ജനപ്രീതി ഇടിഞ്ഞു: ട്രംപിന്റെ കസേര തെറിക്കുമോ? പുതിയ സര്‍വേ

APRIL 22, 2026, 1:08 PM

ഇറാന്‍-അമേരിക്ക യുദ്ധത്തെ തുടര്‍ന്നുണ്ടായ എണ്ണവില വര്‍ധനവും പണപ്പെരുപ്പവും ട്രംപിന്റെ ജനപ്രീതിയില്‍ വന്‍ ഇടിവുണ്ടാക്കിയതായി പുതിയ സര്‍വേ. സാമ്പത്തിക നയങ്ങളിലുള്ള പിന്തുണ 30 ശതമാനമായി കുറഞ്ഞത് വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിക്ക് കനത്ത വെല്ലുവിളിയാകുമെന്ന് എപി-നോര്‍ക് നടത്തിയ സര്‍വേ ചൂണ്ടിക്കാണിക്കുന്നു.

യുദ്ധത്തെത്തുടര്‍ന്ന് വിലക്കയറ്റം രൂക്ഷമായതോടെയാണ് സാമ്പത്തിക കാര്യങ്ങളില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ജനപ്രീതിയില്‍ വന്‍ ഇടിവ് ഉണ്ടാകാന്‍ കാരണമെന്നാണ് സൂചന. പുതിയ എപി-നോര്‍ക് സര്‍വേ പ്രകാരം കഴിഞ്ഞ ഒരു മാസത്തിനിടെ ട്രംപിന്റെ സാമ്പത്തിക നയങ്ങളിലുള്ള വിശ്വാസം കുറഞ്ഞ് വരികയാണ്. റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ പോലും അദേഹത്തിന്റെ നേതൃത്വത്തിലുള്ള വിശ്വാസം കുറയുന്നതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

പണപ്പെരുപ്പം നിയന്ത്രിക്കുമെന്ന വാഗ്ദാനം പാലിക്കാന്‍ കഴിയാത്തതും പ്രതീക്ഷിച്ചതിലും നീണ്ടുപോകുന്ന മിഡില്‍ ഈസ്റ്റ് സംഘര്‍ഷവും അമേരിക്കന്‍ ജനതയുടെ ക്ഷമ പരീക്ഷിക്കുകയാണെന്ന് സര്‍വേ വ്യക്തമാക്കുന്നു. മാര്‍ച്ചില്‍ 38 ശതമാനമായിരുന്ന ട്രംപിന്റെ സാമ്പത്തിക അംഗീകാരം ഏപ്രിലില്‍ 30 ശതമാനമായി കുറഞ്ഞിരുന്നു. ഇറാന്‍ വിഷയത്തിലെ അദ്ദേഹത്തിന്റെ നേതൃത്വത്തെ 32 ശതമാനം ആളുകള്‍ മാത്രമാണ് പിന്തുണയ്ക്കുന്നത്. ട്രംപിന്റെ മൊത്തത്തിലുള്ള പ്രവര്‍ത്തന മികവിനെ പിന്തുണയ്ക്കുന്നവര്‍ 33 ശതമാനം മാത്രമാണ്. കഴിഞ്ഞ മാസം ഇത് 38 ശതമാനമായിരുന്നു.

ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ തുറക്കുകയും പിന്നീട് വീണ്ടും അടയ്ക്കുകയും ചെയ്ത ഏപ്രില്‍ 16-20 കാലയളവില്‍ നടന്ന സര്‍വേ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നത്. പെട്രോള്‍ വില കുറയ്ക്കുമെന്ന് ട്രംപ് വാഗ്ദാനം ചെയ്തിരുന്നെങ്കിലും ഫെബ്രുവരിയില്‍ ഇറാനെതിരായ യുഎസ് ആക്രമണത്തിന് ശേഷം ഇന്ധന വില കുതിച്ചുയര്‍ന്നു.

ജീവിതച്ചെലവും പണപ്പെരുപ്പവും:

ജീവിതച്ചെലവ് കൈകാര്യം ചെയ്യുന്നതില്‍ നാലിലൊന്ന് അമേരിക്കക്കാര്‍ മാത്രമേ ട്രംപിനെ പിന്തുണയ്ക്കുന്നുള്ളൂ. മാര്‍ച്ചിലെ കണക്കനുസരിച്ച് പണപ്പെരുപ്പം 3.3 ശതമാനമായി ഉയര്‍ന്നു. യുദ്ധം കാരണം എണ്ണവില 35 ശതമാനത്തോളം വര്‍ധിച്ചതിനെ ട്രംപ് നിസ്സാരവല്‍ക്കരിക്കുകയാണ് ചെയ്തത്. എണ്ണവില ബാരലിന് 200 ഡോളര്‍ ആകുമെന്ന് താന്‍ കരുതിയെന്നും, ഇപ്പോള്‍ 90 ഡോളറില്‍ നില്‍ക്കുന്നത് വലിയ നേട്ടമാണെന്നുമാണ് ട്രംപിന്റെ വാദം. എന്നാല്‍ സ്വന്തം പാര്‍ട്ടിക്കാര്‍ പോലും ഈ നിലപാടില്‍ അതൃപ്തരാണെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. 45 വയസിന് താഴെയുള്ള റിപ്പബ്ലിക്കന്‍മാരില്‍ പത്തില്‍ ആറുപേരും ട്രംപിന്റെ നടപടികളെ എതിര്‍ക്കുന്നു.

സമ്പദ്വ്യവസ്ഥയെക്കുറിച്ചുള്ള ആശങ്ക:

അമേരിക്കന്‍ സമ്പദ്വ്യവസ്ഥ മോശമാണെന്ന് 75 ശതമാനം ആളുകളും വിശ്വസിക്കുന്നു. ഫെബ്രുവരിയില്‍ ഇത് 66 ശതമാനമായിരുന്നു. ട്രംപിന്റെ ഓരോ ദിവസത്തെയും പ്രസ്താവനകള്‍ക്ക് അനുസരിച്ച് ഓഹരി വിപണിയും എണ്ണ വിലയും വലിയ മാറ്റങ്ങള്‍ക്ക് വിധേയമാകുന്നത് ജനങ്ങളില്‍ അനിശ്ചിതത്വം വര്‍ധിപ്പിക്കുന്നു. സ്വതന്ത്ര വോട്ടര്‍മാരില്‍ വെറും 20 ശതമാനം പേര്‍ മാത്രമാണ് ട്രംപിന്റെ സാമ്പത്തിക നയങ്ങളെ പിന്തുണയ്ക്കുന്നത്.

അതേസമയം കുടിയേറ്റ വിഷയത്തില്‍ 40 ശതമാനം പേരുടെ പിന്തുണ ട്രംപിനുണ്ട്. ഇത് അദ്ദേഹത്തിന് ആശ്വാസം നല്‍കുന്ന ഏക ഘടകമാണ്. നിലവിലെ ട്രംപിന്റെ ജനപ്രീതി (33%), മുന്‍ പ്രസിഡന്റ് ജോ ബൈഡന്റെ ഏറ്റവും കുറഞ്ഞ ജനപ്രീതിക്ക് (36% ജൂലൈ 2022) തുല്യമാണ്. വരാനിരിക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ഈ ജനപ്രീതിയിലെ ഇടിവ് വലിയ വെല്ലുവിളി ഉയര്‍ത്തിയേക്കുമെന്നാണ് വിലയിരുത്തല്‍. ട്രംപിന്റെ കടുത്ത ആരാധകരായ 'MAGA' വിഭാഗം ഇപ്പോഴും അദ്ദേഹത്തെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും സാധാരണ റിപ്പബ്ലിക്കന്‍ വോട്ടര്‍മാര്‍ക്കിടയില്‍ അതൃപ്തി പുകയുകയാണ്.

എപി-നോര്‍ക് സര്‍വേ

യു.എസ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ലോകപ്രശസ്ത വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസ്, ഷിക്കാഗോ സര്‍വകലാശാലയിലെ സ്വതന്ത്ര ഗവേഷണ സ്ഥാപനമായ നോര്‍ക് (NORC) എന്നിവര്‍ സംയുക്തമായി രൂപീകരിച്ച ഒരു ഗവേഷണ വിഭാഗമാണിത്. പൊതുജനങ്ങളുടെ അഭിപ്രായങ്ങള്‍ ശാസ്ത്രീയമായി പഠിക്കുക എന്നതാണ് ഇവരുടെ ലക്ഷ്യം. രാഷ്ട്രീയം, സമ്പദ്‌വ്യവസ്ഥ, സാമൂഹിക പ്രശ്‌നങ്ങള്‍, വിദേശ നയം തുടങ്ങിയ വിഷയങ്ങളില്‍ ജനങ്ങള്‍ എന്ത് ചിന്തിക്കുന്നു എന്ന് ഇവര്‍ സര്‍വേകളിലൂടെ കണ്ടെത്തുന്നു.

ലോകത്തെ ഏറ്റവും വിശ്വസനീയമായ സര്‍വേ ഏജന്‍സികളിലൊന്നായി ഇത് കണക്കാക്കപ്പെടുന്നു. ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും ചായ്വില്ലാത്ത നിഷ്പക്ഷമായ രീതിയാണ് ഇവര്‍ സ്വീകരിക്കുന്നത്. ഈ സര്‍വേയിലാണ് ഏറ്റവും ഒടുവില്‍ ട്രംപിന് ജനപ്രീതി കുറയുന്നത് വ്യക്തമാക്കിയിരിക്കുന്നത്.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam