ഒവൈസി: ഹൈദരാബാദിന് അപ്പുറമുള്ള ഈ മോദി വിമർശകന്റെ ലക്ഷ്യങ്ങൾ

APRIL 10, 2024, 6:09 PM

എണ്ണം കുറവാണെങ്കിലും ശബ്ദം കൊണ്ട് ശ്രദ്ധേയനാണ് അസദുദ്ദീൻ ഒവൈസി. പാർലമെന്റിലും ദേശീയ രാഷ്ട്രീയത്തിലും അങ്ങനെ തന്നെ. മോദിയുടെയും ബി.ജെ.പിയുടെയും അതിശക്തനായ വിമർശകൻ. പക്ഷെ, മറ്റ് പ്രധാന പ്രതിപക്ഷ പാർട്ടികൾ ചേർത്തുനിർത്താൻ മടിക്കുന്ന നേതാവ്. ഒവൈസിയും അദ്ദേഹത്തിന്റെ പാർട്ടിയും സ്വീകരിക്കുന്ന ബി.ജെ.പി വിരുദ്ധ നിലപാട്, ആത്യന്തികമായി വലിയ ഗുണം ചെയ്യുക ബി.ജെ.പിക്ക് തന്നെയായിരിക്കും എന്ന് വിലയിരുത്തുകയാണ് മറ്റ് പ്രതിപക്ഷ പാർട്ടികൾ. ഇന്നവർ കൂടിയുണ്ട്. അവർ അതിന് വിശേഷം നൽകി. ബി.ജെ.പിയുടെ ബി ടീം. 

ഹൈദരാബാദിന് പുറത്ത് ഒവൈസിയുടെ ഓൾ ഇന്ത്യ മജ്‌ലിസ് ഇത്തിഹാദുൽ മുസ്ലമീൻ (എ.ഐ.എം.ഐ.എം) പാർട്ടിക്ക് എന്തുണ്ട് കാര്യം? ഈ തിരഞ്ഞെടുപ്പിൽ മാത്രമല്ല, ഇതിന് മുമ്പും ഒവൈസിയുടെ നിക്കങ്ങളെ മറ്റ് പാർട്ടികളും രാഷ്ട്രീയ നിരീക്ഷികരും ശ്രദ്ധയോടെ നോക്കാറുണ്ട്. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഒവൈസി അടക്കം രണ്ട് എംപിമാരെ പാർട്ടിക്ക് നേടാനായി. ഇത്തവണ എത്ര?

ചില്ലറക്കാരനല്ല ഒവൈസി. സ്വന്തം വോട്ട്ബാങ്ക് ഉണ്ട്. ഹൈദരാബാദ് അദ്ദേഹത്തിന് പതിച്ചുകൊടുത്തരീതിയിലാണ് കോൺഗ്രസും ബി.ആർ.എസ്സും ബി.ജെ.പിയും. അഞ്ചാം തവണയും അവിടെ ജയം ആവർത്തിക്കുയാണ് ഒവൈസിയുടെ ലക്ഷ്യം. അത് ഏറെക്കുറേ അനായാസമാകും. കാരണം ഓരോ തെരഞ്ഞെടുപ്പിലും അദ്ദേഹത്തിന് ഭൂരിപക്ഷം കൂടുകയായിരുന്നു. 2004ൽ ഒരു ലക്ഷം, 2009ൽ 1.13 ലക്ഷം, 2014ൽ 2.02 ലക്ഷം, 2019ൽ 2.82 ലക്ഷം. ഇതാണ് ഭൂരിപക്ഷകണക്ക്. ഒവൈസിയുടെ പിതാവ് സുൽത്താൻ അലാഹുദ്ദീൻ ഒവൈസി അവിടെ ആറ് തവണ ജയിച്ചിട്ടുണ്ട്. ഹൈദരാബാദ് വോട്ടർമാരുടെ ഇടയിൽ അദ്ദേഹത്തിന്റെ വേരുകൾ എത്രത്തോളും ആഴ്ന്നും പരന്നും കിടപ്പുണ്ടെന്ന് ഒറ്റനോട്ടത്തിൽ വ്യക്തം. 

vachakam
vachakam
vachakam

ഹൈദരാബാദുകൊണ്ട് തൃപ്തനല്ല ഒവൈസി. അതിന് പുറത്ത് അദ്ദേഹത്തിന് ദേശീയ രാഷ്ട്രീയത്തിൽ ലക്ഷ്യങ്ങളുണ്ട്. രാജ്യത്തെ ന്യൂനപക്ഷങ്ങളും സാമൂഹികമായി പിന്നാക്കം നിൽക്കുന്ന അടിച്ചമർത്തപ്പെട്ട സമൂഹത്തെയും അഭിസംബോധ ചെയ്യേണ്ടതുണ്ടെന്ന് അദ്ദേഹം കരുതുന്നു. മറ്റ് മുഖ്യധാര പാർട്ടികൾ ഈ വിഭാഗങ്ങളെ വേണ്ടത് പോലെ ഉൾക്കൊള്ളുന്നില്ലെന്ന ആക്ഷേപത്തിന്റെ കൂടി ഫലമാണ് അദ്ദേഹത്തിന്റെ നീക്കങ്ങൾ. ഒരുപരിധിയിലേറേ അത് ന്യൂനപക്ഷങ്ങളെ ആകർഷിക്കാൻ ഉതകുന്നതാണ് താനും.

ഇത്തവണ, മൂന്നാം മുന്നണിയായി ഹൈദരാബാദിന് പുറത്ത് യാത്ര ഒന്നുകൂടി വിപുലപ്പെടുത്തുന്നു ഒവൈസി. 2019ൽ അദ്ദേഹത്തിന്റെ പാർട്ടിക്ക് മഹാരാഷ്ട്രയിലെ ഔറംഗബാദിൽനിന്ന് ഒരു സീറ്റ് കൂടി നേടാൻ കഴിഞ്ഞിരുന്നു. പത്രപ്രവർത്തകനായി രാഷ്ട്രീയത്തിൽ വന്ന ഇംതിയാസ് ജലീൽ അവിടെ ജയിച്ചു.

2009ൽ തെലങ്കാനയിലെ ഹൈദരാബാദിൽ മാത്രമായിരുന്നു ഒവൈസിയുടെ പാർട്ടി സാന്നിധ്യം. 2014ൽ തെലങ്കാനയിൽ നാലിടത്തും ആന്ധ്രയിൽ ഒരു മണ്ഡലത്തിലും പാർട്ടി മത്സരിച്ച് ചെറിയ ശതമാനം വോട്ട് നേടി. ഹൈദരാബാദിന് പുറമെ മാൽക്കജ് ഗിരി, സെക്കന്തരാബാദ്, ബോണഗിർ എന്നിവിടങ്ങളിലാണ് മത്സരിച്ചത്. ആന്ധ്രയിൽ നന്ദ്യാലിലും. സെക്കന്തരാബാദിൽ 14 ശതമാനം വോട്ട് നേടിയതാണ് ശ്രദ്ധേയം. 2019ൽ ബിഹാറിലെ കിഷൻ ഗഞ്ചിൽ 26 ശതമാനം വോട്ടും ഒവൈസിയുടെ പാർട്ടി നേടി. ആ തെരഞ്ഞെടുപ്പിലാണ് മഹാരാഷ്ട്രയിലെ ഔറംഗാബാദിൽനിന്ന് 32% വോട്ട് വിഹിതത്തോടെ എ.ഐ.എം.ഐ.എം ന് രണ്ടാമത്തെ എംപിയെ ലഭിച്ചത്. 

vachakam
vachakam
vachakam

ഒരുകാര്യം യാഥാർഥ്യമാണ്. കഴിഞ്ഞ 10 വർഷമായി ഒവൈസിയുടെ പാർട്ടി ബി.ജെ.പിയുടെയും ബി.ജെ.പി ഇതര പ്രതിപക്ഷത്തിന്റെ നിശിത വിമർശനം നേരിടുന്നു. ബി.ജെ.പി അവരുടെ സ്വാഭാവിക എതിർപ്പ് ഉയർത്തുന്നു. ഇതര പ്രതിപക്ഷ പാർട്ടികൾ, ഒവൈസിയെ ബി.ജെ.പിയുടെ ബി ടിം എന്ന് ആക്ഷേപിക്കുന്നു. അതിന് കാരണമുണ്ട്. ഒവൈസിയുടെ പാർട്ടിയുടെ മറ്റ് മണ്ഡലങ്ങളിലെ സാന്നിധ്യം ബി.ജെ.പി ഇതര വോട്ടുകളെ ഭിന്നിപ്പിക്കുമെന്നും അതിന്റെ നേട്ടം ബി.ജെ.പിക്ക് ലഭിക്കും എന്നതുമാണ്. അതിൽ യാഥാർഥ്യമുണ്ട്. പക്ഷെ, ഏതൊരു രാഷ്ട്രീയ പാർട്ടിയും സ്വന്തം വോട്ട് വിഹിതം വർധിപ്പിച്ച് ശ്രദ്ധേയ സാന്നിധ്യമാക്കാനാണല്ലോ ശ്രമിക്കുക.

ഇന്ത്യാമുന്നണിയുടെ ഭാഗമല്ല ഒവൈസി. അതൊരു എലീറ്റ് ഗ്രൂപ്പ് ആണെന്നാണ് ഒവൈസിയുടെ വിമർശനം. ഇത്തവണ ഒവൈസി ഉത്തർപ്രദേശിലും ബിഹാറിലും കൂടുതൽ ശ്രദ്ധ പതിപ്പിക്കുകയാണ്. യുപിയിൽ അപ്‌നാദൾ (കമേരാവാഡി), പ്രഗതിശീൽ മാനവ് സമാജ് പാർട്ടി, രാഷ്ട്രീയ ഉദയ് പാർട്ടി എന്നീ ചെറുപാർട്ടികൾ ചേർന്ന് പി.ഡി.എം എന്നൊരു മൂന്നാം മുന്നണി രൂപീകരിച്ചു. ഈ പാർട്ടികൾക്കൊന്നും ജയിക്കാനുള്ള വോട്ട് വിഹിതം തന്നെയില്ല. പക്ഷെ, ജയപരാജയം നിർണയിക്കുന്നതിൽ ഈ പാർട്ടികൾ പിടിക്കുന്ന വോട്ടുകൾക്ക് കൂടി പങ്കുണ്ടാകും. അതിന്റെ നേട്ടം ബി.ജെ.പിക്ക് ലഭിക്കും. പ്രതിപക്ഷത്തെ മറ്റ് പാർട്ടികളെ ആശങ്കയിലാക്കുന്നതും ഇതാണ്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ഒവൈസിയുടെ പാർട്ടി ഓരോ സംസ്ഥാനത്തും ഉണ്ടാക്കിയ സ്വാധീനം നോക്കിയാൽ ഏകദേശ ചിത്രം ലഭിക്കും. 2019ൽ മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിൽ 14 ഇടത്ത മത്സരിച്ച് രണ്ട് സീറ്റ് ജയിച്ചു. മൊത്തം വോട്ട് വിഹിതം 1.34 മാത്രമേയുള്ളൂവെങ്കിലും ഒരു ലോക്‌സഭാ സീറ്റും രണ്ട് നിയമസഭാ സീറ്റുകളും ഉള്ള പാർട്ടിയുടെ ആ സംസ്ഥാനത്തെ സ്വീധീനം അവഗണിക്കേണ്ടതല്ല. ഇത്തവ മുംബൈ, മറാത്ത് വാഡ് മേഖലയിൽ കൂടുതമൽ മണ്ഡലങ്ങളിൽ മത്സരിച്ച് സ്വീധനം ഒന്നുകൂടി ശക്തമാക്കാൻ ശ്രമിക്കുന്നു. 12 ശതമാനത്തോളം വരുന്ന മുസ്ലീം വോട്ടുകളും മറ്റ് ന്യൂനപക്ഷ വിഭാഗങ്ങളുടെയും പിന്തുണയും നേടാനാണ് ഒവൈസി ലക്ഷ്യമിടുന്നത്. 

vachakam
vachakam

ബിഹാറിൽ 2020ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 20 സീറ്റിൽ മത്സരിച്ചു. അഞ്ച് സീറ്റിൽ ജയിച്ചു. 14.28 ശതമാനം വോട്ടും നേടി. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കിഷൻഗഞ്ചിൽ മാത്രമായിരുന്നു പാർട്ടി വരോട്ടം പ്രകടിപ്പിച്ചത്. ഇത്തവണ കൂടുതൽ സീറ്റുകളിൽ പാർട്ടി നേട്ടമുണ്ടാക്കും എന്ന് ഒവൈസി അവകാശപ്പെടുന്നു. 

യുപിയിൽ 2022ൽ 95 നിയമസഭാ സീറ്റുകളിൽ മത്സരിച്ചു. ഒന്നും ജയിച്ചില്ല. സംസ്ഥാനത്ത് ആകെ രണ്ട് ശതമാനം വോട്ട് മാത്രമേ നേടിയുള്ളൂ. പക്ഷെ, നിയമസഭാ തെരഞ്ഞെടുപ്പുകളിലെ ഭൂരിപക്ഷം വളരെ നേരിയതാകുന്നതിനാൽ ഈ 95 സീറ്റുകളിലും അതിന്റെ രാഷ്ട്രീയ നേട്ടം ലഭിച്ചത് ബി.ജെ.പിക്ക് ആയിരിക്കും. തെലങ്കാനയിൽ 2023ൽ നടന്ന നിയമഭാ തെരഞ്ഞെടുപ്പിൽ ഒമ്പത് സീറ്റിൽ മത്സരിച്ചു. ഏഴ് സ്ഥലത്ത് ജയിച്ചു. 34 ശതമാനം വോട്ടും നേടി. അതുകൊണ്ടുതന്നെ സെക്കന്തരാബാദ് ലോക്‌സഭാ മണ്ഡലത്തിൽ ഇത്തവണ ഒവൈസിയുടെ പാർട്ടി പ്രധാന ശ്രദ്ധയാകും. 

ബംഗാളിൽ 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ആറ് സീറ്റിൽ മത്സരിച്ചു. ഒന്നും ജയിച്ചില്ല. ഒരു ശതമാനം പോലും വോട്ട് നേടാനായില്ല. ഒരു സംസ്ഥാനത്തും ബി.ജെ.പി വോട്ടുകൾ അല്ല ഒവൈസിയുടെ ലക്ഷ്യം. മറ്റ് പ്രതിപക്ഷ പാർട്ടികളെ ആശങ്കപ്പെടുത്തുന്നതും അതാണ്. പ്രതിപക്ഷ ബ്ലോക്കുകളിൽ ഏതെങ്കിലും ഒരു പാർട്ടിയിലോ ശക്തമായ ഒരു മുന്നണിയിലോ ജനത്തിന് പ്രതീക്ഷയില്ലാതാകാമ്പോൾ, ഒറ്റപ്പെട്ട പാർട്ടികളിൽ തങ്ങളുടെ രക്ഷകരെ കണ്ടെത്തി ആശ്വാസം കൊള്ളുകയാണ് വോട്ടർമാർ ചെയ്യുക. 

ചുരുക്കത്തിൽ 2019ൽ രണ്ട് എംപി മാരുണ്ടായ ഒവൈസി ഇത്തവണ 4 സീറ്റ് എങ്കിലും നേടാൻ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ്. തെലങ്കാനയിൽ ഹൈദരാബാദ്, സെക്കന്തരാബാദ്, മഹാരാഷ്ട്രയിൽ ഔറംഗബാദ്, ബിഹാറിൽ കിഷൻ ഗഞ്ച്. അത സാധ്യമായാൽ ഒവൈസിയുടെ പാർട്ടി പാർലമെന്റിലും ദേശീയ രാഷ്ട്രീയത്തിലും കുടുതൽ ശ്രദ്ധേയമാകും. 2014ലെ തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പിൽ ഏഴ് സീറ്റുകൾ ജയിച്ചപ്പോൾ സംസ്ഥാന പാർട്ടി പദവി എ.ഐ.എം.ഐ.എമ്മിന് ലഭിച്ചിരുന്നു. ഇത്തവണ നാല് സീറ്റ് എന്ന ലക്ഷ്യവും വിവിധ സംസ്ഥാനങ്ങളിലെ വോട്ട് വിഹിതത്തിൽ വർധനയും നേടാനായാൽ ദേശീയ പാർട്ടി എന്ന ലക്ഷ്യവും ഒവൈസിക്ക് അകലെയല്ല.

ചൗക്കിദാർ

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam