സമ്പന്നതയുടെ സാമ്രാജ്യം തീര്‍ക്കാന്‍ സ്വര്‍ണ പാടം തന്നെ വെട്ടിപ്പിടിച്ച റോക്കി ഭായി എന്ന ക്രിമിനലിന്റെ കഥയാണ് പ്രശാന്ത് നീലിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ കെ.ജി.എഫ് പറഞ്ഞത്. സമ്പന്നരെക്കുറിച്ച് അറിയാന്‍ എപ്പോഴും വല്ലാത്ത ത്വരയാണ് മനുഷ്യന്. സമ്പന്നരുടെ ലിസ്റ്റുകള്‍ പലപ്പോഴും മാറിയും കേറിയും വരാറുണ്ട്. എങ്കിലും സ്ഥാനത്തിന് മാത്രമായിരിക്കും വ്യതിചലനം ഉണ്ടാകുന്നത്.
നിലവില്‍ ലോക സമ്പന്നര്‍ എന്ന് വിശേഷിപ്പിക്കാവുന്ന ജെഫ് ബെസോസ്, ഇലോണ്‍ മസ്‌ക് തുടങ്ങിയവരുടെ ആസ്തി എത്രത്തോളം വലുതാണെന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? എങ്കില്‍ നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് ഒരു അതിസമ്പന്നനായ ചക്രവര്‍ത്തി ജീവിച്ചിരുന്നു എന്ന കാര്യം അറിയുമോ?
14-ാം നൂറ്റാണ്ടിലെ ആഫ്രിക്കന്‍ ചക്രവര്‍ത്തിയായിരുന്ന മന്‍സ മൂസയാണ് ഇതുവരെ ജീവിച്ചിരുന്നവരില്‍ വച്ച് ഏറ്റവും ധനികനായി കണക്കാക്കപ്പെടുന്നത്. എഡി 1280ല്‍ ജനിച്ച മന്‍സ മൂസ 1312ല്‍ പശ്ചിമാഫ്രിക്കയിലെ മാലി സാമ്രാജ്യത്തിന്റെ ഭരണാധികാരിയായിരുന്നു. പണപ്പെരുപ്പത്തിനനുസരിച്ച് കണക്ക് കൂട്ടുമ്പോള്‍ അദ്ദേഹത്തിന്റെ സമ്പത്ത് ഏകദേശം 400 ബില്യണ്‍ യുഎസ് ഡോളറാണെന്ന് കണക്കാക്കപ്പെടുന്നു. അതായത് ജീവിച്ചിരുന്ന ഒരു കെ.ജി.എഫ്.
ഇത് ആധുനിക കാലത്തെ പല ശതകോടീശ്വരന്മാരുടെയും സമ്പത്തിനേക്കാള്‍ വളരെ വലുതാണ്. ജെഫ് ബെസോസ് (194.6 ബില്യണ്‍), കൂടാതെ മുകേഷ് അംബാനി (117.8 ബില്യണ്‍), ഗൗതം അദാനി (83.6 ബില്യണ്‍), രത്തന്‍ ടാറ്റ തുടങ്ങിയ ഇന്ത്യന്‍ ശതകോടീശ്വരന്മാര്‍ പോലും മൂസയ്ക്ക് എത്രയോ പിന്നിലാണെന്ന് പരിശോധിച്ചാല്‍ മനസിലാകും.
മന്‍സ മൂസയുടെ സമ്പത്തിന്റെ വലിയൊരു ഭാഗവും അദ്ദേഹത്തിന്റെ സാമ്രാജ്യത്തിലെ വിശാലമായ പ്രകൃതി വിഭവങ്ങളില്‍ നിന്നാണ്. ബാംബുക്, വംഗാര, ബുരെ, ഗലാം, തഗാസ തുടങ്ങിയ പ്രദേശങ്ങളിലെ സ്വര്‍ണ്ണ ഖനികള്‍ അദ്ദേഹത്തെ സമ്പന്നതയുടെ കൊടുമുടിയിലേക്ക് നയിച്ച ഒന്നായിരുന്നു. ഈ ഖനികള്‍ തന്നെയാണ് അദ്ദേഹത്തിന്റെ സമ്പാദ്യത്തിന്റെ ഉറവിടവും.
