'മോദിയും അമേരിക്കയും ഒരുമിച്ച് പുരോഗതിയിലേക്ക്'  

AUGUST 28, 2024, 3:54 PM

യുഎസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന പരിപാടിയിലേക്ക് ഇതുവരെ രജിസ്റ്റര്‍ ചെയ്തത് ഇന്ത്യന്‍ വംശജരായ 24,000 പേര്‍. 'മോദിയും അമേരിക്കയും ഒരുമിച്ച് പുരോഗതിയിലേക്ക്' എന്ന് പേരിട്ടിരിക്കുന്ന പരിപാടി അടുത്ത മാസം 22 നാണ് നടക്കുന്നത്. കേവലം പതിനയ്യായിരം പേര്‍ക്ക് മാത്രം ഇരിക്കാന്‍ സാധിക്കുന്ന നസൗ വെറ്റരന്‍സ് മെമ്മോറിയല്‍ കൊളിസിയത്തിലാണ് പരിപാടി നടക്കുന്നത്.

ഇതിന് ശേഷം സെപ്റ്റംബര്‍ 26 ന് ഐക്യരാഷ്ട്ര പൊതുസഭയുടെ സമ്മേളനത്തെയും പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. 590 കമ്യൂണിറ്റി സംഘടനകള്‍ വഴിയാണ് മോദിയുടെ പരിപാടിയിലേക്ക് രജിസ്‌ട്രേഷന്‍ നടക്കുന്നത്. അമേരിക്കയുടെ നാനാ ഭാഗങ്ങളില്‍ ഇതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

അമേരിക്കയിലെ 42 സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ പരിപാടിയില്‍ പങ്കെടുക്കുമെന്നാണ് കരുതുന്നത്. പരിപാടിയിലേക്ക് പരമാവധി ആളുകളെ പങ്കെടുപ്പിക്കണമെന്നാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും പരിപാടിയുടെ സംഘാടകര്‍ വ്യക്തമാക്കി. സ്ഥലത്ത് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കും. ഇന്തോ-അമേരിക്കന്‍ സമൂഹത്തിന്റെ നാനാത്വം വിളിച്ചോതുന്ന വന്‍ പരിപാടിയാകും ഇതെന്നും സംഘാടകര്‍ അവകാശപ്പെട്ടു.

വ്യത്യസ്ത മതവിഭാഗങ്ങളില്‍ നിന്നുള്ളവര്‍ പരിപാടിയില്‍ പങ്കെടുക്കും. ജൂത, സൗരാഷ്ട്ര, ജൈന, ക്രൈസ്തവ, സിഖ്, മുസ്ലിം, ഹിന്ദു മതങ്ങളില്‍ നിന്നുള്ളവര്‍ പരിപാടിയില്‍ അണിചേരും. ഇന്ത്യയുടെ വൈവിധ്യമാര്‍ന്ന ഭാഷകള്‍ പ്രതിനിധാനം ചെയ്യുന്നവരും പരിപാടിക്കെത്തും. ഹിന്ദി, തെലുങ്കു, പഞ്ചാബി, തമിഴ്, ബംഗാളി, മലയാളം, ഗുജറാത്തി അടക്കമുള്ള ഭാഷക്കാര്‍ പരിപാടിയില്‍ പങ്കെടുക്കും. പ്രധാനമന്ത്രി ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യുന്നതിന് പുറമെ നിരവധി സാംസ്‌കാരിക പരിപാടികളും ഒരുക്കിയിട്ടുണ്ട്. വ്യവസായ, ശാസ്ത്ര, വിനോദ, കലാ മേഖലകളില്‍ നിന്നുള്ള പ്രമുഖര്‍ പരിപാടിയില്‍ പങ്കെടുക്കും.

പത്ത് വര്‍ഷത്തിന് ശേഷമാണ് അമേരിക്കയില്‍ മോദിയുടെ ഇത്രയും വിപുലമായ ഒരുപരിപാടി സംഘടിപ്പിക്കുന്നത്. ഒരുക്കങ്ങള്‍ വലിയ തോതില്‍ പുരോഗമിക്കുകയാണ്. 2014 സെപ്റ്റംബറില്‍ മാഡിസണ്‍ സ്‌ക്വയര്‍ ഗാര്‍ഡനിലാണ് മോദി നേരത്തെ അമേരിക്കയിലെ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്തത്. ആദ്യമായി പ്രധാനമന്ത്രിയായി മാസങ്ങള്‍ക്കകം ആയിരുന്നു ഇത്. ഐക്യരാഷ്ട്രസഭയുടെ വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു ഇന്ത്യന്‍ സമൂഹത്തെ അദ്ദേഹം അഭിസംബോധന ചെയ്തത്.

2019 ല്‍ ഹൂസ്റ്റണിലെ എന്‍ആര്‍ജി സ്റ്റേഡിയത്തില്‍ ഹൗഡി മോഡി എന്ന പരിപാടിയിലും മോദി സംബന്ധിച്ചിരുന്നു. അവിടെ അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമൊത്താണ് അദ്ദേഹം വേദി പങ്കിട്ടത്. ഇക്കുറി രാജ്യം തെരഞ്ഞെടുപ്പിലേക്ക് പോകുന്നതിന് തൊട്ടുമുമ്പാണ് മോദിയുടെ പരിപാടി എന്നതും ശ്രദ്ധേയമാണ്.

രാജ്യത്തെ പ്രസിഡന്റ് തിരഞ്ഞെടുപ്പിനും ഇക്കുറി പ്രത്യേകതകള്‍ ഏറെയാണ്. മുന്‍ പ്രസിഡന്റ് കൂടിയായ ഡൊണാള്‍ഡ് ട്രംപ് ഇന്ത്യക്കാരിയും കറുത്ത വംശജയുമായ ഒരു വനിതയുമായി ഏറ്റുമുട്ടുന്നു എന്ന പ്രത്യേകതയും ഇക്കുറി അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിനുണ്ട്. ഐക്യരാഷ്ട്ര പൊതുസഭയുടെ 79-മത് സമ്മേളനത്തോട് അനുബന്ധിച്ചുള്ള ഉന്നതതല ചര്‍ച്ചകള്‍ സെപ്റ്റംബര്‍ 24 മുതല്‍ മുപ്പത് വരെയാണ് നടക്കുക. ഇതിന്റെ ഭാഗമായി പ്രധാനമന്ത്രി മോദി സെപ്റ്റംബര്‍ 26 ന് ഉച്ചയ്ക്ക് ശേഷമാകും പൊതുസഭയെ അഭിസംബോധന ചെയ്യുക.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam