കേരളത്തിൽ തെരഞ്ഞെടുപ്പിന്റെ കാറും കോളും അടങ്ങിയതിനു തൊട്ടുപിന്നാലെ മഹാരാഷ്ട്രയിലും ജാർഖണ്ഡിലും നിന്നു വന്ന തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനങ്ങൾ രാജ്യവ്യാപകശ്രദ്ധ പിടിച്ചു പറ്റിയത് വോട്ടെണ്ണലിലെ കൃത്രിമത്തിന്റെ പേരിലാണ്. തെരഞ്ഞെടുപ്പുകൾ എന്നും ഉത്സവങ്ങളാണ് എന്നും എവിടെയും.
തെരഞ്ഞെടുപ്പുകൾ ഉത്സവമാണെങ്കിൽ ആ ഉത്സവത്തിന്റെ ആറാട്ടാണ് ഫലപ്രഖ്യാപനം. ആറാട്ട് അലങ്കോലപ്പെട്ടാൽ എല്ലാം കഴിഞ്ഞു. അത് മഹാരാഷ്ട്രയിലായാലും ചേലക്കരയിലായാലും ! തെരഞ്ഞെടുപ്പു ഫലത്തെ വോട്ടർമാർക്ക് പിടിതരാത്തവിധം അട്ടിമറിക്കുന്ന അത്യാധുനിക സംവിധാനങ്ങൾ ലോകമെങ്ങും ഈ ജനാധിപത്യ പ്രക്രിയയെ സംശയനിഴലിലാക്കുകയാണോ? ജയപരാജയങ്ങളുടെ പിന്നിൽ കറുത്ത കരങ്ങളുണ്ടെന്ന് പ്രചരിപ്പിക്കപ്പെടുകയാണോ?
കാശ്മീരിലെ വോട്ടിംഗ് യന്ത്രത്തെ ഇസ്രയേൽ നിയന്ത്രിക്കുന്ന കാലം.
ഹാക്കർമാരുടെ കൈകളിൽ ജനവിധി മാറിമറിയുന്ന കാലം. ഇതെല്ലാം കേവലം അന്ധമായ പ്രചരണങ്ങൾ മാത്രമായി തള്ളിക്കളയാൻ കഴിയില്ലെന്ന് ലോകമെങ്ങും നടക്കുന്ന തെരഞ്ഞെടുപ്പാനന്തര കോലാഹലങ്ങൾ വെളിവാക്കുന്നു. മഹാരാഷ്ട്ര തെരഞ്ഞെടുപ്പു ഫലത്തെ സംശയ നിഴലിലാക്കി 'ദ വയർ ന്യൂസ് ' പുറത്തുവിട്ട വോട്ടിംഗ് കൃത്രിമക്കഥ വൻ കോളിളക്കമാണ് സൃഷ്ടിച്ചത്. മഹാരാഷ്ട്രയിൽ പോൾ ചെയ്തതിനേക്കാൾ അഞ്ചു ലക്ഷത്തിൽപ്പരം വോട്ട് എണ്ണിയെന്ന ആരോപണമാണ് ഉയർത്തപ്പെട്ടത്. ചെയ്ത വോട്ടും എണ്ണിയ വോട്ടും തമ്മിൽ അവിശ്വസനീയമായ അന്തരം ! ഇത് സംഭാവ്യമല്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരിച്ചത്.
പോസ്റ്റൽ വോട്ടുകൾ കൂടി ചേർത്താണ് ന്യൂസ് പോർട്ടൽ കഥ മെനഞ്ഞതെന്ന് വിശദീകരിക്കപ്പെട്ടു. എന്നാൽ ഇന്ത്യയിലെ ഏറ്റവും ശ്രദ്ധേയമായ ഒരു സംസ്ഥാനത്തെ തെരഞ്ഞെടുപ്പിനെ സംശയ നിഴലിലാക്കാൻ, വൻ പ്രകമ്പനം ഉയർത്താൻ അത് ധാരാളമായിരുന്നു.അതേസമയം മഹാരാഷ്ട്ര സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി സഖ്യം കുതിച്ചെത്തിയത് ചരിത്രത്തിലെ എറ്റവും വലിയ സീറ്റ് നിലയിലേക്കായിരുന്നു. മത്സരിച്ച 152 ൽ 80 ശതമാനം സീറ്റിലും ജയിച്ച് 132 സീറ്റുകളാണ് ബി.ജെ.പി ഒറ്റയ്ക്ക് നേടിയത്. മൊത്തം 288 സീറ്റിൽ 238 സീറ്റിലും മഹായുതി മുന്നണിയാണ് ജയിച്ചത്. ഇ.വി.എമ്മിലടക്കം പ്രതിപക്ഷം ആരോപണമുന്നയിക്കുന്നതിനിടയിലാണ് ദി വയറിന്റെ റിപ്പോർട്ടും പുറത്തുവന്നത്.
ഫലം ആർക്കും അംഗീകരിക്കാനാവാത്തതാണെന്നും ഇലക്ട്രോണിക് വോട്ടിങ് മെഷീൻ (ഇ.വി.എം) സംബന്ധിച്ച പ്രശ്‌നങ്ങൾ ആരും ഗൗരവമായെടുക്കുന്നില്ലെന്നും സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ നാനാ പടോലെ പറഞ്ഞു.'ആർക്കും അംഗീകരിക്കാൻ പറ്റാത്ത ഫലമാണ് പുറത്തുവന്നത്. മഹാരാഷ്ട്രയിലെ ജനങ്ങൾക്ക് പോലും ഇത് ഉൾക്കൊള്ളാനാവുന്നില്ല' അദ്ദേഹം പറഞ്ഞു. വോട്ടുകളുടെ കണക്കിലെ അന്തരം സംബന്ധിച്ച് ജനങ്ങൾ ഉയർത്തുന്ന ചോദ്യങ്ങൾ ആരും കേൾക്കുന്നില്ല. ഒരു ജനകീയ മുന്നേറ്റമാണ് ഈ വിഷയത്തിൽ മുന്നിലുള്ള വഴി. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ ഇ.വി.എം വേണ്ടെന്നും ബാലറ്റ് പേപ്പർ തിരികെ കൊണ്ടുവരണമെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും നിലപാടെടുത്തു.
അതേ സമയം ബാലറ്റ് പേപ്പർ വോട്ടെടുപ്പ് പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹർജി സുപ്രീംകോടതി തള്ളി. തെരഞ്ഞെടുപ്പ് സമയത്ത് വോട്ടിനായി പണവും മദ്യവും നൽകി വോട്ടർമാരെ സ്വാധീനിക്കുന്നത് കണ്ടെത്തുകയാണെങ്കിൽ കുറഞ്ഞത് അഞ്ച് വർഷത്തേക്ക് സ്ഥാനാർത്ഥികളെ അയോഗ്യരാക്കുന്നത് സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് നിർദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. തിരഞ്ഞെടുപ്പിൽ ജയിച്ചാൽ ഇ.വി.എമ്മിൽ കൃത്രിമമില്ല, തോൽക്കുമ്പോൾ കൃത്രിമമെന്ന് പറയുന്നത് എന്തിനാണെന്നും സുപ്രീംകോടതി ഹർജിക്കാരനെ പരിഹസിച്ചു. ചന്ദ്രബാബു നായിഡു തോറ്റപ്പോൾ ഇതേ ആക്ഷേപമുയർത്തി. എന്നാൽ അടുത്ത തിരഞ്ഞെടുപ്പിൽ നിലപാടു മാറ്റി. ഇ.വി.എമ്മിൽ കൃത്രിമം നടന്നുവെന്ന അവകാശവാദങ്ങൾ പൊരുത്തമില്ലാത്തതാണെന്നും ജസ്റ്റിസ് വിക്രം നാഥ് പറഞ്ഞു.
രാഷ്ട്രീയ പാർട്ടികൾക്ക് ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ സംവിധാനത്തോട് പരാതിയില്ലെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. ജമ്മു കശ്മീരിലെ അനന്ത്‌നാഗ്‌രജൗരി മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് വൈകിപ്പിക്കാനുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ (ഇ.സി.ഐ) നീക്കത്തെക്കുറിച്ച് നാഷണൽ കോൺഫറൻസ് (എൻസി) വൈസ് പ്രസിഡന്റ് ഒമർ അബ്ദുള്ളയും പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പി.ഡി.പി) പ്രസിഡന്റ് മെഹബൂബ മുഫ്തിയും ചോദ്യങ്ങൾ ഉന്നയിച്ചതും സമീപകാലത്താണ്. വോട്ടിംഗ് പാറ്റേണിൽ കൃത്രിമം കാണിക്കുന്നുവെന്നായിരുന്നു ആക്ഷേപം.ജമ്മുവിൽ ബി.ജെ.പിയുടെ ഗൂഢലോചനയാണ്. മെയ് മാസത്തിൽ ഉയർന്ന പ്രദേശങ്ങളിലേക്ക് കുടിയേറുന്ന ബേക്കർവാളുകളെന്ന നടോടി സമൂഹത്തിന്റെ വോട്ട് നിഷേധിക്കാനുള്ള ശ്രമമാണിത്. വോട്ട് ചെയ്തതിന് ശേഷം മാത്രമേ അവർ അവിടെ നിന്ന് മാറി താമസിക്കുകയുള്ളൂവെന്ന പ്രതീക്ഷയാണ് ഒമർ അബ്ദുല്ല പ്രകടിപ്പിച്ചത്.
തെരഞ്ഞെടുപ്പുകൾ ഒന്നിച്ചു നടത്താനുള്ള, ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന ആശയം യാഥാർത്ഥ്യമാക്കാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നതിനിടെയാണ് വോട്ടിംഗ് യന്ത്രങ്ങളെ സംശയ നിഴലിലാക്കുന്ന വിവാദങ്ങൾ ഇന്ത്യൻ രാഷ്ട്രീയത്തിൽ അരങ്ങേറുന്നത് എന്നതാണ് ഏറെ കൗതുകകരം! രാജ്യത്താകമാനം ഒറ്റ വോട്ടർ പട്ടിക എന്ന ആശയത്തേപ്പറ്റിയുള്ള ചർച്ചകൾ കേന്ദ്രം സജീവമാക്കുന്നു. വിഷയവുമായി ബന്ധപ്പെട്ട് തദ്ദേശ, നിയമസഭ, ലോക്‌സഭാ തിരഞ്ഞെടുപ്പുകൾക്ക് ഒറ്റ വോട്ടർ പട്ടിക എന്നതിനേപ്പറ്റി പ്രധാനമന്ത്രിയുടെ ഓഫീസ് ചർച്ച ചെയ്തു കഴിഞ്ഞു. എന്നാൽ ഒറ്റ വോട്ടർ പട്ടിക എന്നതിന് ഭരണഘടനാ ഭേദഗതി വേണ്ടിവരും.
ലോക്‌സഭയിലേക്കും നിയമസഭകളിലേക്കും ഒരുമിച്ച് തിരഞ്ഞെടുപ്പുകൾ നടത്തണമെന്നത് ബി.ജെ.പിയും പ്രത്യേകിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ഏറെക്കാലമായി മുന്നോട്ടുവെക്കുന്ന ആശയമാണ്. ഇതിന്റെ ഭാഗമായാണ് എല്ലവോട്ടർ പട്ടികയും ഒന്നാക്കാനുള്ള നിർദ്ദേശവുമായി കേന്ദ്രമെത്തുന്നത്. തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുകൾക്ക് ചില സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് കമ്മീഷനുകൾക്ക് പ്രത്യേകം വോട്ടർ പട്ടികയുണ്ട്. ഇവയും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടർപട്ടികയും തമ്മിൽ ലയിപ്പിച്ച് ഒറ്റ വോട്ടർ പട്ടികയാക്കുക എന്നതാണ് കേന്ദ്രത്തിന്റെ ലൈൻ.
കേരളമടക്കം എഴ് സംസ്ഥാനങ്ങൾ വ്യത്യസ്തമായ വോട്ടർ പട്ടികയാണ് തദ്ദേശഭരണ തിരഞ്ഞെടുപ്പിനായി ഉപയോഗിക്കുന്നത്. ഏതായാലും തെരഞ്ഞെടുപ്പ് എന്ന ജനാധിപത്യ ഉത്സവത്തിന്റെ സത്യവും പ്രൌഡിയും മങ്ങരുത്. പുതിയ കാലത്തെ ഈ വെല്ലുവിളിയെ രാഷ്ട്രീയ പാർട്ടികൾ ഒന്നിച്ചു നേരിടണം. ഹാക്കർമാർ വോട്ടു ചെയ്യുന്ന കാലം വരാതിരിക്കട്ടെ.
പ്രിജിത് രാജ്
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1