ആ 20കാരന്‍ ആരാണ്? എന്തിനായിരിക്കും ഇങ്ങനെയൊരു സാഹസത്തിന് മുതിര്‍ന്നത്?

JULY 16, 2024, 7:23 PM

മുന്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ വെടിവെച്ച ഇരുപതുകാരനായ തോമസ് മാത്യു ക്രൂക്‌സിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. സ്‌കൂളില്‍ കണക്കില്‍ മിടുക്കനായ നിരവധി സമ്മാനങ്ങള്‍ വാരിക്കൂട്ടിയ വിദ്യാര്‍ത്ഥിയാണ് ക്രൂക്‌സ് എന്നാണ് യു.എസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മാത്രമല്ല ക്ലാസില്‍ വളരെ നിശബ്ദനായിരുന്നുവെന്നും സഹപാഠികള്‍  പറയുന്നു. എന്നാല്‍ ഇതുവരെ രാഷ്ട്രീയത്തെക്കുറിച്ചോ ട്രംപിനെക്കുറിച്ചോ ഒന്നും സംസാരിക്കുക പോലും ചെയ്തിട്ടില്ലെന്ന് സഹപാഠികള്‍ പറയുന്നു.

തോമസ് മാത്യു ക്രൂക്‌സ് എപ്പോഴും ഭീഷണിപ്പെടുത്തി സംസാരിക്കാറുണ്ടെന്ന് അക്രമിയ്‌ക്കൊപ്പം പഠിച്ച ജേസണ്‍ കോഹ്ലര്‍ പറഞ്ഞു. മാത്യു ക്രൂക്ക്സ് സ്‌കൂള്‍ പഠനകാലത്ത് ശാന്ത സ്വഭാവക്കാരനായിരുന്നു. മിക്കപ്പോഴും ഇയാള്‍ ഒറ്റയ്ക്കായിരുന്നു. ഏകാകിയായ ക്രൂക്‌സ് ഒരിക്കലും രാഷ്ട്രീയ വിഷയങ്ങള്‍ ചര്‍ച്ചചെയ്തിരുന്നതായി ഓര്‍ക്കുന്നില്ലെന്നും സഹപാഠികള്‍ പറഞ്ഞു. സ്‌കൂള്‍കാലത്ത് ക്രൂക്ക്സ് ഏറെ പരിഹാസവും ഉപദ്രവവും നേരിട്ടിട്ടുണ്ടെന്നാണ് മറ്റൊരു സഹപാഠിയുടെ വെളിപ്പെടുത്തല്‍. പലപ്പോഴും ധരിച്ചിരുന്ന വസ്ത്രങ്ങളുടെ പേരിലാണ് ഇയാളെ മറ്റുള്ളവര്‍ പരിഹസിച്ചിരുന്നത്. മധ്യവര്‍ഗ കുടുംബത്തില്‍പ്പെട്ട ക്രൂക്ക്സ് ഒരു നഴ്സിങ് ഹോമിലാണ് ജോലിചെയ്തിരുന്നത്.

അക്രമം നടന്നതിന് ശേഷം അന്വേഷകര്‍ ക്രൂക്‌സിന്റെ കാറില്‍ നിന്നും സംശയാസ്പദമായ ഒരു വസ്തു കണ്ടെത്തിയിരുന്നു. ബോംബ് സ്‌ക്വാഡ് അത് പരിശോധിച്ച് വരികയാണ്. ക്രൂക്സിന്റെ ഫോണ്‍ കണ്ടെത്താനുള്ള നീക്കത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍. എ.ആര്‍-15 സെമി ഓട്ടോമാറ്റിക് റൈഫിള്‍ ഉപയോഗിച്ചാണ് തോമസ് മാത്യു ക്രൂക്‌സ് ട്രംപിന് നേരെ നിറയൊഴിച്ചത്. റാലി നടന്ന സ്ഥലത്ത് നിന്ന് 200 മീറ്റര്‍ ദൂരെയുള്ള ഒരു കെട്ടിടത്തിന്റെ മേല്‍ക്കൂരയിലായിരുന്നു ഇയാള്‍ ഉണ്ടായിരുന്നത്. നിരവധി തവണ ഇയാള്‍ വെടിയുതിര്‍ത്തതായി ദൃക്‌സാക്ഷികള്‍ പറഞ്ഞിരുന്നു. ഇതിലൊന്നാണ് ട്രംപിന്റെ വലതു ചെവിയുടെ മുകള്‍ ഭാഗത്ത് കൊണ്ടത്. തലനാരിഴ വ്യത്യസത്തിലാണ് ട്രംപ് രക്ഷപ്പെട്ടത്. തോമസ് മാത്യു ക്രൂക്‌സിനെ ഉടന്‍ സീക്രട്ട് സര്‍വീസ് സംഘം വെടിവെച്ച് കൊലപ്പെടുത്തിയിരുന്നു. മുറിവേറ്റ ട്രംപിനെ ഉടന്‍ തന്നെ ആശുപത്രിയിലേക്കും മാറ്റി.

