2024ലെ ലോക്സഭ തിരഞ്ഞെടുപ്പ് ഫലം ബിജെപിയുടെ നെറുകംതലയില്‍ ഏറ്റ മുട്ടന്‍ അടിയായിരുന്നു. മോദിയുടെ 400ലധികം സീറ്റെന്ന അവകാശവാദത്തെയും 2019ലെ ഭൂരിപക്ഷത്തെയും തകര്‍ത്തെറിഞ്ഞ ഫലം. ഇത്തവണ കേവല ഭൂരിപക്ഷത്തിന് 32 സീറ്റുകളുടെ കുറവു വന്ന ബിജെപി സഖ്യകക്ഷികളെ കൂട്ടുപിടിച്ചാണ് സര്‍ക്കാര്‍ രൂപീകരിച്ചിരിക്കുന്നത്.
പുതുതായി അധികാരമേറ്റ മോദി 3.0 സര്‍ക്കാര്‍ സഖ്യ സര്‍ക്കാരാണെന്ന വസ്തുത കണക്കിലെടുക്കുമ്പോള്‍ അത് പഴയ രീതിയില്‍ തന്നെ പ്രവര്‍ത്തിക്കുമോ അതോ പുതിയ പ്രവര്‍ത്തന രീതി സ്വീകരിക്കുമോ എന്നതറിയാനാണ് രാജ്യം മുഴുവനും കാത്തിരിക്കുന്നത്. ഇനിയുള്ള മോദി ഭരണം എങ്ങനെ ആയിരിക്കാം, എന്തെല്ലാം മാറ്റങ്ങള്‍ സംഭവിക്കാം എന്നതിനെക്കുറിച്ച് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എന്‍ റാം ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലെ പ്രധാന സംഭവവികാസങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
ഇതാ തുടര്‍ച്ചയായി മൂന്നാം തവണയും മോദി സര്‍ക്കാര്‍ അധികാരമേറ്റിരിക്കുന്നു. ഭരണം മുന്‍ വ്യവസ്ഥകള്‍ പോലെ തന്നെ ആയിരിക്കുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? എന്തൊക്കെ മാറ്റങ്ങള്‍ക്ക് നമ്മള്‍ സാക്ഷ്യം വഹിക്കേണ്ടി വരും?
തീര്‍ച്ചയായും ഇനിയുള്ള ഭരണം കഴിഞ്ഞ 10 വര്‍ഷങ്ങളില്‍ നിന്ന് വളരെ വ്യത്യസ്തമായിരിക്കും. മോദി തന്റെ ആദ്യ ടേമില്‍ വന്നത് വികസനാധിഷ്ഠിത പരിപാടിയുമായാണ്. അന്ന് 32 ശതമാനം വോട്ട് വിഹിതം നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. തുടര്‍ന്ന്, 2019 ല്‍ പാര്‍ട്ടി വോട്ട് വിഹിതം 37 ശതമാനമായി ഉയര്‍ത്തി 303 സീറ്റുകള്‍ നേടി. എന്നാല്‍ പിന്നീട് അജണ്ട തന്നെ മാറി. രണ്ടാം ടേമിന്റെ അവസാനമായപ്പോഴേക്കും രാജ്യം കൂടുതല്‍ ആക്രമണാത്മകമായി. സാമുദായികമായ അക്രമണങ്ങളാണ് മോദി സര്‍ക്കാര്‍ അഴിച്ചുവിട്ടത്. പൗരത്വ ഭേദഗതി നിയമവും ആര്‍ട്ടിക്കിള്‍ 370 ഉം ഇന്ത്യ മുന്നണിയിലെ സഖ്യകക്ഷികള്‍ ഭരിക്കുന്ന സംസ്ഥാന സര്‍ക്കാരുകളോടുള്ള യുദ്ധവും ഇത്തവണ ജനവിധി മോദിക്കെതിരാക്കി.
അത് മാത്രമല്ല, പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍മാരെ ഉപയോഗിച്ച് നിയമനിര്‍മാണം തടയാന്‍ ശ്രമിച്ചു. പ്രമുഖ രാഷ്ട്രീയക്കാര്‍ക്കെതിരെ ഏജന്‍സികളെ അഴിച്ചുവിട്ടു. ശത്രുതാപരമായ രീതിയിലായിരുന്നു മോദി സര്‍ക്കാരിന്റെ പെരുമാറ്റം. എന്നാല്‍ ബിജെപിയെ എതിര്‍ക്കുന്ന പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് ഇനി രണ്ട് കാരണങ്ങളാല്‍ ആശ്വസിക്കാം. ആദ്യത്തേത് ചന്ദ്രബാബു നായിഡുവും രണ്ടാമത്തേത് നിതീഷ് കുമാറും തന്നെ. ഇരുവരും നേരത്തെ ബിജെപിയെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ആന്ധ്രാപ്രദേശിനും ബിഹാറിനും പ്രത്യേക പദവി നല്‍കണമെന്ന ആവശ്യവും ഉന്നയിച്ചിട്ടുണ്ടായിരുന്നു. ഇരുവരും അവരുടെ സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തിയിരുന്നു.
അതുകൊണ്ട് ഇരുവരുടെയും ബലത്തില്‍ മാത്രം നില്‍ക്കുന്ന മോദിക്കും അമിത് ഷായ്ക്കും ഇനി പഴയ രീതിയിലുള്ള ഭരണം ബുദ്ധിമുട്ടായിരിക്കും. പഴയ രീതിയില്‍ അവര്‍ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്ന് താന്‍ കരുതുന്നുവെന്നും അദ്ദേഹം പറയുന്നു. ശക്തനും അനുഭവസമ്പത്തുള്ള നേതാവുമാണ് ചന്ദ്രബാബു നായിഡു. സ്വന്തം ശക്തിയില്‍ വിജയിച്ച പാര്‍ട്ടിയാണ് ടിഡിപി. നിതീഷ് കുമാറിന്റെ ജെഡിയുവിന് ബിജെപിയുമായും മറ്റ് പാര്‍ട്ടികളുമായുള്ള സഖ്യത്തില്‍ സീറ്റുകള്‍ ലഭിച്ചിട്ടുണ്ട്. സര്‍ക്കാരിനുള്ളില്‍ വിലപേശല്‍ നടക്കും. കാരണം ടിഡിപിയിലും ജെഡിയുവിലും ഉള്ള മന്ത്രിമാര്‍ ഇനി ഡമ്മികളാകില്ല.
മാധ്യമങ്ങളുടെ കവറേജും എക്സിറ്റ് പോളുകളും
എക്സിറ്റ് പോളുകള്‍ എങ്ങനെയാണ് ഇത്രയും തെറ്റായി വന്നതെന്ന് തനിക്കറിയില്ലെന്നാണ് അദ്ദേഹം പറയുന്നത്. എക്സിറ്റ് പോളുകള്‍ യാഥാര്‍ത്ഥ്യത്തില്‍ നിന്ന് വളരെ അകലെയായിരുന്നു. സത്യസന്ധരായ പല മാധ്യമപ്രവര്‍ത്തകര്‍ വസ്തുതകളുമായി രംഗത്തെത്തിയിരുന്നു. എക്സിറ്റ് പോള്‍ ഫലങ്ങള്‍ വന്നതിന് ശേഷവും ദ ഹിന്ദുവില്‍ ബിജെപി 250-ല്‍ താഴെയാകും സീറ്റ് ലഭിക്കുകയെന്ന് വ്യക്തമാക്കിയിരുന്നു. വിശ്വസനീയമായ കണ്ടെത്തലുകളുമായി വന്നിരുന്ന ആക്സിസ് മൈ ഇന്ത്യയുടെ വരെ ഫലങ്ങള്‍ ഇത്തവണ പാളി.
സഖ്യ സര്‍ക്കാര്‍ ബിജെപി സര്‍ക്കാരിന് പുതിയ കാര്യമല്ല. 1998 മുതല്‍ 2004 വരെ അവര്‍ സഖ്യ സര്‍ക്കാരായിരുന്നു. എന്തുകൊണ്ടാണ് ഇത് മോദിക്ക് ബുദ്ധിമുട്ടുള്ള കാര്യമാകുന്നത്. ഇതുവരെ വലിയ വിജയം നേടിയിരുന്ന മോദിക്ക് ഗുജറാത്തിലോ കേന്ദ്രത്തിലോ ഒരു കൂട്ടുകെട്ട് കൈകാര്യം ചെയ്യുന്നതില്‍ വലിയ പരിചയമില്ല. സംഘപരിവാര്‍ ശക്തിപ്രാപിച്ചപ്പോഴാണ് വാജ്പേയി പ്രധാനമന്ത്രിയായത്. അദ്ദേഹം വളരെ പക്വതയുള്ള ഒരു രാഷ്ട്രീയക്കാരനായിരുന്നു. ബിജെപിയുടെ പ്രകടന പത്രികയില്‍ രാമക്ഷേത്രവുമായി ബന്ധപ്പെട്ട വിഷയം ഉണ്ടായിരുന്നില്ല.
എല്‍കെ അദ്വാനിയാണ് ഇക്കാര്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ശ്രമിച്ചത്. എന്നാല്‍ സഖ്യകക്ഷികള്‍ക്ക് അത് വേണ്ടാത്തതിനാല്‍ അന്ന് വലിയ എതിര്‍പ്പുണ്ടായി. വാജ്പേയി പ്രതിജ്ഞാബദ്ധനായിരുന്നു. എന്നാല്‍ നിങ്ങള്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയിരുന്നെങ്കില്‍ മറ്റുള്ളവരുടെ എതിര്‍പ്പ് കാര്യമാക്കേണ്ട കാര്യമില്ലായിരുന്നു. ബിജെപിയുടെ വോട്ട് വിഹിതം കുറഞ്ഞിരിക്കയാണണ്. സിഎസ്ഡിഎസ് സര്‍വേ പോലും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തോട് മോദി എങ്ങനെ പൊരുത്തപ്പെടുന്നു എന്ന് കണ്ടറിയണം. അതിനാല്‍ തന്നെ മോദി ഇനിമുതല്‍ മറ്റൊരു മോദി ആയിരിക്കുമെന്ന് താന്‍ കരുതുന്നുവെന്നും അദ്ദേഹം പറയുന്നു.
ബിജെപിക്ക് ഇനി എന്തൊക്കെ വിട്ടുവീഴ്ചകള്‍ ചെയ്യേണ്ടിവരും?
സിഎഎ, ഏകീകൃത സിവില്‍കോഡ് എന്നിവയ്ക്ക് ഇതോടെ അവസാനമാകും. അവ ഇനി അടിച്ചേല്‍പ്പിക്കാന്‍ കഴിയില്ല. ഇനി അവരെ ദേശവിരുദ്ധരായി കാണാനോ ശത്രുക്കളാക്കുവാനോ കഴിയില്ല.
ചന്ദ്രബാബു നായിഡുവിന്റെ മുന്നിലുള്ള വെല്ലുവിളികള്‍ എന്തൊക്കെയാണ്?
ചന്ദ്രബാബു നായിഡുവിനെ തനിക്ക് നന്നായി അറിയാം. തന്റെ പ്രശസ്തി, വിശ്വാസ്യത, മതേതരത്വം എന്നിവയെ വിലമതിക്കുന്ന വ്യക്തിയാണ് അദ്ദേഹം. അദ്ദേഹത്തിന് തന്റെ പ്രശസ്തി നിലനിര്‍ത്തേണ്ടിവരുമെന്ന് കരുതുന്നു. ആന്ധ്രാപ്രദേശില്‍ വലിയ വിജയമാണ് നായിഡുവിന് ലഭിച്ചത്. അദ്ദേഹത്തിന് തന്റെ പ്രശസ്തിയെ സംരക്ഷിച്ചേ മതിയാകൂ. എന്‍ഡിഎയില്‍ നിന്ന് അദ്ദേഹം പിന്മാറില്ല. എന്നാല്‍ അദ്ദേഹം പ്രശ്നങ്ങള്‍ ഉന്നയിക്കും. ആന്ധ്രാക്കാര്‍ അദ്ദേഹത്തോട് കണക്ക് ചോദിക്കും. ഇതു തന്നെയായിരിക്കും അദ്ദേഹത്തിന്റെ ഏറ്റവും വലിയ വെല്ലുവിളിയും.
അതിനാല്‍ തന്നെ മോദിയുടെയും അമിത് ഷായുടെയും ഗതി നിയന്ത്രിക്കുന്നതില്‍ അദ്ദേഹം വിജയിക്കുമോ എന്ന് കണ്ടറിയണം. വിഭജിക്കപ്പെട്ട തന്റെ സംസ്ഥാനത്തിന് പ്രത്യേക പദവി അദ്ദേഹം കേന്ദ്രത്തിനു മുമ്പാകെ ആവശ്യപ്പെടുമെന്നാണ് കരുതുന്നത്.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1