നാല് പതിറ്റാണ്ടിനിടെ ജപ്പാന്‍ രാജകുടുംബത്തില്‍ ആദ്യമായി ഒരു ആണ്‍കുട്ടി 18 വയസ്സ് പൂര്‍ത്തിയാക്കിയത് അടുത്തിടെ വലിയ വാര്‍ത്തയായിരുന്നു. ജാപ്പനീസ് രാജകുടുംബത്തിന്റെ അനന്തരാവകാശി ഹിസാഹിതോ രാജകുമാരന് 18 വയസ്സ് പൂര്‍ത്തിയായതാണ് വാര്‍ത്തകളില്‍ നിറഞ്ഞത്. നാല് പതിറ്റാണ്ടിനിടെ രാജകുടുംബത്തില്‍ പ്രായപൂര്‍ത്തിയാകുന്ന ആദ്യത്തെ ആണ്‍തരിയാണ് ഹിസാഹിതോ. ജപ്പാനിലെ രാജാവ് നരുഹിതോയുടെ അനന്തരവനാണ് ഹിസാഹിതോ.
1985ല്‍ പ്രായപൂര്‍ത്തിയായ ഹിസാഹിതോയുടെ പിതാവും കിരീടാവകാശിയുമായ അകിഷിനോയാണ് രാജകുടുംബത്തില്‍ നിന്ന് അവസാനം പ്രായപൂര്‍ത്തിയാക്കിയ പുരുഷന്‍..! രാജകുടുംബത്തിലെ 17 അംഗങ്ങളില്‍ ഏറ്റവും ഇളയയാളും നാല് പുരുഷന്മാരില്‍ ഒരാളുമാണ് ഹിസാഹിതോ രാജകുമാരന്‍. രാജകുടുംബത്തിലെ അവസാന അനന്തരാവകാശി ഹിസാഹിതോയാണെന്ന് കരുതപ്പെടുന്നു.
ജപ്പാന്‍ രാജകുടുംബത്തിലെ സ്ത്രീകള്‍ക്ക് സിംഹാസനത്തില്‍ ഇരിക്കാന്‍ അവകാശം ലഭിക്കാത്തത് എന്തുകൊണ്ടാണെന്ന് പരിശോധിക്കാം.
ലോകത്തിലെ തന്നെ ഏറ്റവും പഴക്കം ചെന്ന രാജവംശമാണ് ജപ്പാനിലേത്. ജപ്പാനിലെ രാജവാഴ്ചയില്‍ കുടുംബത്തിലെ പുരുഷന്മാര്‍ മാത്രം രാജാക്കന്മാരാകുകയും സിംഹാസനം ഏറ്റെടുക്കുകയും ചെയ്യുന്ന സമ്പ്രാദായമാണ് ഇവിടെ നിലനില്‍ക്കുന്നുത്. ജപ്പാന്‍ സമൂഹമാണ് ഈ പാരമ്പര്യത്തിന്റെ അടിസ്ഥാനം. ജപ്പാന്‍ സമൂഹം പൊതുവേ പുരുഷ കേന്ദ്രീകൃതമാണ്. സിംഹാസനത്തില്‍ പുരുഷന്മാരുടെ മാത്രം ആധിപത്യം ഉറപ്പാക്കുന്നതിനായി 1947ല്‍ ഒരു നിയമവും നടപ്പാക്കിയിരുന്നു. ഇംപീരിയല്‍ ഹൗസ് ലോ എന്നാണ് ഇത് അറിയപ്പെടുന്നത്.
ഈ നിയമപ്രകാരം നിലവിലെ രാജാവിന്റെ നേരിട്ടുള്ള അവകാശിയല്ലെങ്കിലും ഹിസാഹിതോ രാജകുമാരന്‍ ഇപ്പോള്‍ രാജാവാകാന്‍ സാധ്യത കല്‍പ്പിക്കുന്ന ഒരാളാണ്. നരുഹിതോ രാജാവിന് ഒരു മകളുണ്ട്. എന്നാല്‍ ഇംപീരിയല്‍ നിയമം അനുസരിച്ച് അവര്‍ക്ക് രാജ്ഞിയാകാന്‍ കഴിയില്ല. രാജകുടുംബത്തിലെ സ്ത്രീകള്‍ക്ക് രാജ്ഞിയാകാന്‍ അവകാശം വേണമെന്ന നിര്‍ദേശം മുമ്പ് പലതവണ ഉയര്‍ന്നുവെങ്കിലും അത് യാഥാര്‍ത്ഥ്യമായില്ല.
ഐക്കോ രാജകുമാരിയുടെ ജനനത്തിന് ശേഷമാണ് അവസാനമായി ഇതിന് സമാനമായ നിര്‍ദേശം കൊണ്ടുവന്നത്. എന്നാല്‍, 2006ല്‍ അവര്‍ക്ക് ഹിസാഹിതോ രാജകുമാരന്‍ ജനിച്ചപ്പോള്‍ ഈ നിര്‍ദേശം മാറ്റി വയ്ക്കപ്പെട്ടു. 1947ല്‍ പ്രാബല്യത്തില്‍ വന്ന ഇംപീരിയല്‍ നിയമത്തില്‍ രാജകുടുംബവുമായി ബന്ധപ്പെട്ട നിയമങ്ങളും ചട്ടങ്ങളും പരാമര്‍ശിക്കുന്നുണ്ട്. ഒരു പുരുഷ അംഗത്തിന് മാത്രമെ രാജാവാകാന്‍ കഴിയൂവെന്ന് ആ നിയമത്തില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്.
രാജകുടുംബത്തിലെ ഒരു രാജകുമാരി ഒരു സാധാരണക്കാരനെ വിവാഹം കഴിച്ചാല്‍ രാജകീയ നിയമം അനുസരിച്ച് അവളുടെ രാജപദവി നഷ്ടപ്പെടും. വിവാഹസമയത്ത് അവര്‍ക്ക് ഒരു നിശ്ചിത തുക നല്‍കുമെങ്കിലും കുടുംബ സ്വത്തില്‍ നിന്ന് അനന്തരാവകാശം ലഭിക്കില്ല. എന്നാല്‍, രാജകുമാരനെ സംബന്ധിച്ചിടത്തോളം നിയമം ഇതില്‍ നിന്നും വ്യത്യസ്തമാണ്. അയാള്‍ക്ക് ഒരു സാധാരണ സ്ത്രീയെ വിവാഹം കഴിക്കാന്‍ അനുമതിയുണ്ട്. ആ വിവാഹത്തില്‍ ജനിക്കുന്ന കുഞ്ഞിന് അനന്തരാവകാശവും ലഭിക്കും.
ഇംപീരിയല്‍ നിയമം എതിര്‍ക്കപ്പെടുന്നത് എന്തുകൊണ്ട്?
ജപ്പാനിലെ ജനസംഖ്യ അടുത്തിടെ അതിവേഗത്തിലാണ് ചുരുങ്ങുന്നത്. ഇപ്പോഴുള്ള ജനസംഖ്യയില്‍ ഭൂരിഭാഗവും പ്രായമായവരുമാണ്. ജനസംഖ്യയുടെ 65 ശതമാനത്തിലധികം പേരും 80 വയസ്സോ അതില്‍ കൂടുതലോ പ്രായമുള്ളവരുമാണ്. അതേസമയം, ജനനനിരക്ക് ഇതുമായി പൊരുത്തപ്പെടുന്നില്ലയെന്നതുമാണ് യാഥാര്‍ത്ഥ്യം. ജപ്പാനില്‍ ആണ്‍കുട്ടികളുടെ ജനനനിരക്ക് കുറവാണ്. 100 പെണ്‍കുട്ടികള്‍ക്ക് 95 ആണ്‍കുട്ടികള്‍ മാത്രമെ ജനിക്കുന്നുള്ളൂവെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
സാധാരണക്കാരെപ്പോലെ ജപ്പാന്‍ രാജകുടുംബവും ഈ ജനസംഖ്യാ പ്രതിസന്ധിയുമായി പൊരുതുകയാണ്. അതുകൊണ്ട് തന്നെ രാജകുടുംബത്തിലെ സ്ത്രീകളെ രാജ്ഞിമാരാക്കാന്‍ അനുവദിക്കുന്നതിനും ഇംപീരിയല്‍ നിയമം പരിഷ്‌കരിക്കുന്നതിനുമായി നിരന്തരമായി ആഹ്വാനങ്ങള്‍ നടക്കുന്നുണ്ട്.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1