പ്രതിയുടെ വോട്ടര്‍ രജിസ്ട്രേഷന്‍ കാര്‍ഡ് അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു. റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാരനായാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 2003 സെപ്റ്റംബര്‍ 20 നാണ് ജനന തീയതി. അങ്ങനെയെങ്കില്‍ ഈ വരുന്ന നവംബര്‍ അഞ്ചിലെ തിരഞ്ഞെടുപ്പില്‍ കന്നിവോട്ട് ചെയ്യേണ്ടയാളായിരുന്നു ക്രൂക്‌സ്. സമീപ വര്‍ഷങ്ങളിലായി തീവ്ര ആശയങ്ങളുടെ വളര്‍ച്ചയാണ് അമേരിക്ക ഉള്‍പ്പെടെയുള്ള ലോക രാജ്യങ്ങള്‍ നേരിട്ട് കൊണ്ടിരിക്കുന്ന ഭീഷണിയെന്ന് ന്യൂയോര്‍ക്ക് ടൈംസ് ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കൂണുപോലെ മുളച്ചുവരുന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളും ഡാര്‍ക്ക് വെബും ഗെയിമിങ് പ്ലാറ്റ്ഫോമുകളും യുവതലമുറയെ പ്രതികൂലമായി സ്വാധീനിക്കുന്നുണ്ട്. തെറ്റായ വിവരങ്ങളുടെയും, ഗൂഢാലോചന സിദ്ധാന്തങ്ങളുടെയും പ്രചാരണം, അവിശ്വാസം, അക്രമ പ്രവര്‍ത്തനങ്ങളുടെ പ്രോത്സാഹനം എന്നിവയ്ക്ക് ഇത് ആക്കം കൂട്ടാന്‍ കാരണമായിട്ടുണ്ട്.

തോമസ് മാത്യു ക്രൂക്സിന്റെ മാതാപിതാക്കളായ മാത്യുവും മാരി ക്രൂക്സും സര്‍ട്ടിഫൈഡ് ബിഹേവിയര്‍ കൗണ്‍സിലര്‍മാരാണ്. നടന്നതെന്താണെന്ന് പൂര്‍ണമായി ഉള്‍ക്കൊള്ളാന്‍ കഴിയാത്തതിന്റെ ഞെട്ടലിലാണ് ഇപ്പോഴും മാതാപിതാക്കള്‍. ഇങ്ങനെയൊരു ആക്രമണം നടത്താനുള്ള കാരണമെന്താണെന്നതിനെക്കുറിച്ച് യാതൊരു ഊഹവുമില്ലെന്ന് ക്രൂക്സിന്റെ ബന്ധുവും പ്രതികരിച്ചിരുന്നു. 2022-ല്‍ ക്രൂക്‌സ് ബെഥേല്‍ പാര്‍ക്ക് ഹൈസ്‌കൂളില്‍ നിന്ന് സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയതായാണ് റിപ്പോര്‍ട്ട്. ദേശീയ മാത്സ് ആന്‍ഡ് സയന്‍സ് ഇനിഷ്യേറ്റീവില്‍ നിന്ന് 500 ഡോളറിന്റെ സ്റ്റാര്‍ അവാര്‍ഡും ക്രൂക്‌സിന് ലഭിച്ചിട്ടുണ്ട്. സഹപാഠികള്‍ക്കിടയില്‍ ശാന്ത സ്വഭാവമുള്ള, പഠനത്തിനും മറ്റും മികവ് പുലര്‍ത്തിയിരുന്ന വിദ്യാര്‍ത്ഥിയായിരുന്നു ഇയാള്‍. ഹൈസ്‌കൂള്‍ കൗണ്‍സിലര്‍ പറയുന്നതനുസരിച്ച് സഹാനുഭൂതിയോടെ പെരുമാറിയിരുന്ന എന്നാല്‍ അന്തര്‍മുഖനായ ക്രൂക്ക്‌സിന് രാഷ്ട്രീയത്തില്‍ അറിവോ, താല്‍പ്പര്യമോ ഇല്ലായിരുന്നു.

തോമസ് മാത്യു ക്രൂക്‌സിന്റെ സോഷ്യല്‍ മീഡിയ പ്രൊഫൈലുകളില്‍ വൈരാഗ്യമോ, അക്രമമോ പ്രോത്സാഹിപ്പിക്കുന്ന ഒന്നും തന്നെ കണ്ടെത്തിയിട്ടില്ല. മാനസികാരോഗ്യ പ്രശ്‌നങ്ങളുള്ളതായും വിവരം ലഭിച്ചിട്ടില്ല. സ്‌കൂള്‍ കാലഘട്ടത്തില്‍ തോമസ് റൈഫിള്‍ ടീമില്‍ ചേരാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ മോശം ഷൂട്ടറായതിനാല്‍ ടീമില്‍ ഇടം നേടാനായില്ലെന്ന് ടീമിന്റെ നിലവിലെ ക്യാപ്റ്റന്‍ വാര്‍ത്താ ഏജന്‍സിയായ എ.പിയോട് പറഞ്ഞു. കമ്പ്യൂട്ടറുകള്‍ നിര്‍മ്മിക്കുന്നതിലും ഗെയിമുകള്‍ കളിക്കുന്നതിലുമായിരുന്നു ക്രൂക്‌സിന് താല്‍പ്പര്യമെന്ന് സഹപാഠികളിലൊരാള്‍ പറഞ്ഞു.

അതേസമയം, ഡെമോക്രാറ്റുകള്‍ക്കുവേണ്ടി പണം സ്വരൂപിക്കുന്ന ഇടതുചായ്വുള്ള 'ആക്റ്റ് ബ്ലൂ' എന്ന സംഘടനയ്ക്ക് ഇയാള്‍ 15 ഡോളര്‍ സംഭാവന നല്‍കിയിട്ടുണ്ടെന്ന് 2021 ലെ ഫെഡറല്‍ ഇലക്ഷന്‍ കമ്മിഷന്‍ രേഖകളിലുണ്ട്. ഈ സമയം പ്രതിക്ക് കൗമാരപ്രായമായിരുന്നു. അതിനിടെ, താന്‍ ട്രംപിനും റിപ്പബ്ലിക്കന്‍സിനും എതിരാണെന്ന് തോമസ് മാത്യു പ്രഖ്യാപിക്കുന്ന തരത്തിലുള്ള വീഡിയോ സോഷ്യല്‍ മീഡയയില്‍ പ്രചരിക്കുന്നുണ്ട്. 'എന്റെ പേര് തോമസ് മാത്യു ക്രൂക്‌സ്. ഞാന്‍ റിപ്പബ്ലിക്കന്‍മാരെ വെറുക്കുന്നു, ഞാന്‍ ട്രംപിനെ വെറുക്കുന്നു'- ഇങ്ങനെയാണ് ക്രൂക്‌സ് ഒരു വീഡിയോയില്‍ പറഞ്ഞിട്ടുള്ളത്.

രാഷ്ട്രീയ അക്രമങ്ങള്‍ ജനാധിപത്യത്തിന് നേരെ ഉയര്‍ത്തുന്ന ഭീഷണികളെക്കുറിച്ച് അമേരിക്കക്കാര്‍ക്കുള്ള ഓര്‍മ്മപ്പെടുത്തലാണ് ഈ സംഭവമെന്ന് ന്യൂയോര്‍ക്ക് ടൈംസ് പറയുന്നു. അക്രമം ജനാധിപത്യത്തിന് വിരുദ്ധമാണ്. ബുള്ളറ്റുകളല്ല, ബാലറ്റുകളായിരിക്കണം എപ്പോഴും അമേരിക്കക്കാര്‍ തങ്ങളുടെ നിലപാടുകള്‍ പ്രഖ്യാപിക്കാനുള്ള മാര്‍ഗമായി തിരഞ്ഞെടുക്കേണ്ടത്. ഈ രാജ്യം നേരിടുന്ന വെല്ലുവിളിയെക്കുറിച്ച് അമേരിക്കക്കാര്‍ക്കും വ്യക്തതയുണ്ടായിരിക്കണം. അക്രമം അമേരിക്കന്‍ രാഷ്ട്രീയ ജീവിതത്തെ ബാധിക്കുകയും സ്വാധീനിക്കുകയും ചെയ്യുന്നു.

ഡൊണാള്‍ഡ് ട്രംപ് അതിജീവിച്ച വധശ്രമം ഒരു രാഷ്ട്രത്തിന്റെ ഇരുണ്ട വശമാണ് തുറന്നു കാണിക്കുന്നത്. സാംസ്‌കാരികവും രാഷ്ട്രീയവുമായ ധ്രുവീകരണം നേരിടുകയാണ് രാജ്യം. എളുപ്പത്തില്‍ ആളുകള്‍ക്ക് ലഭിച്ചു കൊണ്ടിരിക്കുന്ന തോക്കുകള്‍, പിടിമുറുക്കുന്ന ഇന്റര്‍നെറ്റ് ഇവയെല്ലാം തന്നെ അമേരിക്കയെ വീണ്ടും അന്ധകാരത്തിലേക്ക് തള്ളി വിടുകയാണ്. ട്രംപിന്റെ അജണ്ടകളെ അക്രമത്തിലൂടെ എതിര്‍ക്കരുതെന്നും ന്യൂയോര്‍ക്ക് ടൈംസ് ലേഖനത്തില്‍ പറയുന്നു.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam