ആന്റണിയുടെ പിൻഗാമിയായി ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായി

FEBRUARY 27, 2025, 12:25 AM

ടി.എം. ജേക്കബും ആർ. ബാലകൃഷ്ണപിള്ളയും വിശ്വാസവഞ്ചന ചെയ്തതായി ഉമ്മൻചാണ്ടി മനസ്സിലാക്കി. കോടോത്ത് ഗോവിന്ദൻ നായർ മത്സരിച്ച രാജ്യസഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന്റെ ഔദ്യോഗിക നിലപാടിനോടൊപ്പം ആണ് തങ്ങൾ എന്ന് അവർ പുറമേക്ക് പറയുകയും രഹസ്യമായി വിമത സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യുകയും ചെയ്തു. അതൊരു വഞ്ചനയായി തന്നെയാണ് ഉമ്മൻചാണ്ടി കണ്ടത്. അക്കാരണത്താൽ തന്നെ ഇരുവരേയും ഉമ്മൻ ചാണ്ടി മന്ത്രിസഭയിലെടുത്തതുമില്ല.

2004 ഓഗസ്റ്റ് 31ന് എ.കെ. ആന്റണി മുഖ്യമന്ത്രിപദം രാജിവച്ചു. ആന്റണിയുടെ രാജിക്ക് പിന്നിൽ ഉമ്മൻചാണ്ടിയുടെയും മറ്റുചില സഹപ്രവർത്തകരുടെയും കരുനീക്കങ്ങൾ ഉണ്ടായിരുന്നുവെന്ന ഒരു ആരോപണം എങ്ങനെയോ പുറത്തുവന്നു. അച്ചടി ദൃശ്യമാധ്യമങ്ങളിലും അത്തരത്തിലുള്ള ചില വാർത്തകൾ പ്രചരിച്ചു. ആരൊക്കെയോ ചേർന്ന് ഈ പഴികളെല്ലാം ഉമ്മൻചാണ്ടിയുടെ തലയിൽ കെട്ടിവയ്ക്കാൻ കിണഞ്ഞ് ശ്രമിച്ചുവെങ്കിലും അതൊരു പാഴ് ശ്രമമായി.

സത്യത്തിൽ ഇത് ഉമ്മൻചാണ്ടിക്ക് പോലും അറിവുള്ള കാര്യമായിരുന്നില്ല. 2004 മെയ് 13ന് പാർലമെന്റ് തിരഞ്ഞെടുപ്പ് ഫലം വന്ന ദിവസം ഉച്ചയ്ക്ക് തന്നെ തിരഞ്ഞെടുപ്പ് പരാജയത്തിന്റെ ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിവയ്ക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എ.കെ. ആന്റണി കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിക്ക് കത്തയച്ചു. പിന്നാലെ ഒരു ഫാക്‌സ് സന്ദേശം നൽകി. രണ്ടാഴ്ചയ്ക്കുശേഷം ആന്റണി ഡൽഹിയിലെത്തി സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. തന്റെ രാജി അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ടു. അടുത്ത മുഖ്യമന്ത്രി ആരാകണമെന്നാണ് അങ്ങ് ആഗ്രഹിക്കുന്നത്?

vachakam
vachakam
vachakam


സോണിയ ചോദിച്ചു. ഒന്നും ആലോചിക്കാതെ തന്നെ ഉമ്മൻചാണ്ടിയുടെ പേര് പറഞ്ഞു. ഉമ്മൻചാണ്ടി എല്ലാവർക്കും സ്വീകാര്യൻ ആയിരിക്കുമെന്ന് അഭിപ്രായപ്പെടുകയും ചെയ്തു ആന്റണി. എന്നു രാജിവെക്കണമെന്ന് കാര്യത്തിൽ പോലും അവിടെവച്ച് ഒരു ധാരണ ഉണ്ടായി. ചില കാര്യങ്ങൾ ചെയ്തു തീർക്കാനുള്ളത് കൊണ്ടുമാത്രമാണ് രാജി വൈകിയത്. കൃത്യം ഒന്നര മാസം കഴിഞ്ഞശേഷം ആണ് രാജിവച്ചത്. ആന്റണി രാജിവെക്കുന്നുവെന്നോ പിൻഗാമിയായി ഉമ്മൻചാണ്ടിയെ നിർദേശിച്ചുവെന്നു ഒന്നും ആന്റണി ഉമ്മൻചാണ്ടിയോടുപോലും പറഞ്ഞതുമില്ല. അച്ചടി ദൃശ്യമാധ്യമങ്ങൾക്കൊന്നും ഈ വാർത്ത ചോർന്നു കിട്ടിയതും ഇല്ല.

എന്തായാലും ആന്റണി രാജിവച്ച അതേ ദിവസം തന്നെ ഉമ്മൻചാണ്ടി കേരള മുഖ്യമന്ത്രിയായി. ആ മന്ത്രിസഭയിൽ, കരുണാകരന്റെ രാജ്യസഭാ സ്ഥാനാർത്ഥിയായ കോടോത്ത് ഗോവിന്ദൻ നായർക്ക് വോട്ട് ചെയ്ത ശക്തൻ നാടാരും അടൂർ പ്രകാശും എംപി അനിൽകുമാറും ഉൾപ്പെടെ മൂന്ന് പേരെയും ഉൾപ്പെടുത്തിയായിരുന്നു ഉമ്മൻചാണ്ടിയുടെ മന്ത്രിസഭാ രൂപീകരണം. വിമത സ്ഥാനാർത്ഥിയെ അനുകൂലിച്ച് പരസ്യമായി പ്രവർത്തനം നടത്തുകയും ഹൈക്കമാന്റിനെ ധിക്കരിച്ച് വോട്ട് ചെയ്യുകയും ചെയ്ത ഈ മൂന്നു പേരെയും ഒരുതരത്തിലും അയോഗ്യരായി കണ്ടില്ല ഉമ്മൻചാണ്ടി. ഈ മൂവർ സംഘത്തെയും അനുനയിപ്പിച്ചത് വഴി കരുണാകരനൊപ്പം പാറ പോലെ ഉറച്ചുനിന്ന 27 അംഗ സംഘത്തിൽ വിള്ളൽ വീഴ്ത്താൻ ആയി എന്നതാണ് എ ഗ്രൂപ്പിന് കിട്ടിയ ഏറ്റവും വലിയ ഗുണം.
സത്യത്തിൽ കരുണാകര വിഭാഗത്തെ വളരെ തന്ത്രപൂർവ്വം ഉമ്മൻചാണ്ടി  മെരുക്കിയെടുക്കുകയായിരുന്നു.

vachakam
vachakam
vachakam

യു.ഡി.എഫിലെ രണ്ട് പ്രഗൽഭരെ ഉമ്മൻചാണ്ടി ഒഴിവാക്കി. ഒന്ന് ടി.എം. ജേക്കബും മറ്റൊന്ന് ആർ. ബാലകൃഷ്ണപിള്ളയും. ഇരുവരും കരുണാകരനോട് പുലർത്തിപ്പോകുന്ന അമിതമായ കൂറുകൊണ്ട് മാത്രമായിരിക്കാം അവരെ ഉമ്മൻചാണ്ടി ഒഴിവാക്കിയത്. ഇതെല്ലാം കണ്ടിട്ടും രാഷ്ട്രീയപരമായ തന്റെ വീഴ്ച കൊണ്ടായിരിക്കാം കരുണാകരൻ നിശബ്ദനായി. മാത്രമല്ല ആ മൂന്നുപേർക്ക് മന്ത്രി പദവി ലഭിച്ചത് നേട്ടമായി എന്ന് ഭാവിക്കുകയും ചെയ്തു.രാജ്യഭവന്റെ അങ്കണത്തിലാണ് മുഖ്യമന്ത്രിയായുള്ള ഉമ്മൻചാണ്ടിയുടെ സത്യപ്രതിജ്ഞ. മുഖ്യമന്ത്രിയായി ഉമ്മൻചാണ്ടിയുടെ പേര് നിർദ്ദേശിച്ചപ്പോൾ അദ്ദേഹത്തിന് ചില ഉപാധികൾ ഉണ്ടായിരുന്നു. 

ഏതെങ്കിലും പാക്കേജിന്റെയോ ഒത്തുതീർപ്പിന്റെയോ ഭാഗമായി മുഖ്യമന്ത്രിപദം സ്വീകരിക്കാൻ താൻ ഒരുക്കമല്ലെന്ന് ഹൈക്കമാന്റിനോട് ഉമ്മൻചാണ്ടി തറപ്പിച്ചു പറഞ്ഞു. ഇതൊരു തരത്തിലും പാക്കേജ് അല്ലെന്നും ഹൈക്കമാന്റിന്റെ പൂർണ്ണപിന്തുണ ഉമ്മൻചാണ്ടിയ്ക്ക് ഉണ്ടാകുമെന്നും അവർ വ്യക്തമാക്കി. അടുത്ത ദിവസം തന്നെ കോൺഗ്രസ് നിയമസഭാ കക്ഷി യോഗം ചേർന്നു. അഹമ്മദ് പട്ടേലും മറ്റൊരു എ.ഐ.സി.സി ജനറൽ സെക്രട്ടറിയായ അനിൽ ശാസ്ത്രിയും തിരുവനന്തപുരത്തുണ്ട്. പ്രതിരോധ മന്ത്രി പ്രണാബ് മുഖർജിയും മാർഗ്രറ്റ് ആൽവയും കേരളത്തിൽ എത്തി. കേന്ദ്ര നേതാക്കൾ എം.എൽ.എമാരെ വെവ്വേറെ കണ്ടു.

അവരുടെ കൂടി അഭിപ്രായത്തിന്റെ അടിസ്ഥാനത്തിൽ രാത്രി എട്ടരയോടെ നിയമസഭാ കക്ഷി ചേർന്ന് ഉമ്മൻചാണ്ടിയെ നേതാവായി തിരഞ്ഞെടുത്തു. 9.30ന് യു.ഡി.എഫ് യോഗം ക്ലിഫ് ഹൗസിൽ കൂടി ഉമ്മൻചാണ്ടിയുടെ പേര് ഔദ്യോഗികമായി അംഗീകരിച്ചു. മുഖ്യമന്ത്രിയാകാൻ വേണ്ട ആവശ്യമായ രേഖകൾ അനിൽ ശാസ്ത്രി ഗവർണർക്ക് സമർപ്പിച്ചു. നേരത്തെ കോൺഗ്രസ് നിരീക്ഷകനായി എത്തിയ ആർ.എൽ. ഭാട്ടിയ അപ്പോഴേക്കും കേരളാ ഗവർണറായി ചുമതല ഏറ്റിരുന്നു. മന്ത്രിസഭ ഉണ്ടാക്കാൻ ഗവർണർ ഉമ്മൻചാണ്ടിയെ ഔപചാരികമായി ക്ഷണിച്ചു. സത്യപ്രതിജ്ഞയുടെ തലേദിവസം പുതുപ്പള്ളിയിൽ എത്തിയ ഉമ്മൻചാണ്ടി പുതുപ്പള്ളിക്കാരുടെ ആത്മാർത്ഥമായ സ്‌നേഹവും സന്തോഷവും ഏറ്റുവാങ്ങി തിരുവനന്തപുരത്തേക്ക് മടങ്ങി.

vachakam
vachakam
vachakam

അതിരാവിലെ തന്നെ ആയിരക്കണക്കിന് പ്രവർത്തകർ നാടിന്റെ നാനാഭാഗത്തുനിന്നും തിരുവനന്തപുരത്ത് എത്തി. അവരെ നിയന്ത്രിക്കാൻ അല്പം ബുദ്ധിമുട്ടിയെങ്കിലും പോലീസ് ബലം പ്രയോഗിക്കരുതെന്ന് ഉമ്മൻചാണ്ടി പ്രത്യേകം നിർദ്ദേശം നൽകിയിരുന്നു. അങ്ങനെ ഉമ്മൻചാണ്ടി കേരള മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. കെ.എം. മാണി, പി.കെ. കുഞ്ഞാലിക്കുട്ടി, കെ.ആർ. ഗൗരിയമ്മ, എം.വി. രാഘവൻ എന്നിവരും അന്ന് ചുമതല ഏറ്റു. സെപ്തംബർ അഞ്ചിനാണ് മറ്റു മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്തത്. ടി.എം. ജേക്കബും ആർ. ബാലകൃഷ്ണപിള്ളയും വിശ്വാസവഞ്ചന ചെയ്തതായി ഉമ്മൻചാണ്ടി മനസ്സിലാക്കി. കോടോത്ത് ഗോവിന്ദൻ നായർ മത്സരിച്ച രാജ്യസഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന്റെ ഔദ്യോഗിക നിലപാടിനോടൊപ്പം ആണ് തങ്ങൾ എന്ന് അവർ പുറമേക്ക് പറയുകയും രഹസ്യമായി വിമത സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യുകയും ചെയ്തു. അതൊരു വഞ്ചനയായി തന്നെയാണ് ഉമ്മൻചാണ്ടി കണ്ടത്. ഈ രണ്ടുപേരുടേയും കാര്യത്തിൽ തന്റെ ആഗ്രഹമാണ് എന്ന് പറയാതെ ഹൈക്കമാന്റിന്റെ ആഗ്രഹമായി അത് അവതരിപ്പിക്കാനും ഉമ്മൻചാണ്ടിക്ക് കഴിഞ്ഞു.

സത്യപ്രതിജ്ഞയ്ക്കു ശേഷം ആദ്യം ഖദർ ഷാൾ അണിയിച്ചത് എ.കെ. ആന്റണി ആയിരുന്നു. തൊട്ടുപിന്നാലെ ആശിർവാദവുമായി കരുണാകരൻ മുന്നിലെത്തി. ഉമ്മൻചാണ്ടിയുടെ മാതാവ് ബേബി, ഭാര്യ മറിയാമ്മ, മക്കളായ മറിയഉമ്മൻ, ചാണ്ടി ഉമ്മൻ, അച്ചു ഉമ്മൻ എന്നിവരും ആ ചടങ്ങിൽ സജീവമായി മുൻനിരയിൽ തന്നെ ഉണ്ടായിരുന്നു. തുടർന്ന് മന്ത്രിമാരെ നിശ്ചയിച്ചതിൽ വലിയ തർക്കങ്ങൾ ഉണ്ടായി. ആന്റണി മന്ത്രിസഭയിൽ ഉണ്ടായിരുന്ന കോൺഗ്രസ് മന്ത്രിമാരെ മുഴുവൻ മാറ്റാനായിരുന്നു തീരുമാനം. പി.പി. ജോർജിനെയും അടൂർ പ്രകാശിനെയും മന്ത്രിയാക്കണമെന്ന് കരുണാകരൻ നിർദ്ദേശിച്ചു. എന്നാൽ പി.പി. ജോർജിനെ ഉമ്മൻചാണ്ടി ഒഴിവാക്കുകയാണ് ചെയ്തത്. 

പകരം കെ.സി. വേണഗോപാൽ, എ.പി. അനിൽകുമാർ, വക്കം പുരുഷോത്തമൻ, ആര്യാടൻ മുഹമ്മദ്, കെ.കെ. രാമചന്ദ്രൻ മാസ്റ്റർ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ.പി. വിശ്വനാഥൻ എന്നിവരെയായിരുന്നു കോൺഗ്രസിൽ നിന്ന് ഉമ്മൻചാണ്ടി തെരഞ്ഞെടുത്തത്. ഈ ലിസ്റ്റുമായി ആണ് ഉമ്മൻചാണ്ടി ഡൽഹിയിൽ എത്തിയത്. ഇതിന് അംഗീകാരം വാങ്ങി ഡൽഹിയിൽ നിന്നും മടങ്ങുമ്പോൾ കരുണാകരനെ കണ്ട് വിവരം ധരിപ്പിക്കണമെന്ന് അഹമ്മദ് പട്ടേൽ പ്രത്യേകം പറഞ്ഞിരുന്നു. വിമാനത്താവളത്തിൽ നിന്ന് നേരെ പേരൂർക്കടയിലെ  വീട്ടിൽ പോയി കരുണാകരനെ കണ്ടു.

പക്ഷേ അത്ര തൃപ്തനായിരുന്നില്ല കരുണാകരൻ. കേവലം 20 മാസം മാത്രമാണ് ഉമ്മൻചാണ്ടിയുടെ ആ മന്ത്രിസഭയുടെ ദൈർഘ്യം. കഴിയുന്നത്ര വേഗത്തിൽ കേരളത്തെ പരമാവധി മുന്നോട്ടു കൊണ്ടുപോകാൻ തന്നെ ഉമ്മൻചാണ്ടി തീരുമാനിച്ചു. തന്റെ ശൈലി തികച്ചും വ്യത്യസ്തമായിരിക്കും എന്ന് തുടക്കത്തിൽ തന്നെ വ്യക്തമാക്കാൻ ഉമ്മൻചാണ്ടിക്ക് കഴിഞ്ഞു. പക്ഷേ കോൺഗ്രസിന്റെയും യു.ഡി.എഫിന്റെയും നയം തുടരുക തന്നെ ചെയ്യുമെന്ന് ഉറപ്പു കൊടുക്കാനും ഉമ്മൻചാണ്ടി മറന്നില്ല. വിവാദങ്ങൾ അകമ്പടി ഉണ്ടായിട്ടും വികസന പദ്ധതികളുമായി മുന്നോട്ടുപോയി അദ്ദേഹം.

(തുടരും)

ജോഷി ജോർജ്‌

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam