'തിന്മയിൽ നിന്നും നിന്റെ നാവിനെ കാത്തുകൊൾക; നിന്റെ അധരങ്ങൾ വഞ്ചന സംസാരിക്കരുത്. ദോഷത്തെ വിട്ടുമാറി ഗുണം ചെയ്ക; സമാധാനത്തെ അന്വേഷിച്ച് അതിനെ പിന്തുടരുക;' സങ്കീർത്തനങ്ങൾ 34: 13, 14
1999 ജൂലൈ 16
അമേരിക്കയിലെ പ്രമുഖ പത്രമായ ദി വേൾഡ് ടൈംസിന്റെ ഉടമയും പത്രപ്രസാധനരംഗത്ത് ചരിത്രം സൃഷ്ടിച്ച വനിതയുമാണ് സൂസൻ ക്ലാർക്ക്. ശരീരവടിവുകൊണ്ട് അനുഗ്രഹീതയായ സ്ത്രി. അവരുടെ ചുരുണ്ടു കറുത്തനിറമുള്ള മുടി. ചുറുചുറുക്കുള്ള നടത്തം. വിശ്രമ രഹിതമായ ജോലി ചെയ്യുന്ന അവരെ തെല്ല് ഉത്സാഹത്തോടെയല്ലാതെ കാണാൻ കഴിയാറില്ല. എന്നാൽ ഇന്നവർ അസ്വസ്ഥയാണ്. അവരുടെ വസതിയിൽ സീനിയർ എഡിറ്റർമാരും സീനിയർ റിപ്പോർട്ടർമാരും യോഗം ചേർന്നിരിക്കുകയാണ്.
അല്പം ഗൗരവത്തിൽ തന്നെയാണ് ആ പത്രഉടമ സംസാരിക്കുന്നത്. 'നിങ്ങൾക്കിവിടെ എന്താണൊരു കുറവ്. അത്യാധുനിക രീതിയിലുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കിത്തരുന്നില്ലെ..? ഈ പത്രം ഇന്നിപ്പോൾ വലിയ നഷ്ടത്തിലാണ് പോകുന്നത്. എന്നിട്ടും ഞാനത് കണക്കാക്കുന്നില്ല. എന്റെ സുഹൃത്തുക്കൾ ചോദിക്കുന്നു, ഇതെല്ലാം ആ റൂപർട് മർഡോക്കിന് കൈമാറി സ്വസ്ഥമായി ഇരുന്നു കൂടെയെന്ന്.
പക്ഷേ, എനിക്കതിനാവില്ല. എന്റെ മരണം വരെ എന്തു വില കൊടുത്തും ഞാനിത് നിലനിർത്തും. അതിന് നിങ്ങളുടെ സഹകരണം വേണമെന്നാണ് ഞാനിപ്പറയുന്നത്.' എന്തോ പറയാനായി എക്‌സിക്യൂട്ടിവ് എഡിറ്റർ ജോർജ് ലൂക്കാസ് എഴുന്നേറ്റപ്പോഴേക്കും ഒരു പ്യൂൺ തിരക്കിട്ടൊരു കുറിപ്പ് സൂസൻ ക്ലാർക്കിനെ ഏൽപ്പിച്ചു.
തിടുക്കത്തിലത് വായിച്ചിട്ട് അവർ പറഞ്ഞു: 'ഓ മൈ ഗോഡ്..! ഇതൊരു സാഡ് ന്യൂസാണ്.'
ജോൺ എഫ്. കെന്നഡി ജൂനിയർ പറത്തിയ വിമാനം അറ്റ്‌ലാന്റിക് സമുദ്രത്തിൽ തലകുത്തി വീണിരിക്കുന്നു. അവിടെ കൂടിയിരുന്നവർ ഒരു ഞെട്ടലോടെയാണ് ആ വാർത്ത ശ്രവിച്ചത്.
'ബി കെയർഫുൾ..! നാളത്തെ നമ്മുടെ പത്രം കെന്നഡി ജുനിയറിനു നൽകാവുന്ന മികച്ച 'ട്രിബൂട്ട്' ആയിരിക്കണം. എന്തായാലും യോഗം അവസാനിപ്പിക്കാം. ഉടൻ ഞാനും ഓഫീസിലെത്തിക്കൊള്ളാം.'
ടൈം സ്‌ക്വയറിൽ നിന്നും വാരകൾ മാത്രം അകലെയുള്ള വേൾഡ് ടൈംസ് ന്യൂസ്‌പേപ്പർ ആസ്ഥാനത്ത് അടിയന്തിരമായി പേജ് വൺ മീറ്റീംഗ് എക്‌സിക്യൂട്ടിവ് എഡിറ്റർ ജോർജ് ലൂക്കാസിന്റെ അധ്യക്ഷതയിൽ വീണ്ടും ചേർന്നിരിക്കുകയാണ്. പിറ്റേന്ന് പുറത്തിറക്കേണ്ട പത്രത്തിന് ആദ്യം രൂപകല്പന ചെയ്തതെല്ലാം അപ്പാടെ മാറ്റണം.
അമേരിക്കൻ ജനത ഏറെ ഇഷ്ടപ്പെടുന്ന മുൻ പ്രസിഡന്റ് കെന്നഡിയുടേയും ജാക്വലിന്റേയും മകൻ കെന്നഡി ജൂനിയറിന്റെ അപകടം എങ്ങനെയൊക്കെയാണ് കവർ ചെയ്യേണ്ടതെന്നാണ് ചർച്ച. ആ മീറ്റിങ്ങിൽ ഓരോ വാർത്താവിഭാഗത്തിന്റേയും തലവന്മാർ തങ്ങളോരോരുത്തരും എന്തൊക്കെ വാർത്തകളാണ് നൽകുന്നതെന്നതിനെക്കുറിച്ച് ഏകദേശരൂപം ഉണ്ടാക്കുകയാണ്.
അതിനിടെ സിറ്റി റിപ്പോർട്ടറുടെ മൊബൈൽ ശബ്ദിച്ചു. ഫോൺ എടുത്ത് അയാൾ മുറിയുടെ മൂലയിലേക്കു മാറി. കെന്നഡി ജൂനിയറിന്റെ മേൽനോട്ടത്തിലുള്ള സംഘടന 'റീച്ചിംഗ് അപ്പി' ന്റെ പിആർഒ ആയിരുന്നു മറുതലയ്ക്കൽ. ഉടൻ കെന്നഡി ജൂനിയറിന്റെ വിമാനാപകടത്തെ സംബന്ധിച്ച അത്യാവശ്യമായി ചില കാര്യങ്ങൾ അറിയിക്കാൻ പത്രസമ്മേനം നടത്തുകയാണെന്നറിയിച്ചു. എക്‌സിക്യൂട്ടീവ് എഡിറ്ററുടെ അനുമതി വാങ്ങി സിറ്റി റിപ്പോർട്ടർ അങ്ങോട്ടോടി.
ഒന്നാം പേജിൽ തങ്ങളുടെ വാർത്തകൾ വരാനുള്ള യോഗ്യതയും മറ്റും ഓരോരുത്തരായി വിവരിക്കുകയാണ്. ഗ്രാഫിക് ആർട്ടിസ്റ്റുകളും കാർട്ടൂണിസ്റ്റും എത്തിയെങ്കിലും ഫോട്ടോ എഡിറ്റർ എത്തിയിട്ടില്ല. ആ കുറവു നികത്താൻ എക്‌സിക്യൂട്ടീവ് എഡിറ്റർ മലയാളിയായ കോപ്പി ബോയി റോബിൻസിനെയാണ് ചുമതലപ്പെടുത്തിയത്.
ആധുനിക പത്രമോഫീസുകളിൽ കോപ്പി ബോയിസിന് അത്ര പ്രസക്തിയില്ലാതിരുന്നിട്ടും എക്‌സിക്യൂട്ടീവ് എഡിറ്റാണ് റോബിൻസിനെ കണ്ടെത്തിയതും ടൈംസിൽ ആ പോസ്റ്റിൽ നിയമിച്ചതും. കാരണം ആ ചെറുപ്പക്കാരന്റെ ചടുലമായ പ്രവർത്തനങ്ങൾ, അനാഥനായിരുന്നിട്ടും ജീവിതത്തോട് അതിസാഹസികമായി പൊരുതി അമേരിക്കയിലെത്തിയ കഥ. അത് ജോർജ് ലൂക്കാസ് എന്ന പത്രപ്രവർത്തകനിൽ മതിപ്പുളവാക്കിയിരുന്നു.
ഒരുകാലത്ത് പത്രപ്രവർത്തകരാകാൻ ആഗ്രഹിക്കുന്നവർക്ക് കോപ്പി ബോയി എന്ന പോസ്റ്റ് ഒരു പ്രധാന പ്രവേശന കവാടമായിരുന്നു. അവരിൽ പലരും പിന്നീട് മിടുമിടുക്കരായ പത്രപ്രവർത്തകരായി മാറിയിട്ടുമുണ്ട്. മീറ്റിംഗ് കഴിഞ്ഞതോടെ എല്ലാവരും ജോൺ എഫ്. കെന്നഡി ജൂനിയറിനെക്കുറിച്ചുള്ള സകലമാന വിവരങ്ങളും തപ്പിയെടുക്കുന്ന തിരക്കിലായി.
*** *** ***
ടൈംസ് സ്‌ക്വയറിൽ നിന്നും ഏതാനും കെട്ടിടങ്ങൾക്കകലെ 47-ാം സ്ട്രീറ്റിൽ സെന്റ് വിൻസെന്റ് ഡി പോൾ സമുച്ചയത്തിലാണ് 'റീച്ചിംഗ് അപ്പി'ന്റെ ഓഫീസ്. കെന്നഡി ജൂനിയർ 1989 മുതൽ ആരംഭിച്ച, വികലാംഗരെ സഹായിക്കാനും പാവപ്പെട്ട തൊഴിലാളികളെ വിദ്യ അഭ്യസിപ്പിക്കാനും, അവർക്ക് തൊഴിൽ അവസരങ്ങളുണ്ടാക്കാനുമുള്ള ലാഭേച്ഛയില്ലാത്ത ഗ്രൂപ്പാണ് റീച്ചിംഗ് അപ്പ്. വേൾഡ് ടൈംസിന്റെ റിപ്പോർട്ടർ എത്തുമ്പോഴേയ്ക്കും ഒട്ടുമിക്ക പത്രക്കാരും ടിവി ചാനലുകാരും എത്തിക്കഴിഞ്ഞിരുന്നു.
ദീർഘവൃത്താകൃതിയുള്ള മേശക്കു സമീപം തന്റെ കസേരയിൽ നിന്നും ജിം ഈസ്റ്റുമാൻ എഴുന്നേറ്റു. അങ്ങേയറ്റത്തെ നിരാശയും ദുഃഖവും ദേഷ്യവും ഉള്ളിലൊതുക്കാൻ ആ മനുഷ്യൻ വല്ലാതെ പാടുപെടുന്നുണ്ട്.
സോറി... ഞങ്ങളുടെ നേതാവ് കെന്നഡി ജുനിയറിനേയും കുടുംബത്തേയും ഇനി ജീവനോടെ കാണണമെങ്കിൽ എന്തെങ്കിലും മിറാക്കിൾ സംഭവിക്കണം. ഇത് ഭരണകൂടത്തിന്റെ പിടിപ്പുകേടാണ്. കെന്നഡി കുടുംബത്തെ ഇല്ലായ്മചെയ്യാൻ വൻ ഗൂഢാലോചന നടന്നിട്ടുണ്ട്. മുൻകാല ചരിത്രം നോക്കൂ: 1963ൽ പ്രസിഡന്റായിരുന്ന കെന്നഡിയെ കൊന്നു. കെന്നഡിയുടെ ഘാതകൻ ലീ ഹാർവി ഓസ്വാൾഡ് ഒരു ബലിയാടാണെന്നും അതിന്റെ പിന്നിൽ ക്യൂബൻ മാഫിയ ആണെന്നും ഞങ്ങൾ വിശ്വസിക്കുന്നു.
തുടർന്ന് 1968ൽ ജോൺ എഫ്. കെന്നഡിയുടെ സഹോദരനും യുഎസ് സെനറ്ററുമായ റോബർട്ട് എഫ്. കെന്നഡി കാലിഫോർണിയയിലെ പ്രൈമറി ഇലക്ഷൻ ജയിച്ച് ഏതാനും മണിക്കൂറുകൾക്കകം കൊല്ലപ്പെട്ടു. 1984ൽ റോബർട്ട് എഫ്. കെന്നഡിയുടെ 28 വയസ് മാത്രം പ്രായമുള്ള മകൻ ഡേവിഡിനെ ഫ്‌ളോറിഡയിലെ ഹോട്ടലിൽ മരിച്ച നിലയിൽ കാണപ്പെട്ടു.
ഒരു മാഫിയാ ഗ്രൂപ്പാണിതിനുപിന്നിൽ എന്നതിൽ സംശയമില്ല. ക്യൂബൻ വിപ്ലവത്തിൽ നഷ്ടപ്പെട്ട ഹോട്ടലുകളും കാസിനോകളും തിരികെ വേണമെന്ന് ആഗ്രഹിച്ച അവർ തനി ഭ്രാന്തന്മാരായിരുന്നു. ജെ.എഫ്.കെയുടെ സഹോദരൻ അറ്റോർണി ജനറൽ റോബർട്ട് കെന്നഡി അവരെ ജയിലിലടച്ചു. അതോടെ അവരുടെ വാശി ഏറിയേറിവന്നു. ഇപ്പോഴിതാ ന്യൂയോർക്ക് ഗവർണർ സ്ഥാനത്തേക്ക് മത്സരിച്ചുകൊണ്ട് പൊതുരംഗത്ത് സജീവമാകുകയായിരുന്നു. അതിന്‌ശേഷം അദ്ദേഹത്തെ അമേരിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥിയാക്കുമെന്നു ഞങ്ങൾക്കുറുപ്പുണ്ടായിരുന്നു. എല്ലാം തകർത്തില്ലെ ആ ചെന്നായ്ക്കൂട്ടം.
പൊടുന്നനെ ഹാൾ ഇരുളിലാണ്ടു. കറന്റ് പോയി. ഉടൻ ജനറേറ്റർ പ്രവർത്തിപ്പിക്കാൻ ശ്രമിച്ചെങ്കിലും എന്തോ സാങ്കേതിക തടസം. ഉടൻ വലിയ രണ്ടുമൂന്നു മെഴുകുതിരികൾ കത്തിച്ച് അതാതു സ്റ്റാന്റുകളിൽ വച്ചതോടെ മങ്ങിയ പ്രകാശം പരന്നു. പിന്നെ ദീർഘിപ്പിക്കാതെ പത്രസമ്മേളനം അവസാനിപ്പിക്കുകയായിരുന്നു.
*** *** ***
കെന്നഡി ജൂനിയർ പറത്തിയത് പൈപ്പർ എയർക്രാഫ്റ്റ് കമ്പനിയുടെ മെച്ചപ്പെട്ട ഏവിയോണിക്‌സ്, സിംഗിൾ എഞ്ചിനിൽ പ്രവർത്തിക്കുന്ന ആറ് സീറ്റുള്ള വിമാനമായിരുന്നു. രാത്രി 8:38ന് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷൻ വിമാനത്തിന് പറന്നുയരാൻ അനുമതി നൽകി. ഒരു മണിക്കൂറിന്‌ശേഷം, മാർത്താസ് വൈൻയാർഡ് വിമാനത്താവളത്തിൽ നിന്ന് 17 മൈൽ അകലെ, അത് അവസാനമായി റഡാറിൽ കാണപ്പെട്ടു.
കനത്ത മൂടൽമഞ്ഞിലൂടെ പറക്കുമ്പോൾ വിമാനത്തിന്റെ ദിശ തെറ്റി. അതൊടുവിൽ താഴേക്ക് വളഞ്ഞുപുളഞ്ഞ് അറ്റ്‌ലാന്റിക് സമുദ്രത്തിൽ മുങ്ങിപ്പോയി. കേവലം 30 സെക്കൻഡിനുള്ളിൽ വിമാനം സമുദ്രത്തിലേക്ക് വീണതുൾപ്പടെയുള്ള വാർത്തയുമായി വേൾഡ് ടൈംസിന്റെ റിപ്പോർട്ടർ, ബ്യൂറോ ചീഫിന്റെ മുന്നിലെത്തി. കെന്നഡി ജൂനിയറും അദ്ദേഹത്തിന്റെ ഭാര്യ കരോലിൻ ബെസെറ്റ് കെന്നഡിയും ഭാര്യ സഹോദരി ലോറൻ ബെസെറ്റുമാണ് ആ വിമാനത്തിലുണ്ടായിരുന്നത്.
വിമാനം ഏകദേശം 1,100 അടി ഉയരത്തിലായിരുന്നു, പൊടുന്നനെ അത് മണിക്കൂറിൽ 53 മൈൽ വേഗതയിൽ താഴേക്ക് വീണു. ഫോട്ടോഗ്രാഫർ എടുത്ത ചിത്രങ്ങളും കൂടെയുണ്ട്. അത് റോബിൻസ് എന്ന കോപ്പി ബോയ് ജോർജ് ലൂക്കാസിനെ കാണിച്ച് അംഗീകാരം വാങ്ങുന്നു. പിന്നെ ആർക്കേവീസിലെ കമ്പ്യൂട്ടർ ശേഖരത്തിൽനിന്നും അതീവ സൂഷ്മതയോടെ ചിലത് സെലക്ട് ചെയ്യുകയാണ്. പതിവ് ചിത്രങ്ങളല്ലാതെ അയാൾ ഉദ്ദേശിക്കുന്ന തരത്തിലുള്ള അപൂർവ്വ ചിത്രങ്ങളൊന്നും അതിലില്ല.
പക്ഷേ, റോബിൻസ് നിരാശനായില്ല. ഇനിയും കമ്പ്യൂട്ടറിൽ കയറ്റാത്ത ചില പഴയ ആൽബങ്ങൾ അറ്റത്തുള്ള മുറിയിൽ കിടക്കുന്ന കാര്യം അയാൾ ഓർമ്മിച്ചു. അവിടെയെത്തി അരിച്ചുപെറുക്കാൻ തുടങ്ങി. അടുത്തകാലത്തൊന്നും ആ മുറിയിൽ ആരും പ്രവേശിച്ചിട്ടില്ലെന്നു കണ്ടാലറിയാം.
അതിനിടയിൽ നിന്നും 1963 നവംബർ 25ന്, പ്രസിഡന്റ് കെന്നഡി കൊല്ലപ്പെട്ട് മൂന്ന് ദിവസം കഴിഞ്ഞ്, മൂന്ന് വയസ്സുള്ള ജോൺ എഫ്. കെന്നഡി ജൂനിയർ തന്റെ പിതാവിന്റെ ശവകുടീരത്തിന് സെല്യൂട്ട് അർപ്പിക്കുന്നു, വിധവ ജാക്വലിൻ കെന്നഡി, മകൾ കരോലിൻ കെന്നഡി എന്നിവർക്കൊപ്പം, അന്തരിച്ച പ്രസിഡന്റിന്റെ സഹോദരന്മാരായ സെനറ്റർ എഡ്വേർഡ് കെന്നഡിയും അറ്റോർണി ജനറൽ റോബർട്ട് കെന്നഡിയും ഒപ്പമുള്ള ആ ചിത്രം..!
അത് ആരേയും പിടിച്ചുലക്കുന്നതാണെന്ന് അയാൾക്ക് തോന്നി.
ആളനക്കമില്ലാതെ പൊടിപിടിച്ചുകിടക്കുന്ന മറ്റൊരു ഷെൽഫ് തുറക്കുന്നതിനിടയിൽ ഒരു ഫയൽ അയാളുടെ ശ്രദ്ധയിൽപെട്ടു. അമേരിക്കയുടെ ഏറ്റവും ചെറുപ്പക്കാരനും ഏറ്റവും സുന്ദരനുമായ പ്രസിഡന്റ് ജോൺ എഫ്. കെന്നഡിയും മർലിൻ മൺറോയും തമ്മിലെന്ത്..? മർലിന്റെ മരണം കൊലപാതകമോ..? ആകാംക്ഷയോടെ റോബിൻസ് പൊടി തട്ടി അത് തുറന്നു നോക്കി.
1964 ഏപ്രിൽ എന്ന് ചുവന്ന മഷികൊണ്ട് എഴുതിയ ഭാഗം അയാൾ ശ്രദ്ധിച്ചു. അകാലത്തിൽ മരണത്തെ പുൽകിയ ഈ കാമമോഹിനിയുടെ ജീവിത കഥ തികച്ചും ആവേശഭരിതവും അസാധാരണത്വം നിറഞ്ഞതുമാണ്.
അതേസമയം അനാഥയായ ഒരു സൗന്ദര്യത്തിടമ്പിന്റെ ദുരന്ത കഥയും. സ്‌ത്രൈണ ലൈംഗീകതയുടെ പ്രതിരൂപമായി അമേരിക്കൻ സിനിമ കൊണ്ടാടുന്ന മർലിൻ എന്ന അപ്‌സരസിന്റെ കഥ. അത് വല്ലാത്തൊരു കഥ തന്നെയെന്ന് റോബിൻസിന് തോന്നി.
അതിനടുത്തുതന്നെ മർലിന്റെ കവർ ചിത്രമുള്ള 1956 മേയ് 14ലെ ടൈം മാഗസിനുമുണ്ടായിരുന്നു.
മർലിനെക്കുറിച്ച് അതിൽ ഇങ്ങനെ എഴുതിയിരിക്കുന്നു:
'ലക്ഷോപലക്ഷം ജനങ്ങൾക്ക് മർലിൻ മജ്ജയും മാംസവുമുള്ള സുന്ദരി എന്നതിനേക്കാൾ ഒരു മിഥ്യയാണ്..! ഒരിക്കലും തൃപ്തി പകരാത്ത ആകർഷിച്ചു ഭ്രാന്തു പിടിപ്പിക്കുന്ന ഒരു ഫാന്റസി.'
മാഗസിന്റെ തൊട്ടുതാഴെയിരുന്ന ടൈപ്പ് ചെയ്ത പേജുകൾ റോബിൻസ് ഒന്നോടിച്ചു നോക്കി.
ജോൺ കെന്നഡിയും മർലിൻ മൺറോയും വിവാഹിതരാകാൻ തീരുമാനിച്ചിരുന്നെന്നാണ് അതിൽ കണ്ടത്. വിവാഹത്തിന് വഴിയൊരുക്കാൻ ഭാര്യ ജാക്വലിൻ കെന്നഡിയുമായുള്ള ബന്ധം വേർപെടുത്താൻ പോലും ജോൺ കെന്നഡി തയ്യാറായിരുന്നുവത്രെ..!
ജോൺ കെന്നഡിക്ക് മർലിൻ ഒരു ദൗർബല്യമായിരുന്നു. മർലിന്റെ മനോഹരമായ തുടുത്ത കവിളിലും കൈത്തണ്ടയിലും നുള്ളി രസിക്കുന്നത് കെന്നഡിയ്ക്ക് ഏറെ രസമായിരുന്നത്രെ. രാത്രിമുഴുവൻ മർലിനുമായി ഫോണിൽ സരസഭാഷണം നടത്താറുണ്ടെന്നും അപവാദങ്ങൾ ഉയരുന്നുണ്ട്. അതിനിടയിലാണ് ജോണിന്റെ സഹോദരൻ റോബർട്ട് കെന്നഡിയും മർലിന്റെ പ്രണയം കാംക്ഷിച്ചെത്തിയത്. ഇവരിലാരോടായിരുന്നു മർലിന് പ്രണയമെന്നത് ദുരൂഹമാണ്. അങ്ങിനെ ഏറെ അസ്വസ്ഥതകൾക്കിടയിൽ മർലിൻ ഉഴറി നടക്കുന്ന കാലം.
ആർഥർ മില്ലറുമായുള്ള മർലിന്റെ ബന്ധം തകർന്നതിനു തൊട്ടടുത്ത വർഷം. അപ്പോഴേയ്ക്കും ഉറക്കഗുളികകൾക്ക് അടിമയായിത്തീർന്നു മർലിൻ. സിനിമാസെറ്റുകളിൽ വൈകിയെത്തുന്നത് പതിവായി. ചില സിനിമകൾ മുടങ്ങി. അതുകഴിഞ്ഞ് കഷ്ടിച്ച് രണ്ടുമാസം കഴിയുംമുമ്പ് 1962 ഓഗസ്റ്റ് അഞ്ചിനായിരുന്നു അവളുടെ മരണം.
ഓഗസ്റ്റ് അഞ്ചാം തിയതി മർലിന് രണ്ട് അപ്പോയ്‌മെന്റുകളുണ്ടായിരുന്നു. ഒന്ന് തന്റെ അഭിഭാഷകനുമായുള്ള കൂടിക്കാഴ്ച. മറ്റൊന്ന് ഒരു പത്രസമ്മേളനം. ആ പത്രസമ്മേളനത്തിൽ കെന്നഡിമാരുമായുള്ള തന്റെ ബന്ധം വിശദമാക്കാൻ മർലിൻ തീരുമാനിച്ചിരുന്നെന്ന് അടുത്ത സുഹൃത്തുക്കൾ പറയുന്നു. ആ വിവരമെല്ലാം മർലിന് പ്രിയപ്പെട്ട ചുവന്ന ഡയറിയിൽ കുറിച്ചിട്ടിട്ടുമുണ്ടായിരുന്നു. കെന്നഡിമാർ തന്നെ ഉപയോഗിച്ചതിനു ശേഷം ഉപേക്ഷിച്ചു എന്നു മർലിൻ പലരോടും പറഞ്ഞിരുന്നു. പക്ഷേ, മർലിൻ, റോബർട്ട് കെന്നഡിയെയായിരുന്നു യഥാർത്ഥത്തിൽ സ്‌നേഹിച്ചിരുന്നതെന്നും ഇരുവരും വിവാഹം കഴിക്കാൻ തീരുമാനിച്ചിരുന്നതുമാണത്രെ.
ഭാവിയിൽ റോബർട്ട് അമേരിക്കയുടെ പ്രസിഡന്റായി സത്യവാചകം ചൊല്ലുമ്പോൾ പ്രഥമവനിതയായി താനിരിക്കുന്നത് നിങ്ങൾക്കു കാണാമെന്ന് മെർലിൻ ഉറ്റസുഹൃത്തുക്കളോട് പറഞ്ഞിരുന്നു. എന്നാൽ ഇവരുടെ വിവാഹം മുടക്കാൻ പ്രസിഡന്റ് കെന്നഡി ഗുണ്ടകളെ നിയോഗിച്ചെന്നും അവരാണ് മർലിനെ അപായപ്പെടുത്തിയതെന്നും പറയുന്നുണ്ട്.
കെന്നഡിമാരെക്കുറിച്ച് ആവശ്യത്തിലേറെ അറിയാവുന്ന മർലിൻ അവ പ്രസിദ്ധപ്പെടുത്തുമെന്ന് ഭയന്ന് എഫ്.ബി.ഐ. ആണ് വധം നടത്തിയതെന്നും കഥയുണ്ട്. കെന്നഡിമാർ മാത്രമല്ല, രാജ്യത്തെ ഉന്നതന്മാർ പലരും മർലിനെ ഭയപ്പെട്ടിരുന്നുവത്രെ. അവരെല്ലാം ഇക്കാര്യത്തിൽ കെന്നഡിമാരെ പിന്തുണക്കുകയായിരുന്നുവെന്നും പറയപ്പെടുന്നു.
ജിജ്ഞാസയോടെ ഫയലിൽ ശ്രദ്ധപൂണ്ടിരുന്ന റോബിൻസിന്റെ വലതുകാലിൽ ഷാക്കടിക്കുന്നത്‌പോലെ എന്തോ ഒന്ന്. ഞെട്ടിത്തിരിഞ്ഞ് അയാൾ തറയിലേക്ക് നോക്കി.
(തുടരും)
ജോഷി ജോർജ്
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1