'ഒരുവൻ തന്നെക്കളഞ്ഞൊരിടം രക്ഷിക്കണം': മഹാകവി ഉള്ളൂരിന്റെ ഈ വരികൾക്ക് പുതിയ അർത്ഥമേകുന്ന ചർച്ചകളിലേക്കു പരിണമിക്കുന്നു എ.ഡി.എം നവീൻ ബാബുവിന്റെ ആത്മഹത്യ. കനകസിംഹാസനമേറിയ രാഷ്ട്രീയ ശുംഭത്വത്തിന്റെ 'പ്രോട്ടോകോൾ' ഉഡായിപ്പിൽ കുരുങ്ങി ശ്വാസം മുട്ടുന്ന ബ്യൂറോക്രസിയുടെയും പോലീസ് സേനയുടെയും ദുരവസ്ഥ ഭാഗികമായെങ്കിലും കണ്ടറിയുന്നു ഇതോടെ പൊതുജനങ്ങൾ.
ഉത്തരം കിട്ടാത്ത നിർണായക ചോദ്യങ്ങൾ ബാക്കിയാക്കിയാണ് എ.ഡി.എം കെ. നവീൻ ബാബു ജീവനൊടുക്കിയത്. നവീൻ ബാബുവിന്റെ മരണത്തിൽ മുഖ്യമായും ആരോപണമുനയിൽ നിൽക്കുന്നു കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ.ക്ഷണിക്കാത്ത സദസിൽ വലിഞ്ഞുകയറിച്ചെല്ലാനും ഉള്ളിലെ ധാർഷ്ട്യം അവിടെ ശർദ്ദിക്കാനും ദിവ്യയ്ക്ക് ധൈര്യം നൽകി അധികാരപ്രമത്തത. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആണെന്ന അഹന്തയാണ് അഡീഷനൽ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റിനുനേരെ പോലും കുതിരകയറാൻ പി.പി ദിവ്യയെന്ന സി.പി.എം നേതാവിന് കരുത്തായത്.
എ.ഡി.എമ്മിന് കലക്ടറേറ്റിൽ സഹപ്രവർത്തകർ നൽകിയ യാത്രയയപ്പ് ചടങ്ങിൽ ദിവ്യയെ ക്ഷണിച്ചിരുന്നില്ലെന്നാണ് മാധ്യമപ്രവർത്തകരോട് കലക്ടർ അരുൺ കെ. വിജയൻ പറഞ്ഞത്. വേദിയിലേക്ക് ദിവ്യ അതിക്രമിച്ചുകയറുകയായിരുന്നുവെന്ന് ചടങ്ങ് സംഘടിപ്പിച്ച റവന്യൂ സ്റ്റാഫ് കൗൺസിൽ ഭാരവാഹികളും പറയുന്നു. ആഹ്‌ളാദഭരിതമാകേണ്ടിയിരുന്ന ചടങ്ങിനെ വിഷംതീണ്ടിയ വാക്കുകളാൽ മലീമസമാക്കിയാണ് പി.പി ദിവ്യ ഇറങ്ങിപ്പോയത്.
ചെറുപ്രായത്തിൽ എൽ.ഡി ക്ലർക്ക് ആയി ഔദ്യോഗികജീവിതം ആരംഭിച്ച നവീൻ ബാബു അഡിഷനൽ ജില്ലാ മജിസ്‌ട്രേറ്റ് പദവി വരെ എത്തിയത് ആത്മാർഥതയും മിടുക്കും അഴിമതി പുരളാത്ത ട്രാക്ക് റെക്കോർഡുമായാണ്. അതുകൊണ്ടാണ് മുഖ്യമന്ത്രിയുടെ ഗുഡ്ബുക്കിൽ അദ്ദേഹം ഇടംപിടിച്ചത്. അങ്ങനെയുള്ള ഒരുദ്യോഗസ്ഥനെ ഭർത്സിക്കാനും ക്രൂരവാക്കിനാൽ ജീവനെടുക്കാനും ഒരു ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനു ലഭിക്കുന്ന 'പ്രോട്ടോകോൾ അധികാരം' ജനാധിപത്യത്തിനു ഭീഷണിയാണെന്ന കാര്യം സി.പി.എം നേതാക്കൾക്ക് മനസിലായതിന്റെ ലക്ഷണങ്ങളല്ല ഇതുവരെയുള്ളത്.
എ.ഡി.എം നവീൻ ബാബു കണ്ണൂർ ചെങ്ങളായിലെ പെട്രോൾ പമ്പിന് എൻഒസി നൽകിയത് നിയമപരമായെന്നാണ് ലാൻഡ് റവന്യൂ ജോയിന്റ് കമ്മീഷണറുടെ അന്വേഷണത്തിൽ കണ്ടെത്തിയത്. ഫയൽ ബോധപൂർവം വൈകിപ്പിച്ചതിനോ കൈക്കൂലി വാങ്ങിയതിനോ തെളിവില്ലെന്ന് വ്യക്തമായി. എൻഒസി ബോധപൂർവ്വം വൈകിപ്പിച്ചു, അനുമതിക്കായി കൈക്കൂലി വാങ്ങി എന്നീ രണ്ട് ആരോപണങ്ങളാണ് നവീൻ ബാബുവിനെതിരെ ഉയർന്നത്. ലാൻഡ് റവന്യു ജോയിന്റ് കമ്മീഷണറുടെ അന്വേഷണത്തിൽ രണ്ടും സാധൂകരിക്കുന്ന ഒരു തെളിവും കിട്ടിയില്ല. ചെങ്ങളായിലെ റോഡിന് വളവുള്ളത് കൊണ്ട് പമ്പിന് അനുമതി നൽകരുതെന്നായിരുന്നു പൊലീസ് റിപ്പോർട്ട്. തുടർന്ന് എ.ഡി.എം ടൗൺ പ്ലാനിംഗ് വകുപ്പിനോട് റിപ്പോർട്ട് തേടി.
ഭാവിയിൽ റോഡിന്റെ വീതി കൂട്ടാൻ തീരുമാനമുണ്ടെന്ന റിപ്പോർട്ടിനെ തുടർന്ന് പ്ലാനിംഗ് വകുപ്പ് അനുമതി നൽകി. അപേക്ഷ താമസിപ്പിച്ചില്ലെന്ന് മാത്രമല്ല പൊലീസ് റിപ്പോർട്ട് എതിരായിട്ടും പ്ലാനിംഗ് വകുപ്പിനോട് റിപ്പോർട്ട് തേടിയതും അപേക്ഷകനെ സഹായിക്കാനാണെന്നാണ് വിലയിരുത്തൽ. കോഴയ്ക്കും തെളിവുകൾ ഇല്ല. അഴിമതി ആക്ഷേപം ഉന്നയിച്ച പി.പി. ദിവ്യക്ക് തെളിവുകൾ ഹാജരാക്കാനുള്ള അവസരമായിരുന്നു റവന്യു അന്വേഷണം. പക്ഷേ, ദിവ്യ മൊഴി നൽകിയില്ല. കൈക്കൂലി കൊടുത്തുവെന്ന് ആരോപണം ഉന്നയിച്ച പ്രശാന്തന്റെ മൊഴികൾ പരസ്പര വിരുദ്ധമായവശേഷിക്കുന്നു.
മൃഗയാവിനോദം
ഇംഗിതത്തിനു വഴങ്ങാത്ത ഉദ്യോഗസ്ഥരെ നിറുത്തിപ്പൊരിക്കലും ട്രാൻസ്ഫർ വാളിനാൽ വെട്ടിമുറിവേൽപ്പിക്കലും കാലങ്ങളായി രാഷ്ട്രീയ നേതാക്കളുടെ മൃഗയാവിനോദമാണ്. മിക്കപ്പോഴും ഇത്തരത്തിൽ രാഷ്ട്രീയക്കാരുടെ വേട്ടമൃഗമാകുന്നത് അഴിമതിക്കാശിൽ കണ്ണുമഞ്ഞളിക്കാത്ത, നേർവഴിക്കുമാത്രം ജോലിചെയ്യുന്ന സർക്കാരുദ്യോഗസ്ഥരാണെന്നതാണ് വസ്തുത. ഈ ദുഷ്പ്രവണതയിലെ ഒടുവിലത്തെ ബലിയാടാണ് നവീൻ ബാബു.
ഇത്തരം രാഷ്ട്രീയ വേട്ടകളിൽ മുറിവേറ്റിട്ടും ആത്മാഹുതിയിൽ അഭയംതേടാതെ നൂറുകണക്കിന് നവീൻ ബാബുമാർ സർക്കാർ ലാവണങ്ങളിൽ നിരന്തരം സ്ഥലംമാറ്റപ്പെട്ടും പ്രൊമോഷനുകൾ തടഞ്ഞുവയ്ക്കപ്പെട്ടും ആനുകൂല്യങ്ങൾ നിഷേധിക്കപ്പെട്ടും തുടരുന്നുണ്ട്. സത്യസന്ധരായ സർക്കാർ ജീവനക്കാരെ വരച്ചവരയിൽ നിർത്തുന്നതിലും പൊതുമധ്യത്തിൽ വിരട്ടുന്നതിലും കൊടിനിറം പോലും ബാധകമാകാതെ സകല പാർട്ടികളിലുംപെട്ട പ്രാദേശിക നേതാക്കൾ മുതൽ മുകളിലോട്ടുള്ളവർ ഉണ്ടെന്നതും യാഥാർത്ഥ്യം.
സർക്കാർ ഓഫീസുകളൊക്കെ നേരേ ചൊവ്വേ പ്രവർത്തിക്കുന്നുവെന്നോ, ഉദ്യോഗസ്ഥരൊക്കെ അഴിമതിമുക്തരെന്നോ ആർക്കും അഭിപ്രായമുണ്ടാകില്ല. സാധാരണക്കാർ എന്തെങ്കിലും ഒരുകാര്യത്തിന് സർക്കാർ ഓഫീസിൽ പലതവണ പോയിട്ടും നടക്കാതെ വരുമ്പോഴാണ് ഗതികെട്ട് രാഷ്ട്രീയനേതാക്കളുടെ ശുപാർശയ്ക്കു പോകുന്നത്. നേതാക്കൾ വിളിച്ചുപറയുന്ന മാത്രയിൽ ഫയലുകൾക്കു ജീവൻവയ്ക്കുന്നതും കൺമുന്നിലെ സത്യം.
തങ്ങളുടെമേൽ കുതിരകയറാനുള്ള സ്വാതന്ത്ര്യം രാഷ്ട്രീയക്കാർക്കു നൽകുന്നതിൽ സർക്കാർ ഉദ്യോഗസ്ഥരിൽ ചെറിയൊരു വിഭാഗത്തിനെങ്കിലും പങ്കുണ്ട്. അത്തരക്കാരാകട്ടെ ഭരിക്കുന്നവരുടെ വിനീതദാസരായി നിന്ന് അനർഹമായ പലതും സ്വന്തമാക്കുന്നുമുണ്ട്. ഈ 'ഒക്കച്ചങ്ങാത്ത' ത്തിനു വഴിപ്പെടാത്തവരെ പാറശാലയിലേക്കോ കാസർകോട്ടേക്കോ ഷട്ടിൽ ട്രാൻസഫറുകളാൽ തെക്കുവടക്ക് പറത്തുന്നതും ഭീഷണിപ്പെടുത്തുന്നതും സാധാരണ സംഭവം.
പൊലിസ്, റവന്യൂ വകുപ്പുകളിലെ ഉദ്യോഗസ്ഥരാണ് രാഷ്ട്രീയ വേട്ടയുടെ ഇരകളാകുന്നതിലേറെയും.പൊലിസ് സേനയിലെ ഭയാനകമായ ആത്മഹത്യാനിരക്ക് ഇതിന്റെ സൂചികയാണ്. 81 പൊലിസ് ഉദ്യോഗസ്ഥരാണ് കഴിഞ്ഞ അഞ്ചുവർഷത്തിനിടെ ജീവനൊടുക്കിയത്. ജോലി സമ്മർദമാണ് മിക്ക ആത്മഹത്യകൾക്കും കാരണം പറയുന്നതെങ്കിലും ചിലതെല്ലാം ഇത്തരത്തിൽ രാഷ്ട്രീയ നേതാക്കളുടെ അനിഷ്ടം കൊണ്ടുകൂടിയാണ്.
തന്റെ 'അധികാര പരിധി'യിലെ പൊലിസ് സ്റ്റേഷനിൽ ഒരുദ്യോഗസ്ഥൻ പാർട്ടിക്കോ തനിക്കോ അനഭിമതനായാൽ ലോക്കൽ നേതാവ് ഉന്നതങ്ങളിലേക്ക് നീട്ടിയൊരു വിളിയുണ്ട്. ആ വിളി പിന്നീട് ഡി.ജി.പി വഴി താഴേക്ക് കറങ്ങിത്തിരിഞ്ഞെത്തും. അതോടെ നീതിമാനായ പൊലിസ് ഓഫിസർ നേതാവിനൊപ്പം മേലധികാരിയുടെയും കണ്ണിലെ കരടാകും. ആത്മാഭിമാനം വ്രണപ്പെട്ട് ജോലി ഉപേക്ഷിക്കാൻ പോലും ഗതിയില്ലാതാകുമ്പോൾ അയാൾക്കുമുന്നിൽ മരണവഴിമാത്രം. നവീൻ ബാബുവിന്റെ മരണത്തിൽ രാഷ്ട്രീയഹുങ്കിന്റെ അത്തരം ഇടപെടലാണുണ്ടായത്.
'തിരുവനന്തപുരത്തേക്കുള്ള വിളി'ക്കുപകരം സഹപ്രവർത്തകരുടെ മധ്യത്തിൽ എ.ഡി.എമ്മിനെതിരേ കൊലവിളി നടത്തുകയായിരുന്നു പി.പി ദിവ്യ. അതുകൊണ്ടുതന്നെ നവീൻബാബുവിന്റെ മരണം രാഷ്ട്രീയക്കൊല തന്നെയാണ്. വാളിനേക്കാൾ മൂർച്ച വാക്കിനുണ്ടെന്ന് ദിവ്യയ്ക്കു നല്ല ബോധ്യമുള്ളതിനാലാണ് രംഗബോധമില്ലാത്ത കോമാളിയെപ്പോലെ വിഷംപുരട്ടിയ വാക്കുകൾ മനസിൽ കുറിച്ചിട്ട് ക്ഷണിക്കാത്ത സദസിൽ അവരെത്തിയതും.
അമാന്യമായ ഭാഷ ഹിംസാത്മകവും അതുകൊണ്ടുതന്നെ ജനാധിപത്യവിരുദ്ധവുമാകും. ജനാധിപത്യത്തിന്റെ ആത്യന്തികലക്ഷ്യം ഓരോ മനുഷ്യന്റെയും അന്തസ്സാണ്. ഒരാൾ എന്നത് സഹജീവികൾക്കു മുന്നിൽ അയാളുടെ ഭാഷ തന്നെ. ഇക്കാര്യം ഇനിയെങ്കിലും രാഷ്ട്രീയനേതാക്കൾ മനസിലാക്കണം. തങ്ങൾ പറയുന്നതെന്തും തൊണ്ടതൊടാതെ വിഴുങ്ങുന്ന ഒരു സമൂഹമല്ല മുന്നിലുള്ളതെന്ന ബോധ്യവും നേതാക്കൾക്കുണ്ടാകണം.
ബാബു കദളിക്കാട്
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1