മങ്ങിയും മിന്നിയും ലോക കേരളസഭ

JUNE 19, 2024, 11:11 PM

പ്രതീക്ഷകളുണർത്തിയും പ്രതിഷേധം പിടിച്ചുപറ്റിയുമൊരുങ്ങിയ വേദികളെആദ്യന്തം ആവരണം ചെയ്തു നിന്നത് സാന്ദ്ര വിഷാദം. തിരുവനന്തപുരത്ത് നടന്ന നാലാമത് ലോക കേരളസഭയുടെ പങ്കിട്ടു കുറയാനിടയാക്കി കുവൈറ്റിലെ തീപിടുത്ത ദുരന്തമുൾപ്പെടെയുള്ള സംഭവ പരിണാമങ്ങൾ. ഇത്തരമൊരു അവസരത്തിൽ മലയാളി പ്രവാസികളുടെ ആഗോള കൂട്ടായ്മ നടത്തുന്നതിൽ ശക്തമായ എതിർപ്പ് ഉണ്ടായിരുന്നുവെങ്കിലും മുൻനിശ്ചയ പ്രകാരം പരിപാടിയുമായി മുന്നോട്ടു പോകാനാണ് സർക്കാർ തീരുമാനിച്ചത്.

നെടുമ്പാശേരിയിൽ ചെന്ന്, കുവൈറ്റിൽനിന്നെത്തിയ പ്രവാസി മലയാളികളുടെ മൃതദേഹങ്ങളിൽ പുഷ്പചക്രം സമർപ്പിച്ച ശേഷമാണ് മുഖ്യമന്ത്രി തിരുവനന്തപുരത്ത് എത്തി കേരളസഭ പരിപാടി ഉദ്ഘാടനം ചെയ്തത്. സാമ്പത്തിക ധൂർത്ത് ഉണ്ടെന്നാരോപിച്ച് പ്രതിപക്ഷം പരിപാടിയിൽ നിന്ന് വിട്ടുനിന്നു. സാമൂഹിക ക്ഷേമ പെൻഷൻ വിതരണം, വിലക്കയറ്റം തടയുന്നതിന് വിപണിയിൽ ഇടപെടൽ തുടങ്ങി അനിവാര്യ കാര്യങ്ങൾക്ക് പണമില്ലാതെ സംസ്ഥാന സർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കുമ്പോൾ ലോക കേരളസഭ മാമാങ്കത്തിന് കോടികൾ ചെലവിടുന്നത് ധൂർത്തും കേരളീയ സമൂഹത്തോട് ചെയ്യുന്ന കടുത്ത അപരാധവുമാണെന്നായിരുന്നു പ്രതിപക്ഷത്തിന്റെ വാദം.

കഴിഞ്ഞ മൂന്ന് ലോക കേരള സഭാ മാമാങ്കങ്ങൾ സംസ്ഥാനത്തിന് എന്ത് നേട്ടമുണ്ടാക്കി എന്നതു സംബന്ധിച്ച് ധവളപത്രം ഇറക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. മൂന്ന് കോടി രൂപയാണ്സമ്മേളന നടത്തിപ്പിന് പൊതുഖജനാവിൽ നിന്ന് അനുവദിച്ചിരുന്നത്. വേദികളും വഴികളും അലങ്കരിക്കാൻ 35 ലക്ഷം, സാംസ്‌കാരിക പരിപാടിക്ക് 25 ലക്ഷം, പരസ്യത്തിന് 10 ലക്ഷം എന്നിങ്ങനെ നീണ്ടു ചെലവുകളുടെ പട്ടിക.
ഇടതു സർക്കാരിന്റെ ഏത് സംരംഭങ്ങളെയും അധിക്ഷേപിക്കുകയും വിമർശനബുദ്ധിയോടെ മാത്രം കാണുകയും ചെയ്യുന്ന പ്രതിപക്ഷ നിലപാട് ശരിയല്ലെന്ന നിരീക്ഷണം ഇതിനിടെ ചില പ്രവാസി സംഘടനകളിൽ നിന്ന് പുറത്തുവന്നു.

vachakam
vachakam
vachakam

പ്രവാസികളുടെ സജീവ പങ്കാളിത്തം കേരളത്തിന്റെ വികസന പ്രക്രിയയുടെ ഗതിവേഗത്തിന് ആവശ്യമാണെന്ന അടിസ്ഥാനത്തിലാണ് ഇത്തരമൊരു പരിപാടി സർക്കാർ ആസൂത്രണം ചെയ്തത്. ദശാബ്ദങ്ങളായി പരിഹരിക്കപ്പെടാതെ അവശേഷിക്കുന്ന പ്രവാസികളുടെ പ്രശ്‌നങ്ങൾക്ക് കൂട്ടായ ചർച്ചയിലൂടെ പരിഹാരം കാണലും സഭയുടെ ലക്ഷ്യമാണ്. രചനാത്മകമായി കാണേണ്ടതാണിവയെന്ന് ചൂണ്ടിക്കാട്ടി പ്രമുഖരായ പലരും. അതേസമയം, ഇത്തരം കാര്യങ്ങളിൽ രാഷ്ട്രീയ ഭേദമന്യേ എല്ലാവരുടെയും ക്രിയാത്മക സഹകരണം ഉറപ്പാക്കാൻ സർക്കാർ മനസ്സിരുത്തിയില്ലെന്ന വാദവും ശക്തം.

പ്രതിപക്ഷം ചൂണ്ടിക്കാട്ടിയതു പോലെ ധൂർത്ത് വരാതെയും കേരളത്തിന്റെ പരിതാപകരമായ സാമ്പത്തിക സ്ഥിതി കണക്കിലെടുത്തും വേണം ഇതുമായി ബന്ധപ്പെട്ട് സാമ്പത്തിക വിഹിതം കണ്ടെത്തേണ്ടതെന്ന കാര്യത്തിൽ രണ്ടു പക്ഷമാവശ്യമില്ല. സ്‌പോൺസർഷിപ്പിലൂടെയും മറ്റും ലോക കേരള സഭയ്ക്ക് തുക കണ്ടെത്തി പൊതുഖജനാവിന്റെ ഭാരം പരമാവധി കുറയ്ക്കാൻ ശ്രമം ഫലപ്രദമാകണം.
നവകേരള നിർമ്മിതിക്ക് പ്രവാസി മലയാളികളുടെ സഹായം ഉറപ്പാക്കുക, പ്രവാസികൾക്കിടയിൽ കൂട്ടായ്മയും സഹകരണവും വർധിപ്പിക്കുക, പ്രവാസകേരളം നേരിടുന്ന പ്രശ്‌നങ്ങൾ ചർച്ച ചെയ്ത് പരിഹാരം കാണുക തുടങ്ങിയ ലക്ഷ്യങ്ങളോടെ തുടക്കം കുറിച്ച ലോക കേരളസഭയിൽ മുൻ വർഷങ്ങളിലെ പോലെ ഇത്തവണയും പ്രവാസികൾക്ക് പ്രതീക്ഷയേകുന്ന കുറെ പ്രഖ്യാപനങ്ങളുണ്ടായത് നല്ല കാര്യം.

ലോക കേരളസഭയുടെ ഭാഗമായി നടന്ന മേഖലാതല ചർച്ചകളിൽ ശ്രദ്ധേയമായ നിരവധി നിർദേശങ്ങൾ ഉയർന്നുവന്നു. പ്രവാസി ക്ഷേമനിധി അംഗത്വം എടുക്കുന്നവരുടെ പ്രായം 65 ആയി ഉയർത്തുക, ജോലി നഷ്ടപ്പെട്ടോ ഉപേക്ഷിച്ചോ നാട്ടിൽ മടങ്ങിയെത്തുന്ന പ്രവാസികൾക്ക് വ്യവസായം തുടങ്ങുന്നതിന് ഏകജാലക സംവിധാനം ആരംഭിക്കുക, പ്രവാസികളുടെ മക്കളുടെ വിദ്യാഭ്യാസത്തിനും വിവാഹത്തിനും പലിശരഹിത ലോൺ അനുവദിക്കുക, വിദേശത്ത് മരിക്കുന്ന പ്രവാസികളുടെ മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കുക, മരണപ്പെടുന്ന പ്രവാസികളുടെ കുടുംബങ്ങൾക്കുള്ള ധനസഹായം നിലവിലെ ഒരു ലക്ഷം രൂപയിൽ നിന്ന് അഞ്ച് ലക്ഷമാക്കി ഉയർത്തുക, നോർക്ക സ്ഥാപനങ്ങളിൽ പ്രവാസികൾക്ക് തൊഴിൽ സംവരണം അനുവദിക്കുക തുടങ്ങിയവയായിരുന്നു നിർദേശങ്ങൾ.

vachakam
vachakam
vachakam

പണം വന്നിട്ടും...

പ്രവാസികൾ വഴി കേരളത്തിലേക്ക് ഓരോ വർഷവും ഒഴുകുന്നത് സഹസ്ര കോടിക്കണക്കിന് പണമാണ്. ഈയിടെ പുറത്തു വന്ന ഗുലാത്തി ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്‌സേഷൻ സർവേ റിപ്പോർട്ട് പ്രകാരം 2.14 ലക്ഷം കോടി രൂപ പ്രവാസികൾ കേരളത്തിലേക്ക് അയച്ചിട്ടുണ്ട്. രാജ്യത്തെ എൻആർഐ നിക്ഷേപത്തിന്റെ 21 ശതമാനം കേരളത്തിലാണ്. പ്രവാസികൾ വീടുകളിലേക്ക് അയയ്ക്കുന്ന പണത്തിന്റെ കണക്കും പ്രത്യേകമായി വന്നിട്ടുണ്ട്. 2023ൽ 37,058 കോടി രൂപയാണ് പ്രവാസികൾ നേരിട്ടു വീടുകളിലേക്ക് അയച്ചത്. 2018 ലേതിനേക്കാൽ 20 ശതമാനം കൂടുതൽ. അതേസമയം കേരളത്തിൽ നിന്നു പുറത്തേക്ക് അയച്ച തുകയിലും വർധന ഉണ്ടായി. 43,378 കോടി രൂപയാണ് കേരളത്തിൽനിന്നു പുറത്തേക്ക് അയച്ചത്.

ഇത് ഏറെയും വിദേശ വിദ്യാഭ്യാസത്തിനായി പോകുന്നവർക്കു വേണ്ടിയുള്ളതായിരുന്നു. കോവിഡിനു ശേഷം കേരളത്തിലേക്കുള്ള വിദേശപ്പണത്തിന്റെ വരവിൽ വലിയ വർധനയുണ്ടായി.പക്ഷേ, കോൺക്രീറ്റ് നിർമ്മിതികൾ ഏറിയതിലധികമായി കേരളത്തിന്റെ സമ്പദ്ഘടനയിൽ എന്തു മാറ്റമാണ് ഇതു വരുത്തിയത് എന്ന വലിയ ചോദ്യത്തിന് ഉത്തരം കാണാൻ ലോക കേരള സഭയ്ക്കാകില്ലെന്നു വ്യക്തം. സംസ്ഥാനത്തിന് പ്രയോജനകരമായ സംരംഭങ്ങളിൽ പണം വിനിയോഗിച്ചവർ വിരലിലെണ്ണാവുന്നവർ മാത്രം. വ്യവസായികൾ കേരളത്തിൽ നിക്ഷേപം നടത്താൻ ഭയപ്പെട്ടിരുന്ന അവസ്ഥ മാറി, നിക്ഷേപകർക്ക് വിശ്വാസമർപ്പിക്കാവുന്ന ഇടമായി കേരളം മാറിയെന്ന് സർക്കാർ അവകാശപ്പെടുമ്പോൾ എന്തുകൊണ്ട് പ്രവാസികൾ നിക്ഷേപത്തിന് വിമുഖത കാണിക്കുന്നുവെന്ന് പഠനം നടത്തി പരിഹാരം കാണേണ്ടതുണ്ട്.

vachakam
vachakam
vachakam

കേരളത്തിൽ വ്യവസായ ബിസിനസ്സ് സൗഹൃദാന്തരീക്ഷം മെച്ചപ്പെടുത്താൻ സർക്കാർ പുതിയ ചുവെടുവെപ്പുകൾ നടത്തിയിട്ടുണ്ടെന്നും വിവിധ ഓഫീസുകൾ കയറിയിറങ്ങാതെ സ്മാർട്ട് ഫോണിലൂടെ വ്യവസായങ്ങൾക്ക് അനുമതി നേടാനും മറ്റു കാര്യങ്ങൾ നടപ്പാക്കാനുമുള്ള സ്ഥിതിവിശേഷം സംജാതമായിട്ടുണ്ടെന്നുമാണ് ഇതിനിടെ വ്യവസായ മന്ത്രി അവകാശപ്പെട്ടത്. എന്നാൽ 15 കോടി ചെലവിട്ടു നിർമിച്ച കൺവെൻഷൻ സെന്ററിന് അനുമതി ലഭിക്കാത്തതിനെ ചൊല്ലി ഒരു പ്രവാസി ആത്മഹത്യ ചെയ്തത് കേരളത്തിലായിരുന്നു. സർക്കാർ എന്തൊക്കെ പദ്ധതികൾ നടപ്പാക്കിയാലും അതിനെയെല്ലാം തുരങ്കം വെക്കുന്ന കടുത്ത അഴിമതിക്കാരായ ഉദ്യോഗസ്ഥരും ജീവനക്കാരും ഇപ്പോഴുമുണ്ട് സർവീസ് മേഖലയിൽ. അഴിമതിക്കേസിൽ ഉദ്യോഗസ്ഥർ പിടിയിലാകുന്നത് മാധ്യമങ്ങളിൽ സ്ഥിരം വാർത്തയാണ്.

ക്രിയാത്മകമായ നിർദേശങ്ങളാണ് നാലാം ലോക കേരളസഭയിൽ ഉയർന്നു വന്നതെന്നും അവ നടപ്പിൽ വരുത്താൻ സാധ്യമായ തീരുമാനങ്ങളും നടപടികളും സ്വീകരിക്കുമെന്നും സമ്മേളനത്തിന്റെ മറുപടി പ്രസംഗത്തിൽ മുഖ്യമന്ത്രി ഉറപ്പ് നൽകുകയുണ്ടായി. അഴിമതിക്കാരായ ഉദ്യോഗസ്ഥരെ കെട്ടിയെങ്കിൽ മാത്രമേ സർക്കാരിന് പദ്ധതികളുമായി മുന്നോട്ടു പോകാനാകൂ. അല്ലെങ്കിൽ പദ്ധതികൾ ജലരേഖയായി മാറുകയും സംസ്ഥാനത്തിന്റെ നിക്ഷേപ സാഹചര്യത്തെയും വ്യാപാര സൗഹൃദാന്തരീക്ഷത്തെയും പ്രതികൂലമായി ബാധിക്കുകയും ചെയ്യും.

ഇന്റർനാഷണൽ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മൈഗ്രേഷൻ ആൻഡ് ഡെവലപ്‌മെന്റെ ചെയർമാൻ എസ്. ഇരുദയരാജന്റെ നേതൃത്വത്തിൽ തയാറാക്കിയ കേരള മൈഗ്രേഷൻ സർവേ റിപ്പോർട്ട് പ്രകാരം കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ കേരളത്തിൽനിന്നു വിദേശത്തേക്ക് വിദ്യാഭ്യാസത്തിനായി പോകുന്നവരുടെ എണ്ണം ഇരട്ടിയായിട്ടുണ്ട്. 2018ൽ ഒന്നേകാൽ ലക്ഷം വിദ്യാർത്ഥികൾ വിദേശ വിദ്യാഭ്യാസത്തിനു പോയപ്പോൾ 2023ൽ എണ്ണം രണ്ടര ലക്ഷമായി ഉയർന്നു. ഏറ്റവുംകൂടുതൽ പേർ പോയത് യുകെയിലേക്കാണ്. രണ്ടാമതു കാനഡ. ഇരു രാജ്യങ്ങളിലും വിദ്യാഭ്യാസത്തിനും ജോലിക്കുമായി പോകുന്നവർ നേരിടുന്ന പ്രശ്‌നങ്ങൾ ഏറെയാണ്. വിദേശത്തെത്തിയാൽ എല്ലാം ശരിയാകുമെന്ന പ്രചാരണവും മങ്ങുന്നു.ഇക്കാര്യത്തിൽ സൂക്ഷ്മതലത്തിലുള്ള ചർച്ചയും നിഗമനങ്ങളും ലോക കേരള സഭയിലുണ്ടായില്ല.

ബാബു കദളിക്കാട്

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam