ഏത് നിമിഷവും കടി ഉറപ്പ്! അറിയാം സ്‌നേക്ക് ഐലന്റിനെ

AUGUST 21, 2024, 5:38 PM

ഏതൊരു മനുഷ്യനും വിദൂര സ്വപ്നങ്ങളില്‍ പോലും കടന്നുചെല്ലാന്‍ മടിക്കുന്ന ഭീതിജനകമായ ഒരിടം, അതാണ് അറ്റ്‌ലാന്റിക് സമുദ്രത്തിലെ സ്‌നേക്ക് ഐലന്റ്. പേര് സൂചിപ്പിക്കുന്നത് പോലെ പാമ്പുകള്‍ തന്നെയാണ് ഈ ദ്വീപിന്റെ പ്രത്യേകത. ഭയാനകമായ രീതിയില്‍ നോക്കുന്നിടത്തെല്ലാം വിഷപ്പാമ്പുകള്‍ നിറഞ്ഞതും ഒറ്റ മനുഷ്യന്‍ പോലും കടന്നു ചെല്ലാന്‍ ധൈര്യപ്പെടാത്തതുമായ ദുരൂഹദ്വീപ്.

ബ്രസീലിന്റെ തീരത്ത് അറ്റ്‌ലാന്റിക് സമുദ്രത്തില്‍ സമുദ്രനിരപ്പില്‍ നിന്ന് 206 മീറ്റര്‍ ഉയരത്തില്‍ 106 ഏക്കര്‍ വിസ്തൃതിയിലാണ് ഈ ദ്വീപ് സ്ഥിതി ചെയ്യുന്നത്. ഇല്‍ഹ ഡ ക്യൂമാഡ ഗ്രാന്‍ഡെ എന്നാണ് ഈ സ്‌നേക്ക് ഐലന്‍ഡിന്റെ യഥാര്‍ത്ഥ പേര്. 11,000 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഈ ദുരൂഹ ദ്വീപ് രൂപപ്പെട്ടത്. അതിനുമുന്‍പായി തീരത്തോട് ചേര്‍ന്ന് നിന്നിരുന്ന ഒരു പ്രദേശം സമുദ്രനിരപ്പ് ഉയര്‍ന്നതോടെ ഒറ്റപ്പെട്ട ഒരു ദ്വീപ് ആയി മാറിയെന്നാണ് ശാസ്ത്ര ലോകത്തിന്റെ കണ്ടെത്തല്‍. അന്ന് ഈ ദ്വീപിനുള്ളില്‍ ഒറ്റപ്പെട്ടുപോയ പാമ്പുകള്‍ പിന്നീട് പെറ്റു പെരുകിയാണ് ഇന്ന് ദ്വീപ് മുഴുവന്‍ പാമ്പുകളുടേതായി മാറിയത്.

ബ്രസീലിലെ സാവോ പോളോ സംസ്ഥാനത്തിന്റെ സമുദ്ര തീരത്ത് നിന്നും ഏകദേശം 33 കിലോമീറ്റര്‍ അകലെ ആയാണ് ക്യൂമാഡ ഗ്രാന്‍ഡെ ദ്വീപ് സ്ഥിതി ചെയ്യുന്നത്. ലാറ്റിനമേരിക്കയിലെ തന്നെ ഏറ്റവും വിഷമുള്ള പാമ്പുകള്‍ ആയ ഗോള്‍ഡന്‍ ലാന്‍സ്ഹെഡ് പിറ്റ് വൈപ്പര്‍ പാമ്പുകളാണ് ഈ ദ്വീപില്‍ കൂടുതലായി കാണപ്പെടുന്നത്. ഉഗ്രവിഷമുള്ള ഈ പാമ്പുകളുടെ കടിയേറ്റാല്‍ ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ മരണം ഉറപ്പാണ്. ധാരാളം മഴക്കാടുകള്‍ നിറഞ്ഞ പ്രകൃതിരമണീയമായ ദീപ് കാണാന്‍ എത്രത്തോളം മനോഹരമാണോ അതിലേറെ അപകടകാരി കൂടിയാണ്. അതിനാല്‍ തന്നെ ഇവിടെ കാലുകുത്താന്‍ ഒറ്റ മനുഷ്യനും ധൈര്യപ്പെടാറില്ല.

പാമ്പുകളെ കൂടാതെ 41 ഇനത്തില്‍പ്പെട്ട പക്ഷികളും ഈ ദീപില്‍ ഉണ്ടെന്നാണ് ശാസ്ത്ര ലോകം കണ്ടെത്തിയിട്ടുള്ളത്. ഈ ജൈവവൈവിധ്യം കൊണ്ട് ബ്രസീല്‍ ഗവണ്‍മെന്റ് ദ്വീപിനെ ഒരു സംരക്ഷണ പ്രദേശമായി പ്രഖ്യാപിച്ചിട്ടുണ്ട്. പൊതുജനങ്ങള്‍ക്ക് ഈ ദ്വീപിലേക്ക് പ്രവേശനം അനുവദനീയമല്ല. ബ്രസീലിയന്‍ നേവി അംഗങ്ങള്‍ക്കും തിരഞ്ഞെടുത്ത ചില ഗവേഷകര്‍ക്കും മാത്രമേ ഈ ദ്വീപിലേക്ക് പ്രവേശനമുള്ളൂ. അതും വലിയ സുരക്ഷാ മുന്‍കരുതലുകളോടെ സര്‍ട്ടിഫൈഡ് ഡോക്ടര്‍മാരടങ്ങുന്ന സംഘത്തോടൊപ്പം ആയിരിക്കണം ദ്വീപിലേക്ക് പ്രവേശിക്കുന്നത് എന്ന് ഗവണ്‍മെന്റ് പ്രത്യേകം നിഷ്‌കര്‍ഷിക്കുന്നുണ്ട്.

1909-ല്‍ ഏതാനും ദിവസങ്ങള്‍ മാത്രം ഈ ദ്വീപില്‍ മനുഷ്യവാസം ഉണ്ടായിരുന്നു. പരിചിതമല്ലാത്ത കപ്പലുകള്‍ ഈ ദ്വീപിന് അടുത്തേക്ക് പ്രവേശിക്കുന്നത് തടയാന്‍ ദ്വീപില്‍ സ്ഥാപിച്ച ലൈറ്റ് ടവറിലെ ജീവനക്കാര്‍ ആയിരുന്നു അവര്‍. എന്നാല്‍ ദ്വീപിലെ ഉഗ്രവിഷമുള്ള പാമ്പുകള്‍ ഇവരെ സ്വപ്നത്തില്‍ പോലും ശല്യം ചെയ്യാന്‍ തുടങ്ങിയതോടെ ഉറക്കം പോലും ഇല്ലാതായ ഈ തൊഴിലാളികള്‍ ഗവണ്‍മെന്റിനോട് അപേക്ഷിച്ച് ഇവിടെ നിന്നും ജീവനും കൊണ്ട് രക്ഷപ്പെടുകയായിരുന്നു. പിന്നീട് കാലക്രമേണ ഈ ലൈറ്റ് ടവര്‍ ബ്രസീലിയന്‍ ഗവണ്‍മെന്റ് യാന്ത്രികമായി പ്രവര്‍ത്തിക്കുന്ന രീതിയിലേക്ക് മാറ്റിയതോടെ പൂര്‍ണ്ണമായും ജനവാസമില്ലാത്ത ദ്വീപായി സ്‌നേക്ക് ഐലന്‍ഡ് മാറി.

സ്‌നേക്ക് ഐലന്‍ഡില്‍ ഓരോ ചതുരശ്ര മീറ്ററിലും ഒരു പാമ്പ് വീതമാണ് ഉള്ളത്. ഏറ്റവും അപകടകാരികളായ ഗോള്‍ഡന്‍ ലാന്‍സ്ഹെഡ് പാമ്പുകള്‍ തന്നെ ഈ ദ്വീപില്‍ നാലായിരത്തിലേറെ ഉണ്ട്. ഈ ദ്വീപില്‍ മാത്രം കാണപ്പെടുന്ന ഈ പാമ്പുകള്‍ക്ക് മനുഷ്യനെ എളുപ്പത്തില്‍ കൊല്ലാന്‍ കഴിയുന്ന ഹീമോടോക്‌സിക് വിഷമാണ് ഉള്ളത്. വലിയൊരു പ്രദേശം മുഴുവന്‍ പാമ്പുകള്‍ ആയതിനാല്‍ തന്നെ ഭക്ഷണ ദൗര്‍ലഭ്യമാണ് ഈ ദ്വീപിലെ പാമ്പുകള്‍ നേരിടുന്ന പ്രധാന ഭീഷണി. ഈ കാരണത്താല്‍ തന്നെ മുന്‍കാലങ്ങളെ അപേക്ഷിച്ചു ദ്വീപിലെ പാമ്പുകളുടെ എണ്ണത്തില്‍ വലിയ കുറവ് വന്നിട്ടുണ്ട്.

സമുദ്രനിരപ്പില്‍ നിന്നും ഉയരത്തില്‍ സ്ഥിതിചെയ്യുന്നതിനാല്‍ എലികള്‍ പോലെയുള്ള ജീവികള്‍ ഒന്നും ഈ ദ്വീപില്‍ ഇല്ല. ഒച്ചുകള്‍, ചെറിയ തവളകള്‍, പക്ഷികള്‍, പക്ഷി മുട്ടകള്‍ എന്നിവയൊക്കെയാണ് ദ്വീപിലെ  പാമ്പുകളുടെ പ്രധാന ആഹാരം. അംഗസംഖ്യ വളരെ കൂടുതലായതിനാല്‍ പലപ്പോഴും ആവശ്യത്തിന് ഭക്ഷണം ലഭിക്കാതെ ഇവിടുത്തെ പാമ്പുകള്‍ പൂര്‍ണ്ണ വളര്‍ച്ചയെത്തുന്നതിന് മുന്‍പ് തന്നെ ചത്തൊടുങ്ങുന്നത് പതിവായിരിക്കുകയാണ്. എങ്കില്‍പോലും ബ്രസീലിയന്‍ ഗവണ്‍മെന്റ് ആകുന്ന രീതിയില്‍ ഒക്കെ ഈ പാമ്പുകളെ സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിച്ചുകൊണ്ട് ഈ ജൈവവൈവിധ്യത്തെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നുണ്ട്.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam