാവിന് നിത്യശാന്തി ലഭിക്കുന്നതിനായി കൊച്ചമ്മയും ഇളയ മകളും ബൈബിൽ വായിച്ചുകൊണ്ടിരിക്കുകയാണ്.
അപ്പോൾ അദ്ദേഹം മെല്ല കൊച്ചമ്മയുടെ പിന്നിലെത്തി. എന്നിട്ട് കൊച്ചമ്മയുടെ ഇരുതോളുകളിലും സാവധാനം പിടിച്ചു. പുറം കഴുത്തിൽ മെല്ലെ സ്‌നേഹപൂർവം ചുംബിക്കുന്നത് ഞാൻ കണ്ടു. അപ്പോൾ ഏറെ വിഷമത്തോടെ കൊച്ചമ്മ തിരിഞ്ഞ് അദ്ദേഹത്തിന്റെ കണ്ണുകളിലേക്ക് ദയനീയമായി നോക്കുന്നുണ്ടായിരുന്നു.
പെട്ടെന്നു തന്നെ അദ്ദേഹം ഇളയമകളുടെ അടുത്തുചെന്ന്, അവളോടൊപ്പമിരുന്നുകൊണ്ട് അവളെ ചേർത്ത് പിടിച്ചു. നെറ്റിത്തടത്തിൽ തുരുതുരാ ചുംബിച്ചു. നിറകണ്ണുകളോടെ ആ കൊച്ച് പിതാവിനെ ആശ്വസിപ്പിക്കാൻ ശ്രമിച്ചുകൊണ്ടു
'പപ്പാ.., ഇങ്ങനെ വിഷമിക്കരുത്.' എന്നു പിറുപിറുക്കും പോലെ പറയുന്നതും ഞാൻ കേട്ടിരുന്നു.
അദ്ദേഹം പാടുപെട്ട് ഒന്നു ചിരിക്കാൻ ശ്രമിച്ചെങ്കിലും അത് വിജയിച്ചില്ല.
'നിങ്ങൾ പ്രാർത്ഥന തുടർന്നോളു.' എന്നു പറഞ്ഞുകൊണ്ട് മുറിക്കു പുറത്തേക്ക് പോകുകയും ചെയ്തു.'
'അപ്പോൾ മെലിൻഡ എവിടെയായിരുന്നു..?'
'മെലിൻഡ മുകളിലെ അവളുടെ മുറിയിൽ ഇരിക്കുന്നുണ്ടായിരുന്നു.
അതിനുശേഷം സാർ എന്നെ വിളിച്ചു.
ഞാൻ അടുത്തെത്തിയപ്പോൾ വളരെ ശാന്തത കൈവരുത്തിയിട്ട് പറഞ്ഞു: ഇനി എന്തായാലും ലീഡർ കെന്നഡിയെ ജീവനോടെ കാണാനാകില്ല. കുടുംബസമേതം ഞങ്ങൾ കുറച്ചുദിവസം അദ്ദേഹത്തിന്റെ ഭവനത്തിലായിരിക്കും. അതുവരെ നീ നിന്റെ വീട്ടിലേക്കു പോകുന്നതായിരിക്കും നല്ലത്. വന്നിട്ട് ഞങ്ങൾ നിന്നെ വിളിക്കാം.
എന്നിട്ടദ്ദേഹം പോക്കറ്റിൽ നിന്നും കുറച്ചു ഡോളർ എടുത്ത് എന്റെ നേർക്കു നീട്ടി.
നിറകണ്ണുകളോടെ ഞാനതു വാങ്ങി. ഏറെ താമസിയാതെ ഞാൻ എന്റെ വീട്ടിലേക്ക് പോകുകയും ചെയ്തു.'
ഓ... പിന്നെ എന്തു സംഭവിച്ചുഎന്ന് ആർക്കും അറിയില്ല, അല്ലേ..?
ആകാംക്ഷയോടെ റോബിൻസ് ഇരുവരോടുമായി ചോദിച്ചു. അല്പനേരത്തെ മൗനത്തിനു ശേഷം ലിസ ബോണറ്റ് പറഞ്ഞു:
'അറിയാം..!'
'ജിം ഈസ്റ്റുമാൻ മകൾ മെലിൻഡയുടെ നേർക്ക് നിറയൊഴിച്ചു. നിമിഷങ്ങൾക്കുള്ളിൽ തന്നെ മറ്റൊരാൾ പുറത്തുനിന്നും ജിം ഈസ്റ്റുമാനെ ലക്ഷ്യമാക്കി വെടിവെച്ചു. വെടിയേറ്റ ഈസ്റ്റുമാന്റെ നെഞ്ചിൽ നിന്നു ചുടുചോര ചീറ്റി. ജിം ഈസ്റ്റ്മാൻ തറയിലേക്കു വീണു. പുറത്തുനിന്നും ഈസ്റ്റുമാന്റെ നേരെ വെടിവെച്ച വ്യക്തിയെ നേരിൽ കണ്ട ഒരേയൊരാൾ മാത്രമാണ് ഈ ഭൂമുഖത്തുള്ളത്.'''പറയൂ...അതാരാണെന്നറിയാമോ..?'
റോബിൻസ്, ലിസ ബോണറ്റിന്റെ മുഖത്തേക്ക് ഉറ്റു നോക്കി ചോദിച്ചു.
'അതേ, അത് ആ വീട്ടിലെ പരിചാരികയായ മാഗി ബോണറ്റായിരുന്നു.
താൻ പാക്ക് ചെയ്തുവച്ച സ്വന്തം വസ്ത്രങ്ങൾ കൊണ്ടുപോകാൻ മറന്നതിനാൽ അതെടുക്കാൻ തിരികെ വന്നതായിരുന്നു ആ പാവം പരിചാരിക.
ഭയാനകമായ ആ കാഴ്ചകൾ കണ്ട അവൾക്ക് സമനില വീണ്ടെടുക്കാൻ സമയമേറെ വേണ്ടിവന്നു.
എന്റെ സഹോദരി കണ്ട ആ മനുഷ്യൻ ഡോ. വില്യം നിക്കോളാസായിരുന്നു...!'
'എന്നാൽ പോലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ ചേച്ചി നേരത്തെതന്നെ ഈസ്റ്റുമാന്റെ വീട്ടിൽ നിന്നും പോയതിനാൽ അവളോട് കൂടുതൽ ചോദ്യങ്ങളൊന്നും ഉണ്ടായില്ല. പിന്നീടതു പറയാൻ ഒരവസരം ലഭിച്ചതുമില്ല.'
ആ സമയം ലോകമാകെ ഇരുണ്ടപോലെ റോബിൻസിന് തോന്നി!
ആ രാത്രിയിൽ അങ്ങ് ആകാശവിരുപ്പിലെങ്ങും ചന്ദ്രനെ കാണനേ ആയില്ല.. എന്നാൽ കറുത്തിരുണ്ടു കിടക്കുന്ന ആകാശം മുഴുവനും പൂക്കൾ വാരി വിതറിയപോലെ നക്ഷത്രങ്ങൾ. ആ നക്ഷത്രങ്ങൾ എന്തോക്കയോ രഹസ്യം കൈമാറിക്കൊണ്ടിരുന്നു.
'സാഹചര്യങ്ങളാണ് മനുഷ്യനെ കുറ്റവാളിയാക്കുന്നത് എന്നു പറയുന്നത് എത്രയോ ശരിയാണന്നു റോബിൻസിന് തോന്നി.
ബീച്ചിൽ നിന്നും ഏറെ വൈകിയാണ് ആ മൂവർ സംഘം പിരിഞ്ഞത്. അപ്പോഴേക്കും ആ വാർത്ത എങ്ങിനെ റിപ്പോർട്ടു ചെയ്യണം എന്നതിനെക്കുറിച്ച് വ്യക്തമായ രൂപം അയാൾ ഉണ്ടാക്കിക്കഴിഞ്ഞിരുന്നു.
അടുത്ത ദിവസത്തെ ദി വേൾഡ് ടൈംസിന്റെ ആദ്യ പേജിൽ റോബിൻസിന്റെ എക്‌സ്‌ക്ല്യൂസീവ് സ്റ്റോറി ഉണ്ടായിരുന്നു.
ജിം ഈസ്റ്റുമാന്റെ ഘാതകൻ ഡോ. വില്യം നിക്കോളാസ് അറസ്റ്റിൽ..!
കാമുകിയെ സ്വന്തമാക്കാൻ കഴിയാത്ത നിരാശയിൽ ചെയ്ത കൊലപാതകം..! ഈ വാർത്ത പുറത്തുവന്നശേഷം ടിവിയും ഈവനിംഗ് പത്രങ്ങളും ഒട്ടേറെ കഥകൾ നിരത്തി. ടിവിയിൽ റോബിൻസിന്റെ അഭിമുഖങ്ങൾ വന്നു. ആ ഒരോറ്റ വാർത്തകൊണ്ട് തന്നെ റോബിൻസ് ശ്രദ്ധേയനായി.
(തുടരും)
ജോഷി ജോർജ്
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1
