ആമസോണ്‍ മഴക്കാടുകള്‍ ഭൂമിയ്‌ക്കൊരു കവചമാണ്. കാര്‍ബണ്‍ ബഹിര്‍ഗമനത്തില്‍ നിന്ന് രക്ഷാ കവചം ഒരുക്കുന്നതില്‍ വലിയ പങ്ക് വഹിക്കുന്നുമുണ്ട്. പച്ചപ്പ് നിറഞ്ഞ ഈ പ്രദേശം കൂടുതല്‍ കാലം തനതുരൂപത്തിലുണ്ടാകില്ല. പതിനായിരക്കണക്കിന് മരങ്ങള്‍ മുറിച്ചുമാറ്റി വനത്തെ പിളര്‍ത്തി നാലുവരിപ്പാത വരാന്‍ പോകുകയാണെന്നാണ് പുതിയ വിവരം. എന്തിനാണ് വീതിയേറിയ ഈ റോഡ് നിര്‍മിക്കുന്നത് എന്ന ചോദ്യത്തിനുള്ള മറുപടിയാണ് ഏറെ കൗതുകം തോന്നുന്നത്.
ഈ വര്‍ഷത്തെ കാലാവസ്ഥാ ഉച്ചകോടി നടക്കാന്‍ പോകുന്നത് ബ്രസീലിലെ ബേലം നഗരത്തിലാണ്. ലോക രാഷ്ട്ര നേതാക്കളും പ്രമുഖരും ഉള്‍പ്പെടെ 50000 ത്തോളം പേര്‍ പങ്കെടുക്കുന്ന പ്രധാന സമ്മേളനമാണിത്. നഗരത്തിലേക്ക് എത്താനുള്ള എളുപ്പ വഴി ഒരുക്കുകയാണ് ആമസോണ്‍ കാടുകളിലൂടെ. ഇതുമൂലം ഉണ്ടാകാന്‍ സാധ്യതയുള്ള പ്രകൃതി ശോഷണം പാടേ അവഗണക്കപ്പെടുന്നു എന്ന വിമര്‍ശനം ഇപ്പോള്‍ തന്നെ ഉയര്‍ന്നുകഴിഞ്ഞു.
വരുന്ന നവംബറിലാണ് കാലാവസ്ഥ ഉച്ചകോടി ബ്രസീലിയന്‍ നഗരത്തില്‍ നടക്കാന്‍ പോകുന്നത്. നഗരത്തിലെ ഗതാഗത കുരുക്ക് കുറയ്ക്കാനാണ് പുതിയ പാത. 14 കിലോമീറ്ററോളം ദൂരത്തില്‍ നിര്‍മിക്കുന്ന റോഡിന് വേണ്ടി നിരവധി കൂറ്റന്‍ മരങ്ങള്‍ മുറിച്ച് മാറ്റിക്കഴിഞ്ഞു. വനനശീകരണം നടത്തിയാണോ കാലാവസ്ഥ ഉച്ചകോടി സംഘടിപ്പിക്കുന്നത് എന്ന ചോദ്യം പല കോണില്‍ നിന്നും ഉയരുന്നുണ്ട്.
ഹൈവേ നിര്‍മാണം സുസ്ഥിരമായതും നേട്ടമുള്ളതുമാണ് എന്നാണ് സര്‍ക്കാര്‍ വിശദീകരണം. എന്നാല്‍ പരിസ്ഥിതിക്ക് ദോഷമായി ബാധിക്കുമെന്ന് പ്രദേശവാസികളും പരിസ്ഥിതി പ്രവര്‍ത്തകരും ഒരേ സ്വരത്തില്‍ പറയുന്നു. വന നശീകരണം കാലാവസ്ഥ ഉച്ചകോടിയുടെ പേരില്‍ തന്നെ നടക്കുന്നു എന്നതാണ് വിരോധാഭാസം. കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കുന്നത് ഉള്‍പ്പെടെ പ്രധാന വിഷയങ്ങളാണ് ഉച്ചകോടിയില്‍ ചര്‍ച്ച ചെയ്യുക.
കാര്‍ബണ്‍ ബഹിര്‍ഗനം പരിധി വിടുന്നതിലൂടെ അന്തരീക്ഷത്തില്‍ ചൂട് കൂടിവരുമെന്നും കാര്‍ബണ്‍ തോത് കുറയ്ക്കണമെന്നും കഴിഞ്ഞ കാലാവാസ്ഥ ഉച്ചകോടികളില്‍ ചര്‍ച്ച നടന്നിരുന്നു. വ്യവസായത്തിന് ഊന്നല്‍ നല്‍കുന്ന വന്‍കിട രാജ്യങ്ങള്‍ കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കുന്നതില്‍ മുന്നില്‍ നില്‍ക്കണം എന്നും ആവശ്യം ഉയര്‍ന്നിരുന്നു. ഇക്കാര്യത്തില്‍ സമവായമുണ്ടാക്കാനുള്ള ശ്രമങ്ങളും സജീവമാണ്.
അതേസമയം, ആമസോണ്‍ മേഖലയില്‍ കാലാവസ്ഥാ ഉച്ചകോടി നടക്കാന്‍ പോകുന്നു എന്നതാണ് ബ്രസീല്‍ ഉയര്‍ത്തിക്കാട്ടുന്ന കാര്യം. കാലാവസ്ഥ ഉച്ചകോടി ആമസോണിനെ കുറിച്ചല്ല, പകരം ആമസോണിലാണ് നടക്കുക എന്ന് ബ്രസീല്‍ പ്രസിഡന്റും പരിസ്ഥിതി മന്ത്രിയും പറയുന്നു. ആമസോണിന്റെ ആവശ്യകത യോഗത്തില്‍ ചര്‍ച്ചയാകും. അത് എങ്ങനെയാണ് ബ്രസീല്‍ സര്‍ക്കാര്‍ സംരക്ഷിക്കുന്നത് എന്നതും- ബ്രസീല്‍ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുലഡാ സില്‍വ പറഞ്ഞു.
റോഡ് മാത്രമല്ല, ഇനി ഹോട്ടലുകളും നിര്‍മിക്കാന്‍ പോകുകയാണ് സര്‍ക്കാര്‍. മേഖലയിലെ തുറമുഖം നവീകരിക്കാനും പദ്ധതിയുണ്ട്. ഉച്ചകോടിക്ക് എത്തുന്ന വിദേശികള്‍ക്ക് യാതൊരു അസൗകര്യവും തോന്നരുത് എന്ന ലക്ഷ്യത്തോടെയാണിതെല്ലാം. മഴക്കാടുകളിലൂടെ റോഡ് നിര്‍മിക്കുന്ന പദ്ധതി 2012 ല്‍ ചര്‍ച്ചയ്ക്ക് വന്നിരുന്നു എങ്കിലും പല കാരണങ്ങളാല്‍ നടന്നില്ല. ഇപ്പോള്‍ ഉച്ചകോടിയുടെ പേരിലാണ് റോഡ് നിര്‍മാണം സജീവമാക്കിയിരിക്കുന്നത്.
81 ദശലക്ഷം ഡോളര്‍ ചെലവില്‍ നഗരത്തിലെ വിമാനത്താവളം വിപുലീകരിക്കും. അഞ്ച് ലക്ഷം ചതുരശ്ര അടിയില്‍ പാര്‍ക്ക് നിര്‍മാണം പുരോഗമിക്കുന്നുണ്ട്. റസ്റ്ററന്റുകള്‍, കളിസ്ഥലം, ഗ്രീന്‍ സ്പേസ് എന്നിവയെല്ലാം പാര്‍ക്കിലുണ്ടാകും. കാലാവസ്ഥ ഉച്ചകോടിയും അതുമായി ബന്ധപ്പെട്ട് സാധ്യതയുള്ള സന്ദര്‍ശകരെയും ലാഭമുണ്ടാക്കാനുള്ള അവസരമായി കാണുന്ന വ്യവസായികളും നിരവധിയാണ്.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1