കൂടാതെ വടക്കന്‍ പ്രദേശങ്ങളില്‍ ഉപ്പ് ഉല്‍പാദിപ്പിക്കുകയും വില്‍ക്കുകയും ചെയ്തു പോന്നിരുന്നു. അദ്ദേഹത്തിന്റെ സാമ്രാജ്യത്തില്‍ ഇന്നത്തെ ആഫ്രിക്കന്‍ രാജ്യങ്ങളായ ഐവറി കോസ്റ്റ്, സെനഗല്‍, മാലി, ബുര്‍ക്കിന ഫാസോ എന്നിവ ഉള്‍പ്പെടുന്നു. ടിംബക്റ്റൂ ആയിരുന്നു മൂസയുടെ രാജ്യത്തിന്റെ തലസ്ഥാനമായി അറിയപ്പെട്ടിരുന്നത്. ഇത്രയധികം ധനികനായിരുന്നിട്ടും അതിലേറെ കരുണയുള്ള വ്യക്തിത്വം കൂടിയാണ് അദ്ദേഹത്തിന്റേത് എന്നാണ് ചരിത്രകാരമാര്‍ പറയുന്നത്.
1324ല്‍ മന്‍സ മൂസ മക്കയിലേക്ക് ഒരു തീര്‍ത്ഥാടനം നടത്തിയിരുന്നു. ചരിത്രത്തില്‍ തന്നെ ഇടം നേടിയ ഒരു യാത്രയായിരുന്നു അത്. സഹാറ മരുഭൂമി മുറിച്ചുകടന്ന എക്കാലത്തെയും വലിയ യാത്രാസംഘമായ അദ്ദേഹത്തിനൊപ്പം 12,000 സഹായികളും 60,000 അടിമകളും അതിന് പുറമേ 100 ഒട്ടകങ്ങളും വലിയ അളവിലുള്ള സ്വര്‍ണ്ണവും ഉണ്ടായിരുന്നു. ഏകദേശം 18 ടണ്‍ സ്വര്‍ണവുമായാണ് അദ്ദേഹം യാത്ര ചെയ്തതെന്നാണ് പറയപ്പെടുന്നത്.
മാന്‍സ മൂസ ഒരു ഉദാരവതിയായ രാജാവ് ആയിരുന്നതുകൊണ്ടു തന്നെ അദ്ദേഹം 'രാജാക്കന്മാരുടെ രാജാവ്' എന്നാണ് അറിയപ്പെടുന്നത്. അദ്ദേഹം ദരിദ്രര്‍ക്ക് വളരെയധികം സ്വര്‍ണം ദാനം ചെയ്തു. ആളുകളുടെ കൈയ്യില്‍ അളവില്ലാതെ പണമെത്തിയതോടെ സമ്പദ്വ്യവസ്ഥ തകര്‍ന്നു. ഈജിപ്തിന്റെ തലസ്ഥാനമായ കെയ്‌റോയില്‍ മൂസ വളരെയധികം സമ്പത്ത് വെറുതെ ചെലവഴിച്ചുവെന്നു ഐതിഹ്യങ്ങളില്‍ പറയുന്നു. സ്വര്‍ണത്തില്‍ നല്‍കിയ ഈ സംഭാവനകള്‍ സാമ്രാജ്യത്തിന്റെ അടിത്തറ തന്നെ ഇല്ലാതാക്കി. സ്വര്‍ണത്തിന്റെ വില കൂപ്പുകുത്തി. പിന്നീട് വില സ്ഥിരത കൈവരിക്കാന്‍ വളരെ സമയമെടുത്തുവെന്നു രേഖകളില്‍ പറയുന്നു.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1