മദ്യത്തെ മുൻനിർത്തി ടൂറിസം വളർത്താൻ കേരളം

OCTOBER 14, 2026, 1:49 PM

വിദേശികൾ കേരളം കാണാനെത്തണമെങ്കിൽ മദ്യലഭ്യത ഉറപ്പാക്കിയേ തീരൂ എന്ന വാദം വീണ്ടും ബലമാർജ്ജിച്ചു. ടൂറിസ വികസനത്തിനു സംസ്ഥാനത്ത് 25 ഫൈവ് സ്റ്റാർ ഹോട്ടലുകൾ കൂടി ആരംഭിക്കാനും മദ്യലഭ്യത വർധിപ്പിക്കാനുമുള്ള സംസ്ഥാന സർക്കാർ തീരുമാനം ഇതോടൊപ്പം സാധാരണ ജനങ്ങളിൽ ആശങ്ക ജനിപ്പിക്കുന്നതു സ്വാഭാവികം. ജനങ്ങളെ ലഹരിയിലേക്ക് തള്ളിവിടുന്ന ഒരു നയവും വികസനമല്ലെന്ന കാര്യം ഭരണകൂടം സൗകര്യപൂർവം തമസ്‌കരിക്കുന്നു.

മുഖ്യമന്ത്രി വി.ഡി. സതീശനാണ് ടൂറിസ സൗഹൃദമായ എക്‌സൈസ് നയം രൂപവത്കരിക്കുന്ന കാര്യവും പ്രമുഖ ആഗോള ദേശീയ ഹോട്ടൽ ശൃംഖലകളുടെ സഹകരണത്തോടെ കൂടുതൽ ഫൈവ് സ്റ്റാർ ഹോട്ടലുകൾ തുടങ്ങുന്ന കാര്യവും ഒരു മാധ്യമ അഭിമുഖത്തിൽ വെളിപ്പെടുത്തിയത്. 'നിലവാരമുള്ള' മദ്യം വിദേശ രാജ്യങ്ങളിൽ സഞ്ചാരികൾക്ക് യഥേഷ്ടം ലഭ്യമാകുമ്പോൾ കേരളത്തിൽ അത് ലഭ്യമല്ലെന്നും ആ പ്രശ്‌നം പരിഹരിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.

കേരളത്തിന്റെ സമ്പദ്ഘടനയിൽ മികച്ച പങ്കുവഹിക്കുന്ന മേഖലയാണ് ടൂറിസം. കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കുന്ന തരത്തിൽ അത് വികസിപ്പിക്കേണ്ടത് ആവശ്യവുമാണ്. എന്നാൽ ഈ വളർച്ചയ്ക്ക് പദ്ധതികൾ ആവിഷ്‌കരിക്കേണ്ടത് നാടിന്റെ സാംസ്‌കാരിക പാരമ്പര്യത്തെ അടിയറവെച്ചു കൊണ്ടാകരുതെന്ന് വാദിക്കുന്നത് മദ്യവിരോധികൾ മാത്രമല്ല.

vachakam
vachakam
vachakam

കേരളത്തിന്റെ സമ്പന്നമായ ടൂറിസം സാധ്യതകളെ മദ്യലഭ്യതയുടെ ചട്ടക്കൂട്ടിലേക്ക് ചുരുക്കിക്കെട്ടുന്നത് കേരളത്തിന്റെ പ്രത്യേകതകൾക്കു നേരേ കണ്ണടച്ചാണ്. ആഗോള ടൂറിസ ഭൂപടത്തിൽ കേരളം ഇടംപിടിച്ചത് ഫൈവ് സ്റ്റാർ ഹോട്ടലുകളുടെ എണ്ണത്തിന്റെയും മദ്യലഭ്യതയുടെയും പേരിലല്ല. പച്ചപ്പണിഞ്ഞ മലനിരകളും കായലുകളും നദികളും വെള്ളച്ചാട്ടങ്ങളും വന്യജീവി സങ്കേതങ്ങളും ആയുർവേദ ചികിത്സയും ചരിത്രസ്മാരകങ്ങളും കലാരൂപങ്ങളും ഉത്സവങ്ങളുമെല്ലാമാണ് കേരളത്തെ വിനോദസഞ്ചാര മേഖലയിൽ ശ്രദ്ധേയമാക്കിയതെന്ന യാഥാർത്ഥ്യം മറക്കുന്നതു ശരിയല്ല.

വയനാടിന്റെ മലനിരകൾ കാണാനും മൂന്നാറിലെ തേയിലത്തോട്ടങ്ങളുടെ സൗന്ദര്യം ആസ്വദിക്കാനും ആലപ്പുഴയിലെ കായലുകളിലൂടെ യാത്രചെയ്യാനും ഫോർട്ട്‌കൊച്ചിയുടെ ചരിത്രവഴികളിലൂടെ നടക്കാനും കുമരകത്തെ ശാന്തത അനുഭവിക്കാനും മലബാറിന്റെ സാംസ്‌കാരിക വൈവിധ്യം കണ്ടറിയാനുമാണ് വിനോദസഞ്ചാരികൾ കേരളത്തിലെത്തുന്നത്. പരമ്പരാഗത സവിശേഷതകളെ മുൻനിർത്തുന്ന ടൂറിസത്തിന് കേരളത്തിൽ സാധ്യതകളേറെയുണ്ട്.

മലബാറിലെ സ്വാദിഷ്ടമായ ഭക്ഷണവിഭവങ്ങൾ, മധ്യകേരളത്തിന്റെ പാരമ്പര്യ വിഭവങ്ങൾ, തീരദേശങ്ങളിലെ മത്സ്യവിഭവങ്ങൾ, ആദിവാസി സമൂഹങ്ങളുടെ തനതായ ഭക്ഷണ സംസ്‌കാരം തുടങ്ങി കേരളത്തിന്റെ ഭക്ഷണവൈവിധ്യം ടൂറിസ വികസനത്തിന്റെ ഘടകമാക്കാം. കളരിപ്പയറ്റ്, കോൽക്കളി, കഥകളി, തെയ്യം തുടങ്ങിയ കലാരൂപങ്ങളും ഈ ലക്ഷ്യത്തിൽ ഉപയോഗപ്പെടുത്താനാകും.

vachakam
vachakam
vachakam

ജനങ്ങളെ ലഹരിയിലേക്ക് തള്ളിവിടുന്ന ഒരു നയവും വികസനമല്ല. മദ്യം ലഭ്യമാക്കിയാൽ മാത്രമേ വിദേശികൾ സന്ദർശനത്തിനെത്തുകയുള്ളൂവെന്ന വാദം പരമാബദ്ധവുമാണ്. ഒരു നാടിന്റെ യഥാർത്ഥ  സമ്പത്ത് ജനങ്ങളുടെ ആരോഗ്യവും മാനസിക സുസ്ഥിരതയുമാണ്. മദ്യപാനം രോഗാതുരമാക്കുന്ന തലമുറയെയും അതുണ്ടാക്കുന്ന സാമ്പത്തിക, സാമൂഹിക ഭാരവും സർക്കാരുകൾ പലപ്പോഴും കണക്കിലെടുക്കാറില്ല.

ടൂറിസം വകുപ്പ് സമ്പാദിക്കുന്ന വരുമാനത്തേക്കാൾ വളരെ കൂടുതലാണ് മദ്യദുരന്തങ്ങൾ മൂലം കുടുംബങ്ങൾക്കും ആരോഗ്യമേഖലക്കും വന്നുഭവിക്കുന്ന നഷ്ടങ്ങൾ. റോഡപകടങ്ങൾ, സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ, കുടുംബ വഴക്കുകൾ, ഗാർഹിക പീഡനങ്ങൾ എന്നിവയുടെ പ്രധാന കാരണം ലഹരിയാണ്.

മദ്യം വിളമ്പാതെ തന്നെ വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന രാജ്യങ്ങളുണ്ട് ലോകത്ത്. കർശനമായ മദ്യനിരോധം നിലനിൽക്കെ തന്നെ അന്താരാഷ്ട്ര ടൂറിസ രംഗത്ത് സൗദി അറേബ്യ വൻ കുതിച്ചു ചാട്ടമാണ് നടത്തുന്നത്. ചരിത്രപ്രാധാന്യമുള്ള പൈതൃക കേന്ദ്രങ്ങളും ചെങ്കടൽ തീരത്തെ ഇക്കോ റിസോർട്ടുകളും ഉപയോഗപ്പെടുത്തിയാണ് ആഗോളതലത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായി സൗദി വളർന്നത്. പൂർണമായും മദ്യരഹിത നയം തുടരുന്ന ഷാർജയും ടൂറിസ രംഗത്ത് ശ്രദ്ധേയം.

vachakam
vachakam
vachakam

കുടുംബങ്ങളുമായി എത്തുന്ന വിനോദസഞ്ചാരികൾക്കും സാംസ്‌കാരിക പ്രേമികൾക്കും സുരക്ഷിതമായി സന്ദർശിക്കാവുന്ന കേന്ദ്രമെന്ന നിലയിൽ പ്രസിദ്ധമാണ് ഷാർജ. അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തയും ഗുണമേന്മക്കുറവുമാണ് ടൂറിസ രംഗത്ത് കേരളം നേരിടുന്ന പ്രധാന വെല്ലുവിളി. ഇത് പരിഹരിക്കാതെ മദ്യമൊഴുക്കാൻ തുനിയുന്നത് വിരോധാഭാസം തന്നെ. വിമാനത്താവളങ്ങളിൽ നിന്നും റെയിൽവേ സ്റ്റേഷനുകളിൽ നിന്നും ടൂറിസ കേന്ദ്രങ്ങളിലേക്കുള്ള ഗതാഗതം കൂടുതൽ സൗകര്യപ്രദമാക്കുക, പൊതുശൗച്യാലയങ്ങളും കുടിവെള്ള ലഭ്യതയും വർധിപ്പിക്കുക, വിനോദസഞ്ചാര കേന്ദ്രങ്ങളെ മാലിന്യമുക്തമാക്കുക, ടൂറിസ്റ്റുകളുടെ സുരക്ഷ ഉറപ്പ് വരുത്തുക തുടങ്ങിയ നടപടികൾ മദ്യനയത്തിലെ ഇളവുകളേക്കാൾ ടൂറിസ്റ്റുകളുടെ വരവ് കൂട്ടാൻ സഹായിക്കുമെന്നത് ഭരണാധികാരികൾ വേണ്ടത്ര ഗൗനിക്കുന്നില്ല.

ടൂറിസ വികസനത്തിന് മദ്യലഭ്യത മുഖ്യമാണെന്നു പറയുന്നവർ ടൂറിസ്റ്റുകളുടെ വൈവിധ്യമാർന്ന താത്പര്യങ്ങൾ മനസ്സിലാക്കാത്തവരാണ്. എല്ലാ ടൂറിസ്റ്റുകളും മദ്യപാനികളല്ല. മദ്യപിക്കുന്നവർ പോലും ഒരു ടൂറിസ്റ്റ് കേന്ദ്രം തിരഞ്ഞെടുക്കുന്നത് മദ്യത്തിന്റെ ലഭ്യത മാത്രം പരിഗണിച്ചല്ല. സുരക്ഷ, താമസസൗകര്യം, പ്രകൃതിഭംഗി, യാത്രാ ചെലവ്, ശുചിത്വം, ആതിഥേയത്വം, തദ്ദേശീയരുടെ പെരുമാറ്റം, സാംസ്‌കാരിക അനുഭവങ്ങൾ തുടങ്ങിയവയെല്ലാം അവരുടെ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്നു.

പ്രകൃതിയെയും സംസ്‌കാരത്തെയും തേടിയെത്തുന്നവർക്ക് സുരക്ഷിതത്വവും ശാന്തതയും പ്രാദേശിക ജീവിതവുമായി ഇടപഴകാനുള്ള അവസരവുമാണ് പ്രധാനമായും വേണ്ടത്. മദ്യത്തിന്റെ അനിയന്ത്രിത ലഭ്യത ഇതെല്ലാം നഷ്ടപ്പെടുത്തിയേക്കാം. മദ്യപിച്ചു ലഹരിക്കടിമപ്പെട്ടവർ ടൂറിസ്റ്റുകളെ വിശേഷിച്ചും വിദേശ വനിതകളെ ലൈംഗികമായും അല്ലാതെയും ശല്യപ്പെടുത്തിയ സംഭവങ്ങൾ കേരളത്തിൽ ഇടയ്ക്കിടെ റിപ്പോർട്ട് ചെയ്യപ്പെടുന്നു. ടൂറിസത്തിന്റെ പേരിൽ മദ്യലഭ്യത വർധിപ്പിക്കാനും കൂടുതൽ പഞ്ചനക്ഷത്ര ഹോട്ടലുകൾ തുടങ്ങാനുമുള്ള തീരുമാനം ഇക്കാരണങ്ങളാൽ സർക്കാർ പുനഃപരിശോധിക്കേണ്ടതാവശ്യം.

സ്പാകൾ യഥേഷ്ടം

സംസ്ഥാനത്ത് ലൈസൻസില്ലാതെ ഏതാണ്ട് മൂവായിരത്തോളം സ്പാകൾ പ്രവർത്തിക്കുന്നുണ്ടെന്ന് പോലീസും സ്പാ ഉടമകളുടെ അസോസിയേഷനും ചൂണ്ടിക്കാട്ടുന്നു. സ്പാകളുടെ വർദ്ധനയ്ക്കും ടൂറിസം ബന്ധത്തിന്റെ തുണയുണ്ടത്രേ. കളമശേരി സ്പാ കൂട്ടമാനഭംഗകേസിന്റെ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തു വന്നതോടെയാണ് അനധികൃത സ്പാകളുടെ പ്രവർത്തനങ്ങൾ ചർച്ചയായി മാറിയത്. ലൈസൻസില്ലാത്ത സ്പാകളുടെ മറവിൽ ലൈംഗിക ചൂഷണവും ലഹരിക്കച്ചവടവും നടക്കുന്നതായാണ് പ്രധാന ആരോപണങ്ങൾ.

ലൈസൻസ്, പോലീസ് ക്‌ളിയറൻസ് സർട്ടിഫിക്കറ്റ്, ജീവനക്കാരുടെ യോഗ്യത തെളിയിക്കുന്ന രേഖകൾ തുടങ്ങിയവ ഇല്ലാതെ സ്പാ തുടങ്ങാനാവില്ലെന്നാണ് നിയമം. ഇത്തരം ലൈസൻസുകളുമായി മികച്ച രീതിയിൽ പ്രവർത്തിക്കുന്ന അംഗീകൃത സ്പാകൾ കേരളത്തിൽ ഒട്ടേറെയുണ്ട്. എന്നാൽ ഇവർക്കുകൂടി ചീത്തപ്പേര് ഉണ്ടാക്കുന്ന തരത്തിൽ ലൈസൻസില്ലാത്ത സ്പാകളുടെ എണ്ണം കൂണുകൾ പോലെ പെരുകിയിരിക്കുന്നു. ലൈസൻസില്ലെങ്കിലും ബോർഡ് വച്ച് പരസ്യമായാണ് ഹോട്ടലുകളിലും മറ്റുമായി ഇവ പ്രവർത്തിക്കുന്നത്. സ്പാകളിൽ കുടുങ്ങിപ്പോകുന്ന യുവതികളിൽ പലരും ജീവനിൽ ഭയന്നും കെണിയിൽപ്പെട്ടും പരാതി നൽകാൻ തയ്യാറാകാത്തതുകൊണ്ടാണ് നടത്തിപ്പുകാരുടെ നീചപ്രവൃത്തികൾ വെളിയിൽ വരാത്തത്.

ലൈസൻസില്ലാത്ത സ്പാകൾ ഏറെയും പ്രവർത്തിക്കുന്നത് എറണാകുളത്താണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല തന്നെ വെളിപ്പെടുത്തുകയുണ്ടായി. ഇവർക്കെതിരെ ശക്തമായ നടപടികളുണ്ടാകുമെന്നും ഇതിനായി ഡി.ജി.പിയെ ചുമതലപ്പെടുത്തിയതായും മന്ത്രി അറിയിച്ചിട്ടുണ്ട്. സംസ്ഥാനത്ത് പല സ്പാകളും പ്രവർത്തിക്കുന്നതിന് ഏറ്റവും കൂടുതൽ സഹായം ലഭിക്കുന്നത് പോലീസ് വിഭാഗത്തിൽനിന്നു തന്നെയാണെന്നത് പരസ്യമായ ഒരു രഹസ്യമാണ്. 2024 ഡിസംബറിൽ കടവന്ത്രയിൽ സ്പായുടെ മറവിൽ അനാശാസ്യകേന്ദ്രം നടത്തിയതിൽ പങ്കാളികളായതിന് 2 പോലീസുകാർ അറസ്റ്റിലായിരുന്നു.

സ്പായിൽ ബോഡി മസാജിംഗിന് പോയ വിവരം ഭാര്യയെ അറിയിക്കുമെന്ന് പറഞ്ഞ് എ.ആർ ക്യാമ്പിലെ പോലീസുകാരനിൽ നിന്നും നാലുലക്ഷം രൂപ തട്ടിയ ഗ്രേഡ് എസ്.ഐ 2005ൽ അറസ്റ്റിലായത് മറ്റൊരു സംഭവം. സമൂഹത്തിൽ ഉന്നതങ്ങളിലും പോലീസിലും പിടിപാടുള്ളവരാണ് പലപ്പോഴും ഇത്തരം സ്പാകളുടെ പിന്നിൽ പ്രവർത്തിക്കുന്നത്. അതിനാൽ പരാതി ഉണ്ടായാൽ പോലും ശരിയായ അന്വേഷണം നടക്കാറില്ല.

ചിലരുടെ അനധികൃത പ്രവർത്തനങ്ങൾ സ്പാ മേഖലയെ ഒന്നാകെ ബാധിച്ചിരിക്കുന്നതായാണ് സ്പാ ഉടമകളുടെ അസോസിയേഷൻ ചൂണ്ടിക്കാണിക്കുന്നത്. മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ കൃത്യമായ അന്വേഷണം നടത്തി പൂട്ടിക്കണമെന്നാണ് അവർ ആവശ്യപ്പെടുന്നത്. ചിലയിടങ്ങളിൽ ഗുണ്ടാവിളയാട്ടവും മയക്കുമരുന്ന് ഇടപാടുകളും നടന്നുവരികയും ചെയ്യുന്നു.

കളമശേരി കൂട്ടമാനഭംഗക്കേസിലെ മുഖ്യപ്രതി ശ്രീരാജിന്റെ സ്പായിൽ ലഹരിമരുന്ന് ഇടപാടുകളുണ്ടെന്ന് ചിലർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് നേരത്തേ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഇയാൾ ബിനാമി പേരിലും നിരവധി സ്പാകൾ നടത്തിവരുന്നുണ്ടെന്നും പോലീസിന് വിവരം ലഭിച്ചു. ജോലി വാഗ്ദാനം ചെയ്ത് പെൺകുട്ടികളെ വലയിലാക്കി, ലഹരി നൽകി സ്വകാര്യ ദൃശ്യങ്ങൾ പകർത്തി കെണിയിൽപ്പെടുത്തുന്നത് സ്ഥിരം രീതിയാണ്. അന്യനാട്ടുകാരായ നിരവധി യുവതികളെയും സ്പാകളിൽ ജോലിക്കെത്തിക്കുന്നുണ്ട്. ഒരു പരിശീലനവും യോഗ്യതയും നേടാത്തവരാണ് ഇതിൽ ഭൂരിപക്ഷവും.

ടൂറിസം വളർത്താനെന്ന പേരിൽ തല്ലിക്കൂട്ടുന്ന സ്പാകളുടെ മറവിൽ തട്ടിപ്പും ലൈംഗികാതിക്രമങ്ങളും ആളുകളെ ഭീഷണിപ്പെടുത്തി പണം തട്ടലും ഒരു കാരണവശാലും നടക്കാൻ പാടില്ല. ഇതാവർത്തിക്കാതിരിക്കാൻ പോലീസും ബന്ധപ്പെട്ട മറ്റ് വകുപ്പുകളും അതിശക്തമായ നടപടികൾ സ്വീകരിക്കേണ്ടത് അനിവാര്യം. അധികൃതരുടെ ഭാഗത്തുനിന്ന് പഴുതടച്ച നടപടികൾ ഉണ്ടായാലേ തട്ടിപ്പിനിരയായ കൂടുതൽപേർ പരാതി നൽകാൻ തയ്യാറായി മുന്നോട്ടുവരൂ. ലൈസൻസില്ലാതെ സംസ്ഥാനത്ത് എത്ര സ്പാകൾ പ്രവർത്തിക്കുന്നുണ്ട് എന്നത് സംബന്ധിച്ച യഥാർത്ഥ കണക്ക് ആരുടെയും പക്കലില്ല എന്നതാണ് യാഥാർത്ഥ്യം.

ബാബു കദളിക്കാട്

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam