എഡ്യു ടെക് ഭീമനായ ബൈജൂസിനെതിരെ പാപ്പരത്വ നടപടികള്‍ ആരംഭിക്കാന്‍ അനുമതി നല്‍കിയിരിക്കുകയാണ് നാഷണല്‍ കമ്പനി ലോ ട്രിബ്യൂണല്‍ (എന്‍സിഎല്‍ടി). തരാനുള്ള 158 കോടി നല്‍കാത്തതിനാല്‍ ബോര്‍ഡ് ഓഫ് കണ്‍ട്രോള്‍ ഫോര്‍ ക്രിക്കറ്റ് ഇന്‍ ഇന്ത്യ (ബിസിസിഐ) ആണ് ബൈജൂസിനെതിരെ പാപ്പരത്വ നടപടികള്‍ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ടത്. ഈ ആവശ്യത്തിന് ബംഗളൂരുവിലെ എന്‍സിഎല്‍ടി അനുമതി നല്‍കുകയായിരുന്നു.
ഒരു കമ്പനിയില്‍ നിന്നും പണം കിട്ടാനുള്ളവര്‍ക്ക് അത് തിരിച്ചുകൊടുക്കാനാണ് പരാതികള്‍ കേട്ടശേഷം അതില്‍ കഴമ്പുണ്ടെന്ന് തോന്നി എന്‍സിഎല്‍ടി പാപ്പരത്വ നടപടിക്ക് അനുമതി നല്‍കുന്നത്. അതിന് വേണ്ടി കമ്പനി ആസ്തികള്‍ വില്‍ക്കുന്നതിലേക്ക് വരെ എന്‍സിഎല്‍ടി നീങ്ങും. നടപടി തുടങ്ങിക്കഴിഞ്ഞാല്‍ 180 ദിവസത്തിനുള്ളില്‍ കാര്യങ്ങളില്‍ നടപടിയുണ്ടാകും. ക്രിക്കറ്റ് മത്സരങ്ങളില്‍ സ്‌പോണ്‍സര്‍ ആക്കുന്നതിന് ബൈജൂസ് ബിസിസിഐയുമായി കരാറില്‍ ഏര്‍പ്പെട്ടിരുന്നു. ഈ സ്‌പോണ്‍സര്‍ഷിപ്പ് കരാര്‍ അനുസരിച്ച് 158 കോടി രൂപ ബൈജൂസ് നല്‍കാനുണ്ടായിരുന്നു. എന്നാല്‍ ഈ തുക ഇതുവരെയും നല്‍കിയിരുന്നില്ല.
ഇടക്കാല പരിഹാര ഓഫീസറായി പങ്കജ് ശ്രീവാസ്തവയെ എന്‍സിഎല്‍ടി നിമയിച്ചു. രണ്ടാഴ്ച കൂടുമ്പോള്‍ പാപ്പരത്വ നടപടികള്‍ സംബന്ധിച്ച പുരോഗതി വിലയിരുത്തണം. അതിനിടയില്‍ സമവായത്തില്‍ എത്താന്‍ കഴിയുമോ എന്നും പരിശോധിക്കണം. ബിസിസിഐയുടെ പരാതി തര്‍ക്കപരിഹാര സമിതിക്ക് വിടണമെന്ന ബൈജൂസിന്റെ ആവശ്യം എന്‍സിഎല്‍ടി തള്ളി. നേരത്തെ ബിസിസിഐയുടെയും ഐസിസിയുടെയും സ്‌പോണ്‍സറായിരുന്നു ബൈജൂസ്.
2022 ല്‍ ഖത്തര്‍ ലോകകപ്പില്‍ സ്‌പോണ്‍സറായി. 2022 ല്‍ കമ്പനിയില്‍ തകര്‍ച്ച ആരംഭിച്ചപ്പോള്‍ മുഖം രക്ഷിക്കാന്‍ ലയണല്‍ മെസിയെ മോഡലാക്കി പരസ്യം ചെയ്തു. പിന്നീട് കമ്പനി എട്ട് നിലയില്‍ പൊട്ടി. 2200 കോടി ഡോളര്‍ ആസ്തിയുണ്ടായിരുന്ന കമ്പനിയുടെ ആസ്തി വട്ടപൂജ്യമായി. വിദേശ കമ്പനിയായ പ്രോസസിന് 9.6 ശതമാനം ഓഹരിയുണ്ടായിരുന്നു ബൈജൂസില്‍. എന്നാല്‍ പ്രതിസന്ധിയില്‍ ബൈജൂസ് നട്ടംതിരിഞ്ഞതോടെ, പ്രോസസ് തന്നെ അവരുടെ നിക്ഷേപം എഴുതിത്തള്ളി.
ജീവനക്കാര്‍ക്കുള്ള ശമ്പളം മുടങ്ങി. പിരിഞ്ഞുപോയവരുടെ ആനുകൂല്യവും നല്‍കിയിട്ടില്ല. ഇവരും കോടതിയെ സമീപിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇഡി ബൈജൂസ് ഓഫീസിലും ബൈജു രവീന്ദ്രന്റെ ഓഫീസിലും റെയ്ഡ് നടത്തി വിദേശത്ത് നിന്നും ലഭിച്ച പണത്തിന്റെയും മറ്റും രേഖകള്‍ പിടിച്ചെടുത്തിരുന്നു. ബൈജു രവീന്ദ്രന്‍, ഭാര്യ ദിവ്യ ഗോകുല്‍നാഥ്, ബൈജുവിന്റെ സഹോദരന്‍ റിജു രവീന്ദ്രന്‍ എന്നീ ബൈജൂസ് കമ്പനി ബോര്‍ഡംഗങ്ങള്‍ക്ക് 26 ശതമാനം ഓഹരിയുണ്ട്.
ബംഗളൂരുവില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള തിങ്ക് ആന്‍ഡ് ലേണ്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ പരിശോധന നടത്താന്‍ 2023 ജൂലൈയില്‍ കോര്‍പറേറ്റ് അഫാരിസ് മന്ത്രാലയം ഹൈദരാബാദിലെ റീജിയണല്‍ ഡയറക്ടറുടെ ഓഫിസിനോട് ആവശ്യപ്പെട്ടിരുന്നു. ഈ വര്‍ഷം ജൂണില്‍, കമ്പനി നിയമപ്രകാരം ബൈജൂസിനെതിരെ ആരംഭിച്ച നടപടികള്‍ ഇപ്പോഴും തുടരുകയാണെന്നും ഇക്കാര്യത്തില്‍ അന്തിമ നിഗമത്തിലെത്താന്‍ കഴിയില്ലെന്നും എംസിഎ(മിനിസ്ട്രി ഓഫ് കോര്‍പറേറ്റ് അഫയേഴ്സ്) പറഞ്ഞിരുന്നു.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1