'കേരള തൊഗാഡിയ'; പിണറായി വക ശുദ്ധിപത്രം

APRIL 17, 2025, 1:52 AM

മലപ്പുറം ഒരു പ്രത്യേക രാജ്യമോ? 'അതേ'യെന്ന നിരീക്ഷണവുമായി എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പ്രത്യേകം ചിലയാളുകളുടെ സംസ്ഥാനമാണതെന്നും മലപ്പുറത്ത് സ്വതന്ത്രവായു ശ്വസിച്ചും സ്വതന്ത്രമായി അഭിപ്രായം പറഞ്ഞും ജീവിക്കാൻ സാധിക്കുമെന്ന് തോന്നുന്നില്ലെന്നുമാണ് നിലമ്പൂരിൽ അദ്ദേഹം പരസ്യമായി പറഞ്ഞത്. ഇന്ത്യയും പാകിസ്ഥാനുമായുള്ള ക്രിക്കറ്റ് പോരാട്ടം നടക്കുമ്പോൾ മലപ്പുറത്തെ സ്‌പോർട്‌സ് പ്രേമികൾ ആഹ്‌ളാദാരവം മുഴക്കാറുള്ളത് പാക് വിക്കറ്റുകൾ വീഴുമ്പോഴല്ലെന്ന പഴയകാല ആക്ഷേപം എന്തായാലും വെള്ളാപ്പള്ളി വീണ്ടും ഊതിവീർപ്പിച്ചില്ല.

'മലപ്പുറത്ത് ഈഴവർക്കായി തൊഴിലുറപ്പ് മാത്രമേയുള്ളൂ. പിന്നാക്കവിഭാഗക്കാർക്ക് ഒരു പള്ളിക്കൂടമോ കോളജോ ഹയർസെക്കൻഡറി സ്‌കൂളോ ഇല്ല. വോട്ടുകുത്തിയന്ത്രങ്ങളാണ് മലപ്പുറത്തെ പിന്നാക്ക വിഭാഗക്കാർ. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടി ഇത്രനാളായിട്ടും അതിന്റെ ഗുണഫലങ്ങളുടെ ഒരംശം പോലും മലപ്പുറത്തെ പിന്നാക്കവിഭാഗങ്ങൾക്ക് ലഭിച്ചിട്ടില്ല. വോട്ട് ബാങ്ക് രാഷ്ട്രീയത്തിൽ തകർന്നടിഞ്ഞത് ഇവിടുത്തെ പിന്നാക്കക്കാരുടെ സ്വപ്‌നങ്ങളാണ്.' ഇങ്ങനെയായിരുന്നു വെള്ളാപ്പള്ളിയുടെ വിശദീകരണം. ഇതോടെ 'ഇസ്ലാമഫോബിയാ' വിവാദത്തിലേക്ക് വീണ്ടും വീണ വെള്ളാപ്പള്ളിക്കു ശുദ്ധിപത്രം നൽകി മുഖ്യമന്ത്രി പിണറായി വിജയൻ.

ഒരു മതത്തിനെതിരെയും നിലകൊള്ളുന്ന ആളല്ല വെള്ളാപ്പള്ളി. എന്തിനെയും വക്രീകരിക്കാൻ, തെറ്റായി വ്യാഖ്യാനിക്കാൻ ഉള്ള ശ്രമങ്ങളാണ് നടക്കുന്നത്. വെള്ളാപ്പള്ളി പറഞ്ഞത് ഒരു രാഷ്ട്രീയ പാർട്ടിക്കെതിരായാണ്. എന്നാൽ ചിലർ അതിനെ ഒരു മതത്തിനെതിരെ സംസാരിച്ചെന്ന നിലയിലാക്കി മുഖ്യമന്ത്രി പറഞ്ഞു. എല്ലാ ഘട്ടത്തിലും വിവിധ മതങ്ങളുമായി യോജിച്ചുകൊണ്ടുള്ള ഒട്ടേറെ കാര്യങ്ങൾ ഉയർത്തിക്കൊണ്ടുവരാൻ വ്യക്തിപരമായി തന്നെ നേതൃത്വം വഹിച്ച ആളാണെങ്കിലും തെറ്റിദ്ധാരണകൾ പരത്താനുള്ള അവസരം അദ്ദേഹത്തിന്റെ പ്രസംഗത്തിന്റെ ഭാഗമായി വന്നു. അത്തരം കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധയും അവധാനതയും വെള്ളാപ്പള്ളി പുലർത്തേണ്ടതുണ്ടെന്നുപദേശിക്കാനും മുഖ്യമന്ത്രി തയ്യാറായി.

vachakam
vachakam
vachakam

വെള്ളാപ്പള്ളി നടത്തിയ വിവാദ പരാമർശം സി.പി.എമ്മിനു വേണ്ടി മുൻകൂട്ടി എഴുതിയ തിരക്കഥയുടെ ഭാഗമാണെന്ന സംശയം ഇതോടെ പുറത്തുവന്നു. മുസ്ലിം വോട്ട് ബാങ്കിനെ ആശ്രയിച്ചു മുന്നോട്ടു പോകാൻ കഴിയാത്ത സാഹചര്യത്തിൽ ഈഴവ വോട്ടുകൾ ഉറപ്പിക്കാനുള്ള തന്ത്രമാണത്രേ പിണറായിയുടേത്. ഇതിനായി ചേർത്തലയിൽ ചെന്ന് വെള്ളാപ്പള്ളിയെ പുകഴ്ത്തി. 

ലോക്‌സഭാ തെരഞ്ഞെടുപ്പിലുണ്ടായ കനത്ത തോൽവി വ്യക്തമായതോടെ അടുത്തകാലത്തായി ന്യൂനപക്ഷങ്ങൾ സി.പി.എമ്മിൽ നിന്നും അകലുന്നു എന്നും മനസ്സിലായതോടെ നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള പദ്ധതി പിണറായി അഴിച്ചുപണിതു. മുസ്ലിം വോട്ടുബാങ്ക് പൂർണമായും അകന്ന അവസ്ഥയിലാണ്. അതേസമയം എക്കാലവും സി.പി.എമ്മിനൊപ്പം നിന്ന ഈഴവ വോട്ട് ബാങ്കിൽ ബി.ജെ.പി വലിയ തോതിൽ സ്വാധീനമുണ്ടാക്കുകയും ചെയ്തു. ഈ തിരിച്ചറിൽ നിന്നാണ് ഇപ്പോൾ സി.പി.എം തന്ത്രങ്ങൾ മെനയുന്നത്.

അതേസമയം, വെള്ളാപ്പള്ളിയെ പുകഴ്ത്തിയതിന് പിന്നാലെ 10 വർഷം മുമ്പത്തെ മുഖ്യമന്ത്രിയുടെ പഴയ ചില വാചകങ്ങൾ വീണ്ടും ചർച്ചയായത് സി.പി.എമ്മിനു തിരിച്ചടിയായിട്ടുണ്ട്. കോഴിക്കോട് മാൻ ഹോളിൽ തൊഴിലാളി മരിച്ച സംഭവത്തിനു പിന്നാലെ വെള്ളാപ്പള്ളി നടത്തിയ പ്രതികരണത്തിനെതിരെ പിണറായി വിജയൻ ഫേസ്ബുക്കിൽ കുറിച്ചതിങ്ങനെയായിരുന്നു:

vachakam
vachakam
vachakam

'അഴുക്കുചാൽ വൃത്തിയാക്കവേ മാൻഹോളിൽ കുടുങ്ങിയ രണ്ട് തൊഴിലാളികളെ രക്ഷിക്കാൻ ശ്രമിക്കുമ്പോൾ ജീവൻ നഷ്ടപ്പെട്ട ഒട്ടോതൊഴിലാളിയും വേങ്ങേരി സ്വദേശിയുമായ നൗഷാദിനെക്കുറിച്ച് വെള്ളാപ്പള്ളി നടേശൻ നടത്തിയ അധിക്ഷേപം മനുഷ്യത്വം ഇല്ലായ്മയും വെളിവില്ലായ്മയും ആണ്. കേരളത്തിലെ തൊഗാഡിയ ആകാൻ നോക്കുന്ന വെള്ളാപ്പള്ളി വർഗീയ വിഷം വമിപ്പിക്കുകയാണ്. അപകടത്തിൽ പെട്ടവരുടെ മതവും ജാതിയും നോക്കിയല്ല നൗഷാദ് മരണത്തിലേക്ക് എടുത്തു ചാടിയത്. ആ ത്യാഗത്തെ നാടാകെ വിലമതിക്കുന്നു. അതിന്റെ പ്രഭ ഇല്ലാതാക്കാൻ ഒരു വർഗീയ ഭ്രാന്തിനും കഴിയില്ല'.

കേളപ്പജി... എകെജി...

മലപ്പുറത്ത് ഇപ്പോൾ ഒരു മാസക്കാലം പച്ചവെള്ളം പോലും കുടിക്കാൻ കിട്ടില്ല;നോമ്പുകാലത്ത്്. നോമ്പുള്ളവർ വെള്ളം കുടിക്കേണ്ട, ഇല്ലാത്തവർക്ക് കുടിച്ചൂടേ എന്ന ചോദ്യത്തിനു സാമൂഹിക മാധ്യമങ്ങളിൽ ലഭിക്കുന്ന ഉത്തരം ഇങ്ങനെ: ഇത് മലപ്പുറമാണ്. ഇതേ നടക്കൂ. വെള്ളാപ്പള്ളി പറഞ്ഞ പ്രകാരമാകും മലപ്പുറത്തെ കാര്യങ്ങളെന്ന് 57 വർഷം മുമ്പ് ജില്ലയുടെ രൂപീകരണത്തിന് മുമ്പുതന്നെ ജനസംഘവും ആർ.എസ്.എസും ചൂണ്ടിക്കാട്ടിയിരുന്നു. ചില സി.പി.എം നേതാക്കളും അതുപറഞ്ഞെങ്കിലും അന്നത്തെ മുഖ്യമന്ത്രി ഇ.എം.എസിന്റെ പദ്ധതി മറിച്ചായിരുന്നു. 

vachakam
vachakam
vachakam

1969 ജൂൺ പതിനാറിനാണ് മലപ്പുറം ജില്ല രൂപീകരിക്കുന്നത്. കോഴിക്കോട്, പാലക്കാട് ജില്ലകളിലെ മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങൾ ഉൾപ്പെടുത്തിയുള്ള മലപ്പുറം ജില്ലാ രൂപീകരണ പദ്ധതിയെ ശക്തമായി ന്യായീകരിക്കുകയായിരുന്നു നമ്പൂതിരിപ്പാടും മാർക്‌സിസ്റ്റുപാർട്ടിയിലെ വലിയൊരു വിഭാഗവും.

വികസനത്തിന്റെ പേരുപറഞ്ഞാണ് നമ്പൂതിരിപ്പാട് മലപ്പുറം ജില്ലയെ ന്യായീകരിച്ചത്. കെ.പി.ആർ.ഗോപാലൻ, പി.സി. രാഘവൻനായർ തുടങ്ങിയ ന്യൂനപക്ഷം മാർക്‌സിസ്റ്റു നേതാക്കൾ ജില്ലാ രൂപീകരണത്തിന് അനുകൂലമായിരുന്നില്ല. 'മാപ്പിളസ്ഥാൻ' എന്ന ലക്ഷ്യം പൂർത്തിയാകുന്നതിലെ സന്തോഷപ്രകടനമാണ് മുസ്‌ളിം ലീഗിനെന്ന ആക്ഷേപം ശക്തമായിരുന്നു. ജില്ലാ രൂപീകരണത്തിനെതിരെയുള്ള പ്രക്ഷോഭത്തിന്റെ നായകസ്ഥാനം കേളപ്പജിക്കായിരുന്നു.

'ഇന്ത്യയ്ക്കകത്ത് മുസ്ലീങ്ങൾക്ക് സ്വാധീനമുള്ള പ്രദേശങ്ങളിൽ അവരുടേതായ പോക്കറ്റുകൾ ശക്തിപ്പെടുത്തി രാഷ്ട്രീയ ശിഥിലീകരണത്തിന് വഴിയൊരുക്കുക എന്ന ലീഗിന്റെ ലക്ഷ്യത്തിലേക്കുള്ള പ്രഥമ കാൽവയ്പാ'ണിതെന്ന് കേളപ്പജി പരസ്യമായി പ്രസ്താവിച്ചു. ഇതിന് മറുപടി നൽകിയത് കേളപ്പജിയുടെ അരുമശിഷ്യൻ എ.കെ.ഗോപാലൻ തന്നെ. 'കേളപ്പജി പുരി ശങ്കരാചാര്യരുടെ ശിഷ്യനാണ്' എന്നു പ്രസംഗിച്ചു എകെജി.

മുസ്ലീങ്ങളുടെ ശത്രുവാണ് ഞാനെന്ന് വിപ്ലവാവേശംകൊണ്ട് ചിന്താശക്തി നശിച്ചുപോയ എന്റെ കുഞ്ഞനിയൻ പറഞ്ഞാലും ലീഗ് നേതാവായ ബാഫക്കി തങ്ങൾ പറയുമെന്ന് തോന്നുന്നില്ല... കേളപ്പജി മറുപടി പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. പക്ഷേ മലപ്പുറം ജില്ലാ രൂപീകരണം ആപത്താണെന്ന് രാഷ്ട്രീയ സ്വയം സേവക സംഘവും ജനസംഘവും സമർഥിച്ചു. ജില്ലാ രൂപീകരണത്തിനെതിരായ പ്രക്ഷോഭത്തിൽ സജീവമായി പങ്കെടുത്തു. 

ഉത്തരേന്ത്യൻ നേതാക്കൾ കൂട്ടത്തോടെ മലബാറിലേക്ക് വന്ന് ജനസംഘത്തിന്റെ ആഹ്വാനപ്രകാരം മലപ്പുറം ജില്ലക്കെതിരായ പ്രക്ഷോഭത്തിൽ അണിനിരന്നു. ജനസംഘത്തിന്റെ ആഭിമുഖ്യത്തിൽ 1969 മെയ് പതിനാലിന് പെരിന്തൽമണ്ണ കോസ്‌മോപൊളിറ്റൻ ക്ലബ്ബിൽ ജില്ലാ വിഭജന കൺവെൻഷൻ സംഘടിപ്പിച്ച് പ്രക്ഷോഭത്തിന് രൂപം നൽകി. തിരുവനന്തപുരം വിജെടി ഹാളിൽ ചേർന്ന ജില്ലാ വിരുദ്ധ കൺവെൻഷനിൽ പങ്കെടുക്കാൻ അടൽ ബിഹാരി വാജ്‌പേയി എത്തി. പി.വി. വേലായുധൻ ആയിരുന്നു അധ്യക്ഷൻ. ജോസഫ് ചാഴിക്കാടനും പ്രസംഗിച്ചു.

മലപ്പുറം ജില്ലാ രൂപീകരണത്തെ ശക്തമായി എതിർക്കാൻ പല ദേശീയനേതാക്കളും മുന്നോട്ടുവന്നു. മലപ്പുറം ജില്ല ആപത്താണെന്ന് മുൻ കരസൈന്യാധിപൻ ഫീൽഡ് മാർഷൽ ജനറൽ കരിയപ്പ പ്രസ്താവിച്ചു. കേളപ്പജി സംസ്ഥാനത്തുടനീളവും ചില അന്യസംസംസ്ഥാന തലസ്ഥാനങ്ങളിലും മലപ്പുറം ജില്ലാ രൂപീകരണ വിപത്ത് വിശദീകരിക്കാൻ പര്യടനം നടത്തി. 

ഡൽഹിയിൽ നിന്നുള്ള ആദ്യബാച്ച് സത്യഗ്രഹികളുടെ നേതൃത്വം മദൻലാൽ ഖുറാനയ്ക്കായിരുന്നു. ജനസംഘാധ്യക്ഷൻ ബച് രാജ് വ്യാസ് ഉൾപ്പെടെ നിരവധി നേതാക്കൾ സമരം നയിക്കാൻ കേരളത്തിലെത്തി. പക്ഷേ, ജില്ലാ രൂപീകരണം വർഗീയത വളർത്തുമെന്നും ദേശദ്രോഹശക്തികളുടെ പ്രവർത്തനം ശക്തിപ്പെടുത്തുമെന്നുമുള്ള മുന്നറിയിപ്പ് അവഗണിക്കപ്പെട്ടതേയുള്ളൂ..

1969 ജൂൺ രണ്ടു മുതൽ ജൂലൈ പതിനാറുവരെയാണ് ജില്ലാ വിരുദ്ധസമരം നടന്നത്. നാലായിരത്തിൽപ്പരം ആളുകളാണ് സമരം നടത്തിയത്. അന്ന് ജനസംഘം ട്രഷററായിരുന്ന നാനാജി ദേശ്മുഖ് ജൂൺ പതിനൊന്ന് മുതൽ പന്ത്രണ്ടുദിവസം കേരളത്തിൽ തങ്ങി സമരത്തിന് മാർഗ്ഗനിർദ്ദേശം നൽകി. ജൂലൈ പത്തുമുതൽ ആറുദിവസം ജഗന്നാഥറാവു ജോഷിയും കേരളത്തിലുണ്ടായിരുന്നു.

ജൂലൈ പതിനാറിന് സെക്രട്ടേറിയറ്റ് നടയിൽ പിക്കറ്റിംഗ് ഉദ്ഘാടനം ചെയ്തത് ജഗന്നാഥറാവു ജോഷിയാണ്. ടി.എൻ. ഭരതന്റെ നേതൃത്വത്തിൽ ഇരുന്നൂറ്റി ഇരുപത് പേരാണ് അവിടെ സമരം നടത്തിയത്. ദീപാങ്കിത കാവിപതാകയുമായി ജനസംഘം തിരുവനന്തപുരത്ത് സമരം നടത്തിയത്

അന്ന് ഏറെ പുതുമയായിരുന്നു. മഹാബല ഭണ്ഡാരി ഉൾപ്പെടെ ഏതാനും എം.എൽ.എമാർ സമരക്കാരെ അഭിവാദ്യം ചെയ്യാനെത്തിയിരുന്നു. ജില്ലാ രൂപീകരണത്തെ ശക്തമായി ന്യായീകരിച്ച് എ.കെ. ഗോപാലൻ രംഗത്തിറങ്ങിയപ്പോൾ അദ്ദേഹത്തിന്റെ അനന്തിരവൻ എ.കെ. രാജഗോപാലൻ കണ്ണൂർ കളക്ട്രേറ്റിലെ സമരത്തിന് നേതൃത്വം നൽകിയത് ഏറെ വാർത്താപ്രാധാന്യം ലഭിക്കാനിടയാക്കി. കെ.ജി.മാരാരാണ് രാജഗോപാലിനെ സമരനായകനായി നിശ്ചയിച്ച് രംഗത്തിറക്കിയത്.

സംസ്ഥാനത്തുടനീളം സമരത്തോട് ജനങ്ങൾ കാണിച്ച അനുഭാവ മനോഭാവം മലപ്പുറം ജില്ലാ വാദികളെ വിളറിപിടിപ്പിച്ചു. തുടർന്ന് അക്രമം വ്യാപകമായി. പൊന്നാനി, വടകര തുടങ്ങിയ സ്ഥലങ്ങളിൽ വർഗീയലഹള സൃഷ്ടിക്കാൻ വിഫലശ്രമവും നടന്നു. വടകര പുതുപ്പണത്ത് ജൂലൈ പതിനാറിന് രാത്രി ഒരു മുസ്‌ളിം പള്ളി കത്തിച്ചു. പിറ്റേദിവസം ഒരു ക്ഷേത്രവും. 

പക്ഷേ അതൊരു ലഹളയാക്കിമാറ്റാനുള്ള നീക്കം പരാജയപ്പെടുത്താൻ കേളപ്പജിക്കു സാധിച്ചു. 'മുല്ലമാർക്കും മൗലവിമാർക്കും താണുവണങ്ങും നമ്പൂരീ മലപ്പുറം ജില്ല കൊടുത്താലും തകർന്നുവീഴും മന്ത്രിസഭ' എന്നതായിരുന്നു ജില്ലാ വിരുദ്ധസമരത്തിൽ ഇ.എം. ശങ്കരൻ നമ്പൂതിരിപ്പാടിന് മുന്നറിയിപ്പ് നൽകി ജനസംഘം ഉയർത്തിയ മുദ്രാവാക്യം. അതുപോലെ തന്നെ സംഭവിച്ചു. 

ജില്ല ലഭിച്ച ശേഷം മുസ്ലീം ലീഗ് നമ്പൂതിരിപ്പാടിനെതിരെ തിരിഞ്ഞു. സപ്തകക്ഷിമുന്നണിയിൽ സി.പി.എം ഒറ്റപ്പെട്ടു. മാർക്‌സിസ്റ്റ് പാർട്ടിയുടെ 'വല്യേട്ടൻ' ഭാവം മാത്രമല്ല, ഭരണത്തിൽ അടിമുടി നടമാടിയ അഴിമതികളും ചൂടേറിയ ചർച്ചാവിഷയമായതിനു പിന്നാലെ മന്ത്രിസഭ തകർന്നു.

ബാബു കദളിക്കാട്

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam